പണവ്യയ നയം
- Published on May 27, 1908
- By Staff Reporter
- 643 Views
തിരുവിതാംകൂർ മഹാരാജാവ് തിരുമനസ്സിലെ കൊട്ടാരത്തിലെ ചെലവിനായി കൊല്ലംതോറും, സർക്കാർ ഖജനയിൽ നിന്ന് പറ്റുന്ന പണത്തിൻെറ തുക, ധനു 27-ന് ലെ 4-ാം ലക്കം പത്രത്തിൽ ഞങ്ങൾ ദൃഷ്ടാന്തസഹിതം പ്രതിപാദിച്ചിരുന്നുവല്ലോ. ജീവനോപായങ്ങളുടെ മാറ്റം നിമിത്തം, ജീവിതാവശ്യ സാധനങ്ങളിൽ പലതിനും വില, പണ്ടത്തേതിൽ നിന്ന് കയറിയിരിക്കാമെന്ന് സമ്മതിക്കാമായിരുന്നാലും, ഇപ്പോഴത്തെ സ്ഥിതിയെ ഗണിക്കുമ്പോൾ, "എഴുന്നള്ളിയിരിക്കുന്നെടത്തെ" ചെലവ്, ആവശ്യത്തെയും ക്രമമായ അതിരിനെയും കവിഞ്ഞ്, ഭയങ്കരവും പ്രജകൾക്ക് വ്യസനകരവും ആയ പാഴ്‌ചെലവായിത്തീരുന്നുണ്ടെന്ന് ഞങ്ങൾ ഉദാഹരണങ്ങൾ കാണിച്ചിട്ടുണ്ട്. പ്രജകളുടെ ക്ഷേമത്തിൽ താല്പര്യം വയ്ക്കുന്ന ഒരു മഹാരാജാവിൻെറ സുഖകരമായ ജീവിതത്തിന് വേണ്ട ചെലവുകൾക്ക് പണം എടുക്കുന്നതിൽ പ്രജകൾക്കെല്ലാം വളരെ സന്തോഷമാണ് ഉള്ളതെന്നിരിക്കിലും, ഈ സുഖജീവിതത്തിനായുള്ള ചെലവിൻെറ അതിരിനെ നിശ്ചയിക്കുന്നതിൽ, അവരുടെ മനസ്സ് യുക്തായുക്ത വിവേചനം ചെയ്യാതെയിരിക്കുന്നതല്ലല്ലൊ. കുചേലനെ ഞെക്കിപ്പിഴിഞ്ഞ് കുബേരന് ആദായമുണ്ടാക്കുന്ന നയം എപ്പോൾ ഒരു നാട്ടിൽ കാണുന്നുവോ അപ്പോൾ, ജനങ്ങൾ, ആ വക നയത്തെ ദ്വേഷിക്കയും, അതിന്മേൽ, പ്രത്യക്ഷമായിട്ടല്ലെങ്കിലും ആന്തരമായി സങ്കടപ്പെടുകയും ചെയ്യുന്നത് ജനസമുദായത്തിൻെറ സംശ്ലിഷ്ടഭാവത്തിൽ നിന്ന് വിയോജ്യഭാവത്തിൽ ജനങ്ങൾ കടക്കുമ്പോൾ സ്വാഭാവികം തന്നെ. പ്രജകളുടെ പണം അവർക്ക് ഗുണത്തിനായി വിനിയോഗിക്കുന്നതിനല്ലാതെ, അവർക്ക് ദോഷമുണ്ടാക്കുന്ന മാർഗ്ഗങ്ങളിൽ വാരിയെറിയുന്നതിന് അവർ മനസ്സാലെ സമ്മതിക്കുന്നതല്ലാ. ഈ തത്വങ്ങളെ പ്രജകൾ ഗവർന്മേണ്ടിനെ അപ്പോഴപ്പൊൾ അറിയിച്ചിട്ടും, ഗവർന്മേണ്ട് വക മുതലിൻെറ അനാവശ്യ വ്യയത്തെ ചുരുക്കുവാനും, കുടിയാനവന്മാരോട് മുറയ്ക്കു കരം വസൂലാക്കുവാനും ശ്രദ്ധ വച്ചിരിക്കുന്ന ഒരു മന്ത്രി ഉണ്ടായിരുന്നിട്ടും, കേവലം അനീതിയായുള്ള സർക്കാർ ധനവ്യയത്തിന് ഗവർന്മേണ്ട് അനുവാദം നൽകുന്നത് എന്തുകൊണ്ടാണെന്ന് വെളിവാകുന്നില്ല. കൊട്ടാരത്തിലെ പണം ഏറിയകൂറും അപഹരിക്കുന്നതിന് ഫൌസ്സദാർ, മാനേജർ മുതലായവ ഉദ്യോഗസ്ഥന്മാർക്ക് തുറന്നു കൊടുത്തിരിക്കുന്ന വഴികൾ, മരാമത്ത്, ഹോമപ്പുര, ക്ഷേത്രം, ലായം മുതലായവയാണെന്ന് ഞങ്ങൾ മുമ്പ് പറഞ്ഞിട്ടുണ്ട്. രാജാവിൻെറ പാർശ്വസേവകന്മാർക്കും കൊട്ടാരത്തിലെ മറ്റു "തോന്നിയവാസി"കൾക്കും അപ്പോഴപ്പൊൾ ഉണ്ടാകുന്ന മനോരഥങ്ങളെ സാധിപ്പാൻ, പ്രജകളുടെ പണം ചെലവാക്കണമെന്നു വരുന്നത്, ശരിയായ രാജ്യതന്ത്രത്തിന് യോജിക്കുന്നില്ലാ. ധാരാളം പണമുള്ളവർക്കു കൂടെയും, സ്വന്തം വീട്ടിലെ അടിയന്തിരങ്ങൾക്ക് പുര കെട്ടിച്ചു കൊടുക്കുക, യാത്രയ്ക്ക് കോപ്പു കൂട്ടിച്ചു കൊടുക്കുക മുതലായ അനേകം സംഗതികൾ, പ്രജകളുടെ പണം കൊണ്ട് നടത്തിക്കുന്നുണ്ട്. പ്രജകളിൽ ദരിദ്രന്മാരെയും നിസ്സഹായന്മാരെയുമാണ് ഇപ്രകാരം സഹായിക്കുന്നതെന്നു വരുകിൽ, അത് "ധർമ്മോസ്മൽ കുലദൈവതം" എന്ന പ്രമാണത്തിന് ചേരുമായിരുന്നു. ഈയിടെ തന്നെ, കൊട്ടാരം മാനേജർ മിസ്റ്റർ ശങ്കരൻതമ്പി, ചവറയിലെ തൻ്റെ പൂർവ തറവാട്ടിൽ എന്തോ കുടുംബഛിദ്രം ഒതുക്കുന്നതിന് പോയിരിക്കുന്നത്, സർക്കാർ ചെലവിന്മേലാണെന്ന് ഞങ്ങളറിയുന്നു. ഇതിൻെറ ഔചിത്യമെന്താണെന്ന് ഞങ്ങളറിയുന്നില്ല. നാടുവാഴി രാജാക്കന്മാരുടെ പുത്രന്മാർ, യാത്ര പോകുമ്പോൾ, ചെലവുകളെല്ലാം സർക്കാർ പണം കൊണ്ട് നടത്തിച്ചു കൊടുക്കുന്ന ഒരു പതിവുണ്ട്. ഇങ്ങനെ ചെലവു ചെയ്യുന്നതു തന്നെ, ന്യായം നോക്കിയാൽ പാടുള്ളതല്ലെങ്കിലും, അവർ ദേശസഞ്ചാരം കൊണ്ട് പൗരഗുണങ്ങളെ സമ്പാദിക്കയും നാട്ടുകാരുടെ ആവശ്യങ്ങളെയും സങ്കടങ്ങളെയും അറിഞ്ഞു രാജാവിനെ ഉണർത്തിക്കയും ചെയ്യുന്നതിന് സൗകര്യമുണ്ടാകുമെല്ലൊ എന്ന് വിചാരിച്ച് സമാധാനപ്പെടാം. എന്നാൽ, ജനങ്ങളെ ദ്രോഹിച്ചും, രാജാവിൻെറ കീർത്തിയെ മലിനപ്പെടുത്തിയും, മഹാരാജാക്കൻമാരുടെ ദുർബല കാലങ്ങളിൽ അവരുടെ പണം അപഹരിച്ചും, നാട്ടുകാരാൽ ദ്വിഷ്ടന്മാരായി പാർക്കുന്ന സേവകന്മാർക്ക്, കുടുംബഛിദ്രങ്ങൾ ഒതുക്കുവാനും ഇച്ഛ പോലെ വിഹരിപ്പാനും നാട്ടുകാരുടെ പണം ചെലവു ചെയ്യുന്നത് ഉചിതമോ യോഗ്യമോ അല്ലാ. മിസ്റ്റർ. ശങ്കരൻതമ്പി വളരെ പണം - ന്യായമായും, അധികം അന്യായമായും - സമ്പാദിച്ചിട്ടുള്ള ഒരാളാണ്. വിശേഷിച്ചും, വലിയ തുക ശമ്പളം വാങ്ങുന്ന ഒരുദ്യോഗസ്ഥനുമാണ്. മിസ്റ്റർ തമ്പിയുടെ സ്വകാര്യങ്ങൾക്ക് ചെലവഴിക്കാൻ, അതിനെ ഉപയോഗിക്കാൻ കഴിവുമുണ്ട്. അങ്ങനെയിരിക്കെ, മിസ്റ്റർ തമ്പിയുടെ സ്വകാര്യ ചെലവിന് പ്രജകളുടെ പണം അനുവദിക്കേണ്ട ആവശ്യമെന്താണ്. ഈ പണം സർക്കാർ ഖജാനയിൽ നിന്നല്ല, കൊട്ടാരത്തില്‍ നിന്നാണ് ചെലവാക്കുന്നത് എന്നു സമാധാനം പറയുന്നുണ്ടെങ്കിൽ, ഇങ്ങനെയുള്ള അനാവശ്യ ചെലവുകൾക്കായിട്ടല്ലാ പ്രജകളുടെ പ്രയത്നഫലത്തെ കൊട്ടാരത്തിലേക്ക് വ്യംശിക്കേണ്ടത് എന്ന്, ഞങ്ങൾ മിസ്റ്റർ രാജഗോപാലാചാരിയുടെ ഗവർന്മേണ്ടിനെ ഓർമ്മപ്പെടുത്തുന്നു. മന്ത്രിമാരുടെ കടമ, മഹാരാജാക്കന്മാർ ഒരിക്കലും തെറ്റിപ്പോകാത്തവരല്ലായ്കയാൽ, മഹാരാജാക്കന്മാരെ ഉചിതമായി ഉപദേശിക്കുന്നതിന് കൂടെ ഉണ്ടെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്.