സ്വദേശവാർത്ത
- Published on March 07, 1908
- By Staff Reporter
- 685 Views
തിരുവനന്തപുരം ഡിവിഷന്‍പേഷ്കാര്‍ മിസ്തര്‍ ശങ്കരപ്പിള്ള നെയ്യാററിങ്കരതാലൂക്കിലേക്കു സര്‍ക്കീട്ടു പോയിരിക്കുന്നു. ദിവാന്‍ജിയോടു ഒന്നിച്ചു മടങ്ങിവരും.
രജിസ്ട്രേഷന്‍ ഡയറക്റ്റര്‍ മിസ്തര്‍ രാമന്‍ പിള്ളയ്ക്കു പകരം, ആ ജോലി നോക്കുന്നത് ഡിപ്ടിപേഷ്കാര്‍ മിസ്തര്‍ രാമകൃഷ്ണയ്യന്‍ ആയിരിക്കും എന്നറിയുന്നു.
ആലപ്പുഴെയുള്ള സര്‍ക്കാര്‍ഇംഗ്ലീഷ് ഹൈസ്കൂളും, ചങ്ങനാശേരിയിലെ സര്‍ക്കാര്‍ഇംഗ്ലീഷ് മിഡില്‍ സ്കൂളും നിറുത്തലിലാക്കുന്നതിന് ഗവര്‍ന്മേണ്ട് നിശ്ചയിച്ചിരിക്കുന്നു എന്നറിയുന്നു.
തിരുവനന്തപുരം ടൌണ്‍ ഹെല്‍ത്താഫീസര്‍ മിസ്തര്‍ കേശവറാവു മൂന്നുമാസത്തെ പ്രിവിലേജ് അവധിയും, ആറുമാസത്തെ ഫീര്‍ലോ അവധിയും കിട്ടണമെന്ന് അപേക്ഷിച്ചിരിക്കുന്നു.
പെണ്ണാശുപത്രിയിലെ ലേഡിഡാക്‍ടര്‍ മിസ്സ് യാഡ്‍ലി ഒഴിവില്‍ പോയതിനു പകരം, തൈക്കാട്ടു ആശുപത്രി അസിസ്റ്റന്‍റ് സര്‍ജന്‍ കേ. മാധവന്‍പിള്ള അവര്‍കളെ നിയമിച്ചിരിക്കുന്നു എന്നറിയുന്നു.