നമ്പൂരിയോഗക്ഷേമസഭ
- Published on September 26, 1908
- By Staff Reporter
- 189 Views
പാശ്ചാത്യവിദ്യാഭ്യാസത്തിന്‍റെ പ്രചാരത്താല്‍ ഉണ്ടായിരിക്കുന്ന രാജ്യകാര്യ-സമുദായ കാര്യാദിപരിഷ്കാരങ്ങളുടെ അലയടി കേരളത്തിലെ ഇതരജാതിജനങ്ങളെ ഏറെക്കുറെ ബാധിച്ചിട്ടും, സ്ഥിതിസ്ഥാപകത്വത്തോടുകൂടി പൂര്‍വാചാരങ്ങളെ മുറുകെ പിടിച്ചുങ്കൊണ്ടു ഇനിയും കാര്യങ്ങള്‍ നടത്തിക്കൊള്ളാമെന്നു വിചാരിച്ചിരുന്ന കേരളബ്രാഹ്മണര്‍, ഈയിട, തങ്ങളുടെ ചുറ്റും നടക്കുന്ന സംഭവങ്ങളാല്‍, ലോകത്തിന്‍റെ നവീനഗതിയിങ്കല്‍ പ്രബുദ്ധന്മാരായിത്തീര്ന്നിരുക്കുന്നു എന്നു കാണുന്നത് സന്തോഷജനകം തന്നെയാണ്. ഇന്ത്യയിലെ പ്രാചീനനടവടികള്‍ക്ക് മാററം വന്നുകൊണ്ടിരിക്കുമ്പോള്‍, ആ മാറ്റത്തെ അനുവര്‍ത്തിക്കാതിരുന്നാല്‍, ഒരു കാലത്തുപിന്നില്‍നിന്നിരുന്ന ജാതിക്കാര്‍ മുന്നില്‍ കടക്കുമെന്ന് കേരളബ്രാഹ്മണര്‍ മനസ്സിലാക്കുകയും, കാലോചിതമായ പരിഷ്കാരത്തെ പര്യാലോചിച്ച്, ഏര്‍പ്പെടുത്തേണ്ടത് ആവശ്യകമാണെന്നു നിശ്ചയിക്കയും ചെയ്ത്, കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍ "നമ്പൂരിയോഗക്ഷേമസഭ,, കള്‍ സ്ഥാപിക്കയും, ഷോര്‍ണ്ണൂരിന് സമീപം ഒരു അച്ചുകൂടം ഏര്‍പ്പെടുത്തുകയും, ഏറെതാമസിയാതെ അവരുടെ അഭ്യുദയത്തെ പുരസ്കരിച്ച് പത്രികപുറപ്പെടുവിക്കാന്‍ ആലോചിക്കയും ചെയ്തിരിക്കുന്നത്, കേരളത്തില്‍ വളരെ പ്രാമാണ്യമുള്ള ഈ സമുദായത്തിന്‍റെ ശ്രേയസ്സിന് ശുഭസൂചകമാകുന്നു. കേരളത്തിലെ ജനസമുദായത്തിന്‍റെ ഭാഷാ ആചാരം, ഭൂസ്വത്തനുഭവം മുതലായ പലേസംഗതികളേയും രൂപിപ്പിക്കുന്ന കാര്യത്തില്‍ മുഖ്യഘടകമായിരുന്നിട്ടുള്ള കേരളബ്രാഹ്മണസമുദായത്തിന്‍റെ ഇടക്കാലത്തെ അലസത, മററു വര്‍ഗ്ഗക്കാരുടെ അഭ്യുദയത്തിനായുള്ള യത്നങ്ങള്‍ക്ക് ഏറെക്കുറെ മാര്‍ഗ്ഗക്ലേശം ഉണ്ടാക്കിയിരുന്നു എന്നു പ്രസിദ്ധമായിരിക്കകൊണ്ട്, ഇപ്പൊഴത്തെ പരിഷ്കാരയത്നത്തെ ഇതരന്മാരൊക്കെ അനുകൂലിക്കുമെന്നുള്ളതില്‍ രണ്ടുപക്ഷമില്ലാ. കൃസ്ത്യന്‍ അസോസിയേഷന്‍, നായര്‍ സമാജം, ശ്രീനാരായണധര്‍മ്മപരിപാലനയോഗം എന്ന ഈഴവസഭ, മുതലായ ഓരോ സഭകള്‍ അതാതുവര്‍ഗ്ഗക്കാര്‍ നടത്തിവരുമ്പോള്‍, എല്ലാ പ്രകാരത്തിലും ആദ്യമേ ഉദ്യമിക്കേണ്ടിയിരുന്ന നമ്പൂരിമാര്‍ ഇനിയെങ്കിലും സഭകൂടി സമുദായത്തിന്‍റെ യോഗക്ഷേമകാര്യങ്ങളെചിന്തിക്കുവാന്‍ ഉറച്ചത് യുക്തംതന്നെ. കേരളമൊട്ടുക്ക് പൊതുവെസ്ഥാപിച്ചിട്ടുള്ള നമ്പൂരിയോഗക്ഷേമസഭയുടെ മുഖ്യമായ ഒരു ശാഖ ഇപ്പോള്‍ തിരുവിതാംകൂറിന്‍റെ തലസ്ഥാനനഗരമായ തിരുവനന്തപുരത്തു ഈ കന്നിമാസം 1-നു-തുടങ്ങി നടത്തിവരുന്നതായി അറിഞ്ഞ് ഞങ്ങള്‍ സന്തോഷിക്കുന്നു. ഈ സഭാശാഖയുടെ ഒന്നാംയോഗം തന്നെ നടുവിലെമഠത്തില്‍ പുഷ്‍പാഞ്ജലി മൂത്തസ്വാമിയാരുടെ സഹായത്തോടും, പ്രമാണികളായ മുപ്പതില്‍ അധികം പേരുടെ സഹകരണത്തോടുംകൂടി ബ്രഹ്മശ്രീ മേലേടത്തുവാധ്യാര്‍ നാരായണന്‍നമ്പൂരി അവര്‍കളുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ടുഎന്നും, സഭയുടെ നടത്തിപ്പിനായി, ബ്രഹ്മശ്രീ മഴമംഗലത്തുതരണനെല്ലൂര്‍ ദിവാകരൻ നമ്പൂതിരിപ്പാടവര്‍കളെയും കുമാരമംഗലത്ത് നാരായണന്‍ നമ്പൂതിരിപ്പാട് അവര്‍കളേയും കാര്യദര്‍ശികളായും, വേറെ 13 പേരെ നിര്‍വാഹക സംഘാംഗങ്ങളായും നിശ്ചയിച്ചു എന്നും, 'സഭയുടെ അഭ്യുദയത്തിനും, എന്നുവേണ്ട, സകലഉദ്യമസാഫല്യങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ****************************************പ്പറ്റി തരണനല്ലൂര്‍ നമ്പൂതിരിപ്പാടവര്‍കളും "ബ്രഹ്മസദസ്സിന് ഉചിതമായ തപശ്ശക്തി എന്ന വൈദികവിഷയത്തെപ്പറ്റി,, തെക്കേപ്പാട്ട് നാരായണന്‍ നമ്പൂതിരി അവര്‍കളും, "വിദ്യാഭ്യാസം ഈ വര്‍ഗ്ഗക്കാരില്‍ കുറഞ്ഞു കാണുന്നതിനാല്‍ ഉള്ള ന്യൂനതകളെപ്പറ്റി,, പയ്യമ്പ്ര നാരായണന്‍നമ്പൂരിഅവര്‍കളും പ്രസംഗിച്ചു എന്നും; മലമേല്‍ രാമന്‍ നമ്പൂരി അവര്‍കള്‍ "പുതിയപരിഷ്കാരികളുടെനിലയില്‍ വേള കുഡുംബവിഭാഗം ഇവകളെപ്പറ്റി എഴുതിവായിച്ച പ്രസംഗത്തെ ആയാങ്കുടി ഇളയിടത്തു നീലകണ്ഠന്‍നമ്പൂരിഅവര്‍കള്‍ കേരളാചാരത്തിന് വിരുദ്ധമാണെന്നു തര്‍ക്കിക്കുകയാല്‍, ഈ സംഗതിയെപ്പറ്റി മഹായോഗത്തില്‍ അയയ്ക്കേണ്ടതാണെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു,, എന്നും സഭവക റിപ്പോര്‍ട്ടിനാല്‍ അറിയുന്നുണ്ട്. ആരംഭത്തില്‍ തന്നെ ഇത്രമേല്‍ ഉത്സാഹത്തെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ സഭ ഉത്തരോത്തരം ശ്രേയസ്സിനെ പ്രാപിക്കുന്നതിനു സഭാംഗങ്ങളുടെ ഉത്സാഹശക്തിക്ക് ന്യൂനത വരുകയില്ലെന്നും, അന്യന്മാരുടെ ഒത്താശയുണ്ടാകുമെന്നും നമുക്കു വിശ്വസിക്കാം. ആചാര സംബന്ധമായി ഉണ്ടാകുന്ന വാദപ്രതിവാദങ്ങളില്‍ ഓരോകക്ഷ്യയിലേയും പണ്ഡിതന്മാരുടെ വാദപദങ്ങളെ വിവരമായി പ്രസിദ്ധപ്പെടുത്തി അന്യന്മാരുടെ അഭിപ്രായങ്ങളെ ക്ഷണിക്കുന്നതിനു ഇടകൊടുക്കുന്നത് നന്നായിരിക്കുമെന്നും, ഈസഭയുടെ നടവടി വിവരങ്ങളെ കേരളത്തിലുള്ള മലയാളബ്രാഹ്മണരെല്ലാം അറിയുവാന്‍ തക്കവിധത്തില്‍ അധികം പ്രചാരപ്പെടുത്തേണ്ടതാണെന്നും അങ്ങനെചെയ്താന്‍ സഭയുടെ പ്രവൃത്തിക്ക് സൌകര്യം ഏറുമെന്നും ഞങ്ങള്‍ക്ക് തോന്നുന്നു.