കേരളവാർത്തകൾ - തിരുവനന്തപുരം
- Published on July 31, 1907
- By Staff Reporter
- 720 Views
(സ്വന്തംലേഖകന്‍)
കര്‍ക്കടകം 13
സിവില്‍ അക്കൌണ്ട് കേസ്
ഗവര്‍ന്മേണ്ട് ഉത്തരവിന്‍ പ്രകാരം ഫിനാന്‍ഷ്യല്‍ സിക്രട്ടരി മിസ്റ്റര്‍ കൃഷ്ണസ്വാമി ചെട്ടിയാര്‍, ഈ സംസ്ഥാനത്തില്‍ ഓരോ ഡിപ്പാര്‍ട്ടുമെന്‍റുകളിലും ഉള്ള കണക്കുവെപ്പുരീതിസംബന്ധമായ വിവരങ്ങള്‍ അടങ്ങുന്ന ഈ ഗ്രന്ഥം എഴുതി വരുന്നതായറിയുന്നു.
ഹൈക്കോടതിയിലെ തീരുമാനങ്ങള്‍
പോലീസ് ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ ആറുമുഖം പിള്ളയെ തല്ലിയതായുണ്ടായ കേസില്‍, സ്ഥലം ഒന്നാം ക്ലാസ്സു മജിസ്ട്രേട്ടിനാല്‍ പതിനെട്ടുമാസം വീതം കഠിനതടവ് വിധിക്കപ്പെട്ട, ഫ്രാന്‍സിസ് പെരയരായുടേയും, ഊച്ചാളി വേലുവിന്‍റെയും ശിക്ഷകള്‍, കൂട്ടാതിരിക്കുന്നതിലേക്കു കാരണം കാണിക്കണമെന്ന്, കലണ്ടര്‍ പരിശോധനയില്‍, ഹൈക്കോടതി അവര്‍ക്കു നോട്ടീസ്സയച്ച് ഈ മാസം 4 നു- വിചാരണ നടത്തിയതില്‍, മിസ്തര്‍ പെരയരായെ നിര്‍ദ്ദോഷിയെന്നു കണ്ട് വിട്ടയച്ചും, വേലുവിന്‍റെ ശിക്ഷയെശരിവെച്ചും, പിറ്റേന്നാള്‍ വിധിപ്രസ്താവിക്കുകഉണ്ടായി. വിടപ്പെട്ട പ്രതിയുടെ ഭാഗം വ്യവഹരിച്ചത് വക്കീല്‍ മിസ്തര്‍ ജാണ്‍ ബി. ഏ. ബി. എല്‍ ആയിരുന്നു. "ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അയാളുടെ കൃത്യനിര്‍വഹണത്തില്‍ തടസ്ഥപ്പെടുത്തി" തല്ലുക ഉണ്ടായി, എന്ന് കീഴ് ക്കോടതികള്‍ അഭിപ്രായപ്പെട്ടിരുന്നതിനെ, റദ്ദ് ചെയ്താണുപോല്‍, ഹൈക്കോടതിയുടെ തീരുമാനം, കലശലുണ്ടാകാനുള്ള ഹേതു, ഒരു കാമിനിമൂലമാണെന്നുള്ള വസ്തുത, ഇവിടങ്ങളില്‍ എല്ലാര്‍ക്കുമറിയാമെന്നുള്ളതാണ്.