വിദേശവാർത്ത
- Published on December 26, 1906
- By Staff Reporter
- 584 Views
ആണറബിള്‍ മിസ്റ്റര്‍ കാസില്‍ സ്റ്റുവാര്‍ട്ട് മദ്രാസില്‍ നിന്നും കല്‍ക്കത്തയിലേക്കുപോയിരിക്കുന്നു.
മഹാരാജ്ഞിസമേതം മൈസൂര്‍ മഹാരാജാവും പരിവാരങ്ങളും കല്‍ക്കത്തയില്‍എത്തിയിരിയ്ക്കുന്നു. അവിടെ അവര്‍ക്കു 3 ആഴ്ച വട്ടത്തേ താമസമുണ്ടെന്നാണറിയുന്നത്.
1907 ഫെബ്രുവരി 4 നു- മദ്രാസില്‍വെച്ച് ഇന്‍ഡ്യാ, ബര്‍മ്മാ. ഏഡന്‍ ഈ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു പൊതുവേ, സംബന്ധിക്കത്തക്കവണ്ണം ഇന്‍ഡ്യന്‍ സബാര്‍ഡിനേറ്റ് മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റു വക മിലിറ്ററി അസിസ്റ്റെന്‍റു സര്‍ജന്‍ പരീക്ഷയ്ക്കുള്ള തെരഞ്ഞെടുപ്പു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിയ്ക്കുന്നു.
കിഴക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രപ്രമാണിച്ച് കുനാട്ടു പ്രഭുവും ജന്മഭൂവിയും വേണ്ട ഒരുക്കങ്ങള്‍ നടത്തിവരുന്നു. യാത്രാസമയം ഇന്നപ്പോഴാണെന്ന് ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും ഇന്‍ഡ്യയില്‍ അവര്‍ക്കു അധിക താമസം ഉണ്ടാകയില്ലെന്നാണറിഞ്ഞത്.
ഇന്‍ഡ്യന്‍ വിദേശ്യസഹകാര്യദര്‍ശി മിസ്റ്റര്‍ എല്ലീസ് ഉദ്യോഗത്തില്‍നിന്നും നീക്കപ്പെട്ടിരിയ്ക്കുന്നു. ഇദ്ദേഹത്തിന്‍റെ 23 വര്‍ഷത്തെ ഇടവിടാതുള്ള ഗവര്‍ന്മേന്‍റ് സേവനംനിമിത്തം അദ്ദേഹത്തിന് ഛായാപടം സമ്മാനമായി ലഭിച്ചു.
മദ്രാസ് ബിഷപ്പ് ലണ്ടനിലെ സെന്‍റ് പാല്‍സ് കത്തീഡറില്‍വെച്ചുനടത്തിയ ഒരു പ്രസംഗത്തില്‍ ഇന്‍ഡ്യയില്‍ കൃസ്തുമത പ്രചാരത്തിനായിട്ട് ചെയ്യുന്ന ശ്രമങ്ങളൊക്കെ വിഫലമായിട്ടുള്ളതാണെന്നും, ഉയര്‍ന്ന ജാതിക്കാരുടെയിടയില്‍ അതിന് പറയത്തക്കപ്രചാരം വന്നിട്ടില്ലെന്നും, താഴ്ന്നവരും, ഭൃഷ്ടന്മാരുമായുള്ള ഒരുകൂട്ടം ജനങ്ങള്‍ക്കുമാത്രം കൃസ്തുമതാനുകൂല്യം തോന്നീട്ടുണ്ടെന്നും, 23- വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്‍ഡ്യയിലേയ്ക്കുള്ള തന്‍റെആദ്യത്തെവരവില്‍ പാശ്ചാത്യ പരിഷ്കാരങ്ങളും ഇംഗ്ലീഷു വിദ്യാഭ്യാസവും കൃസ്തുമതപ്രചാര പന്ഥാവായിതീരുമെന്നുണ്ടായിരുന്ന വിചാരം അസ്ഥാനത്തിലായിപ്പോയെന്നും സൂചിപ്പിച്ചിരുന്നു.