ഒരു ലേഖകൻ എഴുതുന്നത്

  • Published on March 28, 1910
  • By Staff Reporter
  • 325 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ഒരു ലേഖകന്‍ എഴുതുന്നത് : - "വടശ്ശേരിഅമ്മവീട്ടിലെ കല്യാണാഘോഷത്തെക്കുറിച്ച് "സ്വദേശാഭിമാനി,, ഒന്നും വിവരിക്കുവാന്‍ തയ്യാറല്ലെന്നു പ്രസ്താവിച്ചുകണ്ടു. എന്നാല്‍, കല്യാണപ്പന്തലില്‍ വിടുവേലകള്‍ ചെയ്ത സര്‍ക്കാരുദ്യോഗസ്ഥന്മാരുടെ ദാസ്യഭാവങ്ങളേയോ, ദാസിയാടുന്നതിനെകണ്ടു ചാഞ്ചാടിയ ദിവാന്‍ജി മുതലായ ബിരുദധാരികളുടെ സദാചാര പ്രസക്തിയേയോ, പന്തലില്‍ പൊലിച്ച 45,000 രൂപവിലയ്ക്കുള്ള സ്വത്തിന്‍റെ വന്മയെയോ, അമ്മവീട്ടുകാര്‍ കൂടെയിരുന്നാലേ പന്തിഭോജനം കഴിക്കു എന്നു മുമ്പേ ശപഥംചെയ്തുനിന്നിരുന്ന ചില നായര്‍ പ്രമാണികളുടെ പ്രമാണസ്ഥിരതയില്ലായ്മയെയോ മറേറാ വിവരിച്ചില്ലെങ്കിലും, ഇന്നലെ രാത്രി പട്ടണപ്രദക്ഷിണസമയം തെക്കേത്തെരുവില്‍ വലിയകൊട്ടാരവാതുക്കല്‍ മൈതാനത്തുവച്ചു നടത്തപ്പെട്ട കരിമരുന്നുപ്രയോഗത്തിന്‍റെ വൈശിഷ്ട്യം അവര്‍ണ്ണനീയംതന്നെ. ചില വിശേഷപ്പെട്ട അമട്ടുകള്‍ മുകളിലെക്കു പാഞ്ഞുചെന്ന് പെട്ടെന്നു പൊട്ടിച്ചിതറി 'നാനാവര്‍ണ്ണ പ്രകടിതചമല്‍കാരമാം, നവരത്നമാലകള്‍ പോലെ ആകാശത്തുനിന്ന് ഭൂതലത്തേക്കു വന്ന വരവ് എത്ര നയനാനന്ദകരമായിരുന്നു! ഇവയുടെ കര്‍ത്താവായ മന്ത്രകാസീന്‍റെ കരകൌശലം വാചാമഗോചരംതന്നെ.,, ശരി. ഈ ലേഖകന്ന് ഇതിന്‍റെ അര്‍ത്ഥം മനസിലായിട്ടില്ലെന്നു തോന്നുന്നു. ഇവയുടെ കര്‍ത്താവിന്‍റെ കരകൌശലമല്ലാ വാചാമഗോചരം; പ്രപഞ്ചകര്‍ത്താവിന്‍റെ ശില്പകൌശലമാണ് വാചാമഗോചരം. നോക്കുക! ആ 'നാനാവര്‍ണ്ണപ്രകടിതചമല്‍കാരമായ, മാലയുടെ പതനത്തില്‍ പ്രപഞ്ചകര്‍ത്താവ് അടക്കിയിരിക്കുന്ന രഹസ്യതത്വം മനസ്സിലാക്കാന്‍ മനുഷ്യര്‍ക്കു കഴിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു. ആ വിശേഷപ്പെട്ട മാലയുടെ പൂക്കളെല്ലാം താണതരം ലോഹത്തുണ്ടുകള്‍, അന്യവസ്തുക്കളില്‍നിന്നു കവര്‍ന്നെടുത്ത പ്രതാപത്തോടുകൂടിത്തീര്‍ന്നവയാണ്. ഈ പ്രതാപവും കൊണ്ടു ധര്‍മ്മലോകത്തില്‍ ചെല്ലുവാന്‍ അവയ്ക്ക് അര്‍ഹതയില്ലെന്നു അവരെ അറിയിക്കുകയായിരുന്നു അവ കീഴ് പ്പെട്ടെക്കു തള്ളപ്പെട്ടുപോയത്. ഈ പ്രതാപം ചിരകാലം നിലനില്‍ക്കുമെന്നു ഭ്രമിച്ചു മിഴിച്ചു നോക്കിനിന്ന എത്രയോ ആയിരം ജനങ്ങളുടെമുമ്പില്‍തന്നെ, അവ ഉജ്വലിച്ച് തീര്‍ന്ന്, മങ്ങി, ഭൂസ്പര്‍ശത്തിനുകൂടെയും അവകാശം ലഭിക്കാതെയായിപ്പോയിരിക്കുന്നു. പ്രയന്തശാലികളായ അന്യന്മാരുടെ മുതലുകളാല്‍ പ്രതാപം നടിക്കുന്ന മനുഷ്യര്‍ക്കു ഒരു പാഠംനല്‍കുന്നവിധത്തില്‍ ഈ കല്യാണത്തിന്‍റെ അവസാനരംഗത്തെ മേല്‍പറഞ്ഞ പ്രകാരം ആക്കിയ പ്രപഞ്ചകര്‍ത്താവിന്‍റെ പ്രയോഗ വൈശിഷ്ട്യം അവര്‍ണ്ണനീയംതന്നെ, എന്നാണ് ഞങ്ങള്‍ക്കു ഇതില്‍ പറവാനുള്ളത്.

You May Also Like