വേൽസ് രാജകുമാരനും മുഹമ്മദീയരും

  • Published on March 14, 1906
  • Svadesabhimani
  • By Staff Reporter
  • 282 Views

Prince of Whales (King Edward Vii) visited "Mohammaden Anglo Oriental College" - currently Aligarh Muslim University, on March 8, 1906. His highness was received by many dignitaries like collector Left. Governor Agha Khan.


ബ്രിട്ടീഷ് സാമ്രാജ്യത്തിലെ യുവരാജാവായ വേൽസ് രാജകുമാരൻ മദിരാശി സംസ്ഥാനത്തെ സന്ദർശിച്ച ശേഷം, മൈസൂർ, ഹൈദരാബാദ്, ഗ്വാളിയാർ, കാശി മുതലായ സ്ഥലങ്ങളിൽ സഞ്ചരിക്കയും, ചിലയിടങ്ങളിൽ വേട്ടയാട്ടം കൊണ്ട് ഉല്ലാസപൂർവ്വം കാലയാപനം ചെയ്കയും ചെയ്തിട്ട്, ഈ മാർച്ച് 8 - ാംതീയതി അലിഗറിൽ എത്തി അവിടെ മുഹമ്മദീയരുടെ വകയായ "മുഹമ്മദൻ ആംഗ്ലോ ഓറിയൻ്റൽ കോളേജ് " എന്ന മഹാപാഠശാലയെ സന്ദർശിച്ചിരിക്കുന്നതായി കാണുന്നു. വലിയ ആഡംബരങ്ങൾ കൂടാതെ നടത്തുവാൻ വിചാരിച്ചിരുന്ന കോളേജ് സന്ദർശനം എല്ലാ വിധത്തിലും ഒരു ഘോഷയാത്രയുടെ പരിസമാപ്തി ആയിട്ടാണ് കലാശിച്ചതെന്ന് റിപ്പോർട്ടുകളിൽ പ്രസ്താവിച്ചിരിക്കുന്നു. രാജകുമാരനെയും പത്നിയെയും ഏറെ കോലാഹലത്തോട് കൂടി സൽക്കരിക്കുവാൻ കലക്ടർ , ലിഫ്റ്റിനൻ്റ്  ഗവർണ്ണർ, ആഗാ ഖാൻ  അവർകൾ മുതലായ പല മാന്യന്മാരും അവിടെ ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെ ആർപ്പുവിളികളുടെ ഇടയിൽ അഥിതികൾ  കോളേജിനോട് ചേർന്ന പല സ്ഥാപനങ്ങളെയും സന്ദർശിക്കുകയും, അവിടത്തെ നടപടികളെ അന്വേഷിക്കയും ചെയ്തിരിക്കുന്നു. ഇന്ത്യയിലെ ആറ് കോടി മുഹമ്മദീയ ജനങ്ങളുടെ പൊതുവിലുള്ള ഉൽക്കർഷത്തിനു വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഈ കോളേജിൻ്റെ  ചരിത്രം യുവരാജാവ് തിരുമനസ്സിലേക്കും കൂടെയുള്ളവർക്കും ഏറ്റവും കൗതുകപ്രദമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ക്വെറ്റായിലേക്ക്  എഴുന്നള്ളുന്ന മാർഗ്ഗത്തിൽ അലിഗറിലെ മുഹമ്മദീയ മഹാപാഠശാലയെയും അതിൻ്റെ ലളിതപദങ്ങളെയും അന്വേഷിച്ചറിയാൻ തിരുമനസ്സ്കൊണ്ട് നിശ്ചയിച്ചതു മുഹമ്മദീയരുടെ നേർക്ക് .......... മുഹമ്മദീയ സമുദായത്തിൻ്റെ വിദ്യാഭ്യാസസംബന്ധമായും, മറ്റും ഉള്ള അപകർഷത്തെ കണ്ട് അനുശോചിച്ച്, അതിൻ്റെ പരിഹാരത്തിന് അലിഗറിൽ വച്ച് അല്പാരംഭമായി നടത്തിത്തുടങ്ങിയ പാഠശാലയാണ് ഇന്ന് അലിഗർ ആംഗ്ലോ ഓറിയൻ്റൽ കോളേജ് ആയിത്തീർന്നിരിക്കുന്നതും, അടുത്ത ഭാവിയിൽ മുഹമ്മദീയ സർവ്വകലാശാലയാക്കുവാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെമെന്ന് ഈ അവസരത്തിൽ ഓർക്കേണ്ടുന്നതാകുന്നു. വിദ്വാനം സ്വവർഗ്ഗത്തിൻ്റെ  ഉന്നതിയിൽ സ്പൃഹയാലുവുമായിരുന്ന സർ സയ്യിദ് അഹമ്മദ് അവർകളുടെ മുഖ്യമായ ഉത്സാഹത്തിൻ്റെ ഫലമാകുന്നു ഈ സ്ഥാപനം.  കിഴക്കൻ രാജ്യങ്ങളിലെ പഴയസമ്പ്രദായം അനുസരിച്ചുള്ള വിദ്യാഭ്യാസംകൊണ്ട് മുഹമ്മദീയർക്ക് ഇപ്പോഴത്തെ കാലത്ത് ഇതരസമുദായങ്ങളോട് കിടനിൽക്കുവാൻ സാധിക്കുന്നതെല്ലാം, നവീനശാസ്ത്രങ്ങളെ അഭ്യസിച്ചാലല്ലാതെ. ലോകപരിഷ്കാരഗതിയിൽ ഈ സമുദായം ഗണ്യമായ നിലയെ പ്രാപിക്കുന്നതല്ലെന്നും അദ്ദേഹത്തിന് ബോധ്യപ്പെടുകയും, അതിന്മണ്ണം, അനേകം പൂർവ്വാചാരതല്പരന്മാരുടെയും പരപ്രത്യയനേയ ബുദ്ധികളുടെയും പ്രതിബന്ധങ്ങളെ വകവെക്കാതെ, പലരുടെയും പരിഹാസങ്ങളെ സഹിച്ച്, ഏതാനും കൂട്ടരോട് കൂടി പാഠശാലസ്ഥാപിക്കുകയും ചെയ്തു. മുഹമ്മദീയ ജനങ്ങൾക്ക് ആകമാനം, ഒരു മധ്യസ്ഥമാകലായിരുന്നു അലിഗറിൽ തന്നെ, സർ സയ്യിദ് അഹമ്മദ് അവർകൾ, തൻ്റെ പ്രതീക്ഷകളുടെ ബീജമായ ചെറിയ പാഠശാലയെ സ്ഥാപിക്കണമെന്ന് ഉറച്ചത്. അവിടെ മുമ്പ്  സൈന്യങ്ങൾ പാർത്തിരുന്ന കെട്ടിടങ്ങളും വെറുതെ കിടന്നു. ഇവയിൽ ഒന്നിൽ പാഠശാല സ്ഥാപിച്ചുകൊണ്ട്, അദ്ദേഹം തൻ്റെ ആഗ്രഹപ്രകാരമുള്ള മഹാപാഠശാലയ്ക്ക് യത്നം ചെയ്തുതുടങ്ങി. ഈ കോളേജ് സദാചാരണങ്ങളെയും, മഹാമനസ്കതയെയും, ഉദാരവിദ്യയേയും പ്രചരിപ്പിക്കുന്ന ഒരു സർവ്വകലാശാലയായിത്തീരുമെന്നുകൂടി അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. പല തടസ്സങ്ങളുടെയും ഇടയിൽ അദ്ദേഹത്തെ സഹായിക്കുവാൻ മിസ്റ്റർ തിയോഡർബെക്ക് മുതലായ ചില മഹാന്മാരും തയ്യാറായിരുന്നു.       ക്രമേണ വിദ്യാർത്ഥികൾ അധികമായിട്ട് പാഠശാലയിൽ സ്ഥലം പോരാ എന്നുള്ള ന്യൂനത വർധിക്കുകയും അതിനെ പരിഹരിക്കത്തക്കവിധം ബഹുജനങ്ങളുടെ ധനസഹായത്താൽ മഹാപാഠശാല സ്ഥാപിക്കുകയും ചെയ്ത ശേഷം ഇപ്പോൾ അദ്ദേഹത്തിൻ്റെ ആശയത്തെ യാഥാർത്ഥമാക്കത്തക്ക നില എത്തിയിരിക്കുന്നു. ഈ മഹാപാഠശാലയിൽ, ചെയ്തിട്ടുള്ള ഏർപ്പാടുകൾ ഇംഗ്ലണ്ടിലെ സർവ്വകലാശാലകളിലുള്ളമാതിരിയാകുന്നു.  വിദ്യാർത്ഥികളുടെ പാർപ്പ് കോളേജ് വക വിദ്യാർത്ഥി സത്രങ്ങളിലാകുന്നു. അവരുടെ മേൽവിചാരത്തിന് പ്രത്യേകം ആളുകളെ നിയമിച്ചിട്ടുണ്ട്. അവർക്ക് പലവിധ വിനോദങ്ങൾക്ക് ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. ഷീറാസ്, ടെഹ്റാൻ, ബുഷ്വെയർ, പെഷവാർക്വെറ്റാ, ബംഗാൾ, ബോംബെ, വടക്കേ ഇന്ത്യ, ഹൈദരാബാദ്, മൈസൂർ, മദ്രാസ്, ബർമ്മ മുതലായ പല ഭാഗങ്ങളിൽ നിന്നും മുഹമ്മദീയ വിദ്യാർത്ഥികൾ ഇവിടെചേർന്നു പഠിക്കുന്നുണ്ട്. ഈ കോളേജിൽ പഠിച്ച് പരീക്ഷകൾ ജയിച്ച് പോയിട്ടുള്ള ആളുകൾ പലരും ഉന്നതസ്ഥിതിയിൽ എത്തിയിട്ടുമുണ്ട്. കോളേജിൻെറ ഇപ്പോഴത്തെ സ്ഥിതിയെ പരിഷ്കരിക്കുവാൻ വേണ്ടയത്നങ്ങളും ചെയ്തു വരുന്നുണ്ട്. ഇതിനെ ഒരു സർവ്വകലാശാലയാക്കുവാൻ ആഗഖാൻ അവർകളും മറ്റുള്ള മാന്യന്മാരും ചെയ്തു വരുന്ന ഉത്സാഹം അല്പമല്ലാ. നമ്മുടെ ജനങ്ങൾക്ക് വിദ്യാഭ്യാസ സംബന്ധമായും സദാചാരസംബന്ധമായും ഒരു തലസ്ഥാനത്തെ ഉണ്ടാക്കേണ്ടതാകുന്നു. ഉത്തമാഭിപ്രായങ്ങളുടെയും, ഉന്നതമാതൃകകളുടെയും വാസസ്ഥാനമായ ഒരു പട്ടണമാണ് നമുക്ക് ആവശ്യം. ഇന്ത്യയിലും, ഇന്ത്യയ്ക്ക് പുറമെയും ഉള്ള മുസൽമാന്മാരുടെ ഇടയിൽ ജ്ഞാനദീപത്തെ പ്രചരിപ്പിക്കുന്ന ഒരു കേന്ദ്രസ്ഥാനമാണ് ആവശ്യം, എന്ന് ആഗഖാൻ അവർകൾ മുഹമ്മദീയരെ അറിയിച്ചിരിക്കുന്നത് ഈ സർവ്വകലാശാലയുടെ സ്ഥാപനത്തിങ്കൽ അദ്ദേഹത്തിന്നുള്ള  താല്പര്യത്തെ വിളിച്ചുപറയുന്നു.ഇങ്ങനെ ഇരിക്കുന്ന മുഹമ്മദീയ കോളേജിനെ യുവരാജാവ് തിരുമനസ്സ് കൊണ്ട് സന്ദർശിച്ച് വേണ്ട അന്വേഷണം ചെയ്തതിൽ, മുഹമ്മദീയ സമുദായത്തിന് ബ്രിട്ടീഷ് രാജകുടുംബത്തിൻെറ പേരിലുള്ള ഭക്തി വർധിച്ചിരിക്കുന്നു എന്നുള്ളതിൽ സന്ദേഹമില്ല.


Public Domain, King Edward Vii

You May Also Like