കേരളവാർത്തകൾ - തിരുവനന്തപുരം

  • Published on June 19, 1907
  • By Staff Reporter
  • 450 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവനന്തപുരം

(സ്വന്തലേഖകൻ)

ഹൈക്കോടതിയിൽ പ്യൂണി ജഡ്ജ് മിസ്റ്റർ ഗോവിന്ദപിള്ളയെ വീണ്ടും ഒരു കൊല്ലം കൂടി ഉദ്യോഗത്തിൽ ഇരുന്നുകൊള്ളുന്നതിന് ഗവൺമെന്റിൽ നിന്ന് അനുവദിച്ചിരിക്കുന്നു.

“മേസ്ട്രീസ് ടെസ്റ്റ്“ എന്ന ചില്ലറ സാങ്കേതിക പരീക്ഷ കൂടി ജയിച്ചിട്ടില്ലെന്നു വരുകിലും സേവൻ ശങ്കരൻ തമ്പി അവർകളുടെ ഒരു ആപ്തമിത്രമാകയാൽ ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു ഗുമസ്തൻ പണിയിൽ നിന്ന് കോട്ടയ്ക്കകം പണിവക മരാമത്ത് അസിസ്റ്റന്റ് സൂപ്പർവൈസറായി നിയമിക്കപ്പെടുകയും ഓവർസിയേഴ്സ് ടെസ്റ്റ് കഴിഞ്ഞിട്ടുള്ള  മിസ്റ്റർ .....പണിക്കർ വഹിച്ചിരുന്ന സ്ഥാനത്തിലേക്ക് കയറ്റപ്പെടുകയും ചെയ്ത മിസ്റ്റർ ശങ്കരപിള്ളയുടെ ഉദ്യോഗപ്പേരിനെ “ശിരസ്തദാര“ എന്നു മാറ്റി തത്ക്കാലം 70 റുപ്പിക ശമ്പളവും 2 റുപ്പിക വണ്ടിപ്പടിയും കൊല്ലം തോറും 10 റുപ്പിക വരെ സ്കെയിലും അനുവദിച്ചിട്ടുണ്ട്. ആ ആളെ ആ  ജോലിയിൽ ഈ 18 മുതൽക്ക് സ്ഥിരപ്പെടുത്തിയിരിക്കുന്നു. ഇഞ്ചിനീയർ വകുപ്പിൽ നൂതനമായി നിയമിക്കപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ ജേക്കബിനെ തൽക്കാലം വർക്ക് ഷോപ്പിൽ നിയമിച്ച് ജോലികൾ പരിചയിപ്പിക്കേണ്ടിയിരിക്കുന്നതിനാൽ അവിടെ നിന്ന് സബ് ഇഞ്ചിനീയർ മിസ്റ്റർ താണുപിള്ളയെ ഈ പട്ടണം സബ് ഡിവിഷനാഫീസറായി ഇളക്കി പ്രതിഷ്ഠിക്കാനിരിക്കുന്നതായറിയുന്നു. തിരുവാഭരണം സൂപ്പര്‌‍വൈസറായി നിയമിക്കപ്പെട്ടിരുന്ന സ്ഥിരം കണ്ടു കൃഷി തഹസിൽദാർ മിസ്റ്റർ മാദേവൻ പിള്ള തിരികെ ആ ജോലിക്കു കയറിയതിനാൽ ആ ഡിപ്പാർട്മെന്റിലെ കീഴ് ജീവനക്കാർ അത്യധികം സന്തോഷിക്കുന്നു. പകരം കാര്യം വിചാരിച്ചു കൊണ്ടിരുന്ന മിസ്റ്റർ ഗോവിന്ദപിള്ള അവരോട് രഞ്ജനയോടെയല്ല വർത്തിച്ചു വന്നതെന്ന് ചില സംഭവങ്ങൾ കൊണ്ടറിയാം. മിസ്റ്റർ പിള്ള കണ്ടുകൃഷി തഹശീൽ വേലയിൽ വന്നാറെ ആ വകുപ്പിനു ചേരാത്ത തന്റെ മണിയടിപ്പും കണിശമെടുപ്പും മറ്റും കൊണ്ട് കീഴ്ജീവനക്കാരുടെ വെറുപ്പ് സമ്പാദിച്ചു എന്നാണറിയുന്നത്. അവിടത്തെ ഒരാളോടു പിണങ്ങിയതിൽ ആ ആൾ ഈ ആക്ടിങ് ഉദ്യോഗസ്ഥന്റെ ദുഷ്യഭാഗങ്ങളെക്കുറിച്ച് ഡിവിഷൻ പേഷ്കാരുടെ മുമ്പാകെ എഴുതിവെച്ചു. തന്റെ അധികാരത്തെ സ്വമേധയായി പ്രയോഗിച്ചതിനു മിസ്റ്റർ പിള്ള രണ്ടു മൂന്നു ശേവുകാരെയും കണക്കെഴുത്തുകാരെയും മൂന്ന് മാസത്തേക്ക് സസ്പൻഡ് ചെയ്തു. ഒരു വാഴത്തോപ്പു വിചാരിപ്പുകാരെയും സസ്പൻഡ് ചെയ്യണമെന്ന് തനിക്ക് അധികാരമില്ലാത്തതിനാൽ പേഷ്ക്കാരുടെ, അടുക്കെ ശുപാർശ ചെയ്താറെ അത് ന്യായമല്ലെന്ന് കണ്ട് അദ്ദേഹം അതിനെ നിരാകരിച്ചുകളഞ്ഞു. എന്തിനു, “സാഹസമൊന്നിനുമരുതു“ന്നെള്ള സാരോപദേശം നൽകീട്ടു മിസ്റ്റർ നാഗരയ്യാ ചെറുപ്പബുദ്ധിയായ മിസ്റ്റർ പിള്ളയെ തെക്കോട്ടേക്കു പറഞ്ഞയച്ചു.

നായർ പട്ടാളത്തിൽ ഒരുവനു  ന്യായരഹിതമായി ഇരട്ട പ്രൊമോഷനു ശുപാർശ ചെയ്തത് കൈക്കൂലി വാങ്ങിച്ചു കൊണ്ടാണെന്നു പരാതി ഉണ്ടായി. കോർട്ട് മാർഷ്യൽ കൂടിയതിൽ അഡ്ജൂട്ടന്റ് സുബേദാർ മിസ്റ്റർ പരമേശ്വരൻ പിള്ള കുറ്റക്കാരനെന്ന് കണ്ട് കമാൻഡ് കണ്ണൻ ദാസൻ അഡ്ജൂട്ടന്റിന്റെ ശമ്പളത്തിൽ 5 ക കുറച്ച് ആ ആളെ ഒരു കമ്പനി സുബേദരായി തരം താഴ്ത്തിയിരിക്കുന്നു. ഈ ആളിനു മേൽ ഇനിയും ഒരു കേസുണ്ട്. 

സർവ്വേ സബ് അസിസ്റ്റന്റ് മിസ്റ്റർ മരിയാമിക്കൽ പിള്ള ഏലമലയിൽ ജോലിയിലിരുന്നപ്പോൾ അവിടെ ഒരാളോടു കൈക്കൂലി വാങ്ങിച്ചുവെന്നും ആ സം​ഗതിക്കു താൻ തെളിവു കൊടുക്കാമെന്നു കാണിച്ച് കുര്യൻ എന്നൊരു സർവ്വേയർ സർവേ സൂപ്രണ്ടിനു ഈയിടെ ഹർജി അയച്ചതിൽ ആ ഉദ്യോ​ഗസ്ഥൻ, കൈക്കോഴ കൊടുത്തുവെന്നും വാങ്ങിച്ചുവെന്നും പ്രസ്താവിക്കപ്പെട്ടിട്ടുള്ള കക്ഷികളെക്കൂടി ഇവിടെ വരുത്തി വിചാരണ ചെയ്യുകയോ, ഈ കേസ്സിലെ സത്യം വല്ലവിധേനയും കണ്ടു പിടിക്കണമെന്നുള്ള മനപ്പൂർവ്വമായ താല്പര്യത്തോടെ ത്സടുതി സ്ഥലത്തു ചെന്നു അന്വേഷണം നടത്തുകയോ ചെയ്യാതെ ഹർജിക്കാരനെ മാത്രം ഇവിടെ വരുത്തി അയാളോടു സാക്ഷികളേയും മറ്റും ഇവിടെ കൂട്ടിക്കൊണ്ടു വന്നു കേസ്സ് തെളിയിക്കണമെന്ന് സൂപ്രണ്ട് ആജ്ഞാപിച്ചതിൽ, എത്രയോ ദൂരസ്ഥലമായ ഏലമലയിൽ പോയി സാക്ഷികളെ വിളിച്ചു കൊണ്ടുവരാനും മറ്റും തന്നാൽ സാധിക്കുകയില്ലെന്നു പറഞ്ഞൊഴിഞ്ഞു. അപ്രകാരം ഒരാൾ പണിപ്പെട്ടിട്ടു എന്തു വേണം? ഒരു അധികാര ബലമുള്ള ഉദ്യോ​ഗസ്ഥന്റെയോ കോടതിയുടേയോ ആജ്ഞയില്ലാതിരിക്കെ, ഇക്കാലത്ത് വല്ലവരും ഏലമലയിൽ നിന്നു തിരുവനന്തപുരം വരെ സ്വന്തം ചെലവിൽ വന്നു താമസിച്ച് സാക്ഷി പറയാനൊരുങ്ങുമെന്നു സൂപ്രണ്ട് വിചാരിക്കുന്നുവെങ്കിൽ അതിലധികം ദോഷത്തരമായി മറ്റു യാതൊന്നുമില്ലായെന്നു അദ്ദേഹം അറിയേണ്ടതാണ്.........................

സർവ്വേ ജോലി മിക്കവാറും പൂർത്തിയായതിനാൽ ആ ആഫീസിലെ സിൽബന്തികളിൽ 25 ക യിൽ കുറഞ്ഞ ശമ്പളക്കാരായ ഒട്ടുവളരെ ആളുകളുടെ സർവ്വീസ് വരുന്നയാണ്ടു കന്നിമാസം ആദ്യം മുതൽക്ക് ആവശ്യമില്ലെന്ന് കാണിച്ച്, ​ഗവൺമെന്റ് ഉത്തരവിൻ പ്രകാരം, അവർക്ക് മുൻകൂറായി സർവേ സൂപ്രണ്ട് ഈ മാസം മുതൽ മൂന്നു മാസത്തെ അറിയിപ്പ് കൊടുത്തിരിക്കുന്നു. കുറഞ്ഞ ശമ്പളക്കാരെ വീടുകളിൽ പറഞ്ഞയച്ചിട്ട് കൂടുതൽ ശമ്പളക്കാരെ സർവ്വീസിൽ വെക്കണമെന്നു ​ഗവൺമെന്റിൽ നിന്ന് തീരുമാനിച്ചിരിക്കുന്നത് എന്തു ന്യായത്തെ ആസ്പദമാക്കിയാണെന്ന് അറിയുന്നില്ല. ​ഗവൺമെന്റിന്റെ ഇപ്പോഴത്തെ ഉദ്ദേശം ചിലവ് കുറക്കണമെന്നാണത്രെ, അതിലേക്ക് കുറഞ്ഞ ശമ്പളക്കാരിൽ ഒട്ടധികം ആളുകളെ സർവ്വീസിൽ വെച്ചേക്കണ്ടതായിരുന്നു. കൂടാതെയും ഒരു വിധം ന്യായമായും ജാ​ഗ്രതയായും ജോലി ചെയ്യുന്നതും കുറഞ്ഞ ശമ്പളക്കാരാണെന്നുള്ള വാസ്തവം എല്ലാവർക്കും അറിയാവുന്നതാണ്. അതിരിക്കട്ട, സൂപ്രണ്ടിന്റെ ജാമാതാവിനെയും ഉറ്റ ബന്ധുക്കളിൽ മറ്റൊരാളെയും കുറവിൽ ഉൾപ്പെടുത്താതിരുന്നത് ആശ്വാസജനകം തന്നെ. അദ്ദേഹത്തിന്റെ അഭിപ്രായനുസാരം സേവന്മാരും ആശ്രിതന്മാരും ആയ കുറേ ആളുകളെ സർവ്വീസിൽ വെച്ചേക്കാതെ അവരുടെ പേരുകളെ നീലമഷിയിൽ ദിവാൻ വെട്ടിത്തള്ളിക്കളഞ്ഞതു കഷ്ടമായിപ്പോയി. നൂറിനു മേൽ ഉണ്ടായിരുന്ന ജീവനക്കാരെ ഇപ്പോൾ ഇരുപത്തഞ്ചോ മുപ്പതോ ആയി കുറച്ചിരിക്കുന്ന സ്ഥിതിക്ക് ഉയർന്ന ശമ്പളക്കാരും മേൽവിചാരക്കാരായ ചില്ലറ ഉദ്യോ​ഗസ്ഥർക്കും ഇനി എന്താണ് ജോലിയെന്ന് അറിയുന്നില്ല. ഇനിയും 55 റുപ്പിക ശമ്പളക്കാരനായ ഒരു സൂപ്രണ്ട് 25 റുപ്പികയിൽ ഒരു അസിസ്റ്റന്റ് സൂപ്രണ്ട്, 12 റുപ്പികയിൽ ഒരു സബ് അസിസ്റ്റന്റ് 7 റുപ്പിക, 4 റുപ്പിക ഈ ശമ്പളത്തിൽ ചില ഉദ്യോ​ഗസ്ഥന്മാർ ഇവരെല്ലാരുമെന്തിനാണെന്നറിയുന്നില്ല. ഒരു അസിസ്റ്റന്റ് സൂപ്രണ്ടും ഒരു ഹെഡ് ക്ലർക്കും കുറേ ജീവനക്കാരും മാത്രം മതിയാകുന്നതാണ്. ഇങ്ങനെ ഒക്കെ കലാശിച്ചിട്ടും ഒരു മാനേജരെ കൂടി നിയമിക്കാൻ സൂപ്രണ്ട് അഭിപ്രായപ്പെട്ടിട്ടുള്ളതായി കേൾക്കുന്നു. പരിഷ്ക്കാരപ്രകാരം ഇരുപതിൽപരം സർവ്വേയർമാരെയും 100 റുപ്പിക ശമ്പളക്കാരനായ സബ് അസിസ്റ്റന്റ് മിസ്റ്റർ തമ്പി അയ്യങ്കാരെയും സെറ്റിൽമെന്റ് ഡിപ്പാർട്ടുമെന്റിലേക്ക് അയക്കാൻ പോകുന്നു. ജോലിയിൽ സാമർത്ഥ്യവും ഇം​ഗ്ലീഷ് വിദ്യാഭ്യാസവുമുള്ള മിസ്റ്റർ അയ്യങ്കാരെ കണ്ടെഴുത്തിലേക്കു തള്ളിയിട്ടു അതില്ലാത്ത മിസ്റ്റർ മരിയാമിക്കൽപിള്ളയെ ആണ് ഈ ഡിപ്പാർട്മെന്റിൽ വെക്കുന്നതിനു സൂപ്രണ്ട് ശുപാർശ ചെയ്തിരിക്കുന്നത്. 

കോതയാർ ഭൂമിക്കു കരം പതിപ്പ് മിസ്റ്റർ രാമകൃഷ്ണയ്യരുടെ കീഴിൽ സിൽബന്തികളായി 20 റുപ്പികയിൽ അദ്ദേഹത്തിന്റെ പുത്രനും പട്ടണ പരിഷ്ക്കരണ കമ്മിറ്റിയിൽ 15 റുപ്പിക ശമ്പളത്തിന് ഒരു ക്ലർക്കുമായിരുന്ന മിസ്റ്റർ പത്മനായ്യരേയും 25 റുപ്പികയിൽ, സർവ്വേ ആഫീസിൽ 20 റുപ്പിക ശമ്പളത്തിൽ ഒരു കൻപ്യൂട്ടറായിരുന്ന മിസ്റ്റർ വെങ്കിട്ടരാമനേയും നിയമിച്ചിരിക്കുന്നു.

You May Also Like