വാർത്ത

  • Published on April 30, 1909
  • By Staff Reporter
  • 532 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

.......പറഞ്ഞ് ഊട്ടുപുരകളില്‍ ബ്രാഹ്മണര്‍ക്കു ചോറു കൊടുക്കുന്നതും മററും അധര്‍മ്മമാണെന്ന് മദ്രാസ് ഗവര്‍ന്മേണ്ടും ആക്ഷേപിച്ചതിന്‍റെ ഫലമായി, ചില ഊട്ടുപുരകളെ നിറുത്തലാക്കിയത് മിസ്റ്റര്‍ ആചാരിയുടെ പ്രശസ്തമായ ഒരു ഭരണ പരിഷ്കാരം തന്നെയാണ്. എന്നാല്‍, ഇതോടുകൂടി യഥാര്‍ത്ഥമായി ധര്‍മ്മദാനത്തെ അര്‍ഹിച്ച് വാങ്ങിവന്നവരുടെ മേല്കൂടെ ഭരണപരിഷ്കാരകുഠാരം പതിച്ചതാണ് വളരെ കഷ്ടമായുള്ളത്. ധര്‍മ്മത്തെ അഹിക്കുന്നവര്‍ മുടന്തന്മാര്‍, അന്ധന്മാര്‍, അംഗവിഹീനര്‍ മുതലായ പാവങ്ങളാണെന്നും, സമുദായത്തിലെ ഈ അപ്രാപ്തന്മാരെ രക്ഷിക്കേണ്ട ചുമതലയെ പരിഷ്കൃത രാജ്യങ്ങളില്‍ നിര്‍വഹിച്ചു വരുന്നുണ്ടെന്നും നാം കാണുന്നുണ്ട്. ഊട്ടുപുരകളെ അനാഥശാലകളായി മാററി ധർമ്മ സ്ഥാപനങ്ങളെ നിലനിറുത്തുന്നതിനാണ് തിരുവിതാംകൂര്‍ ഗവന്മേണ്ട് ഉദ്യമിക്കേണ്ടതെന്ന് ഞങ്ങള്‍ പല തവണ പറഞ്ഞിട്ടുമുണ്ട്. അത്തരം അനാഥശാലകളില്‍ പ്രവേശിക്കാന്‍ യോഗ്യതയുള്ളവരായും, ഇപ്പൊള്‍ തന്നെ ഊട്ടുപുരകളില്‍ നിന്ന് സഹായമായി അരികോപ്പു പതിച്ചു വാങ്ങിവരുന്നവരായും ഉള്ള കുരുടന്മാര്‍ മുതലായവര്‍ക്ക് , ഊട്ടുപുരകള്‍ നിറുത്തലാക്കിയതോടുകൂടി പതിവും നിറുത്തലാക്കിക്കളഞ്ഞതായി പല പരാതികളുമുണ്ടാകുന്നുണ്ട്. ഈ പരാതികളെ, ഗൌനിക്കാന്‍ ഇടയില്ലാ എന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്തുവരുന്നത് എന്നറിയുന്നു. ഇങ്ങനെ മറുവടി കൊടുക്കാന്‍ രാജ്യതന്ത്രജ്ഞതയോ, മാക്ഷധര്‍മ്മമോ ആവശ്യമില്ലാ. ജനസമുദായത്തിലെ കഷ്ടത എവിടെ ഉണ്ടെന്നു കണ്ടുപിടിച്ച് അതിനെ അകററുന്നതിനു ശ്രമിപ്പാന്‍ ഇപ്പറഞ്ഞവ കുറെ ആവശ്യമുണ്ട്. കഷ്ടപ്പെട്ടു വരുന്നവരുടെ കഷ്ടതയെ അറികയില്ലെങ്കില്‍, അങ്ങനെയുള്ള ഭരണകര്‍ത്താക്കന്മാര്‍ ജനക്ഷേമകര്‍ത്താക്കന്മാരായ് ഭവിക്കുന്നത് സംശയഗ്രസ്തവുമാണ്. ധര്‍മ്മത്തെ പരിപാലിക്കുന്നതില്‍ പ്രത്യേകം താല്‍പര്യമുള്ള മഹാരാജാവു തിരുമനസ്സുകൊണ്ട് മേല്പറഞ്ഞ കുരുടന്മാര്‍ മുതലായ പതിവുകാരുടെ സങ്കടങ്ങളെപ്പററി കരുണയോടു കൂടി നോക്കുന്ന ആളാകയാല്‍, ഗവര്‍ന്മേണ്ടിന്‍റെ നയത്തെ അബദ്ധമാര്‍ഗ്ഗത്തില്‍ നിന്നു മാററുവാന്‍ കല്പിക്കുമെന്നു വിശ്വസിക്കുന്നു.

 തിരുവിതാംകൂറിലെ മിഡില്‍സ്ക്കൂള്‍, ഹൈയര്‍ എന്ന പരീക്ഷകള്‍ക്കു കഴിഞ്ഞകൊല്ലത്തെ പരീക്ഷകന്മാരായിരുന്നവരുടെ യോഗ്യതകളും, അവര്‍ക്കു കിട്ടീട്ടുള്ള പ്രതിഫലത്തിന്‍റെ തുകയും കാണിക്കുന്ന ഒരു ലീസ്റ്റ് നോക്കുന്നപക്ഷം, ചില കൌതുകകരങ്ങളായ അനീതികള്‍ കാണ്മാനിടവരുന്നതാണ്. എഡ്യുക്കേഷനല്‍ അണ്ടര്‍സിക്രട്ടറി മിസ്റ്റര്‍ രാജാവിന്‍റെ ഇഷ്ടാനിഷ്ടമനുസരിച്ചാണ് ഓരോരുത്തര്‍ക്കു പരീക്ഷകസ്ഥാനം നല്‍കിവരുന്നതെന്നു ഞങ്ങള്‍ മുമ്പുതന്നെ ആക്ഷേപിച്ചിട്ടുള്ളതാണല്ലൊ. മിസ്തര്‍ രാജാവിന്‍റെ ആശ്രിതന്മാരായി സേവയ്ക്കുകൂടീട്ടുള്ള ചിലവാധ്യാന്മാര്‍ക്കു യോഗ്യതക്കുറവുണ്ടായിരുന്നിട്ടും, കൂടുതല്‍ തുക കിട്ടത്തക്കവിഷയത്തില്‍ പരീക്ഷകസ്ഥാനംകൊടുത്തിട്ടുണ്ടെന്നും, പരാതി ഉണ്ടാകാതെ നിറുത്തുവാന്‍വേണ്ടിയോ എന്നുതോന്നുമാറ് യോഗ്യതകൂടുതലുള്ള ചിലര്‍ക്ക് നല്‍കീട്ടുള്ള പരീക്ഷസ്ഥാനത്തിന് എത്രയോ കുറഞ്ഞതുകയാണ് പ്രതിഫലം ലഭിച്ചിട്ടുള്ളതെന്നും, മേല്പറഞ്ഞ ലീസ്റ്റ് വെളിപ്പെടുത്തുന്നതാണ്. മിസ്റ്റര്‍ രാജാവിനു അമ്പലപ്പുഴെ പാല്‍പ്പായസം കൊണ്ടുകാഴ്ചവച്ചു പ്രീതിസമ്പാദിച്ചിട്ടുള്ള ഒരു വാധ്യാര്‍ ഇങ്ങനെ കൂടുതല്‍ പ്രതിഫലം വാങ്ങുവാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളാണ്; സര്‍ക്കീട്ടുകാലങ്ങളില്‍ പലഹാരം കൊണ്ടുകാഴ്ചവെച്ചു പ്രീതിനേടിയ ഒരു ബ്രാഹ്മണമുന്‍ഷിയും   ഇതേവിധം കൂടുതല്‍ ലഭിച്ചിട്ടുള്ള ആളാണ്. ഇങ്ങനെയുള്ള ദൃഷ്ടാന്തങ്ങളിനിയുമുണ്ട്. മിസ്തര്‍ രാജാവു ഉപകാരസ്മരണ കാട്ടിഎന്നു വിചാരിക്കാമെങ്കിലും, വിദ്യാഭ്യാസവകുപ്പില്‍ ഏറിയകാലം സര്‍വീസും, സര്‍വകലാശാലാബിരുദവുമുള്ള വാധ്യാന്മാരും അസിസ്റ്റന്‍റ് ഇന്‍സ്പെക് ടര്‍മാരും എത്ര കഷ്ടപ്പെട്ടിട്ടുകൂടെയും ലഭിക്കാന്‍ ഭാഗ്യമുണ്ടാവാത്ത പരീക്ഷകസ്ഥാനം, അവരില്‍ എത്രയോ താണതരക്കാര്‍ക്ക് ലഭിക്കുവാന്‍ തരപ്പെട്ടത് വിദ്യാഭ്യാസവകുപ്പിന്‍റെ മഹിമയ്ക്കു പോരാത്തതാണെന്നാണ് ഞങ്ങള്‍ക്കു പറവാനുള്ളതു. കഴിഞ്ഞ മിഡില്‍സ്ക്കൂള്‍ പരീക്ഷയുടെ ഉത്തരക്കടലാസുകളില്‍ ഡാക് ടര്‍ മിച്ചല്‍ ആവശ്യപ്പെട്ടു വിളിച്ചവയെ ഡാക്ടര്‍ മിച്ചല്‍തന്നെ സൂക്ഷ്മപരിശോധനചെയ്തിട്ടുള്ളപക്ഷം ചില തകരാറുകള്‍ കണ്ടിരിക്കാവുന്നതാണ്. ഒരുക്കല്‍ കുറിച്ച മാര്‍ക്കുകളെ ചുരണ്ടിക്കളഞ്ഞിട്ടു രണ്ടാമതു കുറിച്ചിട്ടുള്ളതായി ഏതെങ്കിലും ഉത്തരപത്രത്തില്‍ കാണ്മാനുണ്ടെങ്കില്‍ അതിന്‍റെ ചുമതലക്കാരനെപ്പറ്റി എന്തുചെയ് വാനാണ് ഭാവം എന്നു അറിഞ്ഞാല്‍ കൊള്ളാം. പരീക്ഷകസ്ഥാനം സേവനോക്കിക്കൊടുക്കുന്ന ഏര്‍പ്പാട് ഡാക്ടര്‍ മിച്ചലിന്‍റെ അധീനതയില്‍ നടക്കുകയില്ലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, മേല്പറഞ്ഞമാതിരി നിന്ദ്യമായ ലീസ്റ്റ് മേലാല്‍ ഉണ്ടാവാതിരിപ്പാന്‍ അദ്ദേഹം അതിനെ സൂക്ഷ്മാവലോകനം ചെയ്യേണ്ടത് ആവശ്യമാണ്.

You May Also Like