ഗൃഹനികുതി

  • Published on December 22, 1909
  • By Staff Reporter
  • 527 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഈ വരുന്ന കുംഭമാസം മുതൽ തിരുവനന്തപുരം പട്ടണത്തിലുള എല്ലാ ഗൃഹങ്ങൾക്കും ഒരു നികുതി ഗവർന്മേണ്ടിൽ നിന്നു ഏർപ്പെടുത്തുവാൻ നിശ്ചയിച്ചിരിക്കുന്നുവല്ലോ. ഈ നികുതി തിരുവിതാംകൂറിലുള്ള മറ്റു പട്ടണങ്ങളിൽ ഇതിനു മുമ്പെ തന്നെ ഏർപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ആ നികുതിയെക്കുറിച്ച് പല ജനങ്ങളും തിരുവനന്തപുരം ഒഴിച്ചുള്ള പട്ടണങ്ങളിൽ നിന്ന് ഗവർന്മേണ്ടിനൊടു പരാതി ബോധിപ്പിച്ചിട്ടുള്ളതായും അറിയുന്നു. യാതൊരു ഗൃഹനികുതിയും രണ്ടു രൂപായോ അതിൽ കുറഞ്ഞോ മാസന്തോറും വാടക കിട്ടാവുന്ന ചെറിയ ഗൃഹങ്ങളെ ബാധിക്കുന്നില്ലെന്നുള്ളത് ഏറ്റവും ആശ്വാസകരമാകുന്നു. ഈ നികുതി ഒരു ഗൃഹത്തിനു കിട്ടാവുന്ന വാടകയുടെ ഒരു അംശമായിട്ടാണ് ഗവർന്മേണ്ടു കുടിയാനവന്മാരിൽ നിന്നു പിരിക്കുവാൻ നിശ്ചയിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് രാജ്യത്തിൽ നടപ്പാക്കിയിട്ടുള്ള നിയമങ്ങളെ തിരുവിതാംകൂറിലും ഏർപ്പെടുത്തുന്നതിനു ബ്രിട്ടീഷ് സർവീസിൽ നിന്ന് വരുന്ന ദിവാൻജിമാർ, പ്രത്യേകം ശ്രദ്ധയുള്ളവരായി കാണപ്പെടുന്നു. ആദ്യമായിട്ട് നാം ആലോചിക്കേണ്ടത് ബ്രിട്ടീഷ് രാജ്യത്തിന്‍റെയും തിരുവിതാംകൂറിന്‍റെയും സ്ഥിതികളെ അറിയുകയാകുന്നു. ബ്രിട്ടീഷ് രാജ്യത്തിലെ മുതലെടുപ്പ് ചെലവിനെ അധീകരിച്ചിരിക്കുന്നു. തിരുവിതാംകൂറിൽ അങ്ങനെ അല്ലാ. ഇവിടെ മുതലെടുപ്പിൽ ആണ്ടുതോറും ഉള്ള ചെലവ് അധികമായിപ്പോകുന്നു എന്നു ഒരു ഭയം, ഭരണകർത്താക്കന്മാർക്കുണ്ടായിരുന്നു എന്നത് വാസ്തവം തന്നെ. ആ ഭയം തീരെ നീങ്ങിപ്പോയി എന്നു വിചാരിക്കുവാൻ മുതലെടുപ്പിൻ്റെ സ്ഥിതി തൽക്കാലം അനുവദിക്കുന്നില്ലാ. എങ്കിലും, ആ ഭയത്തിൽ നിന്ന് വലുതായ ദോഷം എന്തെങ്കിലും നേരിടുമെന്നും വരുന്നതല്ലാ. ബ്രിട്ടീഷിലുള്ള പട്ടണങ്ങൾക്കു മുനിസിപ്പാലിട്ടികളെ അനുവദിക്കയും അതിനെ ഭരിക്കുന്നതിനു ഒരു വക സ്വാതന്ത്ര്യം ജനങ്ങൾക്കു നൽകുകയും ചെയ്തിട്ടുണ്ട്. മുനിസിപ്പാലിട്ടിയുടെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജനങ്ങൾ ആണ്. ആ ജനങ്ങളുടെ പ്രതിനിധികളുടെ നിശ്ചയത്തെ അനുസരിച്ച് മുനിസിപ്പാലിട്ടി കാര്യങ്ങൾ നിർവഹിക്കപ്പെടുന്നു. തിരുവിതാംകൂറിൽ അങ്ങനെ അല്ലാ. ഇവിടെയുള്ള പട്ടണങ്ങളുടെ ശുചീകരണ കാര്യങ്ങളെ നോക്കുന്നതിനു കമ്മിട്ടി ഏർപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും, ആ കമ്മിട്ടിയുടെ അംഗങ്ങൾ എല്ലായ് പ്പോഴും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവ അല്ലാ. കമ്മിട്ടിയുടെ അംഗങ്ങളെ ഗവർന്മെണ്ടിൽ നിന്ന് അതിൻ്റെ യുക്തംപോലെ നിയമിക്കുന്നു. ശുചീകരണ കമ്മിട്ടിയുടെ ആയവ്യയങ്ങളിൽ കമ്മിട്ടിയുടെ അംഗങ്ങൾക്കു ഗണനീയമായ സ്വാതന്ത്ര്യം ഒട്ടുംതന്നെ ഇല്ലാ. കമ്മിട്ടിയുടെ അംഗങ്ങളെ നിയമിക്കുന്നതിൽ ജനങ്ങളുടെ അഭിപ്രായത്തിനു യാതൊരു വിലയും ഇല്ലാ. അവരെ നിയമിക്കുന്നതു ഗവർന്മെണ്ടിന്റെ യുക്തംപോലെ മാത്രമാകുന്നു. ഗവർന്മെണ്ട് ഉദ്യോഗങ്ങൾക്കു ആളുകളെ നിയമിക്കുന്നതുപോലെ കമ്മിട്ടിയുടെ അംഗങ്ങളെയും നിയമിക്കുന്ന സ്ഥിതിക്കു ആ കമ്മിട്ടി ജനങ്ങളുടെ പ്രാതിനിധ്യത്തെ വഹിക്കുന്നതായി വരുന്നില്ല. ജനങ്ങൾ പ്രതിനിധികളെ തെരഞ്ഞെടുക്കുവാൻ പ്രാപ്തന്മാരാണെന്നു പ്രജാസഭയുടെ തെരഞ്ഞെടുപ്പുകൾ നമ്മെ ബോധപ്പെടുത്തുന്നു. അതുപോലെ നിയമനിർമ്മാണ സഭയിലെയ്ക്കും നഗര ശുചീകരണ കമ്മിട്ടികളിലെയ്ക്കും പ്രതിനിധികളെ തെരഞ്ഞെടുക്കുവാനുള്ള അധികാരം ജനങ്ങൾക്കു നൽകുന്നതുകൊണ്ട് ഗവർന്മെണ്ടിനു ന്യായമായ യാതൊരു ഭയവും ഉണ്ടാകുവാൻ ഇടയില്ലാ. നെയ്യാറ്റുങ്കര താലൂക്കിൽ ഈയിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുള്ള കുഴപ്പം ഗവർന്മെണ്ടുദ്യോഗസ്ഥന്മാരുടെ സ്വാർത്ഥ തല്പരതയിൽ നിന്നു മുളച്ചിട്ടുള്ളതാകുന്നു എന്നാണ് സാധാരണ ജനബോധ്യം. അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരുടെ നടവടികളെ ഗവർന്മെണ്ടിന്റെ ദൃഷ്ടിയിലെയ്ക്കു പ്രത്യേകം ക്ഷണിക്കും എന്നുള്ള ഭയം ആണ് ആ കുഴപ്പത്തിൻ്റെ പ്രധാന കാരണം. എന്തായാലും തിരുവിതാംകൂറിലെ ജനങ്ങൾക്കു അവരുടെ അവകാശത്തെ സിദ്ധാന്തിക്കുന്നതിനുതക്ക പ്രാപ്തിയുണ്ടെന്നു ആ കുഴപ്പം തന്നെ വ്യക്തമാക്കുന്നു. നഗര ശുചീകരണ കമ്മിട്ടികൾക്കു ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രാതിനിധ്യത്തെ അനുകൂലിക്കുന്നതുവരെ നൂതനനികുതികളെ ഏർപ്പെടുത്തുന്നതു ശരിയായിരിക്കുമോ എന്ന് ഞങ്ങൾക്ക് ബലമായ സംശയമുണ്ട്. 

ബ്രിട്ടീഷ് മുൻസിപ്പാലിട്ടികളേയും, ബോർഡുകളേയും ഏർപ്പെടുത്തീട്ടുള്ളതിന് മറ്റൊരുദ്ദേശം ഉണ്ട്. അതു ഏറ്റവും പ്രധാനപ്പെട്ടിട്ടുള്ളതും തന്നെ. ബ്രിട്ടീഷ് രാജ്യഭരണത്തിൻ്റെ സമ്പ്രദായം തന്നെ പ്രത്യേകമാണ്. ഭരണകാര്യങ്ങളിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ അഭിപ്രായങ്ങളെ ബ്രിട്ടീഷ് ഗവർന്മെണ്ട് പ്രത്യേകം ശ്രദ്ധിക്കുന്നു. ജനങ്ങൾ അതിലെക്കു അപ്രാപ്തന്മാരായിരിക്കുമ്പോൾ ഗവർന്മെണ്ടുതന്നെ അംഗങ്ങളെ നിയമിക്കുന്നത് ആവശ്യമാണ്. ബ്രിട്ടീഷ് രാജ്യത്തിൻ്റെയും തിരുവിതാംകൂറിൻ്റെയും വിദ്യാഭ്യാസസ്ഥിതിയെ നോക്കുമ്പോൾ വലുതായ വ്യത്യാസം ഉണ്ട്. വിദ്യാഭ്യാസസ്ഥിതിയിൽ തിരുവിതാംകൂർ, ബ്രിട്ടീഷ് രാജ്യത്തെ പിന്നിലാക്കുന്ന സ്ഥിതിക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ട അവകാശം ഇതിനു വളരെ മുമ്പെ തന്നെ തിരുവിതാംകൂറിൽ ജനങ്ങൾക്ക് നൽകാമായിരുന്നു. അങ്ങനെ എന്തെങ്കിലും, ഒരു അനുഗ്രഹത്തെ നൽകുന്നതോടുകൂടി, ഈ നികുതിയെയും ഏർപ്പെടുത്തിയിരുന്നു എങ്കിൽ ഈ നികുതി ഏർപ്പാടിന്‍റെ ഉദ്ദേശം സുഗ്രഹമായി വരുമായിരുന്നു. രാജ്യഭരണ കാര്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങളെ പ്രവേശിപ്പിക്കയും അങ്ങനെയുള്ള അഭിപ്രായങ്ങളെ സദധൈര്യം പ്രസ്താവിക്കുന്നതിനു ജനങ്ങളെ പ്രാപ്തന്മാരാക്കുകയും, അങ്ങനെ പ്രാപ്തന്മാരായ ജനപ്രതിനിധികളെക്കൊണ്ട് ഭരണകാര്യങ്ങളെ നിർവഹിക്കയും ചെയ്യുന്നത് സാധാരണ എല്ലാ പരിഷ്‌കൃത ഗവർന്മെണ്ടുകളും അംഗീകരിച്ചിട്ടുള്ള ഒരു നയമാകുന്നു. തിരുവിതാംകൂറിന്‍റെ ഭരണത്തിനു ഈ നയത്തോടു അത്ര പ്രിയമില്ലാ. സർവ്വഭരണകാര്യങ്ങളും, നിയമങ്ങളും, ഗവർന്മെണ്ടുദ്യോഗസ്ഥന്മാരുടെ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ചിരിക്കണം എന്നുള്ള സിദ്ധാന്തം നന്നായിട്ട് പ്രത്യക്ഷപ്പെടുന്നു. പ്രധാന ഉദ്യോഗസ്ഥന്മാർ അഴിമതിക്കാരാണെങ്കിൽ ജനങ്ങളും ആ അഴിമതികളെ സമ്മതിക്കണം എന്നു ഒരു ബോധം മിക്ക ഉദ്യോഗസ്ഥന്മാർക്കും ഉള്ളതായി അവരുടെ ഉദ്യോഗ കൃത്യങ്ങൾ ചിലപ്പോൾ വ്യക്തമാക്കുന്നുണ്ട്. അങ്ങനെയുള്ള ഗണനംകൊണ്ടും തൃപ്തിപ്പെടാതെ, ആ അഴിമതികളെ ജനങ്ങളാൽ വിസമ്മതിക്കയോ, പ്രതികൂലിക്കയോ ചെയ്യുന്നതു രാജ്യദ്രോഹം ആക്കി, അങ്ങനെയും അഴിമതികളെ ബലപ്പെടുത്തുവാൻ ഒരുങ്ങിയിരിക്കുന്നവരും തിരുവിതാംകൂറിൽ ധാരാളം ഇല്ലെന്നില്ലാ. അതൊക്കെയും രാജ്യഭക്തിശൂന്യതയെ കാണിക്കുന്നു എന്നേ വരുന്നുള്ളു. ഈ ഭാഗത്തെ വ്യക്തമാക്കുവാൻ "തിരുവിതാംകൂർ നവീകരണം" എന്ന തലവാചകത്തിൽ ഞങ്ങൾ പ്രസിദ്ധപ്പെടുത്തീട്ടുള്ള ലേഖനങ്ങളെ തുടരുമ്പോൾ ഞങ്ങൾ ശ്രമിക്കുന്നതാണ്. പക്ഷെ, ബ്രിട്ടീഷ് രാജ്യത്തിലുള്ള ഏർപ്പാടുകളെ തിരുവിതാംകൂറിൽ നടപ്പാക്കുമ്പോൾ ദിവാൻജിമാർക്ക് ബ്രിട്ടീഷ് ഗവർന്മെണ്ടിന്റെ അനുമോദനം സിദ്ധിക്കുമെന്നു ഒരു മോഹം ദിവാൻജിമാരെ പിടിപെട്ടിട്ടുണ്ട്. അങ്ങനെ ബ്രിട്ടീഷ് ഗവർന്മെണ്ട് ഒരുക്കലും ആവശ്യപ്പെടുകയില്ലാ. പ്രക്ഷോഭിച്ചിരിക്കുന്ന ബ്രിട്ടീഷ് രാജ്യങ്ങളിൽ ഉണ്ടാകുന്ന ബഹളങ്ങളെ ശമിപ്പിക്കുവാൻ ഏർപ്പെടുത്തിയ പ്യൂണിറ്റീവ് പൊലീസ് സൈന്യ ഏർപ്പാടിനെ തിരുവിതാംകൂറിൽ കൊണ്ടുവന്നിട്ട് മറ്റെന്തു പ്രയോജനമാണു ഉള്ളത്. ഇതാ ഇപ്പോൾ മറ്റൊരു ഏർപ്പാടിനെ ചിലർ ക്ഷണിച്ചുവരുത്തുവാൻ നിലവിളിച്ചു തുടങ്ങിയിരിക്കുന്നു. ബ്രിട്ടീഷിലെ പ്രെസ്‌ ലായും തിരുവിതാംകൂർ ഭൂമിയിൽ നാട്ടിയാൽ ഉദ്യോഗസ്ഥന്മാരുടെ അഴിമതികളെക്കുറിച്ച് സധൈര്യം പ്രസ്താവിക്കുന്ന ചുരുക്കം ചില പത്രങ്ങൾ നിന്നുപോയേക്കുമെന്നു അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും അവരുടെ ചാർച്ചക്കാരും വിചാരിക്കുന്നു. ആ വിചാരം  വ്യർത്ഥമാണ്. ഉദ്യോഗസ്ഥന്മാരുടെയും രാജസേവന്മാരുടെയും അഴിമതികളെ ചൂണ്ടിക്കാണിക്കുവാൻ പ്രെസ്‌ ലായും, ധാരാളം സ്വാതന്ത്ര്യം നൽകുന്നതാണ്. തിരുവിതാംകൂർ ഗവർന്മെണ്ടിനോട് ആർക്കും ശല്യം ഇല്ലാ. സർവപ്രജകളും ഗവർന്മെണ്ടിനോട് ഭക്തിയോടുകൂടീട്ടാണ് വർത്തിക്കുന്നത്. പിന്നെ, ഗവർന്മെണ്ടിന്റെ ഉദ്ദേശ്യങ്ങളെ വിഘ്നമാക്കുന്ന ചില അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരുടെയും അവരുടെ നായകന്മാരായ രാജസേവന്മാരുടെയും ചപലതകളെയും കുസൃതികളെയും സജ്ജനങ്ങൾ എല്ലാം ഒരുപോലെ നിന്ദിക്കയും അവയെ നീക്കുന്നതിനു പൗരകൃത്യബോധം അനുവദിക്കുന്നെടത്തോളം പരിശ്രമിക്കയും ചെയ്യും.

ബ്രിട്ടീഷ് നിയമങ്ങളെ ഇവിടെ നാട്ടുന്നതിലും ഗുണമുണ്ടാകുവാനുണ്ട്. ആ നിയമങ്ങളെകൊണ്ട് ബ്രിട്ടീഷ് ഗവർന്മെണ്ട് ആ ജനങ്ങൾക്ക് നൽകിയിരിക്കുന്ന അവകാശങ്ങളെയും തിരുവിതാംകൂർ ഗവർന്മെണ്ട് നൽകുവാൻ തയാറാകുന്നപക്ഷം, ഗൃഹനികുതിയോ അതല്ലാ വണ്ടി, മാട് മുതലായവയുടെമേൽ ചുമത്താവുന്ന നികുതിയോ, വലിയ ക്ലേശഭാരമായി പരിണമിക്കുകയില്ലാ.


You May Also Like