റവന്യു കീഴ് ശമ്പളക്കാരുടെ നിലവിളി

  • Published on May 30, 1908
  • By Staff Reporter
  • 458 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                        (അയച്ചുതരപ്പെട്ടതു.)

 ദിവസേനയെന്നപോലെ എല്ലാഡിപ്പാര്‍ട്ടുമെണ്ടുകളിലും പരിഷ്കാരങ്ങള്‍ നടക്കുന്നുണ്ട്. ഓരോ പരിഷ്കാരാവസരത്തിലും ജീവനക്കാര്‍ക്ക് ശമ്പളക്കൂടുതല്‍ കിട്ടിവരുന്നുമുണ്ട്; എന്നാല്‍ റവന്യൂഡിപ്പാര്‍ട്ടുമെണ്ട് സംബന്ധിച്ചിടത്തോളം ഇത്തരമൊന്നും നടന്നുകാണുന്നില്ലാ. ലോകസൃഷ്ടികാലം മുതലെ ഉള്ളതാണല്ലൊ റവന്യുഡിപ്പാര്‍ട്ടുമെണ്ട്; എങ്കിലും ആ ഡിപ്പാര്‍ട്ടുമെണ്ടില്‍, മണ്ണും ഭൂമിയും ഉള്ള കാലം മുഴുവനും, അഞ്ചുപണം, മൂന്നുപണം, മുതലായ ശമ്പളങ്ങള്‍ തന്നെ മതിയെന്ന് വയ്ക്കുന്നത് വളരെ കഷ്ടമാണ് - പണ്ടത്തെ ജോലിതന്നെയാണ് ഡിപ്പാര്‍ട്ടുമെണ്ടിലിപ്പോള്‍ ഉള്ളതെന്ന് വിചാരിക്കുന്നപക്ഷവും കഷ്ടമാണ്. ജോലി ഇക്കാലത്ത് മുമ്പത്തെക്കാള്‍ അനേകം മടങ്ങധികരിച്ചിരിക്കുന്നു. പണ്ട് ഏതെങ്കിലും ജോലിചെയ്യുന്നതിനാവശ്യമുണ്ടായിരുന്ന സൂക്ഷ്മം, ബുദ്ധി, പഠിപ്പ് മുതലായവ ഇന്നേക്കാലം എത്രയൊ ഇരട്ടിയുണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ നിര്‍വഹിച്ചുകൂടു. ജീവധാരണം ചെയ്യുന്നതിന് ഇരുപതാം നൂറ്റാണ്ടില്‍ അവശ്യം വേണ്ടപണത്തുകയെ പൂര്‍വകാലത്തേതിനോടു ഒത്തുനോക്കിയാല്‍ ഉണ്ടാകുന്നഫലമെന്തായിരിക്കുമെന്ന് പറയണമെന്നില്ലാ. ഇക്കഥയെ ആകപ്പാടെ വിസ്മരിച്ചിട്ടോ, എന്തുകൊണ്ടെന്നറിഞ്ഞുകൂടാ, മുന്നൂറററുപത്തഞ്ചുദിവസവും ഇരുപത്തിനാലുമണിക്കൂറും, കഷ്ടപ്പെട്ട്, ശകാരാദികളേറ്റ്, പ്രയത്നം ചെയ്തിട്ടും പോരാഞ്ഞ് കൈക്കൂലികൂടിക്കൊടുക്കുന്ന റവന്യൂകീഴ് ശമ്പളക്കാര്‍ക്ക് ഇപ്പോഴും പണ്ടത്തെപണം തന്നെ തലയിലെഴുത്ത്! ദിവാന്‍ മിസ്റ്റര്‍ രാജഗോപാലാചാരി വന്നതിന്‍റെ ശേഷം ഈയാളുകള്‍ക്കുള്ള സങ്കടം ഇത്രയെന്നില്ലാ. അദ്ദേഹവും ഇക്കൂട്ടരുടെ ശമ്പളകാര്യത്തെ പറ്റി ആലോചിച്ച് കാണുന്നില്ലാ.

                                                                            "താലസ്യമൂലം ഗത:,,

You May Also Like