സ്വദേശവാർത്ത
- Published on April 01, 1908
- By Staff Reporter
- 767 Views
തിരുവിതാംകൂർ
ചീഫ് എഞ്ചിനീയർ മിസ്റ്റർ എ.എച്ച് ബാസ്റ്റോ മിനിഞ്ഞാന്ന് ഹൈറേഞ്ചിലേക്ക് സർക്കീട്ട് പുറപ്പെട്ടിരിക്കുന്നു.
മരുമക്കത്തായം കമ്മിറ്റി, തിരുവനന്തപുരത്തു നിന്നു ഇന്നലെ പുറപ്പെട്ട്, ഇന്ന് ആറ്റിങ്ങൽ എത്തിയിരിക്കുന്നു.
ബ്രിട്ടീഷ് റെസിഡന്റ് മിസ്തർ കാർ, നാളെ, കുലശേഖരം, കന്യാകുമാരി മുതലായ സ്ഥലങ്ങളിലേക്കു യാത്ര തിരിക്കുന്നതാണ്.
സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ സമ്മാനദാനം ഇന്നലെ നാലരമണിയൊടു കൂടി മഹാരാജാവു തിരുമനസ്സ് കൊണ്ട് എഴുന്നള്ളിയിരുന്ന് നടത്തിയിരിക്കുന്നു.
പാളയം സ്റ്റേഷനിലേക്കു നിയമിച്ചിരിക്കുന്ന പോലീസ് ഇൻസ്പെക്ടർ മിസ്തർ പി.വേലുപിള്ള ബി.എ, മിസ്തർ സി.ആർ.പരമേശ്വരൻപിള്ളയോടു മിനിഞ്ഞാന്നു ചാർജെടുത്തിരിക്കുന്നു.
പതിപ്പാട് എന്ന സ്ഥലത്ത് വളർത്തു കാടായി ഒഴിച്ചിടുന്നതിന് നിശ്ചയിച്ചിരിക്കുന്നതായി മുമ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നതിനെ ഇപ്പൊൾ റദ്ദ് ചെയ്തിരിക്കുന്നതായി കാണുന്നു.
എക്സിക്ക്യൂട്ടീവ് എൻജിനീയർ മിസ്തർ വൈകുണ്ഠമയ്യർ, അടുത്ത ശനിയാഴ്ച മുതൽ ഒരു മാസത്തെ അവധി എടുക്കുന്നതിനു പകരം, അസിസ്റ്റന്റു എൻജിനീയർ മിസ്തർ എൽ.എച് ജേക്കബിനെ നിയമിച്ചിരിക്കുന്നു.
ദിവാൻ മിസ്തർ രാജഗോപാലാചാരിയുടെ പ്രൈവറ്റുു സെക്രട്ടറിയായിരുന്ന ഒരു മിസ്തർ കുപ്പുുരാമസ്വാമി ശാസ്ത്രി ബി.എയെ ഇവിടത്തേക്ക് അയച്ചു തരണമെന്ന് മിസ്തർ ആചാര്യർ ബ്രിട്ടീഷ് ഗവൺമെന്റിനൊടു അപേക്ഷിച്ചിരിക്കുന്നു.
ആലങ്ങാടു താലൂക്കിലുള്ള ഒരു പ്രവൃത്തിക്കച്ചേരിയിലെ റിക്കാർട്ടുകളിൽ ഏതോ കുഴപ്പങ്ങൾ കണ്ടതിന് അവിടത്തെ തഹശീൽദാരും രണ്ടാം ക്ലാസ്സ് മജിസ്ട്രേട്ടുമായ മിസ്തർ മഹാദേവയ്യർ ബി.എ.ബി.എൽ നു 10 രൂപ പിഴയിടുകയും 6 മാസത്തേക്കു ഉദ്യോഗക്കയറ്റം തടയുകയും ചെയ്തിരിക്കുന്നു.
സർക്കാർ സേവിംഗ്സ് ബാങ്കുകളിൽ നിന്നും അഞ്ചൽഹുണ്ടിക അനുസരിച്ചും, പണം കൊടുത്ത വകയ്ക്ക് കക്ഷികൾ കൊടുക്കുന്ന രസീതുകൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു അണ മുദ്ര വിലയെ, സർക്കാർ ഹുണ്ടികയും, സേവിങ്സ് ബാങ്കും ഏർപ്പാടുകൾ യഥാക്രമമായി നടപ്പിൽ വന്ന 1077 ചിങ്ങം 19യും 83 ചിങ്ങം 19യും മുതൽ ഇളവു ചെയ്തിരിക്കുന്നു.
ഏതാനും കാലം മുമ്പ് ബോംബെയിൽ നിന്ന് മെക്കാനിക്കൽ ഇഞ്ചിനീയറിംഗ് പരീക്ഷ ജയിച്ച് സ്വന്തനാട്ടിലെത്തിയ ചേർത്തലെ ഒ.എസ് രാമൻപിള്ള എന്ന യുവാവിനെ, കരപ്പുറം വ്യവസായ ക്കമ്പനിയിൽ ഇഞ്ചിനീയറായി നിയമിച്ചിരിക്കുന്നു എന്നും, മിസ്തർ പിള്ള, ചേർത്തല താലൂക്കിലെ ധനിക കുടുംബങ്ങളിൽ ഒന്നിൽ ഉള്ള ആളാണെന്നും ഒരു ലേഖകൻ എഴുതുന്നു.
ആർക്കാട്ടു പ്രഭു അവർകൾ തിങ്കളാഴ്ച രാവിലെ ഇവിടെ എത്തി. മഹാരാജാവു തിരുമനസ്സിലെ അതിഥിയായി നക്ഷത്ര ബംഗ്ലാവിലായിരുന്നു താമസിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3 മണിയൊടു കൂടി മഹാരാജാവു തിരുമനസ്സിലെ സന്ദർശിക്കുകയും മഹാരാജാവ് തിരുമനസ്സുുകൊണ്ട് അന്നു തന്നെ നാലര മണിക്കു ശേഷം പ്രതിസന്ദർശനം നടത്തുകയും ചെയ്തുു. ഇന്ന് രാവിലെ കരകൗശലശാല സന്ദർശിച്ച ശേഷം മടങ്ങിപ്പോയിരിക്കുന്നു.
പുലയർ, പറയർ മുതലായ താഴ്ന്ന ജാതിക്കാർക്ക് പബ്ലിക്ക് കോർട്ടുകളിലും കച്ചേരികളിലും ധാരാളമായി വരുന്നതിന് ഇപ്പോൾ പ്രയാസം ഉണ്ടായിരിക്കുന്നു എന്നും, പബ്ലിക് രാജപാഥകളിലും ചന്ത സ്ഥലങ്ങളിലും സഞ്ചരിക്കുന്നതിൽ അവരെ പലപ്പോഴും വിരോധിച്ചു വരുന്നുവെന്നും ഗവർന്മേന്റ് അറിയുകയാൽ, അതിന്റെ നിവാരണത്തിനായി 1059 കർക്കിടകം 3 നു ദിവാൻ രാമയ്യങ്കാർ പ്രസിദ്ധപ്പെടുത്തിയിരുന്ന സർക്ക്യുലറിനെ ഗവർന്മേന്റ് വീണ്ടും ഇപ്പൊൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
ഒരു ലേഖകൻ എഴുതുന്നത്: തിരുവനന്തപുരം ഡിസ്ട്രിക്ട് സാനിട്ടരി ആഫീസർക്ക് ആഫീസ് വക സാമാനങ്ങൾ സർക്കീട്ടിൽ കൊണ്ടു പോകുന്നതിനു മാസം ഒന്നിനു പത്തു രൂപാ വീതം പടി അനുവദിച്ചിട്ടുണ്ട്. ആഫീസർ മിസ്തർ ഗണപതി അയ്യർ ഇവിടെ ചാർജെടുത്ത കാലം മുതൽ ഇതു വരെ ആഫീസു സാമാനങ്ങളും വണ്ടിയും സർക്കീട്ടിൽ കൊണ്ടു പോയിട്ടുണ്ടോ? മേല്പടി തുക കണക്കനുസരിച്ച് പറ്റീട്ടില്ലേ? ഈ ഡിസ്ട്രിക്ടിലുള്ള വാക്സിനേറ്റർമാരുടെ വാക്സിനേഷൻ കേസ്സുകളെ പരിശോധിച്ചതായി ഒപ്പിട്ടു കൊടുക്കുന്നത് എല്ലാം പരിശോധിച്ചിട്ടു തന്നെയോ? ഇപ്രകാരം ഒപ്പിട്ടു ലഭിക്കുന്ന വാക്സിനേറ്റർമാർ ഒരു ദിവസം എത്ര കേസ്സ് വാക്സിനേഷൻ ചെയ്തിട്ടുണ്ടോ അത്രയും കേസ്സുകൾ ആഫീസർ പരിശോധനയിൽ കാണുന്നത് സംഭാവ്യമാണോ? എല്ലാം കണ്ടു എന്നു പറഞ്ഞാൽ അത് യാഥാർത്ഥ്യമാണൊ? ആഫീസരുടെ ഇതു വരെയുള്ള പരിശോധനയിൽ ഫലിതാഫലിതം വ്യത്യാസമായി പതിച്ചിട്ടുള്ള ഒരു കേസ്സുു പോലും കണ്ടു പിടിക്കാൻ സാധിച്ചിട്ടുണ്ടോ? ഈ ആഫീസർ പരിശോധിച്ചിട്ടുള്ള വാക്സിനേഷൻ കേസ്സുുകളെ മേൽ പരിശോധന കഴിച്ചാൽ, വ്യത്യാസം കാണുകയില്ലേ?
തെക്കൻ ഡിവിഷൻ
റെവന്യൂ പരിഷ്ക്കാര സംബന്ധമായ ആലോചനയ്ക്കായി, വിളവങ്കോട്ട് തഹശീൽദാർ നാഗർകോവിലിലേയ്ക്ക് പോയിരിക്കുന്നു.
വിളവങ്കോട്ട് തഹശീൽ മജിസ്ട്രേട്ടു മിസ്തർ രാമേശ്വരയ്യർ എം.എ.ബി.എൽ കുടുശ്ശിഖയായിക്കിടന്ന പലേ റെവന്യൂ കേസ്സുകളും ഒതുക്കം ചെയ്തിരിക്കുന്നു.