ഭൂനികുതി

  • Published on January 09, 1907
  • By Staff Reporter
  • 454 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

പത്മനാഭപുരം, തിരുവനന്തപുരം, കോട്ടയം എന്നീ ഡിവിഷങ്ങളിൽ, കാലാവസ്ഥ പൊതുവിൽ, കൃഷിക്കു ദോഷകരമായിരുന്നു. അതു നിമിത്തം, ഭക്ഷണധാന്യങ്ങൾക്ക് (*) ഗണ്യമായ ഭേദഗതി യാതൊന്നും ഉണ്ടായിരുന്നില്ലാ. തന്നാണ്ടത്തേക്ക് ആകേ പിരിയേണ്ട ഭൂനികുതി 25, 26, 959 രൂപയും; പിരിഞ്ഞു കിട്ടിയ തുക 23, 96, 212 രൂപയും ആയിരുന്നു. നികുതിപ്പിരിവ്, മുൻ ആണ്ടിൽ നൂറ്റിന് 95 54/100 വീതം ആയിരുന്നത് പോയിട്ട്, തന്നാണ്ടിൽ(1081- ൽ ) 94 83/100 വീതം ആയ് വന്നു. പഴയ കുടിശ്ശിക വകയിൽ ആകത്തുക 254, 137 രൂപ ആയിരുന്നു. ഇതിൽ, 27, 878 രൂപാ ഈടാകാത്ത വകയായി തള്ളിക്കളഞ്ഞിട്ടുണ്ട്. ഈടാകാനുള്ള തുകയിൽ 24,033 രൂപ വസൂലാക്കീട്ടുണ്ട്.

27,878 പുതുവൽക്കേസ്സുകളിൽ, 6, 252, അല്ലെങ്കിൽ, നൂറ്റിന് 22 42/100 വീതം തീരുമാനിച്ചിട്ടുണ്ട്. അന്യം നില്പു വക 41 കേസ്സുകളും, മറ്റു റെവന്യൂ വക 265 കേസ്സുകളും തീരുമാനിച്ചിരിക്കുന്നു. പുറമ്പോക്കിൽ 1, 468ഉം പൊന്നും വില വകയിൽ, 802 കേസ്സുകളിൽ യഥാക്രമം 1380ഉം, 587 ഉം വീതം, തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തിലെപ്പോലെ, വിളവു പിഴച്ചുപോയ ചില താലൂക്കുകളിൽ, പറ ഒന്നിന് പത്തു ചക്രം വീതം നിരക്കു വില വച്ച് നെൽക്കരം തീർപ്പിക്കുവാൻ അനുമതി കൊടുത്തിട്ടുണ്ട്. ധാന്യക്കരത്തെ മാറ്റി പകരം പണക്കരമാക്കുന്നതിനെ സംബന്ധിച്ച്, കഴിഞ്ഞ കൊല്ലത്തിലെ ഉപക്രമ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്ന വ്യവസ്ഥ, പ്രസ്തുത കൊല്ലത്തിൽ മഹാരാജാവു തിരുമനസ്സ്കൊണ്ട് കല്പിച്ചനുവദിക്ക ഉണ്ടായി. കുടികളുടെ മനസ്സു പോലെ, ധാന്യക്കരത്തിന് പകരം, പറ ഒന്നിന് 11 ചക്രം നിരക്കിൽ പണമായി കരം തീർക്കയോ, അല്ലെങ്കിൽ, ധാന്യമായി തന്നെ കരം കൊടുത്ത് നടത്തുകയോ ചെയ്യുവാൻ സമ്മതിച്ചിരുന്നു എന്നു നിങ്ങൾ അറിഞ്ഞിട്ടുണ്ടല്ലൊ. അതാതു താലൂക്കുകളിലുമുള്ള തഹശീൽദാരന്മാർ നടത്തിയ അന്വേഷണങ്ങളാൽ, പ്രസ്തുത ഭേദഗതിയെ കുടികൾ അഭിനന്ദിച്ചു എന്നു വെളിപ്പെടുകയും, ഈയാണ്ടാദ്യം മുതൽ ആ വ്യവസ്ഥയെ നടപ്പിൽ വരുത്തുന്നതിന്, അതിന്മണ്ണം, ഉത്തരവ് പുറപ്പെടുവിക്കയും ചെയ്തു. ഈ വ്യവസ്ഥ ചെയ്തുകൊണ്ട്, കരമൊടുക്കു തവണ, മുമ്പ് 10 ആയിരുന്നതിനെ, പൂവൊന്നിന് 3 വീതം, 6 ആക്കിയിരിക്കുന്നു. ഈ ഭേദഗതികൾ നിമിത്തവും, കണക്കു വയ്പ്പു വ്യവസ്ഥയിൽ ഈയിട ചെയ്ത പരിഷ്കാരം നിമിത്തവും, ഗ്രാമ സിൽബന്തികളുടെയും താലൂക്കു സിൽബന്തികളുടെയും ജോലിക്രമത്തെ പുതുതാക്കുകയും, ഭൂമി സംബന്ധിച്ച റിക്കാർട്ടുകളെ സൂക്ഷിക്കുന്നതിന് വ്യവസ്ഥ ചെയ്കയും ചെയ്യാൻ ആലോചിച്ചിട്ടുമുണ്ട്.


(*) missing  

You May Also Like