തിരുവിതാംകൂർ രാജ്യഭരണം - 2

  • Published on November 28, 1908
  • By Staff Reporter
  • 380 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയുടെ കഴിഞ്ഞ ഒരു കൊല്ലത്തെ ഭരണകാലത്തിനുള്ളിൽ, രാജ്യഭരണ വകുപ്പുകളിൽ വരുത്തീട്ടുള്ള പരിഷ്കാരങ്ങളെ സംഗ്രഹിച്ചു അദ്ദേഹം നമുക്കു തന്നിട്ടുള്ള റിക്കാർഡിൽ നിന്ന്, പ്രധാനമായി വ്യക്തമാകുന്ന ഒരു സംഗതി, വരവിൽ നിന്നു ചെലവിനെ കുറച്ചു മിച്ചം വരുത്തുക എന്നത് 11  വത്സരത്തിനകത്ത് ആദ്യമായിട്ട് ഇപ്പോൾ സംഭവിച്ചിരിക്കുന്നു എന്നുള്ളതാകുന്നു. സർക്കാരിലേക്ക് മുതൽകൂട്ടുവാനുള്ള വഴികളെ ഒന്നാമതായി തുറന്നുകാട്ടിയത് ഒന്നാമത്തെ മാധവരായരായിരുന്നു. 'സർക്കാരിന് മുതൽ കൂട്ടുക' എന്ന അദ്ദേഹത്തിൻ്റെ പ്രമാണത്തെ രാജസേവകന്മാരുടെ ഇഷ്ടപ്രകാരം രാജ്യഭരണത്തെ നിർവഹിക്കാൻ ഒരുമ്പെട്ട കൃഷ്ണസ്വാമിരായരുടെ കാലംവരെയുള്ള സകല ദിവാൻജിമാരും അനുകരിച്ചു വന്നു. കൃഷ്ണസ്വാമിരായരുടെ കാലം മുതൽ സർക്കാരിൻ്റെ ചെലവ് വരവിലും അധികമായി. ജനങ്ങൾക്കു ശാശ്വതമായ ഗുണത്തെ ചെയ്ത രണ്ടാമത്തെ മാധവരായരുടെ കാലത്ത്, ഏതു വിധത്തിലും സർക്കാരിലേക്ക് മുതൽ കൂട്ടുക എന്ന പ്രമാണത്തെ ജനാവലിയുടെ സൗകര്യത്തിനും ക്ഷേമത്തിനും വശപ്പെടുത്തി, അദ്ദേഹം കണ്ടെഴുത്തിൻ്റെ കുഴപ്പങ്ങളെ നീക്കി അതിനെ വേഗത്തിൽ തീർക്കുവാനുള്ള വ്യവസ്ഥകളെ ഏർപ്പെടുത്തിയത് ഹേതുവായിട്ടു സർക്കാരിൻ്റെ കോശസ്ഥിതി വീണ്ടും അഭിവർദ്ധനയിൽ ആകുവാൻ സംഗതി വന്നു. നെൽക്കരത്തിന് പകരം പണം ആക്കിയതുകൊണ്ടു, ചെലവ് കൂടുതലായി എന്നൊരു അഭിപ്രായം പ്രബലമായിട്ടുണ്ട്. എന്നാൽ സൂക്ഷ്മം അങ്ങനെ അല്ലാ. ഊട്ടുപുരകൾക്കും ദേവസ്വങ്ങൾക്കും ആണ്ടുതോറും നീക്കിവയ്ക്കാറുള്ള തുക മുഴുവനും അവയ്ക്കായി അവശ്യപ്പെടുന്നില്ല. ആ തുകയിൽ ഏകദേശം മൂന്നിലൊരു ഭാഗമെങ്കിലും കൈക്കൂലിക്കാരായ തഹശീൽദാരന്മാരും ചില്ലറ ജീവനക്കാരും കൊള്ളയിട്ടു വരുന്നു. പേഷ്ക്കാരന്മാരുടെ സർക്കീട്ടിൽ വരുന്ന ജീവനക്കാരും ഈ ഊട്ടുദേവസ്വങ്ങളുടെ പണത്തെയാണ് തിന്നുന്നത്. ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾക്കും സദ്യകൾക്കും അനുവദിക്കുന്ന പണം മുഴുവനും ചെലവാക്കാതെ ചുമതലക്കാർ അവയെ അപഹരിക്കുന്നു. ഊട്ടുകളിലും അപ്രകാരം തന്നെ. ഊട്ടുകളിൽ വരുന്ന ബ്രാഹ്മണർക്കെല്ലാവർക്കും നേരെ ചോറ് കൊടുക്കുന്നതായൽ തന്നെയും, ഇപ്പോഴത്തെ ചെലവ് ആവശ്യപ്പെടുകയില്ല. മിക്ക ഭാഗവും കൊള്ളയിട്ടു ജീവനക്കാർ കൊണ്ടു പോകുന്നു. ആ അഴിമതികൾ നിൽക്കുന്നതിന്, അവയെ സർക്കാർ ഭരണത്തിൽനിന്നു ഒഴിവാക്കുകയല്ലാതെ മറ്റു ഉപായങ്ങൾ ഇല്ല. ഉത്സവമഠം, മതിലകം, കൊട്ടാരം ഇവയും അഴിമതികൾക്ക് ഇരിപ്പിടമാണ്. മതിലകത്തെയും കൊട്ടാരത്തെയും കൊള്ളയിടാതെ രാജസേവകന്മാരായ ശങ്കരൻ തമ്പിയും  അനന്തരക്കാരും   ഏത്   വിധത്തിലാണ് അവശ്യം ധനം ശേഖരിച്ചിരിക്കുന്നത്? ഈ തുകകളെ കൊള്ളയിട്ടു ഉണ്ടാക്കീട്ടുള്ള മുതൽ ആണ് അവർക്ക് അധീനപ്പെട്ടിരിക്കുന്ന സ്വത്തിൻ്റെ ഏറിയൊരു ഭാഗവും. ദിവാൻജി ഈ ദുർവ്യയത്തെക്കുറിച്ച് ഒന്നും തന്നെ പ്രസ്താവിച്ചിട്ടില്ലാ. വലിയ കൊട്ടാരത്തിലെ ചെലവിലെക്കായി അനുവദിച്ചിട്ടുള്ള തുക മുഴുവനും അവിടെ ചെലവാകുന്നില്ലെന്നുള്ളത് പരസ്യമായ സംഗതിയാണ്. ആ ദ്രവ്യത്തെയും ഈ സേവന്മാർ അപഹരിക്കുന്നുണ്ടെന്നുള്ളതും രഹസ്യമല്ലാ. സേവകന്മാരുടെ പ്രതാപത്തിന് അടിമപ്പെട്ടിട്ടുള്ള ഗോപാലാചാരിയുടെ ഒരു വർഷത്തെ ദുർഭരണം രാജ്യത്തിൽ പല കുഴപ്പങ്ങളും ഉണ്ടാക്കീട്ടുണ്ട്. ടി. രാമരായർ ദിവാൻജിയുടെ ഭരണകാലത്തു തുടങ്ങിയ ജാതിമത്സരം, പാരദേശികന്മാരായ ദിവാൻജിമാരാൽ സ്വാർത്ഥ ലാഭത്തിനായി ബലപ്പെടുത്തപ്പെട്ടു വന്നു. ശങ്കരസുബ്ബയ്യൻ്റെ കാലത്ത്, സ്വവർഗ്ഗത്തിന് അന്യായമായ ഗുണങ്ങളെ നൽകി. ഇതരവർഗ്ഗക്കാരുടെ ശക്തിയെ ക്ഷയിപ്പിച്ചു.  രണ്ടാമത്തെ മാധവരായർ, ജാതിത്തിരക്കിനെ വിട്ടു, ബുദ്ധിശക്തിയെയും കൃത്യനിഷ്ഠയെയും പ്രമാണമാക്കി ഉദ്യോഗങ്ങൾക്ക് ആളുകളെ നിയമിച്ചു തുടങ്ങിയതിൽ പലർക്കും ഇച്ഛാഭംഗത്തിട വരുകയാൽ ബ്രാഹ്മണർ, ഒന്നാം സേവനായ അനന്തരാമയ്യനെ തലവനാക്കി അവരുടെ കാര്യങ്ങളെ നിർവ്വഹിക്കുകയും ആ ക്ലിഷ്ടതയിൽ ഉദ്യോഗലോകത്തിൽ പ്രധാനപ്പെട്ട നായന്മാരുടെ ചില തലവന്മാർ രണ്ടാം സേവനായ ശങ്കരൻ തമ്പിയെ ആശ്രയിച്ചു, അയാളുടെ പ്രതാപത്തെ പോഷിപ്പിക്കയും ആയാൾക്ക് സംഭാവനകളെ നൽകി ഉദ്യോഗങ്ങളെ കരസ്ഥമാക്കുന്നതിന് ശ്രമിക്കയും ചെയ്തു. അനന്തരാമയ്യർ ബ്രാഹ്മണരിൽ കൈക്കൂലി നൽകുന്നവരുടെ തലവനായും ശങ്കരൻ തമ്പി, നായന്മാരിൽ കൈക്കൂലി കൊടുക്കുവാൻ സന്നദ്ധരായവരുടെ തലവനായും, തങ്ങൾക്ക് സിദ്ധിച്ചിരിക്കുന്ന രാജമന്ദിര ഗൂഢവാസത്തെ വിനിയോഗിച്ചു കാര്യങ്ങളെ നിർവ്വഹിച്ചു വന്നതിൽ ജാതിമത്സരം വേണ്ടപോലെ ബലപ്പെട്ടു. ഓരോ വർഗ്ഗക്കാരും അവരുടെ ഹിതങ്ങളെ പറയുന്ന വർത്തമാനക്കടലാസുകളെ പ്രസിദ്ധപ്പെടുത്തുകയും, അയൽരാജ്യങ്ങളിലുള്ള പത്രങ്ങളെ സ്വാധീനപ്പെടുത്തുകയും ചെയ്തു. ഈ അവസ്ഥയിൽ ഉദ്യോഗത്തിൽ ഇരിക്കുന്നവർക്കും ഉദ്യോഗത്തെ ആശിക്കുന്നവർക്കും സേവകന്മാർക്ക് കൈക്കൂലി കൊടുക്കുകയല്ലാതെ ഗത്യന്തരം ഇല്ലെന്നായി. അതുകൊണ്ടു ഇതരവർഗ്ഗക്കാരും ആ കുനയത്തെ തന്നെ സ്വീകരിച്ചതിൽ വിസ്മയിക്കുവാനില്ല. ദിവാൻ ഗോപാലാചാരിയുടെ കാലത്ത് ശങ്കരൻ തമ്പിയുടെ പ്രവേശനം അനുവദിച്ചു. ആ ദിവാൻ തന്നെ ശങ്കരൻ തമ്പിയെ ചെന്നു കാണുകയും കാര്യങ്ങളെ ആലോചിക്കയും ചെയ്യുക എന്ന നിലയിലായി. എന്തിന്, ശങ്കരൻ തമ്പിയ്ക്ക് അധീനപ്പെടാത്ത വലിയ ഉദ്യോഗസ്ഥന്മാർ ഇല്ലെന്ന നിലയിൽ അപ്പോൾ പര്യവസാനിച്ചു. ശങ്കരൻ തമ്പിയുടെ ഇഷ്ടം കൂടാതെ യാതൊരു ഗുണവും കിട്ടുകയില്ലെന്നായപ്പോൾ ഉദ്യോഗസ്ഥന്മാർ ഒക്കെ ശങ്കരൻ തമ്പിയുടെ ഇഷ്ടാനിഷ്ടങ്ങളെ ഗണിക്കുവാൻ ആരംഭിച്ചു. ശങ്കരൻ തമ്പിക്ക് അനിഷ്ടമായ കാര്യത്തിൽ എന്തു ന്യായം ഉണ്ടായിരുന്നാലും കക്ഷികൾക്ക് യാതൊരു ഗുണവും സിദ്ധിക്കുന്നതല്ലെന്ന് അനേകം കാര്യങ്ങളെക്കൊണ്ട് തെളിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ ദിവാൻജി തന്നെയും ആ നീതിയിൽ നിന്നു തെറ്റുന്നതിന് ധൈര്യപ്പെടുന്നില്ലെന്ന് പറയേണ്ടി വന്നിരിക്കുന്നു. ഏതാനും ദിവസം മുമ്പ് ഹൈക്കോർട്ടിൽ ശങ്കരൻ തമ്പിക്ക് പ്രതിപത്തിയുള്ള ഒരു കേസ്സ് അപ്പീൽ എടുക്കുവാനായി ഒന്നാം ജഡ്ജിയുടെ ബഞ്ചിൽ വച്ചുവെന്നും ശങ്കരൻ തമ്പിക്കു ആ കേസ്സിൽ കുറെ ശ്രദ്ധയുണ്ടെന്ന് രജിസ്ട്രാർക്ക് ഗ്രഹിക്കാനിടയായതിൽ പിന്നീട് എന്തെല്ലാമാണ് സംഭവിച്ചത് എന്നും ഒന്നാം ജഡ്ജിക്കു തന്നെ നല്ലപോലെ അറിവുള്ള കാര്യമാണ്. ഇങ്ങനെ പരിണമിച്ചിരിക്കുന്ന രാജ്യഭരണഗതിയുടെ കൃത്യങ്ങളെയാണ് മിസ്റ്റർ രാജഗോപാലാചാരി കഴിഞ്ഞ പ്രജാസഭയിൽ പ്രസംഗിച്ചത്. ദിവാൻജി, സർക്കാർ മുതലിനെ ബാധിക്കുന്ന കാര്യങ്ങളെ കേൾക്കുവാൻ തന്നെ വിമുഖനാണ്. ഏതു വിധത്തിലും വരവിനെ കൂട്ടിയും ചെലവിനെ കുറച്ചും ഖ്യാതിയെ സമ്പാദിക്കുവാനാണ് ദിവാൻജിയുടെ ശ്രമം എന്നു പലർക്കും തോന്നിയിട്ടുണ്ട്. വാസ്തവം അങ്ങനെ അല്ലായിരിക്കുമെങ്കിലും അദ്ദേഹം, ഉദ്യോഗസ്ഥന്മാരുടെ നടവടികളെ പരിശോധിച്ച് തന്നത്താനെ അറിയുന്നതുവരെ കുറെ ക്ഷമയോടു കൂടിയിരിക്കയാണ് ഉത്തമം എന്നു ഞങ്ങൾ വിചാരിക്കുന്നു. 
  മിസ്റ്റർ രാജഗോപാലാചാരിയുടെ പരിഷ്കാരങ്ങളെക്കുറിച്ച്, ചില ചിന്തനകൾ ഇവിടെ ആവശ്യപ്പെടുന്നു. അദ്ദേഹം, പോലീസ് വകുപ്പിനെ പരിഷ്ക്കരിച്ചു. ഇൻസ്പെക്റ്റർമാർക്ക് ശമ്പളവും പടിയും കൂട്ടിക്കൊടുക്കുന്നത്, പരിഷ്കാരമാകുമെങ്കിൽ, ദിവാൻജിയുടെ പോലീസ് പരിഷ്കാരം ശ്ശാഘനീയം തന്നെ. സാധാരണ കൃത്യനിഷ്ഠയും, അനുകമ്പയും, ബുദ്ധിഗുണവും, ഉള്ള ആളുകളെ പോലീസ് വകുപ്പിൻ്റെ അംഗങ്ങളായി നിയമിക്കുന്നതിന് വേണ്ട ഏർപ്പാടുകൾ ചെയ്യുന്നതിന് അദ്ദേഹം ആലോചിക്കുമെങ്കിൽ മേലിൽ കൃതാർത്ഥ തക്ക് അവകാശമുണ്ടാകുന്നതാണ്. പോലീസ് ഉദ്യോഗസ്ഥന്മാർ, ന്യായത്തെ, ക്രൌര്യത്തോടു ചേർക്കാതെ, പരിപാലിക്കുന്നതിന് ശീലിക്കുമെങ്കിൽ അതിൽപരമായ ഗുണം നാടിന് സിദ്ധിക്കുവാനില്ല. അല്ലാതെ നാമമാത്രങ്ങളായ ഈ വക പരിഷ്കാരങ്ങളെക്കൊണ്ട് നാട്ടിലേക്ക് ഒരു ഗുണവുമുണ്ടാകയില്ല. 
  എക്സൈസ്  വകുപ്പിനെയും അദ്ദേഹം സ്പർശിക്കാതെ ഇരുന്നിട്ടില്ല. ഈ നാട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന  കൊപ്രായക്ക് നികുതി കൂട്ടിയ സംഗതിയിൽ ചില പ്രതിനിധികൾ സംസാരിച്ചപ്പോൾ അതിനെ  ഗൗനിക്കുന്നില്ലെന്ന് ദിവാൻജി മറുവടി പറഞ്ഞുവല്ലോ. ഇത് സാധാരണ ജനങ്ങളെ ആകപ്പാടെ ബാധിക്കുന്ന സംഗതിയാണ്. ഈ നാട്ടിൽ തെങ്ങു കൃഷിയാണ് പ്രധാനം: അതിൽനിന്നു വേണം ഈ നാടിൻ്റെ ഐശ്വര്യം വർദ്ധിക്കുവാൻ. 
     ഈ ചരക്ക് ധാരാളം മറുനാട്ടിലേക്ക് പോകാതെ, തേങ്ങാക്ക് വിലകൂടുവാനും, ആ കൃഷിയിൽ പരിശ്രമശീലന്മാരുടെ ശ്രദ്ധ പതിക്കുവാനും സംഗതിയാകുന്നതല്ല. ഈ നികുതിയെ ഏർപ്പെടുത്തുന്നതിന് മുമ്പെ നൂറു തേങ്ങാക്ക്, അഞ്ചും ആറും രൂപാ വിലയുണ്ടായിരുന്നു. അതിൽപിന്നീട്, ക്രമേണ കുറഞ്ഞ്, ഇപ്പോൾ തൊണ്ടുൾപ്പടെ തേങ്ങ നൂറിന് മൂന്നു രൂപയായിരിക്കുന്നു. ഇങ്ങനെ ജനങ്ങളുടെ പരിശ്രമസ്ഥിതിയെ നന്നാക്കുവാനായി പല ഏർപ്പാടുകളെയും, ചെയ്യേണ്ടതായിരിക്കെ അതിനു വിരോധമായി പ്രവർത്തിക്കയും ഈ നാട്ടിൽ ധാരാളം ഉണ്ടാക്കാവുന്ന പല ചരക്കുകളെയും അന്യനാടുകളിൽ നിന്നു വരുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് നാടിനു എങ്ങനെ ഗുണകരമായി ഭവിക്കും? 
     വിദ്യാഭ്യാസ വിഷയത്തിൽ അദ്ദേഹത്തിൻ്റെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത് നല്ലതു തന്നെ; എങ്കിലും അദ്ദേഹത്തിന് ആ വിഷയത്തിൽ വേണ്ട ഉപദേശങ്ങളെ നൽകുവാൻ, സെക്രട്ടറി ആഫീസിലും, ഇൻസ്പെക്റ്റർമാരിലും ആരും ഇല്ലാതെ പോയത് കഷ്ടമായിരിക്കുന്നു. നാട്ടുകാർക്കു ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ ഉണ്ടായിരിക്കുന്ന അഭിരുചിയെ ക്ഷയിപ്പിക്കുന്നതിനാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഉദ്ദേശിക്കുന്നതെന്ന് വ്യസനത്തോടുകൂടി പറയേണ്ടി വന്നിരിക്കുന്നു. നാട്ടുകാർക്കു ഇതേവരെ ഉണ്ടായിട്ടുള്ള സർവ്വ ഗുണങ്ങളും, ഇംഗ്ലീഷ് പഠിച്ചതിൽ നിന്നാകുന്നു. ഈ സ്ഥിതിക്ക് പല വലിയ ഇംഗ്ലീഷ് പള്ളിക്കൂടങ്ങളെയും, നല്ല അദ്ധ്യാപകന്മാരെ നിയമിച്ചു നന്നാക്കുന്നതിന് ശ്രദ്ധിക്കാതെ, നിറുത്തൽ ചെയ്തത്, മിസ്റ്റർ രാജഗോപാലാചാരിയുടെ ഭരണത്തിന് ഒരു കളങ്കം തന്നെയാകുന്നു. മതപ്രചാരത്തെ സാധിക്കുന്നതിനായിട്ട് ഏർപ്പെടുത്തപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളെ ആധാരമാക്കി, സർക്കാർ സ്കൂളുകളെ നിറുത്തിയത് ഏറ്റവും ശോചനീയം തന്നെ. അണ്ടർ സെക്രട്ടറിയായ മിസ്റ്റർ രാജാവാണ് ഈ വിഷയത്തിൽ ദിവാൻജിയെ ഉപദേശിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് ഈ കാര്യങ്ങളിൽ നോട്ടം ഇല്ല. മിസ്റ്റർ രാജാവിന്, ആ സ്ഥാനം നൽകുവാൻ തരമില്ലെന്ന് മിസ്റ്റർ എസ്. ഗോപാലാചാരി തീരുമാനിച്ചിരിക്കുന്നു.  
You May Also Like