ദേശവാർത്ത

  • Published on September 23, 1908
  • By Staff Reporter
  • 490 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ചാല ലഹളക്കേസ്സ് വിചാരണ, മിനിഞ്ഞാന്നു ഇവിടത്തെ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചിരിക്കുന്നു.

 ഉത്സവമഠം മജിസ്ട്രേറ്റിനാല്‍ ശിക്ഷിക്കപ്പെട്ട പൊലീസ് കാണ്‍സ്റ്റബിള്‍ രാഘവയ്യനെ, സൂപ്രെണ്ട് വേലയില്‍നിന്ന് വിടര്‍ത്തിയതായി അറിയുന്നു.

 ഗര്‍ത്സ് ഇംഗ്ലീഷ് കാളേജിലെയും ഹൈസ്കൂളിലെയും കുട്ടികള്‍ക്ക് സമ്മാനദാനം കന്നി 14നു- സ്കൂളില്‍ പുതിയ സംഗീതശാലയില്‍വച്ചു നടത്തുന്നതാണത്രെ.

 സെന്‍ടറല്‍ ജയില്‍ സൂപ്രെണ്ടായി, പ്രൊബെഷനായി നിയമിച്ചിരുന്ന മിസ്തര്‍ എസ്. ആര്‍. സ്വിന്നിയെ ആ ജോലിയില്‍ സ്ഥിരിപ്പെടുത്തിയിരിക്കുന്നു!

 കര്‍ക്കടകസംക്രാന്തി സംസ്ഥാനം മുഴുവന്‍ ഇപ്പൊഴത്തെപ്പോലെ ഒരു പൊതു ഒഴിവുദിവസമായിരിക്കുന്നതാകുന്നു എന്ന് സര്‍ക്കാര്‍ പരസ്യം ചെയ്തിരിക്കുന്നു.

 പണം വരവു ചെലവു കണക്കു അയപ്പാന്‍ താമസം വരുത്തി എന്ന വീഴ്ചയ്ക്ക്, നെയ്യാറ്റിങ്കര തഹശീല്‍ദാര്‍ മിസ്തര്‍ രംഗഅയ്യങ്കാര്‍ക്ക് ദിവാന്‍ജി 10- രൂപ പിഴയിട്ടിരിക്കുന്നു.

 തിരുവനന്തപുരം ഡിവിഷന്‍ ശിരസ്തദാര്‍ മിസ്തര്‍ പി . എന്‍. കൃഷ്ണപിള്ള രണ്ടുമാസത്തെ ഒഴിവു വാങ്ങുന്നതിനുപകരം, ഹജൂര്‍ ദേവസ്വം ആഫീസ് ക്ലാര്‍ക്കു മിസ്തര്‍ വേലുപ്പിള്ളയെ നിശ്ചയിപ്പാന്‍ വലിയകൊട്ടാരത്തില്‍ നിന്ന് അനുവദിച്ചിരിക്കുന്നു.

 കൊല്ലം ഡിവിഷന്‍ ശിരസ്തദാരായി നിയോഗിക്കപ്പെട്ടിരുന്ന അഗസ്തീശ്വരം ഡിപ്ടിതഹശീല്‍ മിസ്തര്‍ കുമാരപിള്ളയെ തിരികെ സ്വന്തം ജോലിക്കു അയയ്ക്കയും, പകരം ഹജൂരാഫീസ് ക്ലാര്‍ക്ക് മിസ്തര്‍ പത്മനാഭന്‍തമ്പിയെ നിശ്ചയിക്കയും ചെയ്തിരിക്കുന്നു.

 ഇപ്പൊള്‍ കണ്ടെഴുത്തു നടന്നുവരുന്ന താലൂക്കുകളില്‍ ഇനിമേല്‍ കാണുന്നതായ കരത്തില്‍ ചെലവുസംഗതികളെ എല്ലാം ഡിവിഷന്‍പേഷ്കാര്‍മാര്‍ ഗവര്‍ന്മേണ്ടില്‍ എഴുതി ബോധിപ്പിച്ചു ഉത്തരവുപോലെ നടത്തിക്കൊള്ളേണ്ടതാകുന്നു എന്നു ഗവര്‍ന്മേണ്ടു നിശ്ചയിച്ചിരിക്കുന്നു.

 അഡിഷനല്‍ സെഷന്‍ജഡ്ജിമാര്‍ക്കു ശിക്ഷാനിയമം അനുസരിച്ചും പ്രത്യേകനിയമങ്ങള്‍ അനുസരിച്ചും ഒരു സെഷന്‍സുകോര്‍ട്ടിനു വിചാരണ ചെയ്യത്തക്ക എല്ലാ കുറ്റങ്ങളെയും വിസ്തരിക്കുന്നതിനും, ക്രിമിനല്‍ അപ്പീലുകളെ തീരുമാനിക്കുന്നതിനും അധികാരം കൊടുത്തിരിക്കുന്നു.

 മിനിഞ്ഞാന്ന് സെഷന്‍സ് കോടതിയില്‍ ചാല ലഹളക്കേസ്സ് വിചാരണ നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രതികളെ ബന്തവസ്സ് ചെയ്തുനിന്നിരുന്ന ആയുധപാണികളായ പൊലീസ് കണ്‍സ്റ്റബിള്‍മാരില്‍ ഒരുവന്‍ പെട്ടെന്ന് മോഹാലസ്യപ്പെട്ടുവീണു മുറിവുകള്‍ ഏറ്റു ആശുപത്രിയിലെക്കയയ്ക്കപ്പെട്ടിരിക്കുന്നു.

 ചെങ്കോട്ടതാലൂക്കില്‍ ശിവനല്ലൂര്‍ മണിയത്തില്‍ അച്ചന്‍പുതൂര്‍ പൊലീസ് ടൌണില്‍ ഉള്ള കണ്‍സര്‍വെന്‍സി ഓവര്‍സിയരെ ആ ടൌണ്‍ അതിര്‍ത്തിക്കകത്തുള്ള ജനനമരണക്കണക്കുകള്‍ എടുക്കുന്നതിനു ചുമതലപ്പെടുത്തുകയും, റെവന്യൂ ഉദ്യോഗസ്ഥന്മാരെ ആ ജോലിയില്‍നിന്നു ഒഴിക്കയും ചെയ്തിരിക്കുന്നു.

 കൊട്ടാരക്കര തഹശീല്‍ മിസ്തര്‍ കൃഷ്ണയ്യരുടെ വേല തൃപ്തികരമായിട്ടില്ലെന്നും, ഡിവിഷന്‍ പേഷ്കാര്‍, ആ തഹശില്‍ദാരെപ്പറ്റി നല്ല അഭിപ്രായം അറിയിക്കുന്നതുവരെ, തഹശീല്‍ദാരുടെ പ്രമോഷന്‍ തടഞ്ഞിരിക്കുന്നു എന്നും ഗവര്‍ന്മേണ്ട് ഉത്തരവിട്ടിരിക്കുന്നുപോല്‍.

                                                                                                 -(ഒരു ലേഖകന്‍)

നെയ്യാറ്റിങ്കര താലൂക്കിലെ റെവന്യൂവും മജിസ്തീരിയലും കാര്യങ്ങള്‍ വേറുപിരിച്ചു നടത്തുന്നതിനു നിശ്ചയിച്ചിരിക്കയാല്‍, മജിസ്ട്രേററായി, മുമ്പു തിരുവട്ടാര്‍ മജിസ്ട്രേററു വേല നോക്കിയിരുന്ന മിസ്തര്‍ വി. ശേഷഅയ്യങ്കാരെ നിയമിപ്പാന്‍ ശിപാര്‍ശ ചെയ്തിട്ടുള്ളതായി ഒരു വര്‍ത്തമാനമുണ്ട്. - (ഒ. ലേ. )

"അരമന" എഴുതുന്നത് : - ചേര്‍ത്തലതാലൂക്കു തഹശീല്‍ദാര്‍ മിസ്തര്‍ ആറുമുഖംപിള്ളയ്ക്കും, ഡിപ്ടി തഹശീല്‍ദാരായിരുന്ന മിസ്തര്‍ കുമാരപിള്ളയ്ക്കും, എന്തോ ഒരു റിപ്പോര്‍ട്ടു ഗവര്‍ന്മേണ്ടിലെക്ക് സമര്‍പ്പിക്കാന്‍ താമസിച്ചു എന്ന സംഗതിക്ക് 10-ം 5-ം രൂപ വീതം പിഴയിട്ടിരിക്കുന്നതായും, ഉദ്യോഗക്കയറ്റം 6-മാസത്തെക്കു തടഞ്ഞതായും കേള്‍ക്കുന്നു.

 കണ്ടുകൃഷിവസ്തുക്കള്‍ 12-കൊല്ലം കഴിയുന്തോറും അനുഭവം പുതുക്കുന്ന നടപ്പിനെ നിറുത്തലാക്കീട്ട് സ്ഥിരമായ വ്യവസ്ഥചെയ്യണമെന്നും, കരമായി നെല്ലു അരി മുതലായ സാമാനങ്ങള്‍ ഏല്പിക്കുന്ന ഏര്‍പ്പാടു മാറ്റി പണമാക്കണമെന്നും മറ്റും ദിവാന്‍ജി ശുപാര്‍ശ ചെയ്തിരുന്നത് മഹാരാജാവുതിരുമനസ്സുകൊണ്ട് ഇപ്പൊള്‍  അനുവദിക്കാന്‍ ഇടയില്ലെന്ന് കല്പിച്ചതായി അറിയുന്നു.- (ഒ. ലേ. )

 ചാലെ തപാലാഫീസില്‍നിന്ന്, ചാല ബജാറിലെ കച്ചവടക്കാര്‍ക്ക് കത്തുകള്‍ കിട്ടുന്നതില്‍ താമസം നേരിടുന്നു എന്ന് ഒരു പരാതിയുണ്ട്. മുമ്പ് രാവിലെ 9-മണിയൊടുകൂടി കത്തുകള്‍ കിട്ടിക്കൊണ്ടിരുന്നത് ഇപ്പൊള്‍ ഉച്ചയ്ക്കു 12-മണിയോളം താമസിക്കുന്നു എന്നും, ഇതുനിമിത്തം അന്നന്ന് മറുവടിക്കത്തുകള്‍ അയപ്പാന്‍ സൌകര്യപ്പെടാതെ, കച്ചവടക്കാര്‍ക്ക് പലേ നഷ്ടങ്ങള്‍ക്കും ഇടയാകുന്നു എന്നും ആണ് മുഖ്യമായ പരാതി. ഇതിനെ തപാല്‍ അധികാരികള്‍ ഗൌനിച്ചു വേണ്ടതു പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു.

 ചാലയില്‍ ഉണ്ടിയല്‍ക്കച്ചവടം മിസ്റ്റര്‍ ഗണപതിപ്പിള്ളയെ അന്യായമായി തടങ്കല്‍, അടികലശല്‍ മുതലായവ ചെയ്തു എന്ന സംഗതിക്ക് ചാല പൊലീസ് ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ ടി. ആര്‍. പരമേശ്വരന്‍പിള്ളയെ പ്രതിയാക്കി ക്രിമിനല്‍ക്കേസ്സ് നടത്തുവാന്‍ അനുവാദം കിട്ടണമെന്ന് വക്കീല്‍മുഖേന ഗവര്‍ന്മേണ്ടിനൊടു അപേക്ഷിച്ചിരുന്നുവല്ലൊ. മിസ്തര്‍ പരമേശ്വരന്‍പിള്ളയെ പ്രാസിക്യൂട്ട് ചെയ്യാതിരിക്കുന്നതിലെക്ക് വല്ല സമാധാനവുമുണ്ടെങ്കില്‍ ബോധിപ്പിക്കുന്നതിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതായി അറിയുന്നു.

You May Also Like