തിരുവിതാംകൂർ ദിവാൻജി

  • Published on March 14, 1906
  • Svadesabhimani
  • By Staff Reporter
  • 355 Views

We learnt from reliable sources that Mr. V.P. Madhava Rao, the dewan of Travancore for the past two years, is likely to move to Mysore accepting the position of Dewan of Mysore.  There has been no official confirmation about this.

ഇക്കഴിഞ്ഞ രണ്ടു വത്സരത്തോളം കാലം, തിരുവിതാംകൂർ രാജ്യഭരണയന്ത്രത്തെ, പുതുമയോടുകൂടി നടത്തിച്ചുവന്ന ദിവാൻ മിസ്റ്റർ വി. പി. മാധവരായർ, മൈസൂർ ദിവാൻ സ്ഥാനം കൈയേൽക്കുവാനായി, നാളെ ദിവസം തിരുവനന്തപുരം വിട്ടുപോകുമെന്നുള്ള കേൾവിയെ സഹജീവിപത്രങ്ങൾ മിക്കവയും ശരിവച്ചിരിക്കുന്നതായി കാണുന്നു. ഈ വിഷയത്തെ സംബന്ധിച് തിരുവിതാംകൂറിലോ, മൈസൂറിലോ "ആഫിഷ്യൽ" ആയുള്ള പ്രസ്താവം ഉണ്ടായിട്ടുള്ളതായി ഞങ്ങളറിയുന്നില്ല. എങ്കിലും, മാധവരായവരവർകൾ മൈസൂർ ദിവാൻജി സ്ഥാനത്തിന് അടുത്ത അവകാശിയാണെന്നുള്ളതിനാൽ, അദ്ദേഹം ഏറെതാമസിയാതെ, തിരുവിതാംകൂറിനെ വിട്ടുപിരിയുമെന്നുതന്നെ ധരിക്കേണ്ടതാകുന്നു. 

മിസ്റ്റർ മാധവരായർ തിരുവിതാംകൂർ മന്ത്രി സ്ഥാനം വഹിച്ച ഈ രണ്ടു വത്സരക്കാലമത്രയും, പൊതുജനങ്ങളുടെ തൃപ്തിയെ സമ്പാദിക്കാൻ യത്നിക്കയും, തൻ്റെ ജനക്ഷേമകരങ്ങളായ പ്രവൃത്തികളാൽ, ജനങ്ങളുടെ ഹിതത്തെ അറിയുന്ന ദിവാൻജി എന്ന ഖ്യാതിയെ ആർജ്ജിക്കുകയും ചെയ്തിരിക്കുന്നു. ഉദ്യോഗമാനവിഷയങ്ങളിൽ ...... നായാന്മാരായ ചില കീഴുദ്യോഗസ്ഥന്മാരുടെ അന്യായപ്രവർത്തികൾ നിമിത്തം മാധവരായവർ അറിഞ്ഞോ അറിയാതെയോ ചില കൂട്ടുകാർക്ക് പരിഭവത്തിന് ഇടയാക്കിയിട്ടുണ്ടെന്നിരുന്നതാവും ജനങ്ങളുടെ ഭരണത്തെ പൊതുവെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ പൊതുജനദാസൻെറ ശരിയായ നിലയിൽ തന്നെ പ്രവർത്തിച്ചിരുന്നു എന്നത് ..........
അവരെ ഉൽബോധപ്പെടുത്തുന്നതിന് മാധവരായവർകളുടെ സാന്നിധ്യം സഹായീഭവിച്ചിട്ടുണ്ടെന്നുള്ളതും നിസ്സംശയമാകുന്നു. അദ്ദേഹം രണ്ട്  വർഷംകൊണ്ട് പല ഗുണകരങ്ങളായ കൃത്യങ്ങളും ചെയ്തിരിക്കുന്നു. ശ്രീമൂലം പ്രജാസഭ ഏർപ്പെടുത്തുകയും, വിരുത്തി ഏർപ്പാട് നിരുത്തലിലാക്കുകയും, അമ്പതുവർഷമായി ജനോപദ്രവകരമായിരുന്ന നെൽക്കരമേർപ്പാടു മാറ്റുകയും കലാവിദ്യാശാലകളെ പ്രോത്സാഹിപ്പിക്കുകയും, ക്രിസ്ത്യൻ പള്ളികളുടെ സ്ഥാപനത്തെ സംബന്ധിച്ച് ഒരു വ്യവസ്ഥ ചെയ്യുകയും ചെയ്തിട്ടുള്ളതും ഇതുപോലെയുള്ള  മറ്റുപല സംഗതികളും പ്രജകളുടെ ക്ഷേമാഭിവൃദ്ധിയെ ഉദ്ദേശിച്ചുള്ളവയാകുന്നു. മുൻഗാമികളിൽ  ചിലരെപോലെ സ്ഥിതിസ്ഥാപശീലമല്ലാ, ഉദാരബുദ്ധിത്വമാണ് ഇദ്ദേഹത്തിന് ഇത് എന്ന വസ്തു, നാനാജാതി മതസ്ഥൻമാരായ ഈ നാട്ടിലെ പ്രജകളെ കൂട്ടിയിണക്കി ഭരിക്കുന്നതിന് വരുന്ന ഒരു മന്ത്രിയെ വിശേഷിപ്പിക്കുന്നതാണല്ലോ. രാജ്യഭരണകാര്യത്തിൽ ചെയ്യുവാൻ അടിസ്ഥാനമിട്ട പല പരിഷ്കാരണങ്ങളും ശൈശവത്തിൽ നിന്ന് മേൽഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഇദ്ദേഹത്തിൻെറ വിയോഗം തിരുവിതാംകൂറിന്...... ഹനീയമായുള്ളതല്ലോ. ഈ നാടിന് ആകപ്പാടെ ഒരു ഉണർവ്വും, അഴിമതിക്ക് അല്പം അമർച്ചയും ഉണ്ടാക്കുകയും, അനേകം കുടിയാനവന്മാരുടെ ഭൂസ്വത്തുസംബന്ധമായ ഭാവി ശ്രേയസ്സിന് മാർഗ്ഗം നൽകുകയും ചെയ്ത ഇദ്ദേഹം തിരുവിതാംകൂറിനെ വിടുന്നതിൽ ഞങ്ങൾ അത്യന്തം സഹതപിക്കുകയും, ഇദ്ദേഹത്തിന് ലഭിക്കുന്ന ഉന്നതിയെ വിചാരിച്ച് അനുമോദിക്കുകയും ചെയ്യുന്നു.     


മാധവരായരവർകൾ കേവല രാജിവെച്ചുപോകുന്നപക്ഷം, പകരം, ഒരാണ്ടുകാലത്തേക്ക് നാഗമയ്യരെ തൽക്കാലം നിയമിക്കുവാനാണ് മഹാരാജാവ് തിരുമനസ്സുകൊണ്ട് ശുപാർശ ചെയ്തിരിക്കുന്നത് കേൾക്കുന്നതിനുള്ള വ്യസനം ഞങ്ങൾക്ക് അല്പമല്ല. ഈ സർക്കാരിൽ ഉദ്യോഗം വഹിക്കുന്നവർക്കു കയറ്റം കൊടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമാണെങ്കിലും, തിരുവിതാംകൂറിൽ കൈക്കൂലി, സേവ മുതലായ അഴിമതികളെ തടുത്തു ........വിഷയത്തിൽ മിസ്റ്റർ നാഗമയ്യരെക്കൊണ്ട് മതിയാവുമെന്ന് ഞങ്ങൾക്കഭിപ്രായമില്ല. മിസ്റ്റർ നാഗമയ്യർ തൽക്കാലം ദിവാൻവേദി നോക്കിയിരുന്നപ്പോൾ അല്പം ചൊടി .......ജോലി ചെയ്തു എന്നിരുന്നാൽ തന്നെയും അദ്ദേഹത്തിൻെറ .........ഭരണരീതിക്കൊണ്ട് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ദൃഢവിശ്വാസം അതിനെ അനുകൂലിക്കുന്നില്ല. എന്നു മാത്രമല്ല, മിസ്റ്റർ മാധവരായർ കരുപിടിച്ചിട്ടുള്ള പല പരിഷ്കാരങ്ങളും മിസ്റ്റർ നാഗമയ്യരുടെ അഭിപ്രായത്തിനും യോജിച്ചവയാണെന്ന് ഞങ്ങൾ അറിഞ്ഞിട്ടില്ല. തിരുവിതാംകൂറിന് പഴയ അഴിമതി സ്ഥിതി വരാതിരിക്കണമെങ്കിൽ, ബ്രിട്ടീഷ് സർവ്വീസിൽ നിന്ന് നിക്ഷ്പക്ഷ വാദിയും ഊർജ്വസ്വലനും അനീതിവിരുദ്ധനുമായ ഒരു നല്ല ഉദ്യോഗസ്ഥനാണ് മന്ത്രിയായി വരേണ്ടത്. ഇതിലേക്ക് ആകുന്നു ബഹുജനങ്ങൾ പ്രാർത്ഥിക്കുന്നതും.


You May Also Like