വാർത്ത

  • Published on June 14, 1909
  • By Staff Reporter
  • 391 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂറില്‍നിന്ന് ബര്‍മയില്‍ പോയി ഓരോരോ ഉദ്യോഗങ്ങളില്‍ ഏര്‍പ്പെട്ട് പാര്‍ക്കുന്നവര്‍ പലരുണ്ടെന്ന് വായനക്കാര്‍ അറിയുമല്ലൊ. ഇവര്‍ ഈ നാട്ടിലെ കാര്യങ്ങളെപ്പററി വിശേഷാല്‍ താല്‍പര്യം വയ്ക്കാറുണ്ടെന്നും നാം കണ്ടിട്ടുള്ളതാണ്. ചാല ലഹളക്കേസ്സിന്‍റെ അപ്പീല്‍ തീര്‍ച്ചയെക്കുറിച്ച് അവിടെ അവരുടെ ഇടയില്‍ ഉണ്ടായിട്ടുള്ള ആഹ്ളാദം എത്രമാത്രമെന്ന്, ഞങ്ങളുടെ ബര്‍മാ ലേഖകന്‍റെ കത്തില്‍നിന്ന് ഇതിനുകീഴ് ഉദ്ധരിക്കുന്ന ഭാഗംകൊണ്ട് വിശദമാകുന്നതാണ്. ലേഖകന്‍ ഇപ്രകാരം എഴുതുന്നു:- "ചാലലഹളക്കേസ്സിന്‍റെ പര്യവസാനം, ഒടുവില്‍ സത്യം ജയിക്കും എന്നുള്ള മഹദ്വചനത്തോടു എത്രയും യോജിച്ചുവന്നിരിക്കുന്നതിനെക്കുറിച്ച് ഏറിയ കൃതാര്‍ത്ഥയുണ്ട്. ഹൈക്കോടതിയുടെ വിധി, കരതെററി അപഥത്തില്‍ ചരിക്കുന്ന കപ്പല്‍ മാല്‍മിക്കു പൂര്‍ണ്ണചന്ദ്രന്‍റെ ദര്‍ശനം എത്രമാത്രം ആശ്വാസകരമോ, അതിലും ഉപരിയായ ആശ്വാസത്തെ തരുന്നതായിരിക്കുന്നു. തിരുവിതാംകൂര്‍കാരായി ഇവിടെയുള്ളവര്‍ എല്ലാം മിസ്റ്റര്‍ ഹണ്ടിനും മിസ്റ്റര്‍ ശങ്കരമേനവനും ഹൃദയംഗമമായ നമസ്കാരം പറയുന്നു. ഇവരുടെ ദീര്‍ഘായുസ്സിനും, ഏറെനാള്‍ നമ്മുടെ ഇടയില്‍ ഇരുന്നു നീതിപരിപാലനം നടത്തി നാട്ടിനെ അനാഥത്വത്തില്‍നിന്നും പരിത്രാണനം ചെയ്തു കാണുന്നതിനും ഈശ്വരനൊടു ദിനസരി പ്രാര്‍ത്ഥിക്കയും ചെയ്യുന്നു. "സ്വദേശാഭിമാനി,യുടെ ഈ ലഹളക്കേസ്സ് സന്ദേശത്തെ ഞങ്ങള്‍ ശിരസാവഹിച്ച് ആ ദിവസത്തെ ഞങ്ങള്‍ സുദിനമായി കഴിച്ചുകൂട്ടി. ശ്രീമാന്‍ അരവിന്ദഘോസിന്‍റെ വിമോചനത്തോടു ഒട്ടും താഴ്ന്ന പടിയിലല്ലാ ഞങ്ങള്‍ ഇതിനെ ആചരിച്ചത്. ഇനി ഞങ്ങള്‍ കാത്തിരിക്കുന്നത് ശാസ്ത്രികളെപ്പോലുള്ളവര്‍ നല്ലപാഠം പഠിക്കുന്നതു കാണ്മാനാണ്. സേവാബലംകൊണ്ട് ഇതു ശിഥിലമാകുന്നതിനു നീതിയുള്ള ഹൈക്കോടതി അനുവദിക്കുന്നതല്ലെന്നും ഞങ്ങള്‍ക്കു ശരണമുണ്ട്. ഇവിടത്തെ "ബര്‍മാപേട്റിയട്ട്,, പത്രംപോലും, സെഷന്‍സ് ജഡ്‍ജി മിസ്റ്റര്‍ മേനോന്‍റെയും സ്പെഷ്യല്‍ മജിസ്ട്രേറ്റ് മിസ്റ്റര്‍ സത്യനേശന്‍റെയും ന്യായപ്രബോധ ന്യൂനതയെക്കുറിച്ച് കഠിനമായി ആക്ഷേപിച്ചിരിക്കുന്നു. ഹൈക്കോടതിയുടെ ഈ ജയശ്രീ, അതിലും മിസ്റ്റര്‍ ഹണ്ടിന്‍റെയും മിസ്റ്റര്‍ ശങ്കരമേനവന്‍റെയും പ്രതാപം, നാടൊട്ടുക്ക് പരന്നിരിക്കണമെന്ന് ബര്‍മയില്‍ ഇതിനെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരിക്കുന്ന സംസാരംകൊണ്ട് ഊഹിക്കുന്നതു അബദ്ധമായ് വരുകയില്ലാ. ദിവാന്‍ മിസ്റ്റര്‍ ആചാരിയുടെ ഔചിത്യം ഇപ്പൊഴെങ്കിലും ഒന്നു കണ്ടാല്‍  കൊള്ളാമായിരുന്നു. ഇങ്ങനെയുള്ള ഭരണകര്‍ത്താക്കന്മാരെ ലഭിക്കുന്നതിനു രാജസേവന്മാര്‍ ഭാഗ്യവാന്മാരും, പ്രജകള്‍ ദുര്‍ഭാഗ്യവാന്മാരും ആയിരിക്കുന്നതു പരിതാപകരംതന്നെ,

==

 "പ്രിക്ലിപീയര്‍,, എന്ന് ഇംഗ്ലീഷില്‍ പറഞ്ഞുവരുന്ന ഒരുതരം കള്ളിമുള്‍ച്ചെടി ഇന്ത്യയില്‍ ധാരാളമായിട്ട് ഉണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ലാ, ആഫ്രിക്കാ, ആസ്ട്രേലിയാ, അമേരിക്കാ, വെസ്റ്റിന്‍ഡീസ് മുതലായ പ്രദേശങ്ങളിലും ഈ ചെടി പടര്‍ന്നു വളരുന്നുണ്ട്. ഇതിനെ നശിപ്പിക്കാന്‍ ഒട്ടേറെ പണവും ഓരോരോ ഗവര്‍ന്മെണ്ടുകള്‍ ചെലവുചെയ്തിട്ടുണ്ട്. ക്വീന്‍സ് ലാണ്ടില്‍ ഇതിന്‍റെ ഉന്മൂലനത്തിന് ഉപായം കണ്ടുപിടിക്കുന്ന ആള്‍ക്ക് 10,000-പവന്‍ ഇനാം കൊടുക്കാമെന്നുകൂടി പരസ്യംചെയ്തിട്ടുണ്ടായിരുന്നു. എത്ര പ്രയത്നപ്പെട്ടാലും ഈ ചെടിയുടെ വംശച്ഛേദം ചെയ്യാന്‍ കഴികയില്ലെന്നും, പ്രചാരത്തെ തടുക്കാനേ കഴിയൂ എന്നുമാണ് കണ്ടിരിക്കുന്നത്. എന്നാല്‍, ഈ ചെടിയെ ഒരുശല്യമായി കരുതേണ്ടതില്ലെന്നും ഇതില്‍നിന്ന് വിലയേറിയ സാധനങ്ങള്‍ ഉണ്ടാക്കാമെന്നും ഇപ്പോള്‍ ആസ്ട്രേലിയയിലെ മിസ്റ്റര്‍ കേ. എം ഗിബ്‍സന്‍ എന്നുപേരായ ഒരു രസതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അദ്ദേഹം പറയുന്നതിപ്രകാരമാണ്: ഈ ചെടിയില്‍നിന്ന് ഒരു വെളുത്ത മദ്യസാരം ലഭിക്കുന്നുണ്ട്. ഇതിന് ബ്രിസ്ബേനില്‍ ഗ്യാലനൊന്നിന് 32ല്‍ ഷില്ലിങ് (24-രൂപ 6-ണ) വിലയുണ്ട്. ഒരുഗ്യാലന്‍ ഉണ്ടാക്കുന്നതിന് മൂന്നരഷില്ലിങ്ങിലധികം ചെലവു വേണ്ടിവരുകയില്ലാ. മദ്യസാരം എടുത്തുകഴിഞ്ഞാല്‍ ശേഷിക്കുന്ന പിണ്ണാക്കു കാലിത്തീററിക്കു ഉപയോഗപ്പെടുത്താം; ഒരുടണ്‍ പിണ്ണാക്കുണ്ടാക്കാന്‍ ഒന്നര പവന്‍ ചെലവുവരും; അതിന്‍റെ വില ഏഴര പവനുമാണ്. ഇവ എടുത്തശേഷമുള്ള ഉച്ഛിഷ്ടസാധനത്തെ കടലാസുണ്ടാക്കുന്നതിനു ഉപയോഗപ്പെടുത്താം. ഈ ചെടിയെ അരച്ചു വഴുവലാക്കി പിഞ്ഞാണ്‍പാത്രങ്ങള്‍, തൊട്ടികള്‍, കൂശകള്‍ തറവിരിപ്പുതുണി മുതലായവ ഉണ്ടാക്കാം. പഞ്ചസാര ഉണ്ടാക്കുന്നതിന് ഈ ചെടി വളരെ വിശേഷപ്പെട്ടതുമാണ്. ഈചെടി രണ്ടുടണ്‍ഭാരംകൊണ്ടുണ്ടാക്കാവുന്നെടത്തോളം പഞ്ചസാര, സാധാരണ മൂന്നുടണ്‍ കരിമ്പില്‍നിന്നേ ലഭിക്കയുള്ളു. ഈ ചെടിയെ അടുക്കളയില്‍ മറ്റു സസ്യങ്ങളോടൊപ്പം ആഹാരത്തിനായി ഉപയോഗപ്പെടുത്താനും കൊള്ളാം. ഇങ്ങനെയാണ് മിസ്റ്റര്‍ ഗിബ്‍സന്‍ പറയുന്നത്. ഇദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ വെറും നേരംപോക്കിനുവേണ്ടി പറയപ്പെടുന്നവയല്ലാ; പ്രയോഗാനന്തരം ഉണ്ടായിട്ടുള്ളവയാണ്. ഇതൊക്കെ വീണ്ടും പരീക്ഷിച്ച് ശരിയാണെന്നുകാണുന്നപക്ഷം, ഈ മുള്‍ച്ചെടിയെ നശിപ്പിക്കുന്നതിനുപകരം ധാരാളം കൃഷിചെയ്യുന്നതിന് സംഗതിയാകുമെന്നുള്ളതില്‍ സന്ദേഹമില്ലാ.

==

 ലണ്ടനില്‍ നടക്കുന്ന പത്രപ്രതിനിധിമഹായോഗം കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും കൂടിയപ്പോള്‍, ബ്രിട്ടീഷ് സാമ്രാജ്യത്തിന് നാവികശക്തിയെ ഉറപ്പിക്കേണ്ട സംഗതിയെപ്പററി ചില പ്രസംഗങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ അതിക്രമങ്ങളെപ്പറ്റി ഇന്ത്യന്‍പത്രങ്ങള്‍ ഏകകണ്ഠമായി നിന്ദിക്കുന്നുണ്ടെന്നും; മാര്‍ളിപ്രഭുവിന്‍റെ ജനരഞ്ജനനയംകൊണ്ട് ഇന്ത്യയിലെ കലക്കങ്ങള്‍ ശമിക്കുമെന്നും; അരാജക സമ്പ്രദായം പാശ്ചാത്യരാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയിലേക്കു കടന്നിട്ടുള്ളതെന്നും ബാബുസുരേന്ദ്രനാഥബാനര്‍ജി പ്രസംഗിച്ചു. യുദ്ധകാര്യങ്ങളെക്കുറിച്ചും പത്രപ്രതിനിധിയോഗത്തില്‍ ആലോചന നടന്നിരുന്നു. പത്രപ്രവര്‍ത്തനത്തെയും സാഹിത്യത്തെയുംകുറിച്ച് മാര്‍ളിപ്രഭു ഒരു പ്രസംഗം ചെയ്കയും, അതിനെ തുടര്‍ന്ന് രസകരമായ വാദപ്രതിവാദങ്ങള്‍ നടക്കുകയും ഉണ്ടായി. ഇന്ത്യയെപ്പററി ബാബുസുരേന്ദ്രനാഥ ബാനര്‍ജി ചെയ്ത പ്രസംഗത്തില്‍, ഇംഗ്ലീഷ് ഭാഷ ഇന്ത്യയെ ആകപ്പാടെ കനകശൃംഗലകൊണ്ട് കെട്ടിയിരിക്കുന്നു എന്നും; ഇന്ത്യയിലെ പത്രപ്രവര്‍ത്തനം ബ്രിട്ടീഷ്കാരില്‍നിന്നു മുളച്ചതാണെന്നും; ഇന്ത്യന്‍ പത്രങ്ങള്‍ ബ്രിട്ടീഷ് പത്രങ്ങളെപ്പോലെ ആവലാതി പറയുമെന്നിരുന്നാലും, എപ്പൊഴും ഗവര്‍ന്മേണ്ടിന്‍റെ എതിരായിനില്‍ക്കുന്ന ശാഠ്യമില്ലെന്നും; മാര്‍ളി പ്രഭുവിന്‍റെ ഇന്ത്യാഭരണപരിഷ്കാരനിര്‍ദേശങ്ങളെപ്പറ്റി ഇന്ത്യന്‍ പത്രങ്ങള്‍ സ്തുതിച്ചിരിക്കുന്നതുതന്നെ ഇതിന്ന് ദൃഷ്ടാന്തമാണെന്നും; ഇന്ത്യയെ സ്വയംഭരണംചെയ്യുന്ന രാജ്യങ്ങളുടെ ഗണത്തില്‍ അചിരേണ ഉള്‍പ്പെടുത്തുമെന്നാണ് തന്‍റെ പ്രത്യാശയെന്നും പ്രസ്താവിച്ചതായി കാണുന്നു.

==

 കിഴക്കെ ബെംഗാളത്തെ ലിഫ്‍ടിനെന്‍റ് ഗവര്‍ണരായിരുന്ന സര്‍ ബി. ഫുള്ളര്‍ ഇപ്പൊള്‍ ഇംഗ്ലണ്ടിലാണെന്നു വായനക്കാര്‍ ഓര്‍ക്കുമല്ലോ. ഇദ്ദേഹം ഇതിനിടെ ലണ്ടനില്‍വച്ച് കളോണിയല്‍ ഇന്‍സ്റ്റിററ്യൂട്ട് എന്ന സംഘത്തില്‍ ഇന്ത്യയെപ്പററി ഒരു പ്രസംഗം ചെയ്തതില്‍, ഇന്ത്യക്കാരെ കുറിച്ച് അനുകമ്പയോടുകൂടി പ്രസ്താവിച്ചിരിക്കുന്നു. ഇന്ത്യയില്‍ ജനപ്രതിനിധിരാജ്യഭരണം വേണമെന്നല്ലാ ഇന്ത്യാക്കാരുടെ ആകാംക്ഷ എന്നും; ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ഇംഗ്ലീഷ്‍കാര്‍ക്കായിട്ടുമാത്രം വച്ചുകൊണ്ടിരുന്നു കൂടാ എന്നുള്ളതാണ് ഇന്ത്യക്കാരുടെ പിടിത്തമെന്നും; ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ ഇന്ത്യക്കാരെ നിയമിക്കേണ്ടതാണെന്നും; ഇന്ത്യന്‍ ഉദ്യോഗസ്ഥന്മാര്‍ രാജഭക്തിയില്‍ പ്രശസ്തന്മാരാണെന്നും ഇന്ത്യക്കാരെ ഇംഗ്ലീഷ്കാരില്‍ താണവരെന്ന് വിചാരിക്കുന്നതു ഇന്ത്യക്കാര്‍ക്കു വ്യസനകരമായ സങ്കടമാണെന്നും; ഇംഗ്ലീഷ്കാര്‍ ഇന്ത്യക്കാരെ തീവണ്ടികളിലും മററുംവച്ച് അക്രമിക്കാറുള്ളത് ഒരു വലിയ ദുര്‍ന്നയമാണെന്നും ആയിരുന്നു സര്‍ ഫുള്ളരുടെ പ്രസംഗത്തിന്‍റെ താല്പര്യം. ഈ യോഗത്തിനു അദ്ധ്യക്ഷനായിരുന്നതു കഴ്സന്‍ പ്രഭു ആയിരുന്നു. ഇദ്ദേഹം ഇന്ത്യക്കാര്‍ക്കു പ്രതികൂലമായിട്ടാണ് അഭിപ്രായം പറഞ്ഞത്.

==

ഇന്ത്യയിലെ നാടുകടത്തല്‍ നിയമത്തെ ഭേദപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പാർളിമെണ്ടില്‍ മിസ്തര്‍ മക്കര്‍ണസ്സ് എന്ന സാമാജികന്‍ ഒരു ബില്‍ ഹാജരാക്കിയിരിക്കുന്നു. നാടുകടത്തപ്പെടുന്ന ആള്‍ക്ക് അയയ്ക്കുന്ന വാറണ്ടില്‍, ആ ആളുടെ മേല്‍ ചുമത്തിയിരിക്കുന്ന കുററം ഇന്നതാണെന്ന് പറഞ്ഞിരിക്കണമെന്നും; നാടുകടത്തുകേസ്സിനെ പററി മുമ്മൂന്നുമാസത്തിലോരിക്കല്‍ പുനരാലോചനചെയ്യാന്‍ വൈസ്രായി നിബന്ധിക്കപ്പെട്ടിരിക്കെണമെന്നും ബില്ലില്‍ പ്രസ്താവിച്ചിട്ടുണ്ട്.

==

മാനിക്‍തൊലാ ബാംബ് കേസ്സില്‍ ഉള്‍പ്പെട്ട ആളെന്നു സംശയിച്ച് സസ്പെണ്ട് ചെയ്യപ്പെട്ട മാണിക്കഗഞ്ജ് മുന്‍സിഫ് ബാബുഅവിനാശചന്ദ്ര ചക്രവര്‍ത്തിയെ തിരിയെ ആ ജോലിക്ക് ഹൈക്കോടതിയില്‍നിന്ന് നിയമിച്ചിരിക്കുന്നു.


You May Also Like