ജാമ്യ വിചാരം
- Published on July 08, 1908
- By Staff Reporter
- 1320 Views
മിസ്റ്റർ ബാലഗംഗാധര തിലകന്റെ മേൽ, രാജദ്രോഹക്കുറ്റം ആരോപിച്ച്, ബംബയിൽ വെച്ച് നടത്തുവാൻ തുടങ്ങിയിരിക്കുന്ന കേസ്സ്, പ്രസിഡൻസി മജിസ്ട്രേറ്റിനാൽ, സെക്ഷൻ കോടതിയിലേക്കു കമ്മിറ്റു ചെയ്യപ്പെട്ടിരിക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തെ ജാമ്യത്തിൽ വിടേണ്ടതിനു, ഹൈക്കോടതി മുമ്പാകെ ചെന്ന അപേക്ഷകയെ ജസ്റ്റിസ് ഡേവർ തള്ളിയിരിക്കുന്നു എന്നുള്ള വർത്തമാനം പലർക്കും ആശ്ചര്യത്തെയും സന്താപത്തെയും സൃഷ്ടിച്ചിട്ടുണ്ട്. മിസ്റ്റർ തിലകൻ, രാജ്യാന്തര കാര്യങ്ങളിൽ ഏതു തരം അഭിപ്രായക്കാരനായിരുന്നാലും, അദ്ദേഹത്തിന്റെ കേസരി പത്രത്തിലെ ലേഖനങ്ങൾ ജാമ്യം അനുവദിക്കാൻ പാടില്ലാത്ത വിധം രാജ്യദോഹകരമാണെന്ന് സ്ഥാപിക്കുന്നതിനു ഇനിയും വേണ്ടുവോളം തെളിവു വിചാരണകൾ കഴിഞ്ഞിട്ടില്ലെന്നുള്ള സംഗതി മുഖ്യമായി ഗണിക്കപ്പെടേണ്ടതാണല്ലോ. ബംബാ സ്സ്ഥാനത്തിലെ പൊതുജന പ്രമാണികളിൽ വളരെ പ്രാധാന്യം സിദ്ധിച്ചിട്ടുള്ള മിസ്റ്റര തിലകരുടെ രോഗാവസ്ഥയും അദ്ദേഹത്തിനു കേസ് വിചാരണയിൽ നിന്ന് ഒഴിഞ്ഞു പൊയ്ക്കളയുവാൻ പ്രേരകമായി യാതൊരു സംഗതിയും ഇല്ലാത്ത വസ്തുതയും, കേസ്സിലെ തെളിവിന്റെ തൽകാല നിലയും മറ്റും നോക്കി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുവാൻ, വക്കീൽ അപേക്ഷിച്ചു എങ്കിലും, ജഡ്ജി അതിനെ അനുവദിക്കുവാൻ നിർവ്വാഹമില്ലെന്നാണ് ഉത്തരവിട്ടത്. ഇന്ത്യയിൽ രാജദ്രോഹക്കുറ്റം ചുമത്തി പിടിക്കപ്പെട്ടിട്ടുള്ള പലേ പത്രപ്രവർകന്മാരെയും, ഇതിന്മണ്ണം ജാമ്യത്തിൽ വിടാതെ തടവിൽ പാർപ്പിക്കാൻ ജഡ്ജിമാർ തീരുമാനിക്കുന്നതു പരിതാപകരമായ സംഗതിയാകുന്നു. ഭരണീയ പ്രജകളെ ഗവൺമെന്റുമായി ഛിദ്രിപ്പിക്കുന്നതിനു മനപ്പൂർവ്വമായി ഒതുങ്ങി, അപ്രകാരമുള്ള ലേഖനങ്ങളും പ്രസംഗങ്ങളും പ്രയോഗിക്കുന്നരെയും, ഗവൺമെന്റിന്റെ നടപടികളെപ്പറ്റി, കഠിനമായിട്ടാണെങ്കിലും, ഗുണദോഷ വിവേചനം ചെയ്ത് ലേഖനങ്ങൾ പ്രസിദ്ധമാക്കുന്നവരെയും തുല്യമായി വിചാരിക്കുന്നതായാൽ, നാട്ടിൽ എപ്പോഴും രാജ്യദ്രോഹ ക്രിമിനൽ കേസുകൾക്കൊണ്ടുള്ള ക്ലേശം ബഹളമായി തീരുവാനാണ് എളുപ്പമുള്ളത്. പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ രാജ്യദ്രോഹകങ്ങളാണോ അല്ലയോ എന്നുള്ളതിനെപ്പറ്റി അഭിപ്രായഭേദങ്ങൾ ഉണ്ടായിക്കാണുന്നത് രാജദ്യോഹം എന്നതിന്റെ അതിരുകളെ നിശ്ചിതമായി പറിച്ചൊടിക്കായ്കയാലാകുന്നു, എന്ന് ഇന്ത്യയിലെവിടെയും ഇപ്പോൾ ഒരു പൊതുവായ ഒരു ആക്ഷേപം പറഞ്ഞു വരുന്നുണ്ട്. രാജ്യദ്രോഹത്തിന്റെ വ്യാഖ്യാനം ഓരോരുത്തനു തോന്നിയതു പോലെയാക്കാമെന്നു വന്നാൽ ലേഖനകർത്താക്കന്മാരുടെ വാക്കുകളുടെ ഉള്ളിനെ ശരിയായി അറിയുന്നതിന് ശ്രദ്ധ വയ്ക്കാതിരിക്കുകയോ, ബുദ്ധി സാമർത്ഥ്യമില്ലാതിരിക്കുകയോ ചെയ്യുന്നവർക്ക്, വർത്തമാന പത്രങ്ങളിൽ രാജ്യഭരണ സംബന്ധമായി പ്രതിപാദിക്കുന്ന ഗുണദോഷ നിരൂപണങ്ങളിൽ രാജ്യദ്രോഹശങ്ക സാധാരണമായി വരാവുന്നതാണ്. രാജദ്രോഹം മുതലായ കോസുകളിൽ അന്യായം ബോധിപ്പിക്കുന്നതിന് പ്രതിയെപ്പോലെ പൗരത്യത്തെ മാത്രം വഹിക്കുന്ന ഒരുവനല്ലാ ഉദ്യമിക്കുന്നത്. എന്നിരിക്കയാൽ, പോലീസ് ഉദ്യോഗസ്ഥന്മാരുടെയോ മജിസ്ട്രേറ്റിന്റെയോ മനോധർമ്മം പോലെ തോന്നാവുന്ന ശങ്കയെ പരിശോധിപ്പിക്കാൻ അവർക്കു തരമില്ലാ. പാലപ്പൊഴും, ഈ ചെറുതരം ജീവനക്കാർ നിയമതത്വങ്ങളെ നല്ലവണ്ണം പാണ്ഡിത്യം സമ്പാദിച്ചവരോ ആയിരുന്നില്ലെന്നു വരാം. ഇപ്രകാരമുള്ള അവസ്ഥകളിൽ, രാജദ്രോഹക്കുറ്റം ആരോപിച്ചു പിടിക്കപ്പെടുന്നവരുടെ സ്ഥിതിയെപ്പറ്റിയും മറ്റും നിഷ്പക്ഷപാതമായും നീതിയ്ക്കനുസരണമായും ചിന്തിച്ച് പ്രവർത്തിക്കേണ്ടത് ജഡ്ജിമാരുടെ ധർമ്മം ആകുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ അസ്വസ്ഥാവസ്ഥയിൽ, ജഡ്ജിമാരുടെ മനസ്സിനുണ്ടായിരിക്കേണ്ടുന്ന അചഞ്ചലത്വം തന്നെയാ ചഞ്ചലപ്പെട്ടുപോവാനിടയുണ്ട് എന്നിരിക്കയാലാണ്, പലേ കേസ്സുകളിലും ജഡ്ജിമാർ നിയമപ്രകാരമുള്ള ശിക്ഷയുടെ പരമാവധി വിധി കല്പിച്ചു വരുന്നത് എന്ന് സന്ദേഹമുണ്ട്. ജാമ്യം അനുവദിക്കുന്ന വിഷയത്തിലും, ഈ ചഞ്ചലത്വം ചിലരെ ബാധിക്കാറുണ്ട്. ഇങ്ങനെയാകുന്ന പക്ഷം, ചിലപ്പോൾ നിരപരാധികളായിരിക്കാവുന്ന ആളുകളെ വെറുതേ തടവിലിട്ടു കഷ്ടപ്പെടുത്തി എന്നു വരാം. നീതിയുടെ സ്വഭാവത്തിന്, ഇങ്ങനെ സംഭവിക്കുന്നതു വളരെ അനുചിതവുമാകുന്നു. മിസ്റ്റർ തിലകരുടെ പക്ഷത്തേക്കു ജാമ്യമനുവദിക്കേണ്ടതിനു വക്കീൽ ബോധിപ്പിച്ച ന്യായങ്ങൾ 1897 ൽ മിസ്റ്റർ തിലകരുടെ മേൽ നടന്ന കേസിൽ, ജസ്റ്റിസ് തിയാബ് ജി എഴുതീട്ടുള്ള ന്യായങ്ങളെ കൂട്ടിച്ചേർത്തുള്ളവയായിരുന്നു. ഒരാൾ കുറ്റക്കാരനാണെന്ന് സിദ്ധവൽക്കരിക്കുന്നതിന് മുമ്പായി, അയാളെ ന്യായമായി വിചാരണ ചെയ്യുകയും കുറ്റക്കാരനെന്നു കാണുകയും ചെയ്തിരിക്കണമെന്നുള്ളത് മുഖ്യമായ ഒരു നിയമ തത്വമാകുന്നു. പ്രതിയായി പിടിക്കപ്പെട്ട ആൾ ഒളിച്ചോടി പൊയ്ക്കളയുകയോ, വിചാരണ സമയം കോടതിയിൽ, ഹാജരാകാതിരിക്കുകയോ ചെയ്ത നിമിത്തമായി, നീതി നടത്തുന്നത് സാധ്യമാകാതെ വന്നുകൂട എന്നുള്ളതു മറ്റൊരു നിയമപ്രമമാണറുമാകുന്നു. ഇതിനെ ആധാരാമാക്കിയാണ്, സാധാരണയായി, ജാമ്യം അനുവദിക്കുന്ന വിഷയം തീരുമാനിക്കപ്പെടുന്നത്. സദാചാരദോഷത്താൽ കളങ്കിതനായ ഒരുവനെ സംബന്ധിച്ച് ജാമ്യം എടുക്കാതെയിരിക്കുന്നത് സമാധേയമായി വരാം. എന്നാൽ, ഗവൺമെന്റിന്റെ നീതിപരിപാലനത്തെ തോല്പിക്കുന്നതിന് നാടു വിട്ട് ഒളിച്ചോടുകയോ, വിചാരണക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുവാൻ സംഗതിയില്ലാത്തവരെ അപ്രകാരം ജാമ്യം എടുക്കാതെ തടവിൽ പാർപ്പിക്കുന്നതിലേക്ക് ആവശ്യമുണ്ടോ എന്നതു സംശയഗ്രസ്തമാകുന്നു ജാമ്യത്തിൽ വിടുന്ന കാര്യത്തിൽ ഗവൺമെന്റിന് അന്യഥാശങ്ക വേണ്ടാത്ത സംഗതികളിൽ, പൊതുജന പ്രമാണികളെ ജാമ്യത്തിൽ വിടാതിരിക്കുന്നതായാൽ, ബഹുജനങ്ങളുടെ ഇടയിൽ ഭയം കൊണ്ടു അസ്വസ്ഥത ശമിക്കുക എന്നതിനു പകരം, നൈരാശ്യത്താൽ അസന്തോഷം ഉണ്ടാവുകയല്ലയൊ അധികം സംഭാവ്യം എന്നത് ചിന്തിക്കേണ്ട വിഷയമാകുന്നു.
പത്രം അച്ചടിക്കാറായപ്പോൾ, ചാല ലഹളക്കേസിന്റെ ഇന്നത്തെ വിചാരണ പ്രാരംഭത്തെക്കുറിച്ച് ഞങ്ങളുട പ്രധിനിധിയുടെ റിപ്പോർട്ട് കിട്ടുകയും, അതു മറ്റൊരു പംക്തിയിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇക്കേസിലെ പ്രതികളിൽ പലർക്കും ജാമ്യമനുവദിക്കേണ്ട ആവശ്യത്തെപ്പറ്റി പ്രതിഭാഗം വക്കീലന്മാർ വാദിച്ച ന്യായങ്ങളൊക്കെ നിഷ്ഫലമായി എന്നു റിപ്പോർട്ടിനാൽ അറിയുന്നു. പ്രതി വക്കീലന്മാരുടെ ബലമേറിയവയും പ്രത്യക്ഷമായി ന്യായ ഗർഭവുമായ വാദങ്ങൾ കേട്ടിട്ടും, ജാമ്യം അനുവദിക്കുന്നതിനു കോടതിക്ക് മനസ്സു വരാത്തതിനെപ്പറ്റി പലർക്കും വ്യസനമാണുള്ളത്. ഞങ്ങളുടെ റിപ്പോർട്ടിൽ കാണപ്പെടുന്നവയും പ്രതിവക്കാലന്മാരാൽ വാദിക്കപ്പെട്ടവയുമായ ന്യായങ്ങൾ കാര്യബോധമുള്ള വായനക്കാരുടെയും, വിശേഷിച്ച്, നിയമ ശാസ്ത്രജ്ഞന്മാരുടെയും ഗൗരവപ്പെട്ട ആലോചനക്കു വിഷയീഭവിക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.