കേരളവാർത്തകൾ - ചെങ്ങന്നൂർ
- Published on February 27, 1907
- By Staff Reporter
- 678 Views
(സ്വന്തലേഖകന്‍)
കുംഭം 11.
കാലാവസ്ഥ.
ഒരു മഴ നല്ലവണ്ണം ഉണ്ടായി മസൂരി എങ്ങും തുടങ്ങിയിരിക്കുന്നു.
നികുതിവസൂല്‍
ചെയ്യുന്ന വിഷയത്തില്‍ ഈ കൊല്ലം അധികാരികളും, കെട്ടുന്ന വിഷയത്തില്‍ കുടികളും വളരെ കുഴങ്ങുമെന്നു തോന്നുന്നു.
കല്ല്യാണലഹള
ഇതിനടുത്ത ആലായില്‍ ഒരു മാപ്പിളവീട്ടില്‍നടന്ന കല്ല്യാണത്തിന് 6-നു-അവിടെ വച്ചു ഒരു വലിയ ലഹള ഉണ്ടായി സദ്യയ്ക്കു സംഭരിച്ചിരുന്ന സാമാനങ്ങള്‍ നാനാവിധം വാരിക്കളഞ്ഞതായും ചിലരെല്ലാം തങ്ങളില്‍ അടികലശല്‍ ഉണ്ടാക്കിയതായുംഅറിയുന്നു.
വേറൊരു ലഹള
7-നു- രാത്രി ഒരു 'മൃദംഗവും‘ കൊണ്ടു ആലായില്‍ കൂടി ചെറിയനാട്ടെക്കുപോയ രണ്ടു കുട്ടികളെ 'കരിമ്പുഒടിച്ചു‘എന്ന് ഒരു കള്ളക്കാരണവും പറഞ്ഞുകൊണ്ട് പ്രസിദ്ധ അക്രമികളായ 2-മാപ്പിളമാരും വേലക്കാരായ പുലയരും കൂടി ആലായില്‍ വച്ച് ഒട്ടധികം അടിച്ചു പിടിച്ചുകെട്ടി മൃദംഗവും തല്ലിപ്പൊട്ടിച്ചു വിട്ടിരിക്കുന്നതായി അറിയുന്നു. ഇതിലേ പ്രധാനിയായ മാപ്പിളയെ പേടിച്ച് എക്സയിസുകാരും മറ്റും വ്യാജംഎടുക്കുന്നതിനു, ഈ മാപ്പിളയുടെ സഹായത്തോടു കൂടി കള്ളുവാറ്റുന്ന ഈഴത്തിയുടെ ഷാപ്പില്‍ ആകട്ടെ ചാരായം സൂക്ഷിക്കുന്ന ഈ മാപ്പിളയുടെ വീട്ടില്‍ ആകട്ടേ ഇതേവരെ പ്രവേശിച്ചിട്ടില്ലെന്ന് അറിയുന്നു.
ഈഴവനസ്രാണി
ലഹളക്കേസ്സ് ഇന്നു മജിസ്ട്രേട്ടിന്‍ മുമ്പാകെ വിസ്താരം ആരംഭിച്ചിരിക്കുന്നു.
മറ്റു രണ്ടുലഹളകള്‍
ഈ 7നു- രാത്രി തന്നെ ആലായില്‍ വച്ച് ചാരായം കുടിച്ചു മദിച്ച് കുറേ മാപ്പിളമാര്‍ തമ്മിലും, ചെങ്ങന്നൂര്‍ മുണ്ടന്‍കാവില്‍ വച്ച് ഒരു കാമിനികാരണം ചില രസികന്മാര്‍ തമ്മിലും അടികലശല്‍ നടന്നതായി അറിയുന്നു.
ചന്തലഹള
ഈ മാസം 5നു- കച്ചേരിയ്ക്കടുത്തുള്ള ശാസ്താംപുറത്തു കാളച്ചന്തയില്‍വച്ചു സ്ഥലത്തുതാമസക്കാരായ ചില മാപ്പിളമാര്‍ കൂടി ഉള്ളന്നൂര്‍ക്കാരായ രണ്ടു നായന്മാരെയും കൊല്ലകടവില്‍ വെട്ടിയാറ്റുകാരായ മൂന്നു നാലു നായന്മാരെയും അടിച്ച് ഉപദ്രവം ഏള്‍പ്പിച്ചതായും ഒടുവില്‍ ആലാക്കാരായ ചില ആളുകളുടെ സഹായത്താല്‍ കൊലക്കേസിനിടകൊടുക്കാതെ നായന്മാര്‍ രക്ഷപ്പെട്ടു പോന്നതായും അറിയുന്നു.