വാരവൃത്തം

  • Published on June 19, 1907
  • By Staff Reporter
  • 443 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                                                                   തിരുവനന്തപുരം 

                                                                                                                     1082 മിഥുനം 3 

       തിരുവിതാംകൂർ പ്രജകളുടെ പ്രയത്നഫലം കൊണ്ട്, അവരെ ക്ഷേമപ്പെടുത്തുന്നതിലധികം, രാജസേവകന്മാരെയും, വേല ചെയ്യാത്ത അത്തരം പരശരീരോപജീവികളെയും സുഖമായി പാർപ്പിക്കുകയാണ് ഗവർന്മേണ്ടിൻ്റെ നയത്തിൻ്റെ ഫലമെന്ന് നിങ്ങൾ പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ടല്ലൊ. ഈ ശാപം വർദ്ധിച്ചു വരുന്നതല്ലാതെ, കുറഞ്ഞു കാണാത്തത് വളരെ കഷ്ടമായ സംഗതി തന്നെയാണ്. നാട്ടിനാകട്ടെ, നാട്ടുകാർക്കാകട്ടെ, ജീവിതമാതൃകകൾ കൊണ്ടോ, പ്രവർത്തികൾ കൊണ്ടൊ യാതൊരു ഗുണവും ചെയ്യാതെയും, അനേകം ദുരിതങ്ങൾ കൊണ്ട് ശാശ്വതമായ ദോഷം ചെയ്തും, കാലയാപനം ചെയ്തുന്ന ചില പ്രഭുക്കന്മാർ, പരദേശികൾ മുതലയവർക്ക് അടുത്തൂണായും, ഊട്ടിലൂണായും, പ്രജകളുടെ പണത്തെ വാരി എറിഞ്ഞു കളയുന്നതിനെ നിർത്തുവാൻ, തിരുവിതാംകൂറിൽ ഒരു ഉത്തമനായ മന്ത്രി ഇല്ലാതെയായത് ഒരു മഹാ ആപത്തു തന്നെയാകുന്നു. പൊതുജനങ്ങളുടെ ഹിതത്തിനായി പ്രവർത്തിച്ചു പോരുന്ന ചുരുക്കം ചില പ്രഭുക്കന്മാർ ഇല്ലെന്ന് പറഞ്ഞു കൂടാ എങ്കിലും, ഇവരുടെ സമുദായം  സാമാന്യേന, അലസതയിലും ദുഷ്ടതയിലും ജീവിതത്തെ പുലർത്തുന്നു. ഇവർക്കായി ഗവർന്മേണ്ട് നൽകുന്ന പ്രസാദങ്ങളും ഭയങ്കരാകാരത്തെ പ്രാപിച്ചു തന്നെ വരുന്നു. 

                                  വടശ്ശേരി അമ്മവീട്ടിൽ 

അമ്മവകയ്ക്ക്, എത്രയെത്രയോ ലക്ഷം ഗവർന്മേണ്ട് പണം ചെലവു ചെയ്തു, ഹർമ്മ്യങ്ങൾ പണിയിക്കയും, അതിലേക്കായി, സർക്കാർ വക പൊതുജനോപകാരങ്ങളായ പണികൾ മുടക്കീട്ടുപോലും, സാമാനങ്ങൾ ചെലവിനു കൊണ്ടുപോകയും ചെയ്യുന്നതിനെക്കുറിച്ച് ഈ പത്രത്തിൻ്റെ ചില മുൻ ലക്കങ്ങളിൽ പ്രസ്താവിച്ചുണ്ടല്ലൊ. ഏതാനും നാൾ മുമ്പ്, "മലബാർ ഹിറാൾഡ്" പത്രത്തിൻ്റെ തിരുവനന്തപുരം ലേഖകൻ പറഞ്ഞിരുന്നപോലെ, ശങ്കരൻതമ്പിക്കും വലിയമ്മച്ചിക്കുമായി തിരുവിതാംകൂർ ജനങ്ങളുടെ പണം ക്രമത്തിലധികം ചെലവാകുന്നുവെന്നുള്ളതിനെ രാജ്യഭരണകർത്താക്കന്മാർ അറിയുന്നില്ലേ എന്നാണ് ശങ്ക. ദിവാൻ ഗോപാലാചാരി അവര്‍കളുടെ ഗവർന്മേണ്ടോ, രാജസേവകന്മാർക്കും അവരുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും, വെറുതെ ചോദിച്ചാൽ എന്തും കൊടുക്കുവാൻ തയ്യാറായിരിക്കുന്ന സ്ഥിതിക്ക്, അവരുടെ ആവശ്യങ്ങൾ വർദ്ധിച്ചുവരുന്നതും അത്ഭുതമല്ലല്ലൊ. അവരുടെ ദുശ്ശീലങ്ങൾക്ക് നർമ്മ സചിവത്വത്തെ ആചരിച്ചു പോരുവാൻ ബദ്ധകങ്കണനായിരിക്കുന്ന ഒരു മന്ത്രി നിമിത്തം നാട്ടിന് എന്ത് തന്നെ ദോഷം വരുകയില്ലാ? ഇങ്ങനെയുള്ള ഒരു "നാട്ടുവത്തനം" രാജ്യത്തിൻ്റെ ഐശ്വര്യത്തെയും കീർത്തിയെയും നശിപ്പിക്കുകയും; പ്രജകൾക്ക് രോഷത്തെയും ദ്വേഷത്തെയും ജനിപ്പിക്കയും ചെയ്യുമെന്നു മന്ത്രിമാർ ഓർക്കേണ്ട സംഗതിയാകുന്നു. 


സേവകഗൃദ്ധ് ശ്രേഷ്ഠനായ ഫസ്സെദാരി കമീഷണർ അനന്തരാമയ്യരുടെ പൌത്രിയുടെ കല്ല്യാണം അടിയന്തരം നടത്തുവാൻ ഗവർന്മേണ്ടിൽ നിന്ന് ഏറെ പണം അനുവദിച്ചിരുന്നതായി വായനക്കാർ ഓർക്കുമല്ലൊ. അനന്തരാമയ്യരുടെ പൌത്രിക്കും തിരുവിതാംകൂർ ഗവർന്മേണ്ടിനും തമ്മിൽ എന്ത് ചാർച്ചയുണ്ടായിരുന്നിട്ടാണ് മിസ്റ്റർ ഗോപാലാചാര്യർ ദിവാൻ ഇങ്ങനെ ഗവർന്മേണ്ട് പണം ചെലവുചെയ്യുന്നതിന്നു അനുവദിച്ചത്? വലിയ കൊട്ടാരത്തില്‍നിന്ന് എഴുതിവന്നിരുന്നു     എന്നുള്ള കാരണത്താലായിരിക്കുമോ? ഗവർന്മേണ്ട്   ഖജനയിലെ പണം പ്രജാസമുദായത്തിന്റെ പൊതുസ്വത്താണെന്നും, ഈ പണം ചെലവാക്കുന്ന കാര്യത്തില്‍, മന്ത്രിമാര്‍ പ്രജകളോട് സമാധാനം പറവാന്‍, നിയമപ്രകാരമല്ലെങ്കിലും, ധര്‍മ്മപ്രകാരം ബദ്ധന്മാരാണെന്നും; ഗവർന്മേണ്ട്   ഖജനയിൽ പണം നിറയ്ക്കുന്നത് വലിയ കൊട്ടാര ഭൃത്യന്മാരല്ലെന്നും; മിസ്റ്റർ ഗോപാലാചാര്യർക്കു ബോധവും, പാഴ്ചെലവുകളെ തടയുവാൻ ധൈര്യവും ഉണ്ടായിരുന്നു എങ്കിൽ, അനന്തരാമയ്യരുടെ പൌത്രിയുടെ കല്ല്യാണത്തിന് അരിക്കോപ്പുകൾക്കും മറ്റും ഗവർന്മേണ്ട് പണം വ്യയം ചെയ്കയില്ലായിരുന്നു. അനന്തരാമയ്യരുടെ പൌത്രിക്കും, ഒരു പുലയൻ്റെ പൌത്രിക്കും തമ്മിൽ ഗവർന്മേണ്ടിൻ്റെ ദൃഷ്ടിയിൽ യാതൊരു ഭേദവും കാണ്മാൻ പാടില്ലെന്ന് മാത്രമല്ലാ; വല്ല പ്രസാദവും അനുവദിക്കുന്നുണ്ടെങ്കിൽ, അത്, രാജ്യത്തിലെ മുതൽ വർദ്ധനയ്ക്കായി, പാടത്തിൽ കിടന്നു രാപ്പകൽ അദ്ധ്വാനിക്കുന്ന പുലയൻ്റെ പൌത്രിയുടെ പേരിലല്ലാതെ, ജദ്രോഹവും രാജദ്രോഹവും പ്രവർത്തിച്ചു, ഈ നാട്ടിലെ മുതലിനെ കൊള്ളയിട്ടു പരദേശത്തയയ്ക്കുന്ന അനന്തരാമയ്യൻ്റെ പൌത്രിയുടെ പേരിൽ ആയിരുന്നു കൂടാ എന്നും മിസ്റ്റർ ഗോപാലാചാര്യർ ഓർക്കേണ്ടതായിരുന്നു. രാജ്യത്തിനു ദോഷം ചെയ്യുന്ന രാജസേവകന്മാരുടെ പ്രസാദത്തിനായി ഗവർന്മേണ്ട്  പണം ചെലവാക്കി, ഗവൺമൻ്റ് റിക്കാർഡുകളെ കളങ്കപ്പെടുത്തുന്നതിന് തുനിയുന്ന ഒരു മന്ത്രിയെ, രാജസേവകന്മാർ   ........


                                                    (ശേഷം രണ്ടാം പേജില്‍)

You May Also Like