ഇന്ത്യൻ വ്യവസായോദ്ധാരം

  • Published on September 10, 1909
  • By Staff Reporter
  • 438 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഇന്ത്യൻ വ്യവസായങ്ങളുടെ പുനരുദ്ധാരം, വാസ്തവത്തിൽ, ഇന്ത്യൻ ഗൃഹങ്ങളിലെ സ്ത്രീജനങ്ങളെ ആശ്രയിച്ചിരിക്കുന്നതല്ലാതെ, യൂറോപ്പിനെയോ അമേരിക്കയേയോ ജപ്പാനെയോ അത്രമേൽ ആശ്രയിച്ചിരിക്കുന്നില്ലാ. ഇതാണ് കൽക്കത്തയിലെ ഗവർന്മെണ്ടു  വക കരകൗശല വിദ്യാശാലയിൽ മേലാവായിരുന്ന മിസ്റ്റർ ഇ. ബി. ഹാവെൽ, പ്രതിവാദത്തെ ഭയപ്പെടാതെ, വാദിച്ചു കൊണ്ടിരിക്കുന്നത്. മിസ്റ്റർ ഹാവെൽ, ഇന്ത്യയിലെ പഴയ വ്യവസായ സ്ഥിതിയെയും ഇപ്പോഴത്തെ അവസ്ഥയെയും തമ്മിൽ തുലനം ചെയ്ത് മദ്രാസിലെ "ഹിന്തു" പത്രത്തിൽ തുടരെ പലേ ലേഖനങ്ങൾ എഴുതിയിരിക്കുന്നു; ഇനിയും എഴുതിക്കൊണ്ടിരിക്കയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ വ്യവസായ കീർത്തി നശിച്ചത് പാശ്ചാത്യ സമ്പ്രദായങ്ങളുടെ അനുകരണം നിമിത്തമാണെന്ന് അദ്ദേഹം വ്യസനിച്ചു പറകയും, ഇന്ത്യൻ വ്യവസായത്തെ പുനർജീവിപ്പിക്കാൻ ആചരിക്കേണ്ട മാർഗ്ഗങ്ങളെ ഉപദേശിക്കയും  ചെയ്യുന്നു.  ഇപ്പോഴത്തെ സ്വദേശിമതം ......... പ്രാപിക്കുന്നത് സ്ത്രീജനങ്ങളുടെ പ്രഭാവം കൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു. ഇക്കാലത്തെ പഠിപ്പേറിയ പുരുഷന്മാരിൽ എത്രയോ ചുരുക്കം പേർക്കു മാത്രമേ, ഒരു ശില്പത്തിന്‍റെ ഗുണദോഷങ്ങൾ തിരിച്ചറിവാൻ കഴിവുള്ളൂ എന്നും; ഇന്ത്യൻ സ്ത്രീകളുടെ സഹജാതമായ അവബോധത്താലും, ആത്മീയതയാലുമാണ് ഇന്ത്യൻ കലാവിദ്യകളുടെ മാഹാത്മ്യം പൊയ്‌പോകാതിരിക്കുന്നതെന്നും മിസ്റ്റർ ഹാവെൽ പറയുന്നു. ഇന്ത്യൻ വ്യവസായോദ്ധാരത്തിന്‍റെ വിഷയത്തിൽ, സ്വദേശി മതക്കാർ മറുനാടുകളെ ആശ്രയമായി നോക്കുന്നതു കൊണ്ടോ; ഇന്ത്യൻ കലാവിദ്യയെ പുച്ഛിക്കുന്നതു കൊണ്ടോ, വിദേശീയ വ്യവസായികളെയും വിദേശീയ യന്ത്രസാമഗ്രികളെയും തേടുന്നതു കൊണ്ടോ, ജാതിക്കെട്ടിനെ നിന്ദിക്ക കൊണ്ടോ അഭിലാഷപൂർത്തി വരുത്തുവാൻ മാർഗ്ഗമില്ലെന്നും, ഇവയൊക്കെ ഇന്ത്യയെ അതിൻ്റെ സ്വസ്ഥാനത്തിൽ നിന്ന് ഭ്രംശിപ്പിക്കയും, ഇന്ത്യൻ മാതൃകകളെ നശിപ്പിക്കയും ചെയ്യുകയേ ഉള്ളൂ എന്നും മിസ്റ്റർ ഹാവെൽ വ്യസനിക്കുന്നുണ്ട്. നാം ഇന്ത്യൻ കലാവിദ്യയെ സ്നേഹിക്കയും അറിയുകയും ചെയ്യുന്നതായാൽ, ഇപ്പോഴത്തെ തന്നെ അവസ്ഥയിൽ പോലും, ഇന്ത്യൻ തൊഴിലാളിയെക്കൊണ്ടു തന്നെ നമുക്ക് ഭംഗിയായി ഗൃഹം പണിവാനും, വസ്ത്രം നിർമ്മിപ്പാനും കഴിയുന്നതാണെന്നു മനസ്സിലാകും എന്നാകുന്നു മിസ്റ്റർ ഹാവെൽ പറയുന്നത്.  ഇന്ത്യയെപ്പറ്റി സ്നേഹം കുറകയാൽ തന്നെയാണ് ഇന്ത്യക്കാർ വിദേശീയരുടെ അധീനതയിൽ പെടുവാൻ സംഗതിയായിട്ടുള്ളത്. ഇപ്പോഴും ഇന്ത്യയുടെ പുനരുദ്ധാരത്തിനു ശ്രമിക്കുവാൻ യാതൊരു വൈഷമ്യവും തോന്നേണ്ടതില്ലെന്നും, ഇതിലേക്കു വേണ്ടത്, പണ്ടത്തെ മാതിരിയിലുള്ള ജാതിക്കെട്ടിനെ അധിഷ്ഠാനപ്പെടുത്തി, അതാവിത്, പരസ്പര സഹായത്തെയും അനുകമ്പയെയും ആധാരപ്പെടുത്തി തൊഴിലുകളെ പോഷിപ്പിക്കയാണെന്നും മിസ്റ്റർ ഹാവൽക്കു അഭിപ്രായമായിരിക്കുന്നു. ഇന്ത്യയിലെ പണ്ടത്തെ ധർമ്മശാസ്ത്രകർത്താക്കന്മാർ ചാതുർവ്വർണ്ണൃത്തെ ഏർപ്പെടുത്തിയപ്പോൾ അവരുടെ ഉദ്ദേശം ആ ഏർപ്പാടു ജനസമുദായങ്ങൾ തമ്മിലും ജാതികൾ തമ്മിലും അന്യോന്യം സംസർഗ്ഗത്തിനു പ്രതിബന്ധമായി തീരേണമെന്നല്ലായിരുന്നു; എന്നാൽ, ഹിന്തുമതാനുയായികളെല്ലാമുൾപ്പെട്ട ആ മഹാകുടുംബത്തെ അന്യോന്യം സഹായികളെന്ന നിലയിൽ കൂട്ടിയിണക്കണമെന്നായിരുന്നു. ഈ മഹാ കുടുംബത്തിലെ അംഗമായ ഓരോ ജാതിക്കും ഓരോ പ്രവൃത്തിയെ നിശ്ചയിച്ചിരുന്നു എന്നു വച്ച് അവർ അനന്യാശ്രയരായി ജീവിതയാപനം ചെയ്യാൻ അവരെ ധർമ്മശാസ്ത്രങ്ങൾ ആജ്ഞാപിച്ചിട്ടില്ലാ. പിതാവു കുലപതിയായിരുന്നു; അയാളുടെ കടമ ശത്രുക്കളിൽ നിന്ന് കുടുംബത്തെ രക്ഷിക്കാനും, സമാധാനകാലങ്ങളിൽ ഉപജീവനത്തിനുള്ള പദാർത്ഥങ്ങളെ സംഭരിക്കാനും ആയിരുന്നു. പുത്രന്മാർ പലേ കലാവിദ്യകൾ ശീലിച്ച് ആ തൊഴിലുകളെയും ആചരിച്ചിരുന്നു. ഗൃഹത്തിലെ മാതാവും, പുത്രിമാരും, ഗൃഹത്തെ അലങ്കരിക്കുന്നതിലേക്കും, വസ്ത്രധാരണത്തിനു വേണ്ടുന്നവ നെയ്തുണ്ടാക്കുന്നതിലേക്കും; ദാസന്മാർ ഭൃത്യവേലയ്ക്കും ഉത്സാഹിച്ചിരുന്നു. ഈ പരസ്പര സഹായവ്യവസ്ഥയിൽ തന്നെ കഴിച്ചിരുന്ന കാലമത്രയും, ഇന്ത്യയ്ക്കു ശ്രേഷ്ഠതയും പ്രാബല്യവും ഉണ്ടായിരുന്നു. എന്നാൽ, കുലപതിയായ പിതാവ് തൻ്റെ മതകർമ്മങ്ങൾ കൊണ്ട് തനിക്ക് കുടുംബത്തിലെ മറ്റു അംഗങ്ങളെക്കാൾ ഉൽകൃഷ്ഠതയും പവിത്രതയും ഉണ്ടെന്നും; അതിന്മണ്ണം, ഓരോരുത്തരും, ഓരോ ജാതിക്കാരും തൻ്റെ പ്രവൃത്തികൾ ചെയ്‌കയല്ലാതെ അന്യരെ സഹായിക്കയും അനുകമ്പ കാട്ടുകയും ചെയ്യേണ്ട കടമയില്ലെന്നും ഏതൊരു കാലത്ത് വിചാരിച്ചുവോ, അന്നുമുതൽ ഇന്ത്യയുടെ പ്രാബല്യം ക്ഷയിച്ചു. കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള സംസർഗ്ഗം നശിച്ചതോട് കൂടി, ഇന്ത്യ വിദേശീയരുടെ (*)  ചെന്നു ചാടി നശിച്ചു...........  അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, ജാതിവ്യവസ്ഥ കേവലം ദോഷയുക്തമായുള്ളതല്ലാ; ഇന്ത്യയുടെ തൊഴിലുകളെയും, കലാവിദ്യയെയും, ഇപ്പോഴത്തെ ദുർദ്ദശയിൽ   ചരമത്തിൽ നിന്നു രക്ഷിച്ചു പോന്നിട്ടുള്ളത് ജാതിവ്യവസ്ഥയുടെ നിലനില്പാണ്. ജാതിവ്യവസ്ഥയെ നിശ്ശേഷം തട്ടിക്കളവാൻ പാടില്ലാ എന്നും; ഇന്ത്യൻ തൊഴിലുകളെയും ശില്പകലകളെയും പഴയ മാതൃകയിൽ ഉദ്ധരിപ്പിക്കുന്നതിന് തക്കവണ്ണം, പരസ്പരസഹായവ്യവസ്ഥയിൽ ജാതിമഹാകുടുംബത്തെ ഉദ്ധരിച്ച്, അതിനെ ശുദ്ധാശുദ്ധ വിചാരങ്ങളും മറ്റും ബാധിക്കാത്ത വിധത്തിൽ, വ്യവസായി സംഘമായി പ്രബലപ്പെടുത്തേണമെന്നുമാണ് മിസ്റ്റർ ഹാവെലിൻ്റെ ആഗ്രഹം എന്ന് വിചാരിക്കുന്നു. 


(*)missing 

You May Also Like