കേരളവാർത്ത - തിരുവിതാംകൂർ
- Published on December 26, 1906
- By Staff Reporter
- 613 Views
ക്രിസ്തുമസ് ഒഴിവു പ്രമാണിച്ച് ചീഫ് ജസ്റ്റിസ് മിസ്റ്റര്‍ സദാശിവയ്യര്‍ മദ്രാസിലേയ്ക്കു പോയിരിക്കുന്നു.
എഡ്യുക്കേഷനല്‍ സിക്രിട്ടരി മിസ്റ്റര്‍ അയ്യപ്പന്‍പിള്ള ബി. ഏ. ഒരുമാസത്തെ അവധിക്കപേക്ഷിച്ചിരിക്കുന്നു.
നേഗപ്പട്ടണത്തു പോയിരുന്ന അഞ്ചല്‍സൂപ്രണ്ടു മിസ്റ്റര്‍ തിരവിയംപിള്ള മടങ്ങി തിരുവനന്തപുരത്തെത്തിയിരിയ്ക്കുന്നു.
ധനുവിലെ മഹാഭാരത ധന്വന്തരി തുലാത്തിലെ രസികരഞ്ജിനി കന്നിയിലെ സദാനന്ദവിലാസം ഇവ കൈപ്പറ്റിയിരിക്കുന്നു.
തണ്ണീര്‍മുക്കത്തുവെച്ച് ബോട്ടുമുട്ടി വള്ളം മുക്കിയ സംഗതിക്കു ബോട്ടില്‍ ജോലിക്കാരായ 2 ആളുകളെ ഗവണ്മേന്‍റില്‍നിന്നും പിടിച്ചിരിയ്ക്കുന്നു.
മദ്രാസ് ക്രിസ്ത്യന്‍കാളേജ് പ്രിന്‍സിപ്പാല്‍ മിസ്റ്റര്‍ ഡബ്ളിയൂ സ്ക്കിന്നര്‍ എം. ഏ കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്തെത്തി താമസിച്ചുവരുന്നു.
പട്ടത്തിനു സമീപം 17- ഏക്കര്‍ സ്ഥലം മിസ്റ്റര്‍ എസ് സാമിഅയ്യങ്കാര്‍ രക്ഷണ്യ സൈന്യക്കാര്‍ക്ക് ദാനം കൊടുത്തിരിക്കുന്നതായി കേള്‍ക്കുന്നു.
മഹാരാജാവ് തിരുമനസ്സോടൊന്നിച്ച് മദ്രാസില്‍ പോയിരുന്ന ബ്രിട്ടീഷ് റസിഡണ്ട് മിസ്റ്റര്‍ കാര്‍ പത്നീസമേതം നാളെ കൊല്ലത്തെത്തുന്നതാണ്.
നാഗരുകോവില്‍ അമ്മവീടുവക ഒരു ഓലമേഞ്ഞ കെട്ടിടത്തില്‍ ഇന്നലെ ഉച്ചയ്ക്ക് തീപിടിച്ചു ആസകലം ദഹിച്ചുപോയിരിക്കുന്നതായറിയുന്നു
പുതുതായി നിയമിക്കപ്പെട്ടിരിയ്ക്കുന്ന അഞ്ചല്‍സൂപ്രണ്ട് മിസ്റ്റര്‍ പി. എം. വര്‍ക്കി തിരുവനന്തപുരത്തെത്തി കഴിഞ്ഞ ബുധനാഴ്ച ചാര്‍ജ്ജെടുത്തിരിയ്ക്കുന്നു.
കൊല്ലം ഇരവിപുരത്തു ആയിരംതെങ്ങില്‍ ***യഴികത്തുവീട്ടില്‍ മ. രാ. രാ. രാമന്‍ ശങ്കരന്‍ അവര്‍കള്‍ "സ്വദേശാഭിമാനി"ക്കു സംഭാവനയായി അയച്ച രൂപാ...... ഞങ്ങള്‍ നന്ദിപൂര്‍വം കൈപ്പറ്റിയിരിക്കുന്നു.
1089- ചിങ്ങം മുതല്‍ ശ്രീപാദം ഡിപ്പാര്‍ട്ടുമെന്‍റ് ഗവര്‍ന്മെണ്ടു ഭരണാധികാരത്തിന്‍കീഴില്‍ നടത്തപ്പെടേണ്ടതാണെന്നുള്ളത് മഹാരാജാവ് തിരുമനസ്സുകൊണ്ടു കല്പിച്ചനുവദിച്ചിരിക്കുന്നു.
മദ്രാസ് ഗവര്‍ണര്‍ അവര്‍കളെ സന്ദര്‍ശിക്കാന്‍ പോയിരുന്ന നമ്മുടെ മഹാരാജാവു തിരുമനസ്സ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാലത്തു 6 മണിയ്ക്ക് തലസ്ഥാനത്തെത്തിയിരിക്കുന്നു.
രക്ഷണ്യ സൈന്യനാഥന്‍ കമ്മിഷണര്‍ ബൂത്തുട്ടക്കര തിരുവനന്തപുരത്തെത്തി മഹാരാജാവ് തിരുമനസ്സിലെ മുഖം കാണിച്ചു കഴിഞ്ഞ വെള്ളിയാഴ്ച സൈന്യസമേതം നാഗരുകോവില്‍വഴി മദ്രാസിലേക്കുപോയിരിക്കുന്നു.
നമ്മുടെ ബ്രിട്ടീഷു റസിഡെണ്ട് മിസ്റ്റര്‍ കാര്‍ താമസിയാതെ ഇവിടെനിന്നും ഉദ്യോഗകയറ്റത്തോടുകൂടി പോകുന്നതാണെന്നും പകരം ആതില്‍ പ്രഭുവിന്‍റെ പ്രൈവറ്റ് സിക്രട്ടരിയായിരുന്ന മിസ്റ്റര്‍ എല്‍. എം. വിഞ്ച് നിയമിക്കപ്പെടുന്നതാണെന്നും കേള്‍ക്കുന്നു.
ഗവര്‍ണരുടെ ആഗമനം പ്രമാണിച്ച് വിശേഷാല്‍ ജോലിയില്‍പോകുന്ന പോലീസു സൂപ്രണ്ട് മിസ്റ്റര്‍ ബെന്‍സിലിയ്ക്കു പകരം കോട്ടയം ഡിവിഷന്‍ പോലീസു അസിസ്റ്റെന്‍റു സൂപ്രണ്ട് മിസ്തര്‍ എ. ജെ. ഫര്‍ഗ്രസന്‍ നിയമിക്കപ്പെടുന്നതാണ്.
തിരുവനന്തപുരത്തു കോട്ടയ്ക്കകത്തു വേട്ടയ്ക്കൊരുമകന്‍ കോവിലിനുസമീപം പാര്‍ത്തിരുന്ന പാലക്കാട്ടുകാരിയായ ഒരു ബ്രാഹ്മണയുവതിയെ തന്‍റെ ഭര്‍ത്താവ് വെട്ടിക്കൊല്ലുകയും പട്ടര്‍ തന്നത്താന്‍ മര്‍മ്മഛേദംചെയ്തു ആത്മഹത്യക്കൊരുങ്ങിയെങ്കിലും മരണത്തിനിടയായില്ലെന്നുംകേള്‍ക്കുന്നു. കാരണം സ്ത്രീയുടെ നടത്തയില്‍ പട്ടര്‍ക്കു എന്തോ ശങ്ക ജനിച്ചതിനാലാണുപോല്‍