മദ്യപാന നിരോധം
- Published on April 11, 1908
- By Staff Reporter
- 429 Views
മദ്യപാന നിരോധം ചെയ്യേണ്ടതിനെപ്പറ്റി പുനയില്‍, ഇപ്പോള്‍, വലിയ ക്ഷോഭം നടക്കുന്നു. ഇതിനിടെ അവിടെ കൂടിയ പുനാജില്ലാസമാജത്തിന്‍റെ യോഗത്തില്‍, ഈ സംഗതിയെക്കുറിച്ച് വിശേഷപ്രസ്താവം ഉണ്ടാകയും, ചില പുതിയ നിബന്ധനകള്‍ ചെയ്കയുംചെയ്തു. അതിന്‍റെ ശേഷമായി, മദ്യപാനനിരോധനത്തിനുള്ള ശ്രമം വര്‍ദ്ധിച്ചുവരുകയാണ്. മദ്യവ്യാപാരശാലകളില്‍ കുടിപ്പാനായി ചെല്ലുന്ന ആളുകളെ വിലക്കി അയക്കുന്നതിന് പ്രത്യേകം വാളണ്ടീയര്‍സംഘം ചേര്‍ന്ന് അതാതു മദ്യശാലകള്‍ക്കു മുന്നില്‍ കാവല്‍നില്‍ക്കുക നിമിത്തം, മദ്യവ്യാപാരികള്‍ക്ക് ആദായം ചുരുങ്ങിത്തുടങ്ങി പലേ കലശലുകളും ഉണ്ടായിവരുന്നു. മദ്യശാലക്കാര്‍ മജിസ്ട്രേറ്റിന് അറിവു കൊടുക്കയും, മജിസ്ട്രേറ്റ് അതാതുസ്ഥലങ്ങളില്‍ചെന്ന് നിരോധ കക്ഷിക്കാരെ മാറ്റുവാന്‍ ശ്രമിക്കയും ചെയ്തു. ഇപ്പോള്‍ വാളണ്ടീയര്‍മാരുടെ മേല്‍ പത്തിരുപതു ക്രിമിനല്‍ കേസ്സുകള്‍ നടത്തിവരുന്നു. അസിസ്റ്റന്‍റ് കളക്ടര്‍ മിസ്റ്റര്‍ ആന്‍ഡേഴ്സന്‍, മദ്യശാലനോക്കാന്‍ ചെന്നപ്പോള്‍, രണ്ടു വാളണ്ടീയര്‍മാരെ അടികലശല്‍ചെയ്തു എന്നുംമറ്റും ചില കേസ്സുകളും ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ 6-നു- കളക്ടര്‍സായിപ്പ് മിസ്റ്റര്‍ ടിലാക്കിനെ തന്‍റെ ബങ്കളാവില്‍ വിളിച്ചുവരുത്തി, ഈ സംഗതികളെപ്പറ്റി സംസാരിച്ചതായും, ഇങ്ങനെ കാവല്‍ നിറുത്തുന്നത് നിയമവിരോധമല്ലെന്ന് മിസ്റ്റര്‍ ടിലാക്ക് പ്രസ്താവിച്ചതായും കാണുന്നു, ആകപ്പാടെ ഈ സംഗതികളൊക്കെ വളരെ ഇളക്കം ഉണ്ടാക്കീട്ടുണ്ട്. മദ്യശാലകളിലെ വിറ്റുവരവ്, പത്തിനു എട്ടുവീതംവരെ ചുരുങ്ങിയിരിക്കുന്നു. മദ്യശാലകള്‍ സ്ഥാപിച്ചിട്ടുള്ള ഉടമസ്ഥന്മാര്‍ അവയെ ഒഴിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 7 മണിക്ക് മദ്യപാനനിരോധന സംഘത്തിലെ വാളണ്ടീയര്‍മാര്‍ രണ്ടുതലവന്മാരുമായി, ഗണേശപേട്ടയിലെ മദ്യശാലകള്‍ക്ക് മുന്നില്‍പോയി സംഘംകൂടി, മദ്യപിക്കാന്‍ ചെന്നവരെ ഒന്നൊന്നായി വിലക്കിഅയയ്ക്കാന്‍ തുടങ്ങി. കുറെകഴിഞ്ഞപ്പോള്‍, ഇതുകാണ്മാനായി പത്തു നൂറാളുകളും അവിടെ കൂടി. കളക്ടരുടെ അസിസ്റ്റന്‍റ് ഉടന്‍ അവിടെ എത്തി മേല്പടിസംഘക്കാരോടു പിരിഞ്ഞുപോവാന്‍ പറഞ്ഞതില്‍ അവര്‍ അനുസരിച്ചില്ലാ. അനന്തരം, ആ ഉദ്യോഗസ്ഥന്‍ കുറെ പൊല്ലീസുകാരുമായി തിരിച്ചെത്തി അവരെ വിരട്ടിത്തുടങ്ങി. സംഘം പിരിയുന്നില്ലെന്നു കണ്ടിട്ട്, അസിസ്റ്റന്‍റും പൊലീസുകാരും ചേര്‍ന്ന് അവരെ തള്ളി; അതില്‍വച്ചു ചില കലശലുകള്‍ ഉണ്ടായി. എതിര്‍ത്തുനിന്ന രണ്ടു ബ്രാഹ്മണരെ അസിസ്റ്റന്‍റിന്‍റെ കല്പന പ്രകാരം പൊല്ലീസുകാര്‍ ഉടന്‍ ബന്ധിച്ചു. ഇത്രയുമായപ്പൊഴേക്ക് ആള്‍ക്കൂട്ടം വര്‍ദ്ധിക്കയും, ചില പോലീസ് ഇന്‍സ്പെക്റ്റര്‍മാരും ഡിപ്ടിസുപ്രേണ്ടും മറ്റു ചില പോലീസ് ഇന്‍സ്പെക്റ്റര്‍മാരും ഡിപ്ടിസുപ്രേണ്ടും മറ്റു ചില പൊല്ലീസുദ്യോഗസ്ഥന്മാരും അവിടെ എത്തുകയും ചെയ്തു. മിസ്റ്റര്‍ ടിലാക്ക് അവിടെ ഉണ്ടായിരുന്നു. ആള്‍ക്കൂട്ടത്തോടു പോകാന്‍ ആവശ്യപ്പെടുകയും, അവരുടെ കൂട്ടം നിമിത്തം തന്‍റെ സംഘത്തിന്‍റെ പ്രവൃത്തിക്ക് വിഘ്നം നേരിടുന്നുവെന്നു അറിയിക്കുകയും ചെയ്തിട്ട്, ടിലാക്ക് പിരിഞ്ഞുപോയി.