മദ്യസേവാനിരോധനം

  • Published on August 25, 1909
  • By Staff Reporter
  • 341 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

വിക്ടോറിയാ ജൂബിലി ടൗൺ ഹാളിൽ വച്ച്, "നായർ സമാജ" ത്തിൻ്റെ അധീനതയിൽ, മിനിഞ്ഞാന്ന് തിങ്കളാഴ്ച്ച വൈകുന്നേരം നടത്തിയ സഭായോഗത്തിൽ ആധ്യക്ഷം വഹിച്ച ഹൈക്കോടതി ചീഫ് ജസ്റ്റീസ് ടി. സദാശിവ അയ്യർ അവർകൾ ചെയ്ത ഉപസംഹാര പ്രസംഗത്തിലെ ഒരു ഘട്ടം ഈ നാട്ടിലെ ജനങ്ങൾ സവിശേഷം ശ്രദ്ധിക്കേണ്ടതാണെന്ന് ഞങ്ങൾക്കഭിപ്രായമുണ്ട്. അതു മദ്യസേവാനിരോധനത്തിൻ്റെ ആവശ്യകതയെപ്പറ്റിയുള്ളതാകുന്നു. തിരുവിതാംകൂറിൽ സാമൂഹ്യ പരിഷ്കാരത്തിനായി പലേ സഭകൾ യത്നം ചെയ്യുന്നുണ്ടെങ്കിലും, അവയിൽ, മദ്യസേവയെ വർജ്ജിക്കേണ്ട ആവശ്യത്തെക്കുറിച്ചുള്ള ചർച്ച മിക്കവാറും പൂജ്യമാണെന്നു ആർക്കും അറിയാവുന്നതാണ്.  ഈ ന്യൂനതയെ പരിഹരിക്കാനായി മദ്യസേവാനിരോധന സംഘങ്ങൾ സ്ഥാപിച്ചു നടത്തിത്തുടങ്ങുന്നതിനെപ്പറ്റി ജനങ്ങളെ ഉപദേശിക്കേണമെന്നു ഞങ്ങൾ കുറേ നാളായി ആലോചിച്ചു വരുകയാകുന്നു. ചില മാന്യന്മാരോട് ഇതിനെക്കുറിച്ച് ഞങ്ങൾ അഭിപ്രായം ചോദിക്കയും, അവർ ഇതിൻ്റെ ഔചിത്യത്തെ സമ്മതിക്കയും ചെയ്തിട്ടുണ്ട്. ഇവരിൽ ചിലർ, ഈ വിഷയത്തിൽ ഉത്സാഹിക്കുന്നതിനു ഇനിയും കാലവിളംബം പാടില്ലാ എന്നു ഞങ്ങളെ അടിക്കടി നിർബന്ധിക്കയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. 

 വാസ്തവത്തിൽ, ഈ നാട്ടിൽ മദ്യപാനനിരോധനം ചെയ്യേണ്ടതു അത്യാവശ്യമാണെന്നുള്ള ഞങ്ങളുടെ അഭിലാഷം, രാജ്യഭരണ റിപ്പോർട്ടിനെക്കുറിച്ച് വിമർശം ചെയ്തിരുന്ന സന്ദർഭത്തിൽ, ഗവൺമെൻ്റ് അബ്കാരി വകുപ്പിനെ നിറുത്തലാക്കീട്ട്, പകരം വ്യവസായാഭിവൃദ്ധിക്കായി ഒരു ഡിപ്പാർട്ടുമെണ്ടേ ർപ്പെടുത്തേണ്ടതാകുന്നു എന്ന് പ്രസ്താവിച്ചതിൽ അന്തർന്നിഗൂഢമായി സൂചിപ്പിച്ചിട്ടുള്ളതാണ്. പ്രജകൾക്കു ജീവിതത്തെ ദൂഷണം ചെയ്യുന്നതിനുള്ള മാർഗ്ഗം ഉണ്ടാക്കിക്കൊടുത്തുകൊണ്ട് ആ മാർഗ്ഗത്തിൽ ചാടുന്നവരുടെ പക്കൽ നിന്നു ആദായമുണ്ടാക്കി രാജ്യഭണ്ഡാരത്തെ വീർപ്പിക്കുന്നതു അധർമ്മമാണെന്നാകുന്നു ഞങ്ങളുടെ മതം. "മദ്യം, അതു സേവിക്കുന്നവൻ്റെ ആരോഗ്യത്തെയും, സദാചാരശീലത്തെയും നശിപ്പിച്ച് അവനെ നരകക്കുണ്ടിൽ പതിപ്പിക്കുന്നു എന്നിരിക്കുന്ന സ്ഥിതിക്കു, ആ ദുശ്ശീലത്തെ ഒരു സമുദായത്തിൽ പ്രചാരപ്പെടുത്തുന്നതായാൽ, ആ ജനസമുദായത്തിൻ്റെ ശ്രേയസ്സ് മാത്രമല്ലാ, ആയുസ്സുകൂടേയും എളുപ്പം ക്ഷയിച്ചു പോകുമെന്നു പറയാതെ കഴിയുകയില്ലാ. മനസ്സിൻ്റെ ആവേഗത്തെ വിവേകത്താൽ കീഴടക്കുന്നതിനു ഒരുവനു കഴിയുമ്പോഴേ മനുഷ്യൻ്റെ ജീവിതം സദാചാരപരമായി തീരുന്നുള്ളൂ. മദ്യസേവകൊണ്ട്, സദാചാരനിഷ്ഠ വൃതിചലിക്കാനിടയാകുന്നു; അതു ഒരു മനുഷ്യനെ വിവേകത്തിൽ നിന്നു ചലിപ്പിക്കുമെങ്കിൽ, വിവേകം പൊയ്പ്പോകുന്ന അത്തരം അനേകം മനുഷ്യരെക്കൊണ്ട് നിറയുന്ന ഒരു സമുദായത്തിൻ്റെ നിലയെ ആകപ്പാടെ തലകീഴ് മറിക്കുമെന്നുള്ളതു നിശ്ചയം തന്നെയാണല്ലൊ. ഇങ്ങനെ ഒരു അവസ്ഥ ഒരു നാട്ടിലെക്കു സംഭവിക്കുന്നതു ഒരു പ്രകാരത്തിലും, സ്പൃ പ്രഹണീയമല്ലാ. മനുഷ്യൻ്റെ ജീവിതശ്രൈഷ്ഠൃത്തെ നശിപ്പിക്കുന്ന ഈ ബാധയെ അകറ്റേണ്ടതിന് കാലേക്കൂട്ടി ഉത്സാഹിക്കാൻ നാം കടപ്പെട്ടിരിക്കുന്നു". ഹിന്ദുക്കളുടെയിടയിൽ, മദ്യത്തിനുള്ള പര്യായപദങ്ങളുടെ ബഹുലത്വം കൊണ്ട് ചിന്തിക്കുന്നതായാൽ, പണ്ടത്തെ ആളുകൾ, ഇപ്പോൾ പാശ്ചാത്യന്മാർ ഉണ്ടാക്കിവരുന്നതിലും എത്രയോ അധികം തരങ്ങളിലുള്ള മദ്യങ്ങൾ ഉണ്ടാക്കി ഉപയോഗിച്ചിരുന്നു എന്നു ഊഹിക്കാം. എങ്കിലും, ഹിന്ദുക്കൾ പൊതുവേ ധർമ്മിഷ്ഠന്മാരായിരുന്നു എന്നും, ഈ ദുശ്ശീലത്തെ ധർമ്മശാസ്ത്രങ്ങൾ നിന്ദിക്കുന്നു എന്നും നാം കാണുന്നുണ്ട്. തിരുവിതാംകൂറിൽ ഈ സംഗതിയെപ്പറ്റി ശ്രദ്ധ പതിപ്പിക്കേണ്ട ആവശ്യം, മുഖ്യമായി, സദാചാരനിഷ്ഠയെ നിലനിറുത്തുന്നതിനും പുറമെ, ജനങ്ങളുടെ ധനസ്ഥിതിയെ നന്നാക്കുന്നതിനും കൂടീട്ടാകുന്നു. ആണ്ടോടാണ്ട് കലാൽ മുതലെടുപ്പ് വർദ്ധിച്ചു വരുന്നതേയുള്ളു. ഈ വക പണമത്രയും ജനങ്ങളുടെ കൈക്കൽ നിന്നു പോകേണ്ടതും, പോകുന്നതുമാണ്. നാട്ടുമദ്യങ്ങൾ ഉണ്ടാക്കി വിൽക്കുന്നതു നിമിത്തം ആദായം ഈ നാട്ടിൽ നിന്നു പുറത്തു പോകുന്നില്ലാ എന്നൊരു സമാധാനം പറയുമായിരിക്കാം. എന്നാൽ, ശീമ മദ്യങ്ങളുടെ കാര്യത്തിൽ, ഈ നാട്ടിൽ കിട്ടുന്ന ആദായം തുഛതരം തന്നെയാണല്ലൊ. ശീമ മദ്യങ്ങളുടെ ചെലവ് കൊല്ലന്തോറും കൂടുതലായി വരുന്നു എന്നു രാജ്യഭരണ റിപ്പോർട്ടു കണക്കുകൾ കൊണ്ട് അറിയാം. ഇവ ഇത്ര അധികം ചെലവാകുന്നതിനുള്ള കാരണം, കേവലം ഔഷധത്തിന്നു വേണ്ടിയുള്ള ഉപയോഗം കൂടുതലാകയാലല്ലാ. കുറെക്കാലം മുമ്പ്, ഇന്ത്യയിലെ അബ്കാരി സംബന്ധിച്ചു നടത്തപ്പെട്ട ഒരു കമിഷനിൽ, ഈ നാട്ടിൽ ശീമ മദ്യങ്ങൾ അധികം ചെലവാകുന്നതിൻ്റെ കാരണം, അവയെ മനുഷ്യൻ ഒരിക്കൽ രുചിച്ചു പോയാൽ പിന്നെ അവയോടുള്ള താൽപര്യം മാറുവാൻ അസാധ്യമായിരിക്കത്തക്കവണ്ണം, അവ അത്ര ആകർഷണശക്തിയുള്ളവയാകുന്നു എന്നുള്ളതാണെന്നു പ്രസ്താവിക്കപ്പെട്ടു കണ്ടിട്ടുണ്ട്. ഈ മദ്യങ്ങൾ ഇന്ത്യാ നാട്ടുകാരുടെ ശരീരസ്ഥിതിക്ക് തീരെ യോജിക്കുന്നവയല്ലെന്നും, ശരീരത്തെ എളുപ്പം നശിപ്പിക്കുവാൻ തക്ക തീവ്ര ശക്തിയുള്ളവയാണെന്നും, മെഡിക്കൽ അഭിപ്രായവും പ്രസിദ്ധമായിട്ടുണ്ട്. മദ്യത്തിന്നു ആഹാരത്തിൻ്റെ ശക്തിയുണ്ടെന്നു പറയുന്നതു തെറ്റാണെന്നു ഡാക്ടർമാർ അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയെല്ലാം ദോഷകാരണമായ മദ്യത്തിൻ്റെ സേവയെ നിരോധിക്കുന്നതിനു ഈ തലസ്ഥാനത്ത് തന്നെ ഒരു സംഘം അചിരേണ ഉണ്ടായിക്കാൺമാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.


               കഴിഞ്ഞുപോയ മനീഷി കേശവക്കുറുപ്പവർകൾ വർത്തമാന പത്രങ്ങളുടെ കാര്യത്തിൽ വളരെ താല്പര്യമുള്ള ആളായിരുന്നു എന്നു ഞങ്ങൾ സൂചിപ്പിച്ചിട്ടുണ്ടല്ലൊ. ഇദ്ദേഹം, പത്രങ്ങളോടുള്ള പ്രതിപത്തിയെ സമ്പാദിപ്പാൻ ചെറുപ്പത്തിൽതന്നെ തുടങ്ങിയിരുന്നു എന്നു അദ്ദേഹം തന്നെ ഒരുക്കൽ സംഭാഷണ മധ്യേ ഞങ്ങളോട് പ്രസ്താവിച്ചിട്ടുണ്ട്. പാഠശാലയിൽ വായിച്ചുകൊണ്ടിരുന്ന കാലത്ത്, തൻ്റെ വാദ്ധ്യാർക്കു വന്നിരുന്ന പത്രങ്ങളെ കൊണ്ടുപോയി വായിക്കുവാൻ ഇദ്ദേഹത്തിന്നുണ്ടായിരുന്ന അഭിലാഷം, അദ്ദേഹത്തിന്നു പിൽക്കാലത്തു പത്രങ്ങളിൽ ലേഖനമെഴുതുന്നതിനു പ്രേരകമായിത്തീർന്നിരുന്നു. കുറുപ്പവർകളെ 'എം. കെ. സി‘. എന്ന ചുരുക്കപ്പേരിലാണ് പത്ര പാഠകലോകം അറിഞ്ഞിരുന്നത്. ദിവാൻ പേഷ്കാർ മിസ്തർ എസ്. പത്മനാഭയ്യർ, തെക്കൻ ഡിവിഷൻ കാര്യവിചാരം ചെയ്തിരുന്ന കാലത്തു അദ്ദേഹത്തിൻ്റെ വിക്രിയകൾ മിസ്തർ കേശവക്കുറുപ്പിൻ്റെ ഊർജ്വസ്വലമായ തൂലികയെ കവിഞ്ഞു പോകാൻ കഴിയുമായിരുന്നില്ലാ. പൊതുജനങ്ങളുടെ കാര്യത്തിൽ, ഏതൊരുദ്യോഗസ്ഥൻ്റെയും നടവടിദോഷങ്ങളെ സംഹരിക്കുന്നതിനു മിസ്തർ കുറുപ്പിനു തെല്ലും കൂസലുണ്ടായിരുന്നില്ലാ. പ്രതാപത്തിന്നോ, ധനാർജനത്തിന്നോ അദ്ദേഹം ആഗ്രഹിച്ചിരുന്നതുമില്ലാ. കേവലം നാടൻ വേഷത്തിലല്ലാതെ അദ്ദേഹം സാധാരണ നടക്കാറുമില്ല. ആരോടും വിനയവും, നിശ്ശേഷം ശുദ്ധഹൃദയത്വവും മിസ്തർ കുറുപ്പിൻ്റെ പ്രത്യേക ഗുണങ്ങളാണ്. അദ്ദേഹം ലോകത്തിൽ വ്യാജമുണ്ടെന്നു അറിയാതിരുന്ന ആളാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് ഏതൊരാളെയും വിശ്വസിച്ചിരുന്നത്. ഇതു നിമിത്തം പലേ അപകടങ്ങളും അദ്ദേഹത്തിന്നു സംഭവിച്ചിട്ടുണ്ട്. മിസ്തർ കുറുപ്പ് നടത്തീട്ടുള്ള പത്രങ്ങളിൽ, ആരെക്കുറിച്ചെങ്കിലും ആക്ഷേപമായൊ, കടുത്ത ശകാരമായോ ലേഖനങ്ങളുണ്ടായിട്ടുള്ള പക്ഷം അത് ആ ആളെക്കുറിച്ച് സ്പർദ്ധകൊണ്ട് എഴുതുന്നതോ പ്രസിദ്ധീകരിക്കുന്നതോ ആയിരിക്കയില്ലാ. അദ്ദേഹത്തെ ലേഖകന്മാർ തെറ്റിച്ചതായിരിക്കും. അല്ലെങ്കിൽ, പത്ര ഉടമസ്ഥന്മാരുടെ നിർബന്ധത്താലായിരിക്കാം. പത്രങ്ങളുടെ പേരിലുള്ള താൽപര്യം ഒരു വ്യാമോഹമായിട്ടു പോലും പരിണമിച്ചിരുന്നു. അതിനാലായിരുന്നു അദ്ദേഹം പലേ സ്കൂളുകളിലെയും മനീഷി സ്ഥാനങ്ങൾ ലഭിച്ചിരുന്നിട്ടും, പത്രാധിപസ്ഥാനം കൈയേൽക്കാൻ അപ്പോഴപ്പോൾ പോയിരുന്നത്. "മലയാളി", "വഞ്ചിഭൂപഞ്ചിക", "സുഭാഷിണി", "സുജനാനന്ദിനി", "കേരളസന്ദേശം", "ദിവാകരൻ", “ദ്വിജരാജൻ" എന്നീ പത്രങ്ങളുടെ പത്രാധിപരായും, മറ്റു ചില പത്രങ്ങൾക്കു മുഖപ്രസംഗമെഴുത്തുകാരനായും, ചില പത്രങ്ങൾക്കു ലേഖകനായും കേശവക്കുറുപ്പവർകൾ, സദാ ഉത്സാഹമയമായ ഒരു ജീവിതത്തെയാണ് നയിച്ചിരുന്നത്. ഇതിനിടയിൽ, ഹൈസ്കൂളുകളിലും കാളേജിലും മലയാള മനീഷിയായിരുന്ന കാലങ്ങളിൽ സാഹിത്യ സംബന്ധമായി വിശേഷാൽ പ്രയത്നിച്ചും ഇരുന്നു. "സന്താനവല്ലി" എന്ന ഒരു നാടകവും, മറ്റുചില പുസ്തകങ്ങളും ഇദ്ദേഹം രചിച്ചവയായി അച്ചടിക്കപ്പെട്ടിട്ടുണ്ട്. മലയാളഭാഷാ പ്രയോഗങ്ങൾ, പഴഞ്ചൊല്ലുകൾ മുതലായവ ശേഖരിച്ച് ഒരു വലിയ ഗ്രന്ഥം വളരെക്കാലം മുമ്പു മുതൽക്കേ എഴുതിവരുന്നുണ്ടായിരുന്നു. രണ്ടു മൂന്നാഴ്ചവട്ടം മുമ്പു, ബുദ്ധമുനിയുടെ ജീവചരിത്രത്തെപ്പറ്റി സാമാന്യം വലുതായ ഒരു ഗ്രന്ഥം മലയാള ഗദ്യത്തിൽ എഴുതിയിരിക്കുന്നു എന്നും; അതു പരിശോധിച്ചു പ്രസിദ്ധീകരിപ്പാൻ കൈയേൽക്കണമെന്നും "സ്വദേശാഭിമാനി" പത്രാധിപർക്ക് എഴുത്തയച്ചിട്ടുണ്ടായിരുന്നു.  ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടാത്തവയായ പലേ പുസ്തകങ്ങളും ഇദ്ദേഹത്തിൻ്റെ കൃതികളായിട്ടുണ്ടായിരിക്കാൻ സംഗതിയുണ്ട്. കുറുപ്പവർകളുടെ ഭാഷാരചന രീതി പ്രത്യേകമായുള്ളതാണ്: അതിനെ അനുകരിപ്പാൻ കുറെ വൈഷമ്യമുണ്ട്. മലയാളത്തിലെ പ്രത്യേക പ്രയോഗങ്ങളും പഴഞ്ചൊല്ലുകളും മറ്റും അദ്ദേഹത്തിൻ്റെ ഏതൊരു ലേഖനത്തിലും നിറഞ്ഞിരിക്കും. ഭാഷ ദ്രാവിഢത്തെ അധികം കൂട്ടുപിടിച്ചു പോകുന്നതാണ്. വടക്കൻ മലയാളികൾക്കു മിസ്തർ കുറുപ്പിന്റെ വാചകങ്ങൾക്കു എളുപ്പം അർത്ഥം ധരിപ്പാൻ കുറെ പ്രയാസം തോന്നും; തെക്കൻ ദേശ്യപദങ്ങൾ കൊണ്ടും, തെക്കൻ ഭാഷാ പ്രയോഗങ്ങൾ കൊണ്ടും, അദ്ദേഹത്തിൻ്റെ ഭാഷയ്ക്കു മാധുര്യവും ഭംഗിയും കുറയുമെങ്കിലും, ഒരു കൗതുകം പ്രത്യേകമായുണ്ട്. കുറുപ്പവർകൾ തെക്കൻ തിരുവിതാംകൂറിലെ പ്രഖ്യാതമായ ഒരു കുടുംബത്തിലുള്ള ഇളമുറക്കാരനാണ്. ഇദ്ദേഹത്തിൻ്റെ മൂത്ത സഹോദരൻ, വിളവങ്കോട്ടു താലൂക്കിൽനിന്ന് ശ്രീമൂലം പ്രജാസഭാസാമാജികനായി ആണ്ടോടാണ്ടു വരാറുള്ള കമുകറെ എം. നാരായണക്കുറുപ്പവർകളാണ്. ആ കുടുംബത്തിലെ അംഗങ്ങൾ പ്രായേണ പബ്ലിക് കാര്യങ്ങളിൽ താൽപര്യം വച്ച് മുന്നിട്ട് പ്രവർത്തിക്കുന്നവരുമാണ്. മിസ്റ്റർ കേശവക്കുറുപ്പിൻ്റെ പ്രധാനമായ ഒരഭിലാഷം തെക്കൻ തിരുവിതാംകൂറിലെ ജനങ്ങളുടെ പ്രാതിനിധ്യം വഹിപ്പാൻ പ്രത്യേകമായി ഒരു മലയാളപത്രം വേണമെന്നുള്ളതായിരുന്നു. ഇതിലെയ്ക്കു തനിക്കു സ്വന്തമായ അധീനതയിൽ പണമുണ്ടാകുമ്പോഴല്ലാതെ, ജനങ്ങളോട് അർത്ഥിച്ചു പണമുണ്ടാക്കീട്ട്, തുനിയുവാൻ അദ്ദേഹത്തിനു ആഗ്രഹമുണ്ടായിരുന്നില്ലാ. മിസ്തർ കുറുപ്പിനു തൻ്റെ ശിഷ്യന്മാർ ഈ സംസ്ഥാനത്തു പലെടത്തും പലേ ഉദ്യോഗങ്ങളിലിരിക്കുന്നുണ്ടെന്നു ഒരു ചാരിതാർത്ഥ്യം വിശേഷാൽ ഉണ്ടായിരുന്നു.

Prohibition of Liquor

  • Published on August 25, 1909
  • 341 Views

High Court Chief Justice T. Sadasiva Iyer presided over the meeting held on Monday evening at Victoria Jubilee Town Hall under the leadership of the "Nair association." We believe that the people of this country should pay special attention to a specific point in his closing speech. It pertains to the necessity of prohibiting liquor services. In Travancore, despite the efforts of various bodies for social reform, it is noticeable that there is almost no discussion among them regarding the need to abstain from alcohol consumption. For a considerable duration, we have contemplated advising people on the formation and operation of groups advocating for the prohibition of alcohol consumption to address this issue. We sought the opinions of some gentlemen on this matter, and they have concurred on its appropriateness. Some of them have consistently urged us that there should be no further delay in addressing this matter.

In fact, our inclination toward the necessity of prohibiting liquor in this land was implicitly conveyed in the statement calling for the Government to abolish the Excise Department and replace it with a Department for Industrial Development, as part of our critique of the State Administration Report. Our stance is that it is unjust to pave the way for subjects to corrupt their lives, profit from those who engage in such behaviour, and augment the kingdom's treasury. Alcohol consumption undermines the health and moral character of those who engage in it, guiding them toward a destructive abyss. If such a detrimental habit is promoted within a community, it is inevitable that not only the reputation but also the vitality of that community will be significantly diminished. A person's life achieves moral completeness only when he can restrain the impulses of the mind through wisdom. The consumption of alcohol can corrupt morals. If it leads an individual away from wisdom, it undoubtedly has the potential to disrupt the harmony of a community filled with people who lose their wisdom. Such a situation occurring in a country is entirely unacceptable. We owe it to ourselves to exert every effort to eliminate this scourge that undermines the quality of human life.

Considering the plethora of synonyms for alcohol among Hindus, one can surmise that ancient people produced and utilised a greater variety of alcoholic beverages than Westerners do today. Nevertheless, it is observed that Hindus, in general, uphold virtue, and their religious codes condemn this vice. In Travancore, the necessity to focus on this matter primarily stems from the goal of upholding morality as well as enhancing the financial wellbeing of the people. Collections from liquor taxation are increasing year by year. All this money should and will go out of the hands of the people. It might be comforting to say that the revenue generated from the production and sale of local liquor does not go outside this land. However, in the case of foreign liquors, the income generated within this country is negligible. The state administration report figures indicate that the sales of foreign liquors are increasing year after year. The primary reason for this substantial sales growth is not solely due to their use for medicinal purposes. Some time ago, in a report by the Commission on Excise in India, it was mentioned that the reason foreign liquors sell so much in this country is that once a person has tasted them, these liquors feel highly attractive, and it becomes difficult for the individual to lose interest in them. It is a well known medical opinion that these liquors are not suitable for the physical condition of the natives of India and are potent enough to easily harm the body. Doctors have also commented that it is incorrect to claim that alcohol has the nutritional value of food. We hope for the formation of a group in this capital city itself to ban the service of all these harmful liquors without any further delay.

===

We mentioned earlier that the late educator Mr. Keshavakurup was very interested in the cause of newspapers. In an interview, he mentioned that he developed a penchant for newspapers at an early age. During his school days, his desire to read the newspapers that came to his teachers became the motivation for him to later write articles in newspapers. Mr. Kurup was known by the short name 'M. K. C.' among newspaper readers.

During his tenure as the Dewan Peshkar in charge of the Southern Division, Mr. S. Padmanabha Iyer's vigour could not have surpassed the energetic pen of Mr. Keshavakurup. In matters concerning the public, Mr. Kurup had never exonerated the misbehaviour of any officer. He had no desire for fame or wealth. He typically does not move around except in plain and simple attire. Mr. Kurup's distinctive qualities include humility towards everyone and unwavering pure-heartedness. He trusted people to the extent that it seemed he was unaware of any falsehood in the world. Due to this trait, he had to face many setbacks.

If any article published in a newspaper run by Mr. Kurup was slanderous or offensive to anyone, it might not have been out of any spite towards that person. He might have been misled by the reporters, or it could be due to the insistence of newspaper owners. His interest in newspapers had even turned into an obsession. That is why he accepted the position of being an editor, even though he had obtained teaching positions in various schools.

As the editor of "Malayali," "Vanjibhupanchika," "Subhashini," "Sujanananandini," "Keralasandesam," "Divakaran," "Dwijarajan," and as a columnist for some newspapers, as well as a correspondent for others, Mr. Keshavakurup led a very enthusiastic life. In the meantime during his tenure as a Malayalam teacher in high schools and college, he dedicated himself especially to literature. A play titled "Santhanavalli" and some other books have been published under his authorship. He was also working on a substantial book, compiling Malayalam expressions, proverbs, etc., for a long period. Two or three weeks ago, he wrote to the editor of "Svadesabhimani" to review and publish a fairly large book he had written in Malayalam prose about the biography of Lord Buddha. It is likely that many books were written by him that were not published.

Mr. Kurup's writing style is truly unique and challenging to replicate. His articles are replete with Malayalam-specific expressions, proverbs, and more. His language is more closely related to Dravidian languages. Northern Malayalees may find it challenging to readily comprehend Mr. Kurup's words. However, despite the language losing some of its sweetness and grace with Southern idioms and usages, it exudes a peculiar charm.

Mr. Kurup is the scion of a prominent family in South Travancore. His elder brother, Kamukare M. Narayana Kurup, has been representing Vilavankottu taluk year after year in the Sri Moolam Popular Assembly. The members of his family have always taken an active interest in public affairs.

One of Mr. Keshavakurup's primary aspirations was to establish a Malayalam newspaper dedicated to representing the people of South Travancore. Towards that end, he had no intention of collecting money from the people but preferred to wait until he had sufficient funds of his own. Mr. Kurup took special pride in the fact that his disciples are serving in various capacities across many locations in this state.

Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like