വൃത്താന്തകോടി

  • Published on December 10, 1909
  • By Staff Reporter
  • 101 Views

 ഈ ഡിസംബര്‍ അവസാനത്തില്‍ റംഗൂണില്‍ വച്ച് കുഞ്ഞുങ്ങളുടെ ഒരു പ്രദര്‍ശനം ഉണ്ടാകുന്നതാണെന്നു കാണുന്നു.

 20,000 പവന്‍ കൊടുക്കുകയാല്‍ ഡാളിപാര്‍ണല്‍ എന്ന പ്രസിദ്ധ നാടകക്കാരി, സാന്‍ബെസാഡനാസറെല്ലിക്കാനെ വിവാഹം ചെയ്തിരിക്കുന്നു.

 അര ടണ്‍ ഭാരമുള്ള ഉണ്ടയിട്ടു നിറയ്ക്കാവുന്നതും 25-മൈല്‍ ദൂരംവരെ പായുന്നതുമായ ഒരു വലിയ തോക്ക് അമേരിക്കയില്‍ ഉണ്ടാക്കിവരുന്നു.

 ജപ്പാനിലെ കൃഷിഡയറക്ടര്‍ ഇപ്പൊള്‍ ഇന്ത്യയില്‍ സഞ്ചരിച്ചു വരുന്നു. കന്നുകാലികളെ സംബന്ധിച്ച് പലതും പഠിക്കുവാനാണ് വന്നിരിക്കുന്നത്.

 ഗ്ലാസ് ഉണ്ടാക്കുന്ന തൊഴില്‍ അഭ്യസിക്കുവാന്‍ ഒരാളെ ഇംഗ്ലണ്ടിലെക്കയയ്ക്കണമെന്ന്, പഞ്ചാബിലെ കച്ചവടസംഘക്കാര്‍ ഗവര്‍ന്മേണ്ടിനൊടു ശിപാര്‍ശ ചെയ്തിരിക്കുന്നു.

 വൈസ്രായിക്കു നല്ല സുഖമില്ലെന്നും കുറേശ്ശ പനിയുടെ ഛായ ആണെന്നും കാണുന്നതിനാല്‍ മധുര, തൃശ്ശിനാപ്പള്ളി, തഞ്ചാവൂര്‍ എന്നീ സ്ഥലങ്ങളിലെക്കുള്ള യാത്ര വേണ്ടെന്നുവച്ചിരിക്കുന്നു. ബുധനാഴ്ച വരെ സ്വസ്ഥമായി ബാങ്ക്ളൂരില്‍ താമസിച്ചതിന്‍റെ ശേഷം അവിടുന്നു നേരെ മദ്രാസിലെയ്ക്കു പോകുന്നതാണെന്നു അറിയുന്നു.

 കാളഹസ്തിയിലെ രാജാവും അദ്ദേഹത്തിന്‍റെ പുത്രന്‍ കുമാരരാജാവും, ദിവാനും ഒരുമിച്ചു മദ്രാസില്‍ എത്തിയിരിക്കുന്നു. ശനിയാഴ്ച  ഗവര്‍ണ്ണരെ കാണുകയുണ്ടായി. കോഴിക്കോട്ട് കെ. സി. മാനവിക്രമന്‍ രാജാവും അന്നെ ദിവസം ഗവര്‍ണ്ണരെ കാണുകയുണ്ടായി. വൈസ്രായിയുടെ വരവുപ്രമാണിച്ച് അനേകം രാജാക്കന്മാര്‍ മദ്രാസില്‍ എത്തീട്ടുണ്ട്.

 അഹമഡാബാദില്‍വെച്ച് വൈസ്രായിയെ എറിഞ്ഞ ബാംബുകൊണ്ട് അപായകരമായ മുറിവുകള്‍ പററിയ റോഡ് തൂപ്പുകാരന്‍റെ ഒരു കൈ വെട്ടിക്കളയേണ്ടി വന്നെങ്കിലും, ഇപ്പൊള്‍ സുഖമായിരിക്കുന്നു. വൈസ്രായി അവനെ സംബന്ധിച്ച സകല വിവരങ്ങളും അന്വേഷിച്ചറിഞ്ഞ് അവനുണ്ടായിരുന്ന കടങ്ങള്‍ വീട്ടുകയും, ശരിയായ ഒരു പ്രതിഫലം മരിക്കുന്നതുവരെ കൊടുക്കുവാന്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

 ഹിഡ്‍ജാസിലെ ഗവര്‍ണരായ ഫൂഡ്‍ പാഷാ അറേബ്യയിലെ അടിമകളുടെ വിമോചനാര്‍ത്ഥമുള്ള രാജകീയ വിളംബരം പ്രസിദ്ധപ്പെടുത്തുകയും, യാതൊരു പ്രതിഫലവും വാങ്ങാതെ തങ്ങളുടെ അടിമകളെ വിമോചിപ്പിക്കുവാന്‍ ആജ്ഞാപിക്കുകയും ചെയ്കയാല്‍ അറബികള്‍ കുപിതരായി, ഈ വിളംബരത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. ഗവര്‍ണര്‍ ഇതിനെ വക വയ്ക്കായ്ക നിമിത്തം അവിടെ വലിയ ലഹള ഉണ്ടായതായി കാണുന്നു.

 തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സ് എത്തിയിരിക്കുന്നു. അവിടത്തെ എതിരേല്‍ക്കാനായി പ്ലാററുഫാറത്തില്‍ ഗവര്‍ന്മേണ്ടു അണ്ടര്‍ സെക്രട്ടറി മിസ്റ്റര്‍ എ. എം. ഗാലററി, ഐ. സി. എസ്., ക്യാപ്‍ടന്‍  ജാക് സന്‍, ദിവാന്‍ മിസ്റ്റര്‍ രാജഗോപാലാചാരി, ഡര്‍ബാര്‍ഫിസിഷ്യന്‍  മേജര്‍ ബീഡി, ഡാക് ടര്‍ മിച്ചല്‍, മിസ്റ്റര്‍ ടാക്കര്‍, മിസ്തര്‍ സീതാറാം ചെട്ടി എന്നിവര്‍ ഹാജരുണ്ടായിരുന്നു. മഹാരാജാവു തിരുമനസ്സുകൊണ്ട് വണ്ടിയില്‍നിന്നും ഇറങ്ങിയ ഉടന്‍ സല്‍ക്കാരത്തിനായി അയച്ചിരുന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ ആചാരം ചെയ്കയും, മിസ്റ്റര്‍ ടാക്കര്‍, മിസ്റ്റര്‍ സീതാറാംചെട്ടി എന്നിവര്‍ തിരുമനസ്സിനെ പുഷ്‍പമാല ധരിപ്പിക്കയും ചെയ്തു. അവിടെ കൂടിയിരുന്നവരോടു  എല്ലാം യഥായോഗ്യം സംസാരിച്ചശേഷം ഗവര്‍ന്മേണ്ടില്‍നിന്നും അയയ്ക്കപ്പെട്ടിരുന്ന വണ്ടിയില്‍കയറി ടാക്കര്‍സ് ഗാര്‍ഡന്‍സ് എന്ന സ്ഥലത്തെക്കു എഴുന്നള്ളുകയുംചെയ്തു. എഴുന്നള്ളത്തിനെ അറിയിക്കാനായി 25 ആചാരവെടിയും വയ്ക്കപ്പെട്ടു. ഉച്ചയ്ക്കു 1 മണിക്കു മഹാരാജാവു തിരുമനസ്സുകൊണ്ട് ഗവര്‍ന്മേണ്ടു ഹൌസില്‍ചെന്നു ഗവര്‍ണരെ കണ്ടു.  ഉച്ചയ്ക്കു 12 മണി കഴിഞ്ഞഉടനെ അണ്ടര്‍ സിക്രട്ടറി, മിലിട്ടറി സിക്രിട്ടറി എന്നിവര്‍ നാലുകുതിരകെട്ടിയ ഒരു വണ്ടിയും ആയി മഹാരാജാവ് തിരുമനസ്സ് കൊണ്ടു എഴുന്നള്ളിയിരിക്കുന്ന സ്ഥലത്തെയ്ക്കു ചെന്നു അവിടുത്തെ സല്‍ക്കരിച്ചു ഗവര്‍ന്മെണ്ടു ഹൌസിലെക്കു കൂട്ടിക്കൊണ്ടുചെന്നു. കൂടെ റസിഡണ്ട് മിസ്തര്‍ കാര്‍, ഡര്‍ബാര്‍ ഫിസിഷന്‍ മേജര്‍ ബീഡി, ദിവാന്‍ മിസ്തര്‍ രാജഗോപാലാചാരി എന്നിവര്‍ ഉണ്ടായിരുന്നു. ഗവര്‍ന്മെണ്ട് ഹൌസ്  ഗേററില്‍ ചീഫ് സിക്രട്ടറി സര്‍ വില്യം മേയര്‍ ചെന്ന് എതിരേററു കൂട്ടിക്കൊണ്ടുപോയി. അകത്തുചെന്ന് ഗവര്‍ണ്ണരും ആയി സ്വല്പനേരം സംഭാഷണം കഴിഞ്ഞ് തിരിയെ മടങ്ങി. അന്നേദിവസം വൈകിട്ട് മൂന്നു മണിക്കു ഗവര്‍ണ്ണര്‍, മഹാരാജാവുതിരുമനസ്സിലെ ടാക്കര്‍സ് ഗാര്‍ഡന്‍സില്‍ ചെന്നു കണ്ടു.


You May Also Like