വാർത്ത

  • Published on July 23, 1909
  • By Staff Reporter
  • 366 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 കൃഷികാര്യശാസ്ത്രജ്ഞനായ സി. കരുണാകരമേനോന്‍, ബി. ഏ. അവര്‍കള്‍, "കേരളപത്രിക,,യിലെക്ക് നിലക്കടല കൃഷിയെപ്പററി ഇങ്ങനെ എഴുതുന്നു:-

 നിലക്കടല എടുത്ത് തൊലികളഞ്ഞ് അകത്തെ പരിപ്പെടുത്ത് അതിന്‍റെമേല്‍ ഉള്ള ചുകന്നതൊക്കെ കേടുകൂടാതെ എടുത്തുവയ്ക്കുക. ഇതില്‍പിന്നെ പറമ്പ് നല്ല വണ്ണംപൂട്ടി ഓരോ ചാണ്‍ എകരത്തില്‍ ഏരികള്‍ (ചെറിയ വരമ്പുകള്‍) എടുക്കുക. ഓരോ ഏരികള്‍ തമ്മില്‍ 18 ഇഞ്ച് അകലം വേണം. വിത്തെടുത്ത് ഈ ഏരികളിന്മേല്‍ ഒമ്പതീത് ഇഞ്ച് അകലത്തില്‍ പയറ് കുത്തിയിടുംപോലെ കുത്തിയിടുക. അഞ്ചോ ആറൊ ദിവസത്തിനുള്ളില്‍ മുളയ്ക്കും. ആദ്യത്തെ മഴയ്ക്കു മീനം ഒടുവില്‍, പൊടിയില്‍ കുത്തിയിട്ടു മുളപ്പിക്കുകയാണ് ഉത്തമം. ഇല വലിയ വട്ടത്തകരയുടെ മാതിരി ഇരിക്കും. നിലക്കടല എന്നത് ഒരു ചെടിയുടെ കിഴങ്ങാണ്. എന്നാല്‍ സാധാരണ കിഴങ്ങു വര്‍ഗ്ഗത്തില്‍ പെട്ടവയെപ്പോലെ കുത്തിയിട്ടതിന്‍റെനേരെ ചുവടേയല്ലാ കിഴങ്ങിറങ്ങുക. ഈ ചെടി, ചക്കരക്കിഴങ്ങുപോലെ ധാരാളം പൊട്ടിത്തഴച്ച് പടര്‍ന്നുപോകും. കമ്പില്‍, മഞ്ഞനിറത്തില്‍ പൂവുണ്ടാവും. ഈ പൂവിനു നേരെ ചുവടെ വേരിറങ്ങി ഭൂമിയുടെ ഉള്ളില്‍ കിഴങ്ങുണ്ടാകും. ഈ കിഴങ്ങു വളരെ എളുപ്പത്തില്‍ ഇറങ്ങുവാനായി ഏരികളുടെ എടയിലെക്കു ഈ പടരുന്ന വള്ളികളെ പടര്‍ത്തണം. ഇവിടത്തെ ഭൂമി മഴ പെയ്ത് തറച്ച് ഉറപ്പായി കിടപ്പാന്‍ അയയ്ക്കരുത്. എന്നാല്‍, വിള ധാരാളം ഉണ്ടാകും. നാല്‍ക്കാലികള്‍ ഇതുവളരെ രുചിയോടു തിന്നുന്നതിനാല്‍ കന്നു കടന്നു തിന്നുന്നതു സൂക്ഷിക്കണം. അഞ്ചാംമാസത്തില്‍ പറിക്കാം. എന്നാല്‍ പടര്‍ന്നു പടര്‍ന്നു പോകുന്ന കമ്പുകളില്‍ കിഴങ്ങിറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ആദ്യം ഉണ്ടായ കിഴങ്ങും ഒടുവിലുണ്ടായ കിഴങ്ങും ഒരുപോലെ മൂത്തിരിക്കയില്ലാ. ആദ്യത്തെകിഴങ്ങ് മൂത്താല്‍ പറിക്കാം. കിഴങ്ങു പറിച്ചെടുത്താല്‍ ഉറുപ്പകളായി വള്ളികളുടെ ഇടയില്‍ കിഴങ്ങു തൂങ്ങിക്കാണാം. ഇതു കൈകൊണ്ടു പൊട്ടിച്ചെടുത്ത് ഉണക്കി തൊലി പൊളിച്ച് സാധാരണ നാട്ടുചക്കുകളില്‍ ആട്ടിയാല്‍ അതിധവളമായ എണ്ണ കിട്ടും. ഈ കൃഷി വളരെ ആദായമുള്ളതാണ്. പാലക്കാട് വള്ളുവനാട് താലൂക്കുകളില്‍ ഇപ്പൊള്‍ ധാരാളം ഇതു കൃഷി ചെയ്തു വരുന്നുണ്ട്.


സര്‍ വില്യം കഴ്സന്‍റെ വധത്തെക്കുറിച്ചു, ബെങ്കാള്‍ നിയമനിര്‍മ്മാണസഭയില്‍ വച്ച്, ലിഫ്‍ടിനെണ്ട് ഗവര്‍ണര്‍ സര്‍ എഡ്വര്‍ഡ് ബേക്കര്‍ ചെയ്ത പ്രസംഗത്തില്‍, ജനങ്ങളെ ആകപ്പാടെ ഭീഷണിപ്പെടുത്തുന്ന വാക്യങ്ങള്‍ അടങ്ങിയിരുന്നതിനെപ്പററി ആക്ഷേപം കലശലായിത്തീര്‍ന്നിരിക്കുന്നു. "അമൃതബസാര്‍ പത്രിക,, തുടങ്ങിയ ഇന്ത്യന്‍ പത്രങ്ങള്‍ അപ്പൊള്‍തന്നെ സര്‍ എഡ്വര്‍ഡിന്‍റെ അപനയത്തെ കഠിനമായി ആക്ഷേപിച്ചിരുന്നു. ഈ സംഗതി, ബ്രിട്ടീഷ് പാര്‍ലിമെണ്ടില്‍ ചോദ്യത്തിനു വിഷയമായി എന്നും നാം അറിഞ്ഞിട്ടുണ്ട്. കല്‍ക്കത്തയിലെ ഇന്ത്യന്‍ അസോസ്യേഷന്‍, റിപ്പണ്‍ പ്രഭുവിന്‍റെ മരണത്തെപ്പററി സഹതാപത്തെയും; സര്‍ വില്യത്തിന്‍റെയും ഡാക്ടര്‍ ലാല്കാകയുടെയും വധത്തെപ്പററി ദ്വേഷത്തെയും പ്രദര്‍ശിപ്പിക്കാന്‍ ഇതിനിടെ കൂടിയിരുന്ന യോഗത്തിലും, സര്‍ എഡ്വര്‍ഡിന്‍റെ നയരഹിതമായ പ്രസംഗത്തെപ്പററി വ്യസനിച്ചു പറഞ്ഞിരിക്കുന്നു. ഓരോരുത്തന്‍ അവനവന്‍റെ ബുദ്ധിഭ്രമമനുസരിച്ചു ചെയ്യുന്ന കുററങ്ങള്‍ക്കൊക്കെ ജനസമൂഹം ഉത്തരവാദം ചെയ്യണമെന്നു പറയുന്നതു അയുക്തമാണെന്നും, ഇങ്ങനെയുള്ള സംഗതികളില്‍ ഗവര്‍ന്മെണ്ടിനു എത്രമാത്രം മുന്നറിവുണ്ടോ അത്രതന്നെയും പൊതുജനങ്ങള്‍ക്കുണ്ടാവാന്‍ ഇടയില്ലെന്നും സര്‍ എഡ്വര്‍ഡിനെ ഗ്രഹിപ്പിക്കുകയായിരുന്നു സഭയുടെ ഉദ്ദേശ്യം. ഇത്തരം അക്രമങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഗവര്‍ന്മെണ്ടു നിരോധ നിര്‍ബന്ധങ്ങള്‍ചെയ്യുമെന്നു സര്‍ എഡ്വര്‍ഡ് സൂചിപ്പിച്ചതില്‍, സഭ അത്യന്തം വ്യസനിച്ചിരിക്കുന്നു. അപരാധികളെന്നും നിരപരാധികളെന്നും ഭേദവിചാരം കൂടാതെ ജനസമൂഹത്തെയൊക്കെ ക്ലേശിപ്പിക്കുന്ന നിബന്ധനകള്‍ നടത്തുമെന്നു പറയുന്നത് ഒരു ഭരണാധികൃതന്‍റെ രാജ്യതന്ത്രജ്ഞലക്ഷണമല്ല തന്നെ. അങ്ങനെചയ്യുവാന്‍ ഏതൊരു മൂഢനായ ഭരണകര്‍ത്താവിനും കഴിയുന്നതാണ്.

==

 സര്‍ എഡ്വര്‍ഡ്ബേക്കറുടെ പ്രസംഗത്തില്‍ പ്രകടിപ്പിച്ച അപനയത്തെപ്പററി ബാബു അരവിന്ദഘോസിന്‍റെ നിന്ദാപ്രസംഗം ഉചിതംതന്നെയാകുന്നു. ഗവര്‍ന്മേണ്ടും ഭരണസമ്പ്രദായവും വ്യവസ്ഥയനുസരിച്ചുള്ളവയായിരുന്നാലും, ഗവര്‍ന്മേണ്ടിന്‍റെ പ്രവൃത്തികളില്‍ ജനസമൂഹവും സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നത് നിരര്‍ത്ഥകമാണെന്നാകുന്നു മിസ്റ്റര്‍ അരവിന്ദഘോസ് പറയുന്നത്. ഗവര്‍ന്മേണ്ടിന് അങ്ങേയറ്റം സാധിക്കാവുന്നത്, നിയമത്തെ അനുസരിച്ചുകൊള്‍വാന്‍ ജനങ്ങളെ  നിര്‍ബന്ധിക്കുക മാത്രമാണ്. രാജ്യഭരണം പൊതുജനങ്ങള്‍ക്കു തൃപ്തികരമായിരുന്നാല്‍ മാത്രമേ, ജനങ്ങള്‍ ഗവര്‍ന്മേണ്ടിനോടു സഹകരിക്കുവാന്‍ നിര്‍വാഹമുള്ളു. ജനങ്ങള്‍ക്ക് പ്രസംഗസ്വാതന്ത്യം കൊടുക്കയും, വര്‍ത്തമാനപത്രങ്ങളെ ക്ലേശിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ചട്ടങ്ങളെ പിന്‍വലിക്കയും, അനാവശ്യമായ ക്രിമിനല്‍ പ്രാസിക്യൂഷനില്‍ നിന്നു ഗവര്‍ന്മേണ്ട് പിന്തിരിയുകയും, നിരപരാധികളുടെമേല്‍ കുററം ആരോപിച്ചു കഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുന്നെങ്കിലല്ലാതെ, ഗവര്‍ന്മേണ്ടിനോടു ജനങ്ങള്‍ക്കു ഒത്താശ ഉണ്ടാവുകയില്ലാ. സ്വാശ്രയം, സ്വോത്സാഹം സ്വസഹായം, ക്ലേശസഹനം മുതലായ നിഷ്ഠകള്‍കൊണ്ട്, ജനങ്ങള്‍, തമ്മില്‍ത്തമ്മിലുള്ള വഴക്കുകള്‍ ഒതുക്കുകയും, തങ്ങളുടെ ആവശ്യങ്ങളെ നിര്‍വഹിക്കയും, കുട്ടികളെ രാഷ്ട്രീയമതപ്രമാണമനുസരിച്ച് പഠിപ്പിക്കയും, തങ്ങളുടെമേല്‍ പതിക്കുന്ന ഉപദ്രവങ്ങളെ മൌനപൂര്‍വം സഹിക്കയും ചെയ്യുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും മിസ്റ്റര്‍ ഘോസ് അഭിപ്രായപ്പെട്ടിരിക്കുന്നു. ദു:ഖങ്ങളെ സഹിക്കുകയാണ് പുരുഷതത്വം എന്ന പ്രമാണമനുസരിച്ചാകുന്നു മിസ്റ്റര്‍ ഘോസ് സ്വജനങ്ങളെ ധൈര്യപ്പെടുത്തുന്നത്.

==

 ഇന്ത്യയില്‍ കടലാസുണ്ടാക്കുന്ന യന്ത്രശാലകള്‍ ഉണ്ടായിരുന്നിട്ടും, അന്യരാജ്യങ്ങളില്‍നിന്നു കയററിയിറക്കുന്ന കടലാസ്സിന്‍റെ തുക കൊല്ലന്തോറും വര്‍ദ്ധിച്ചുവരുന്നതേ ഉള്ളു. കഴിഞ്ഞ അഞ്ചുകൊല്ലങ്ങളില്‍ ഇറക്കീട്ടുള്ള കടലാസിന്‍റെ വില യഥാക്രമം 52- 64 ,- 70,- 80,- 99,- ലക്ഷത്തില്‍പരം രൂപയാണ്. ഇന്ത്യയില്‍ ആവശ്യത്തിനു തക്കവണ്ണം കടലാസുണ്ടാക്കുവാന്‍ സാധിക്കാത്തത്, അതിലേക്ക് വേണ്ട വഴുവല്‍ ഉണ്ടാക്കുന്നതിന് തക്കതായ സാധനം ധാരാളം ഇല്ലായ്കയാലാണെന്നറിയുന്നു. കരിമ്പിന്‍ചണ്ടി കൊണ്ട് ഈ ആവശ്യം സാധിക്കാമെന്ന് ട്രിനിഡഡ് രാജ്യത്തു പ്രയോഗിച്ചറിഞ്ഞിട്ടുള്ളതിനാല്‍, ഇന്ത്യയിലും അതിന്മണ്ണം നടത്തുവാന്‍ കഴികയില്ലയൊ എന്നു പഞ്ചാബ് ഗവര്‍ന്മെണ്ട് അന്വേഷണം ചെയ്യുന്നുണ്ട്. കരിമ്പിന്‍ ചണ്ടിയെ വിറകായിട്ടാണ് ഇതേ വരെ ഉപയോഗപ്പെടുത്തി വന്നിട്ടുള്ളത്: വെസ്റ്റീന്‍ഡീസ് ദ്വീപങ്ങളില്‍ ഇതിന്നു ടണ്‍ ഒന്നിന് 5- രൂപ 10- ണ വിലയാണ്. ഇതിനെ കടലാസിനാവശ്യമായ വഴുവലാക്കിയാല്‍ ടണ്‍ ഒന്നിന് 75-രൂപാ വില കിട്ടുന്നു. ശര്‍ക്കര (പഞ്ചസാര)യ്ക്കായിട്ട് കൃഷിചെയ്തില്ലെങ്കിലും, കടലാസിനാവശ്യമുള്ള വഴുവലുണ്ടാക്കാനായി കരിമ്പുകൃഷിചെയ്കയും, ഇതെടുക്കയും ചെയ്തശേഷം, ശര്‍ക്കരയെ ആ തൊഴിലിന്‍റെ ഉപഫലമായിട്ടെടുക്കാന്‍ കഴിയുന്നതാണെന്നു പറയപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ കരിമ്പുകൃഷിക്ക് തക്കപ്രദേശങ്ങള്‍ ഉള്ളതിനാല്‍, ഈ കൃഷി മേല്പറഞ്ഞ രണ്ടു തൊഴിലുകള്‍ക്കായും, പൂര്‍വാധികം ഉത്സാഹത്തോടെ നടത്താന്‍ കൃഷിക്കാര്‍ ഉദ്യമിക്കുന്നത് യുക്തമായിരിക്കും.

==

 കൊയിനാപ്പൊടിയുടെ ഗുണം, മലമ്പനി ചികിത്സയില്‍ വിശേഷാല്‍ വെളിപ്പെടുന്നുണ്ടല്ലൊ. പഞ്ചാബില്‍ കഴിഞ്ഞകൊല്ലം മലമ്പനി വളരെ കടുപ്പമായി ബാധിച്ചിരുന്നു. ജനങ്ങളില്‍ നൂററിന് തൊണ്ണൂറുവീതം പേര്‍ക്കു ഈ രോഗം പിടിപെടുകയും, അവരില്‍ ഏകദേശം അഞ്ചുലക്ഷംപേര്‍ മരിക്കയുംചെയ്തു. എന്നാല്‍, കൊയിനാ ഉപയോഗിച്ചിരുന്ന ജേലിലെ തടവുപുള്ളികളില്‍ നൂററിനു പത്തുവീതം പേര്‍ക്കേ പനി പിടിപെട്ടിരുന്നുള്ളു; ഇവരില്‍ അഞ്ചുപേരെ മരിച്ചിട്ടുള്ളു.


You May Also Like