വിദേശ വാർത്ത
- Published on July 25, 1906
- By Staff Reporter
- 806 Views
ജപ്പാന്‍ ഇനിയും പല പടക്കപ്പലുകളും കടത്തു കപ്പലുകളും പണി ചെയ്യിക്കുവാന്‍ നിശ്ചയിച്ചിട്ടുണ്ട്.
നെറ്റാലില്‍ യുദ്ധത്തിനായി ഏര്‍പ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിലെ ഭടന്മാരുടെ എണ്ണം ഈയിട ചുരുക്കിയിരിക്കുന്നു.
ഇന്ത്യയിലെ പരന്ത്രീസ് രാജ്യങ്ങളുടെപ്രതിനിധിയായി മാണ്‍ഷ്യല്‍ ലെമേറിനെ പരന്ത്രീസ് പ്രതിനിധി സഭയിലേക്കു സ്വീകരിച്ചിരിക്കുന്നു.
നെറ്റാലിലെ ലഹളക്കാരോടുള്ള യുദ്ധം തല്‍ക്കാലം നിറുത്തിയിരിക്കുന്നു. അവര്‍ കീഴടങ്ങുമെന്നുള്ള ആശയോടുകൂടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ജപ്പാനും ക്യാനഡാരാജ്യവുമായുള്ള കച്ചവട ഉടമ്പടികള്‍ തീരുമാനപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ക്യാനഡയ്ക്ക് കച്ചവടസൌകര്യങ്ങള്‍ കിട്ടുന്നുണ്ട്.
റഷ്യയില്‍ വാറോണെസ്സ് എന്ന സംസ്ഥാനത്ത് ഇരുനൂറ് നാഴികയോളം ദൂരം സ്ഥലത്ത് കൃഷിക്കാര്‍ ഇളകിയിരിക്കുന്നു. സ്വത്തുടമസ്ഥന്മാര്‍ ഓടി ഒളിക്കുന്നു.
പത്രപ്രവര്‍ത്തക പ്രധാനിയായ മിസ്റ്റര്‍ ടി. പി. ഒക്കണര്‍, ഇയ്യിട ലണ്ടനില്‍ തുടങ്ങിയ "പി. ടീ. ഓ" എന്ന പത്രത്തിന് ഒന്നാം ലക്കം പുറപ്പെടും മുമ്പു തന്നെ അഞ്ചുലക്ഷംവരിക്കാര്‍ കിട്ടിയതായി കാണുന്നു.
അമേരിക്കയില്‍, ന്യൂയാര്‍ക്ക് പട്ടണത്തില്‍, നാല്പതു നിലയുള്ള ഒരു ഗോപുര മാളിക പണിയുവാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇതിന് കെട്ടിടത്തിന്‍റെനടുവില്‍ നിന്ന് 594 - അടിപൊക്കമുണ്ടാവുമത്രേ.
നെറ്റാലിലെ ലഹളക്കാരായ സുളു ജനങ്ങളില്‍ പലരെയും കൊല ചെയ്തതായും, പ്രമാണിയായ ബംബറ്റയുടെ തല വെട്ടിയെടുത്തതായും ലണ്ടനില്‍ വര്‍ത്തമാനം കിട്ടിയതില്‍ വളരെ ക്ഷോഭംഉണ്ടായിട്ടുണ്ടെന്നും, ബംബറ്റയുടെ തല വെട്ടിയത് ആളറിവാന്‍ വേണ്ടിയാണെന്നു നേറ്റാല്‍ ഗവര്‍ന്മേണ്ട് പറഞ്ഞിരിക്കുന്നുവെന്നും കമ്പിവാര്‍ത്തകളില്‍ കാണുന്നു.