അധികാരദൂഷണം

  • Published on February 01, 1908
  • By Staff Reporter
  • 536 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂർ ഗവണ്‍മെന്‍റിൻ കീഴിലുള്ള ഉദ്യോഗസ്ഥന്മാരിൽ പലരും, അവരുടെ കീഴ് ശമ്പളക്കാരെക്കൊണ്ട് വീടുകളിൽ പണിയെടുപ്പിക്കാറുണ്ടെന്ന ദൂഷ്യ നടവടിയെപ്പറ്റി വായനക്കാർ നല്ലവണ്ണം അറിഞ്ഞിരിക്കാനിടയുണ്ട്. ഇപ്രകാരം വിടുപണി ചെയ്യിക്കുന്നത് ചിലപ്പോൾ ആ കീഴ് ശമ്പളക്കാർ മേലാവിന്‍റെ പ്രീതി സമ്പാദിക്കുന്നതിനായി സ്വന്തമനസ്സാലേ ചെന്നു കയറി ആ വക നിന്ദ്യകർമ്മങ്ങൾക്ക് ഒരുക്കമുള്ളവരാണെന്ന് കാണിക്കുക കൊണ്ടും; മറ്റു ചിലപ്പോൾ, മേലുദ്യോഗസ്ഥന്‍റെ സ്വന്തം നിർബന്ധം കൊണ്ടും ആയിരിക്കുമാറുണ്ട്. ഏതു പ്രകാരം സംഭവിക്കുന്നതായാലും, ഈ സമ്പ്രദായം ഗവണ്‍മെന്‍റ് സർവ്വീസിനും, സമുദായാചാരത്തിനും ദൂഷകമായിട്ടുള്ളതാണെന്ന് സന്ദേഹമില്ല. സർക്കാർ ജീവനക്കാരുടെ സംഗതിയിലാകട്ടെ, ഈ നടവടി, സർക്കാർ വേലയിൽ  അലസത കാണിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതാണ്. "മേലെജമാന്‍റെ" പ്രത്യേക പ്രീതിക്ക് താൻ പാത്രമായ് ഭവിച്ചിട്ടുണ്ട് എന്ന് ഒരു കീഴ്  ജീവനക്കാരന് തോന്നുന്നത്, തൻ്റെ സർക്കാർ വേലയെ ശരിയായി നടത്തുന്നു എന്നുള്ള ഒരു സംഗതിയെ അടിസ്ഥാനപ്പെടുത്തീട്ടല്ലാ, താൻ "മേലെജമാനന്" അദ്ദേഹത്തിന്‍റെ വീട്ടിലുള്ള നികൃഷ്ടങ്ങളായി ഗണിക്കപ്പെട്ടിരിക്കുന്ന ജോലികളെ ചെയ്തു കൊടുക്കുന്നു എന്നുള്ള സംഗതിയെ അടിസ്ഥാനപ്പെടുത്തീട്ടാണെന്നു വരുകിൽ, ഇതിൽ പരം ആക്ഷേപയോഗ്യവും ഗർഹ്യവുമായ ഒരു നടത്തയെപ്പറ്റി വ്യസനിപ്പാനില്ല. ഈ വക വിടുവേലകൾ എന്തൊക്കെയെന്ന് സാമാന്യം ആളുകൾക്ക് ഏറെക്കുറെ അറിയാം. ശിപായിമാർ, കണക്കപ്പിള്ളമാർ, ഗുമസ്തന്മാർ, വാദ്ധ്യാന്മാർ മുതലായ പലേ കീഴ്‌ജീവനക്കാർക്കും, അവരവരുടെ മേലാവുകാരുടെ വീടുകളിൽ, വിറകുവെട്ടുക, വെള്ളം കോരുക, തോട്ടകൃഷി ചെയ്ക, കാലിമേയ്ക്കുക, കാളയെ രക്ഷിക്കുക, വണ്ടി നടത്തുക, പാത്രം തേയ്ക്കുക, കുട്ടികളെ എടുത്തു നടക്കുക, "അങ്ങത്ത"മാരുടെ ഭാര്യമാർക്ക് കൂട്ടു പോക" മുതലായ എത്രയോ നിന്ദ്യവേലകൾ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഈ വേലകൾ കേവലം നിന്ദ്യങ്ങൾ എന്നല്ലാ ഞങ്ങൾ പറയുന്നത്;  ഇവയെ ചെയ്യാൻ കടമപ്പെട്ടവരും ചുമതലപ്പെട്ടവരും ചേർച്ചപ്പെട്ടവരും ചെയ്യുമ്പോൾ ഇവ അവരെ സംബന്ധിച്ചിടത്തോളം, അവർക്ക്, ശ്ലാഘനീയങ്ങൾ തന്നെ. യാതൊരു തൊഴിലും അതാതു തൊഴിലുകാരന് പ്രവൃത്തി മാഹാത്മ്യത്തെ ദൃഷ്ടാന്തീഭവിപ്പിക്കുന്നത് തന്നെയാണ്. എന്നാൽ, ഒരു വേലയ്ക്ക്  നിശ്ചയിക്കപ്പെട്ടിരിക്കുന്നവന്‍റെ യോഗ്യതയ്ക്ക് ചേരാത്തതായും, അവനെയും അവൻ്റെ സാക്ഷാൽ ഉദ്യോഗത്തെയും നിന്ദ്യതപ്പെടുത്തുന്നതായും ഉള്ള ജോലി, അവൻ ചെയ്യുന്നതായാൽ, അത് അവനെ അപേക്ഷിച്ച്, അവന് ശ്ലാഘ്യമായിരിക്കുന്നതല്ലാ. കർത്തവ്യത്തെ സാധിപ്പാനായ് കർത്തവ്യത്തെ ചെയ്യുന്നതല്ലാതെ, നിന്ദനീയമായ ഒരു ഗൂഢോദ്ദേശ്യത്തെ സാധിക്കുന്നതിനായി ഒരു വേല ചെയ്യുന്നത് ഒരിക്കലും പ്രശംസനീയമോ, സമാധേയമോ ആയിരിക്കയില്ലാ. കീഴ് ശമ്പളക്കാരെ കൊണ്ട് വിടുപണികൾ ചെയ്യിക്കുവാൻ സൗകര്യവും ദുരഭിലാഷവും അധികമുള്ള ഉദ്യോഗസ്ഥന്മാരിൽ ഒരു വർഗ്ഗക്കാർ താലൂക്ക് തഹശീൽ മജിസ്‌ട്രേറ്റന്മാരാണ്. ഇവർക്ക് എക്സിക്യൂട്ടീവും ജുഡീഷ്യലും കാര്യവിചാരം ഉള്ളതുകൊണ്ട്, ഇതിലേക്ക് ധാരാളം സൗകര്യം ലഭിച്ചിട്ടുണ്ട്. ഇവരുടെ താലൂക്ക് കച്ചേരി രായസം ഗുമസ്താക്കള്‍, ഡലായത്തുകാർ, ക്ഷേത്രജീവനക്കാർ, ഊട്ടുപുര ജോലിക്കാർ മുതലായി എത്രയോ കീഴ് ശമ്പളക്കാർ ഇവരുടെ ആജ്ഞയെ അനുസരിക്കേണ്ടവരായുണ്ട്. പക്ഷെ, ഇങ്ങനെ വിടുപണികൾ ചെയ്യിക്കുന്നത്, പുരുഷന്മാരായ കീഴ് ശമ്പളക്കാരെക്കൊണ്ടും, പഠിപ്പോ പരിഷ്‌കൃത നയബോധമോ ഇല്ലാത്ത പഴയതരം ഉദ്യോഗസ്ഥന്മാരുടെ നിർബന്ധത്താലും ആയിരുന്നു എങ്കിൽ, ഈ ദുർണ്ണയത്തെപ്പറ്റി അല്പം ഒഴികഴിവു കാണാമായിരുന്നു. എന്നാൽ, സർവ്വകലാശാല ബിരുദങ്ങൾ സമ്പാദിച്ചും, രാജ്യത്തിലെ ജനക്ഷേമത്തിനും, സാമുദായസദാചാര വർദ്ധനയ്ക്കും പ്രയത്നിക്കാൻ കടപ്പെട്ടും ഇരിക്കുന്ന ഉദ്യോഗസ്ഥന്മാർ, അബലകളായ സ്ത്രീജനങ്ങളെക്കൊണ്ടുകൂടിയും അടിമവേല ചെയ്യിക്കുന്നതായാൽ, അതിനെപ്പറ്റി എന്തു സമാധാനമാണ് പറയാനുള്ളത്? ആ ഉദ്യോഗസ്ഥന്മാരുടെ ധിക്കാരത്തെയും മര്യാദകേടിനെയും പറ്റി എന്തു തന്നെ പറഞ്ഞു കൂടാ? ഗവൺമെന്‍റിൻ്റെ സൽകീർത്തിയെ പുഷ്ടിപ്പെടുത്തുന്നതിന് കടമപ്പെട്ട ഇവർ ഇപ്രകാരം നടത്തുന്നത് നിമിത്തം, ഗവൺമെൻ്റ്  സർവ്വീസിനെക്കുറിച്ച് പൊതുവിൽ നിന്ദ ജനിക്കുന്നതിനിടയാകുന്നു എന്ന് ഇവർ ഓർമ്മിക്കാത്തതാണ് അത്ഭുതാത്ഭുതമായിരിക്കുന്നത്.   

ഞങ്ങൾ ഗവൺമെൻ്റ് കീഴ് ജീവനക്കാരുടെ ആചാരത്തെപ്പറ്റി ഇത്രത്തോളം വിസ്തരിച്ചു പറഞ്ഞു പോയത്, തിരുവനന്തപുരം താലൂക്ക് ഒന്നാം തഹശീൽ മജിസ്‌ട്രേറ്റ് മിസ്റ്റർ പപ്പുപിള്ള, ഈയിടെ ഏതാനും നാൾ മുമ്പ് നടത്തിയതായി ഞങ്ങളറിഞ്ഞിരിക്കുന്ന ഒരു നടവടി, മര്യാദ കേടായിപ്പോയി എന്ന്  അദ്ദേഹത്തയും, അദ്ദേഹത്തെപ്പോലെ ധ്യഷ്ടന്മാരായ ഉദ്യോഗസ്ഥന്മാരെയും, ഇവരുടെ നടത്തയിന്മേൽ ദൃഷ്ടി പതിക്കേണ്ട ദിവാൻജിയെയും ധരിപ്പിക്കുന്നതിനായിട്ടാകുന്നു. മിസ്റ്റർ പപ്പുപിള്ളയുടെ പ്രവൃത്തി മര്യാദകേടാണെന്ന് ഞങ്ങൾ പറയുന്നത്, സർക്കാർ സർവ്വീസിന്‍റെയും, സമുദായാചാരത്തിന്‍റെയും മര്യാദയെ ധ്വംസിക്കുന്നതായിരിക്കയാലാണ്. മിസ്റ്റർ പപ്പുപിള്ളയുടെ അധീനതയിൽ, ഈയിട, അദ്ദേഹത്തിന്‍റെ വാസസ്ഥലമായ കാലടിയിൽ വച്ച്, ഒരു പുടവകൊട അടിയന്തരം നടത്തിയ അവസരത്തിൽ, അവിടെ സദ്യയ്ക്ക്, പാത്രം തേയ്ക്കുക, തൂക്കുക, തളിക്കുക, എച്ചിലെടുക്കുക മുതലായ വിടുവേലകൾക്കായി, അഗ്രശാല ഉത്സവമഠം ജോലിക്കാരായ സ്ത്രീകളെ നിയോഗിക്കയും, ഈ അബലകൾ അതിലേക്കായി പോകേണ്ടിവരികയും ചെയ്തതായി ഞങ്ങളറിഞ്ഞിരിക്കുന്നു. മിസ്റ്റർ പപ്പുപിള്ളയുടെ ഈ നടപടി എത്രയോ ഗർഹ്യതരമായിപ്പോയി എന്ന് പറയാതെ കഴിയില്ല. മേല്പറഞ്ഞ സ്ത്രീകൾ അഗ്രശാല ഉത്സവ മഠം ജോലിക്കാരാകയാൽ, അവരുടെ മേൽ ആജ്ഞ പ്രയോഗിക്കാൻ, മിസ്റ്റർ പപ്പുപിള്ളയ്ക്ക് ഒന്നാം തഹശീൽമാരുടെ നിലയിലല്ലാതെ ഗതിയുണ്ടോ എന്ന് ഞങ്ങളറിയുന്നില്ലാ. രണ്ടു കക്ഷികളും സർക്കാർ ജീവനക്കാർ; ഒരു കക്ഷിയെ ഭരിപ്പാൻ മറ്റു കക്ഷിയെ നിയമിച്ചിട്ടുണ്ടെന്നല്ലാതെ, ഈ ഭരണകർത്താവിന്‍റെ വീട്ടുകാര്യങ്ങളിൽ, മറുകക്ഷികൾ കീഴ് ശമ്പളക്കാരല്ലാ. സമുദായ അംഗങ്ങൾ എന്ന സ്ഥിതിയിൽ ഇരു കക്ഷികളും തുല്യനിലയെ പ്രാപിച്ചിരിക്കുന്നതേ ഉള്ളു. കേവലം, സമുദായ അംഗങ്ങളുടെ നിലയിൽ, ഈ സ്ത്രീകളെ വിടുപണിക്കായി വിളിച്ചിരുന്നാൽ, അവർ മനസ്സാലെ പോകുമായിരുന്നുവോ എന്നു ആരും ചിന്തിക്കട്ടെ.  ഈ സ്ത്രീകൾ മിസ്റ്റർ പപ്പുപിള്ളയുടെ വീട്ടിൽ വിടുപണികൾക്ക് പോകേണ്ടി വന്നത്, മിസ്റ്റർ പപ്പുപിള്ളയ്ക്ക് അവരുടെമേൽ, തഹശീൽ അധികാരം ഉള്ളതിനെ പ്രയോഗിക്കയാലല്ലെന്ന് നിർണ്ണയിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലാ. എന്തെന്നാൽ, ഇവർ എത്രയോ നാഴിക അകലെ പാർക്കുന്നവരും, മിസ്റ്റർ പപ്പുപിള്ളയുടെ പിടാകയിൽ തന്നെയും സ്ഥാനമില്ലാത്തവരും ആണ്. ഇവരെ അടിയന്തരത്തിനായി മിസ്റ്റർ പപ്പുപിള്ള  ക്ഷണിച്ചിരുന്നു എന്നു സമാധാനം പറയാൻ കഴിയുമോ? ഇവർക്ക് അന്ന് സ്വന്തസർക്കാർ വേല നടത്തേണ്ടതായിരുന്നുവോ? ഇവർ മിസ്റ്റ്ർ പപ്പുപിള്ളയുടെ സജാതി ജനങ്ങളുമാണ്. ഇത്തരക്കാരായ നായർ സ്ത്രീജനങ്ങളുടെ സ്ഥിതിയെ പരിഷ്കരിക്കാനാണ് മിസ്റ്റർ പപ്പുപിള്ളയുടെ ഭ്രാതാക്കളായ നായർ ഗ്രാഡ്വേറ്റുകളും പ്രമാണികളും "നായർസമാജം" വഴിയായും മറ്റും യത്‌നിക്കുന്നത്. സർക്കാർ സർവ്വീസിന്‍റെയും സമുദായാചാരത്തിന്‍റെയും പ്രമാണങ്ങളെ നിശ്ശങ്കം ധ്വംസിക്കുവാൻ ധൃഷ്ടനായ ഒരു മനുഷ്യൻ, ഇതാ, വായനക്കാരുടെ മുമ്പിൽ നിര്‍ല്ലജ്ജനായി നിൽക്കുന്നതിനെ കൺക.  

You May Also Like