കേരളവാർത്ത - തിരുവിതാംകൂർ

  • Published on May 06, 1908
  • By Staff Reporter
  • 482 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ജനറല്‍ ആശുപത്രിയിലെ അസിസ്റ്റണ്ട് മിസ്റ്റര്‍ പി. എം. ജാര്‍ജിനെ ചങ്ങനാശ്ശെരിയിലേക്ക് സ്ഥലം മാററിയിരിക്കുന്നു. 

കല്‍ക്കുളം താലൂക്കു 2ാം ക്ലാസു മജിസ്ട്രേട്ട് മിസ്റ്റര്‍ പത്മനാഭയ്യരെ മെഡിക്കല്‍ ബോര്‍ഡില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു.

  കാഞ്ഞിരപ്പള്ളി മജിസ്ട്രേട്ടിന്‍റെ മേലധികാരം പീരുമേട് മജിസ്ട്രേട്ടിനു കൊടുക്കേണ്ടതാണെന്ന് മുണ്ടക്കയത്തുള്ള യൂറോപ്യന്‍ തോട്ടക്കാര്‍ അപേക്ഷിച്ചിരിക്കുന്നു.

 വൈക്കം തഹശീല്‍ മിസ്റ്റര്‍ ഗോവിന്ദപ്പിള്ളയേയും, കോട്ടയം തഹശീല്‍ മിസ്റ്റര്‍ ആര്‍. കൃഷ്ണപിള്ളയേയും തല്‍ക്കാലം തൊടുപുഴ കണ്ടെഴുത്തു അസിസ്റ്റണ്ടന്മാരായി നിയമിച്ചിരിക്കുന്നു.

 സഞ്ചായം കണ്‍സര്‍വെററര്‍ മിസ്റ്റര്‍ ബോര്‍ഡിലന്‍ ഫര്‍ലോ അവധിയിന്മേല്‍ സ്വദേശത്തേക്കു പോകുന്നു. പകരം ബ്രിട്ടീഷില്‍നിന്ന് മിസ്റ്റര്‍ രാമറാവു കൊല്ലത്തെത്തിയിരിക്കുന്നു.

 കാണിമോറാമാര്‍ക്കററിനു സമീപം വച്ച് ചില കണ്‍സ്റ്റബിള്‍മാര്‍ കൂടി ഒരു ഈഴവനെ ദുസ്സഹമായ ദേഹോപദ്രവം ചെയ്തതായും അതിനെ സംബന്ധിച്ചു അധികൃതന്മാര്‍ക്ക് ഹര്‍ജി കൊടുത്തിട്ടുള്ളതായും അറിയുന്നു.

 കുന്നത്തൂര്‍ തഹശീല്‍ മിസ്റ്റര്‍ കെ  രാമന്‍തമ്പി അവധിയെടുത്തതിനു പകരം കൊല്ലം ഡിവിഷന്‍ ശിരസ്തദാര്‍ മിസ്റ്റര്‍ പി. ആര്‍. മാതേവന്‍പിള്ളയെ നിയമിക്കുന്നതിനു കൊല്ലം ദിവാന്‍പേഷ്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു.

 സെററില്‍മെന്‍റ്  ദിവാന്‍ പേഷ്കാര്‍ മിസ്റ്റര്‍ പത്മനാഭയ്യര്‍ നാളെദിവസം വടക്കന്‍ സര്‍ക്കീട്ടു പുറപ്പെടുന്നു. പോകുന്ന വഴിക്കുള്ള ആഫീസുകള്‍ സന്ദര്‍ശിച്ച് പറവൂര്‍ എത്തി പ്രധാന കാര്യമായ കല്യാണം ആലോചിച്ച് തിരിയെ എത്തുന്നതാണ്.

 തിരുവിതാംകൂര്‍ കത്തോലിക്ക സുറിയാനിക്കാരുടെ ദ്വിതീയ സാമൂഹ്യസമ്മേളനം 1083 മേടം 29-ാനു-ക്ക് കൃസ്താബ്ദം 08 മേ 11-ാനു- പകല്‍ 4- മണിക്ക് പുളിംകുന്നു സന്യാസാശ്രമത്തിനു പടിഞ്ഞാറുവശമുള്ള ഒരുകെട്ടിടത്തില്‍വച്ച് നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നു.

 ദേഹസുഖാര്‍ത്ഥം ഹജൂര്‍ ചീഫ് സിക്രട്ടരി മിസ്റ്റര്‍ എ. ജെ. വീയറായും ഭാര്യയും യര്‍ക്കാട് എന്ന സ്ഥലത്തുപോകുന്നതിനായി ഇന്നലെദിവസം ഇവിടം വിട്ടിരിക്കുന്നു. മിസ്റ്റര്‍ വീയറാ അവധിയിലിരിക്കുമ്പോള്‍ അണ്ടര്‍ സിക്രട്ടറി മിസ്റ്റര്‍ മഹാദേവയ്യര്‍ ബി. ഏ. പകരം ജോലിനോക്കുന്നതായിരിക്കും.


You May Also Like