പത്രാധിപയോഗം

  • Published on October 22, 1909
  • By Staff Reporter
  • 515 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തെക്കേ ഇന്ത്യയിലെ, പടിഞ്ഞാറൻ കരയിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുടെയും പത്രഗ്രന്ഥങ്ങളുടെയും പ്രവർത്തകന്മാർ തമ്മിൽ ഒരു യോഗം ചേർന്ന് പത്രപ്രവർത്തന വിഷയത്തെ സംബന്ധിച്ച് വ്യവസ്ഥകൾ ചെയ്യുന്നതിനു ഒരു സംഘം സ്ഥാപിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഏകദേശം ഒരു പന്തീരാണ്ടുകൊല്ലമായിട്ട്, അപ്പൊഴപ്പൊഴായി പത്രങ്ങളിൽ പ്രസ്താവിച്ചുവന്നിരിക്കുന്നു. എന്നിട്ടും ഇതിനെ സംബന്ധിച്ച് ചില പത്രങ്ങളിൽ മാത്രം ലേഖനങ്ങളും പത്രാധിപപ്രസംഗങ്ങളും എഴുതിക്കണ്ടതല്ലാതെ, സംഘസ്ഥാപനത്തിന്നു പ്രത്യക്ഷമായ ഉദ്യമമൊന്നും ചെയ്തു കണ്ടിട്ടില്ലാ. ഉദ്ദേശം പത്തുകൊല്ലം മുമ്പ്, ഇതെഴുതുന്ന ആൾ, “കേരളപഞ്ചികാ” പത്രം മുഖേന ഈ വിഷയത്തെ പ്രതിപാദിക്കയും, മലയാളക്കരയിലെ പലേ പത്രപ്രവർത്തകന്മാരെയും കണ്ടു ആലോചിക്കയും ചെയ്തിരുന്നു. തീപ്പെട്ടുപോയ കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ ("കവനോദയം" പ്രവർത്തകൻ") അവർകൾ, പരേതനായ ( കൊച്ചിയിലെ "സത്യനാദം" പത്രാധിപർ) പി. ജെ. പൈലി അവർകൾ, കോഴിക്കോട് "കേരളസഞ്ചാരി" പ്രവർത്തകൻ സി. പി. ഗോവിന്ദൻ നായർ അവർകൾ, പട്ടാമ്പി വിജ്ഞാന ചിന്താമണി പ്രവർത്തകൻ ബ്രഹ്മശ്രീ പുന്നശ്ശേരി നീലകണ്ഠ ശർമ്മാ അവർകൾ മുതലായ ചില മാന്യന്മാർ പത്രാധിപസംഘത്തിൻ്റെ ആവശ്യകതയെയും നിബന്ധനകളെയും പറ്റി അഭിപ്രായം എഴുതിത്തരുകയും; മറ്റു പലരും അനുകൂലിച്ചു പറകയും ചെയ്തിരുന്നു. എന്നാൽ, ഭാഗ്യദോഷത്താൽ, അതിലെക്കായുള്ള ശ്രമം തുടരുവാൻ സാധിക്കാതെ പോയി. ഈ വിഷയം നാൾക്കുനാൾ വളരെ ഗൗരവപ്പെട്ടതും അവശ്യകർത്തവ്യവുമായ കാര്യമായി തീർന്നിരിക്കുന്നു. മലയാളക്കരയിൽ പത്രങ്ങൾ തന്നെ ആവശ്യത്തിലധികം ഉണ്ടെന്നും, ഈ ആക്ഷേപം തിരുവിതാംകൂറിനാണ് അധികം പറ്റുന്നതെന്നും: പത്രങ്ങൾ ചിലതു നിറുത്തിക്കളകയും, അവയുടെ പ്രവർത്തകന്മാരും മറ്റു പത്രപ്രവർത്തകന്മാരും ചേർന്ന് ചുരുക്കം ചില പത്രങ്ങൾ മാത്രം നടത്തുകയും ചെയ്യുന്നതു യുക്തമായിരിക്കുമെന്നും ഇപ്പൊൾ കോഴിക്കോട്ട് ഗവർന്മെണ്ട് വക്കീലായിരിക്കുന്ന മിസ്റ്റർ ടി. എം. അപ്പു നെടുങ്ങാടി അഭിപ്രായപ്പെട്ടിരുന്നു. ഈ സംഗതിയിൽ എന്നല്ലാ പത്രാധിപസംഘം ചേരുന്നതിലും, മലയാള പത്രങ്ങളുടെ പ്രവർത്തകന്മാർ എല്ലാവരും ഒരുപോലെ യോജിക്കുന്നതു കുറെ അസാധ്യമായിത്തന്നെ കണ്ടിരുന്നു എങ്കിലും, ഇപ്പോൾ 

രാജ്യകാര്യങ്ങളുടെ നിലയും, കാലത്തിൻ്റെ ഗൗരവവും പത്രങ്ങളെപ്പറ്റി ചില ജനങ്ങൾക്കുള്ള നിന്ദയും ചിന്തിക്കുമ്പോൾ ഒരു പത്രാധിപസംഘത്തിൻ്റെ സ്ഥാപനം നടത്തിയേ തീരൂ എന്ന പദത്തിൽ എത്തിയിരിക്കുന്നതായി ബോധപ്പെടുന്നതാണ്. പത്രങ്ങൾ സ്ഥാപിച്ചു നടത്തുന്നതു പൊതുജനങ്ങളുടെ എന്തെങ്കിലും കാര്യത്തെ സാധിക്കുന്നതിനു ഗത്യന്തരമില്ലെന്നു കണ്ടിട്ട് ആ ആവശ്യത്തെ നിറവേറ്റാനായിട്ടല്ലാതെ, തൽപ്രവർത്തകന്മാർക്കു പണം ഉണ്ടാക്കാനായിട്ട് മാത്രമായിരുന്നാൽ, അത്തരം പത്രപ്രവർത്തകന്മാർ ഒരു വ്യവസ്ഥാപിതമായ കൃത്യസിദ്ധാന്തത്തിന്ന് വഴിപ്പെട്ടു നടക്കുവാൻ മനസ്സുള്ളവരായിരുന്നില്ലെന്നു വരാം. അങ്ങനെ പ്രമാണഭ്രംശം ചെയ്തു നടക്കുന്നവർ നിമിത്തം നാട്ടുകാർക്ക് ഗുണത്തെക്കാൾ ദോഷമാണുണ്ടാകുന്നതെന്നു ഗ്രഹിക്കുന്നതിനുള്ള ശക്തി എല്ലാ ജനങ്ങൾക്കും ഉണ്ടായിരിക്കയില്ലാ. പത്രലോകത്തിന്നു ദൂഷകമായിത്തീരാവുന്ന അത്തരം പത്രങ്ങളെ പ്രോത്സാഹപ്പെടുത്താതിരിക്കുന്നതിന്നു ജനതയെ മനസ്സിലാക്കാൻ മറ്റൊരുവൻ പുറപ്പെട്ടാൽ അതു പക്ഷെ 'സ്പർദ്ധാസംരംഭവിജ്യംഭിതം' എന്നു വിചാരിച്ചേക്കും. പത്രങ്ങൾ യുക്തപ്രമാണങ്ങളെ ഭ്രംശിച്ചു നടക്കുന്നവയായി കാണപ്പെട്ടാൽ അവയെ ശാസിക്കുന്നതിനുള്ള അധികാരം വഹിക്കുന്നതായി ഒരു സംഘം ആവശ്യമാണ്. അപഥചാരി പത്രങ്ങളെ ശാസിക്കുക മാത്രമല്ലാ, ജനതതിയുടെ ഹിതങ്ങൾക്കു ദോഷമായിത്തീരാവുന്ന ചട്ടങ്ങൾ ഗവർന്മെണ്ടിൽ നിന്നു പുറപ്പെടുവിക്കുവാൻ ഭാവിച്ചാൽ, അവയെ ഏകകൺഠമായി പ്രതിഷേധിക്കുന്നതിന്നും; ഗവർന്മെണ്ടിൻ്റെ നടത്തകളെ ജനങ്ങൾ തെറ്റിദ്ധരിക്കാതിരിക്കുന്നതിലെക്ക് ജനങ്ങളെ കാര്യം മനസ്സിലാക്കുന്നതിന്നും ഇങ്ങനെയൊരു സംഘം മുഖേന വളരെ സൗകര്യപ്പെടുന്നതാണ്. പൊതുജനാഭിപ്രായം എന്നതിനെ ഇല്ലാത്തെടത്തു ഉണ്ടാക്കുന്നതും, ഉള്ളെടത്ത് ഗവർന്മെണ്ടിനൊടും മറ്റും പ്രതിധ്വനിക്കുന്നതും പത്രങ്ങളുടെ മുഖ്യ കൃത്യങ്ങളാണ്. ആ സ്ഥിതിക്കു ഈ രണ്ടു കാര്യങ്ങളിലും ഓരോ പത്രം ഓരോ ഗതിയെ തുടരുന്നതായാൽ ചുമരുകൾ പിളർന്നു അകലുന്ന ഒരു വീടു പോലെ രണ്ടു കൃത്യങ്ങളും ശിഥിലമായിപ്പോകയല്ലാതെ, നാട്ടിനു യാതൊരു സ്ഥായിയായ ഗുണവും ലഭിക്കില്ല. പത്രങ്ങളുടെ നടത്തിപ്പു ഇന്ന നയത്തിലായിരിക്കണമെന്നൊ തൽപ്രവർത്തകന്മാർക്കു ഇന്ന അഭിപ്രായമേ പാടുള്ളു എന്നോ മറ്റോ വ്യവസ്ഥാപിക്കേണ്ട ആവശ്യമോ, അതിലെക്കു അധികാരമോ, ഞങ്ങൾക്കില്ലാ, എന്നാൽ ഒരു പത്രാധിപസംഘം സ്ഥാപിക്കേണ്ട ആവശ്യകതയെ പത്രപ്രവർത്തകന്മാരുടെ ആലോചനയിൽ ബലമായി പതിക്കണമെന്നേ ഞങ്ങൾക്ക് വിചാരമുള്ളു. വ്യവസ്ഥകൾ മുതലായവ മുറയ്ക്കു നടന്നുകൊള്ളും. ഇങ്ങനെയൊരു സംഘസ്ഥാപനത്തിനു ഉചിതമായ സമയം,ഈ വരുന്ന ജനുവരി മാസത്തിൽ തിരുവനന്തപുരത്തു നടത്തുവാൻ പോകുന്ന ശ്രീമൂലം പ്രജാസഭാ സമ്മേളന കാലമാണെന്നു ഞങ്ങൾ വിചാരിക്കുന്നു. അതിലെക്കു തിരുവിതാംകൂറിലെ മാത്രമല്ലാ; കൊച്ചിയിലെയും മലബാറിലെയും പത്രങ്ങളുടെ പ്രതിനിധികൾ വരുന്നതിനു സംഗതിയുമുണ്ട്. ഈ വിഷയത്തെപ്പറ്റി സഹജീവികളുടെയും പത്രപ്രവർത്തന കാര്യത്തിൽ ഭാഗഭാക്കുകളായ മറ്റുള്ളവരുടെയും അഭിപ്രായത്തെ ഞങ്ങൾ ക്ഷണിക്കുന്നു.You May Also Like