ചെലവിനു കൊടുപ്പിച്ചു
- Published on July 31, 1907
- By Staff Reporter
- 857 Views
നീറമൺക്കരക്കാരി ഒരു നായർ സ്ത്രീയെ, ആ സ്ത്രീയുടെ ഭർത്താവ് രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായതിൽ പിന്നീട് കാരണം കൂടാതെ ഉപേക്ഷിച്ചതിനാൽ, കുട്ടികൾക്കു ഭർത്താവിനെക്കൊണ്ട് ചെലവിനു കൊടുപ്പിക്കണമെന്നു, സ്ഥലം 1-ാം ക്ലാസ്സ് മജിസ്ട്രേറ്റിൻ്റെ മുമ്പാകെ മേല്പടി സ്ത്രീ ബോധിപ്പിച്ച അന്യായത്തെ, മിസ്റ്റർ രംഗനാഥയ്യർ തള്ളിക്കളഞ്ഞതിന്മേൽ, ഹൈക്കോടതിയിൽ പരിശോധന അപ്പീൽ കൊടുത്തതിൽ പ്രതിമാസ രൂപ ശമ്പളക്കാരനായ ഒരു കൺസർവെൻസി പ്യൂൺ ആകയാൽ, അയാൾ പ്രതിമാസം ഒരു രൂപ വീതം തൻ്റെ കുഞ്ഞുങ്ങൾക്കു ചെലവിനു കൊടുക്കണമെന്ന് മെസ്സേഴ്സ് സദാശിവയ്യരും ഹണ്ടും കൂടി വിധിച്ചിരിക്കുന്നു.
വേറൊരു കേസ്സ്
പുഷ്പാഞ്ചലി സ്വാമിയാർ ഒരു കാര്യം ശട്ടം കെട്ടുന്നതിലേക്ക്, തൻ്റെ കാര്യസ്ഥന്മാരിൽ ഒരാളുടെ വശം മൂവായിരം രൂപ കൊടുത്തയച്ചതിൽ, അയാൾ രണ്ടായിരം രൂപ ഒരു സേവനു കൊടുത്തു കാര്യം സാധിക്കുകയും, ആയിരം രൂപ സ്വന്തം ഉപയോഗത്തിനു എടുത്തുകൊള്ളുകയും ചെയ്തതായി ഒരു കേസ്സുണ്ടായിരിക്കുന്നു. ഈ സ്വാമിയാർക്ക് ഇക്കുറി പതിവിൽ കൂടുതലായി 6 കൊല്ലങ്ങൾക്കു പകരം 12 കൊല്ലങ്ങൾ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നും മറ്റുമുള്ള രഹസ്യ സംഗതി, ഈ കേസ്സ് ശരിയായി നടക്കുന്ന പക്ഷം, അതിൻ്റെ പരിണാമത്തിൽ പക്ഷേ വെളിവാക്കുന്നതാണ്.