ഒരുമഹാൻ്റെ ചരമം

  • Published on August 08, 1906
  • Svadesabhimani
  • By Staff Reporter
  • 65 Views

ഇന്ത്യയിൽ ഇക്കാലത്തുള്ള സ്വദേശ സ്നേഹികളിൽ പ്രഥമഗണനീയനായ ഒരു മഹാൻ ഈയിടെ കാലധർമ്മം പ്രാപിച്ചിരിക്കുന്നു. ഡബ്ലിയൂ. സി. ബാനർജി അവർകൾ ഇക്കഴിഞ്ഞ ജൂലൈ 21 നു ഇംഗ്ലണ്ടിൽ വച്ച് മരിച്ചുപോയി എന്നുള്ള വർത്തമാനം ഇന്ത്യക്കാർക്കു ഏറ്റവും മനോദുഖത്തിന് ഹേതുവാകുന്നു. ഇദ്ദേഹം ബംഗാളിയും ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി, അവിടെ തന്നെ വിവാഹം കഴിച്ചു കുടുംബത്തോടെ പാർത്തിരുന്ന ആളാണ്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ പ്രാരംഭ കർത്താക്കളിൽ ഒരാളാണ് മിസ്റ്റർ ബാനർജി. ആ സഭയ്ക്ക് അദ്ധ്യക്ഷനായും സെക്രട്ടറിയായുമിരുന്നു, തൻ്റെ ആയുസ്സിനെയും ധനത്തെയും മനസ്സിനെയും തീരെ ലോഭം കൂടാതെ വ്യയം ചെയ്തു. ഇന്ത്യയോടുള്ള കടമയെ കഴിയുന്നിടത്തോളം ഉത്തമരീതിയിൽ നിറവേറ്റിയ ഇദ്ദേഹം, ബാരിസ്റ്റർ വേലയിലിരുന്ന് ഏറെ കീർത്തിയും ധനവും നേടിയിരുന്നു. ഇന്ത്യയിലിരുന്നപ്പോഴും ഇംഗ്ലണ്ടിൽ പാർത്തപ്പോഴും തൻ്റെ വിചാരം ഇന്ത്യയെക്കുറിച്ചായിരുന്നു. ഇന്ത്യയുടെ ഗുണങ്ങളെ ഉദ്ദേശിച്ച് പല പാർലമെൻ്റ് സാമാജികന്മാരെയും ഇന്ത്യയുടെ പക്ഷക്കാരാക്കുകയും, "ഇന്ത്യ" എന്ന പത്രിക സ്ഥാപിക്കയും, ഇന്ത്യയുടെ സ്ഥിതിയെപ്പറ്റി ഇംഗ്ലീഷുകാർക്ക് അധികം അറിവുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഉൽപതിഷ്ണകക്ഷിക്കാരേക്കൊണ്ടേ ഇന്ത്യക്കു ഗുണം ഉണ്ടാവൂ എന്നു അഭിപ്രായപ്പെട്ടിരുന്ന ഇദ്ദേഹം, ഈ അവസരത്തിൽ മരിച്ചുപോയത് ഇന്ത്യക്കു ഒരു വലിയ ഭാഗ്യദോഷം തന്നെയാകുന്നു. ഇന്ത്യയിൽ വർത്തമാന പത്രങ്ങൾക്കു അഭിപ്രായം തുറന്നു പറവാൻ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഇദ്ദേഹം ആദ്യ കാലങ്ങളിൽ എന്തു മാത്രം പരിശ്രമിച്ചു എന്നത് "ബംഗാളി" പത്രത്തിൻ്റെ പൂർവ്വ ചരിത്രങ്ങളാൽ സ്പഷ്ടമാണ്. ഇദ്ദേഹത്തിനു ആരോഗ്യക്കേടില്ലായിരുന്നുവെങ്കിൽ, ബ്രിട്ടീഷ് പാർലമെൻ്റ് സാമാജിക സ്ഥാനം കിട്ടുവാൻ ഉദ്യമിക്കുമായിരുന്നു എന്നാണ് അറിയുന്നത്. സുഖക്കേട് തുടങ്ങീട്ട് കുറെക്കാലമായി എങ്കിലും, അപ്പോഴപ്പോൾ ഉള്ള വർത്തമാനം കൊണ്ട്, സുഖക്കേട് ഭേദപ്പെടുന്നുണ്ടെന്നാണ് നാട്ടുകാർ വിശ്വസിച്ചിരുന്നത്. ഇത്ര പെട്ടെന്ന് ഇദ്ദേഹം പരലോക പ്രാപ്തനാകുമെന്ന് ആരും ശങ്കിച്ചിരുന്നില്ലാ.       

You May Also Like