കേരളവാർത്തകൾ - പത്മനാഭപുരം
- Published on July 17, 1907
- By Staff Reporter
- 834 Views
(സ്വന്തലേഖകൻ) മിഥുനം30 ഒരാലോചന
ഈ ഡിവിഷനിലേക്ക് വരുന്ന പേഷ്കാർ ശങ്കരമേനോൻ അവർകൾ ഈ ഡിവിഷനിൽ എത്തുന്ന അവസരത്തിൽ, അദ്ദേഹത്തെ സൽക്കാരപൂർവ്വം എതിരേൽക്കുന്നതിന് ഒരു മാന്യമായ ജനസംഘം കാട്ടാതുറയിൽ കൂടേണ്ടുന്നതിനായി, ജനപ്രമാണികളിൽ ചിലർ ആലോചിച്ചിരിക്കുന്നു.
ശിക്ഷിച്ചു
സെറ്റിൽമെൻ്റ് ഡിപ്ടി പേഷ്കാർ വാദിയായിട്ട് അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ സുബ്രഹ്മണ്യയ്യരുടെ പേരിൽ ഡിസ്ട്രിക്ട് മജിസ്റ്റ്രേടിനു മുമ്പെ, ശിക്ഷാ നിയമം 503-ാമത് വകുപ്പിൻ പ്രകാരം കൊടുത്തിരുന്ന അന്യായത്തിനു, പ്രതിയെ 72 രൂപ പിഴയും, കോടതി പിരിയുന്നത് വരെ തടവും ശിക്ഷിച്ചു, ഇന്നലെ വിധി പറഞ്ഞിരിക്കുന്നു.
ചാർജ്ജ് വിട്ടു
ഡിവിഷൻ ശിർസ്തദാർ മിസ്റ്റർ സുബ്രഹ്മണ്യയ്യരെ പാറശ്ശാല മജിസ്ട്രേറ്റ് വേലയ്ക്ക് നിയമിച്ചതിന്മണ്ണം അദ്ദേഹം ഈ മാസം 27 നു ചാർജ്ജ് വിട്ടിരിക്കുന്നു. പകരം വരുന്നത് തിരുവനന്തപുരം ഡിവിഷൻ ഹെഡിരായസം മിസ്തർ സുബ്രഹ്മണ്യയ്യരത്രേ.
*ലേഖകന്മാർ തമ്മിൽ, അനാവശ്യവും അകാര്യവുമായ വഴക്കിനു ഇതിൽ സ്ഥലം അനുവദിക്കയില്ലാ. ഇവിടെ ചവറ്റുകുട്ടയിൽ തള്ളുന്ന ലേഖനങ്ങളുടെ പകർപ്പുകൾ, ചേർക്കാൻ തയ്യാറുള്ള പത്രങ്ങൾക്ക് അയച്ചുകൊടുക്കുക- പത്രാധിപർ