വാർത്തകൾ

  • Published on May 27, 1908
  • By Staff Reporter
  • 347 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ലാന്‍ഡ്  റെവന്യൂ 22ാം നമ്പര്‍ ഉത്തരവ് തിരുവിതാംകൂറിലെ കുടിയാനവന്മാര്‍ക്ക് ആശ്വാസപ്രദമായിരിക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. കൊല്ലം തോറും കിസ്തടയ്ക്കേണ്ട തവണകള്‍, കരം നെല്ലാക്കിയിരുന്നകാലത്ത് 6 ആയിരുന്നത് മാററി, പണക്കരമേര്‍പ്പാടൊടുകൂടി 4 ആക്കിയതില്‍ ചില അസൌകര്യങ്ങള്‍ കുടികള്‍ക്കു നേരിട്ടിരുന്നു. ഇതിനെപ്പറ്റി, ജനങ്ങള്‍ ഗവര്‍ന്മേണ്ടിനോടു സങ്കടം പറകയും ചെയ്തിരുന്നു. കിസ്തു കാലാവധികള്‍, കന്നിപ്പൂവിലേക്ക് കന്നിതുലാമാസങ്ങളും, കുഭപ്പൂവിലേക്ക് കുംഭമീനമാസങ്ങളും ആക്കിവച്ചതുനിമിത്തം, കുടിയാനവന്മാര്‍ കിസ്തടക്കുവാന്‍ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ഈസങ്കടം വാസ്തവത്തില്‍ ഉള്ളതെന്ന് ഗവര്‍ന്മേണ്ടിന് മനസ്സിലാകയാല്‍, മേല്പറഞ്ഞ കാലാവധികളെ ഭേദപ്പെടുത്തിയിരിക്കുന്നു. കന്നിപ്പൂവിലെത് തുലാം വൃശ്ചികമാസങ്ങളിലും, കുംഭപ്പൂവിലേത് മീനം മേടം മാസങ്ങളിലും വസൂലാക്കുന്നതിനാണ് ഇപ്പോഴത്തെ നിശ്ചയം. നെല്‍നിലക്കരത്തെപ്പോലെ, പറമ്പുകരവും ഇതിന്മണ്ണം നാലുതവണയായി കൊടുത്താല്‍ മതിയെന്നും; പുഞ്ചയ്ക്കുള്ള കരം ഇപ്പോള്‍ നടന്നുവരുന്നതുപോലെ, മേടം ഇടവം മാസങ്ങളില്‍ വസൂല്‍ ചെയ്യുന്നതാണെന്നും ഗവര്‍ന്മേണ്ട് കല്പിച്ചിരിക്കുന്നു. ഈ ഭേദഗതി, അടുത്തമലയാം കൊല്ലാരംഭം മുതല്‍ക്ക് നടപ്പില്‍വരുന്നതാണ്.

മാസം ഒന്നിന് ഏഴുരൂപ (സര്‍ക്കാര്‍രൂപ)യില്‍ കുറഞ്ഞശമ്പളത്തില്‍ മേലാല്‍ യാതൊരു സര്‍ക്കാര്‍ പള്ളിക്കൂടത്തിലുംയാതൊരു വാധ്യാരെയും നിയമിച്ചുകൂടുന്നതല്ലാ എന്ന് ഗവര്‍ന്മേണ്ട് ഈയിട ചെയ്ത നിശ്ചയം, ഈനാട്ടിലെ വിദ്യാഭ്യാസവകുപ്പിനുള്ള കളങ്കങ്ങളില്‍ ഒന്നിനെമാര്‍ജ്ജനം ചെയ്യുന്നുണ്ട്. ഗവര്‍ന്മേണ്ടിന്‍റെ ഈനിശ്ചയം ഉപാധ്യായലോകത്തിന് അല്പം ആശ്വാസമുദിപ്പിക്കുമെങ്കിലും, ഗവര്‍ന്മേണ്ടിന് ഏറ്റവും പ്രശംസനീയമായിയെന്ന് വിചാരിക്കുവാന്‍ പാടില്ലാ. ഒരു ഡലായത്തു ശിപായിമാരുടെയോ തെരുവുതൂപ്പുകാരന്‍റെയോ ശമ്പളനിലയില്‍   നിന്ന് ഇതുമെച്ചമാണെന്ന് പറവാന്‍ കഴിയുന്നതല്ലാ. വാധ്യാര്‍ വേലയുടെ മാന്യതയെ രക്ഷിക്കുന്നതിനും, വാധ്യാന്മാരെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കുതന്നെയും ഗണ്യതതോന്നുന്നതിനും, പത്തുരൂപായില്‍ കുറഞ്ഞ ശമ്പളം പാടില്ലാഎന്നുവയ്ക്കേണ്ടതായിരുന്നു കൈക്കൂലിവാങ്ങുവാനൊ, മറ്റുതൊഴിലും കൂടെ നടത്തി ആദായം പറ്റുവാനോ, പ്രൈവറ്റ് ട്യൂഷന്‍ ഏറ്റ് പ്രതിഫലമുണ്ടാക്കുവാനോ, എന്നുവേണ്ടാ ന്യായമായിട്ടാകട്ടെ അന്യായമായിട്ടാകട്ടെ ഉള്ള മാര്‍ഗ്ഗത്തില്‍ എന്തെങ്കിലും വരവുണ്ടാക്കുവാന്‍, തീരെ സൌകര്യമില്ലാത്തവരാണ് കീഴ്ത്തരം വാധ്യാന്മാര്‍. അവര്‍ക്കുആരോഗ്യത്തെ ശരിയായി രക്ഷിക്കുന്നതിന് തക്ക സൌകര്യം ഏഴുരൂപശമ്പളംകൊണ്ടുമാത്രം ഉണ്ടാകുന്നതല്ലാ. പ്രജകള്‍ക്ക് വിദ്യാഭ്യാസം നടത്തിക്കേണ്ടതിന് എന്തുചെലവുചെയ്യാനും ഗവര്‍ന്മേണ്ടിന് കടമയുണ്ട്. അങ്ങനെ ചെലവുചെയ്യേണ്ടത്, സ്വപ്രജകള്‍ക്ക് പൌരഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാകയാല്‍, ഗവര്‍ന്മേണ്ടിന്‍റെ ഭരണകര്‍മ്മത്തില്‍, സല്‍പ്രജകളെ സമ്പാദിക്കുന്നതിനായിട്ടുള്ള ചെലവ് വ്യര്‍ത്ഥമല്ലാ. വ്യര്‍ത്ഥങ്ങളായ എത്രയോ ചെലവുകളുള്ളവയെ നിറുത്തലാക്കി, വാധ്യാന്മാരുടെ ശമ്പളം ഇനിയും കൂടുതലാക്കേണ്ടത് ആവശ്യമാകുന്നു.

 തിരുവിതാംകൂര്‍ ഗവര്‍ന്മേണ്ടിലെ വിദ്യാഭ്യാസ വകുപ്പിനെ പരിഷ്കരിക്കുന്നതിലേക്കായി ഒരു കമ്മിറ്റി ഏര്‍പ്പെടുത്തി ആലോചന നടത്തിവരികയാണല്ലൊ. ഈ കമ്മിററിയുടെ ഘടനയെ പ്പററിയുള്ള ആക്ഷേപങ്ങളില്‍ മുഖ്യമായത്, വിദ്യാഭ്യാസകാര്യത്തില്‍ പഴമപരിചയമുള്ളവരെ വിട്ടിട്ട്, "ഇളമ, ക്കാരില്‍ ചിലരെ സാമാജികന്മാരായി നിയമിച്ചു എന്നുള്ളതാന്ന്. ഗവര്‍ന്മേണ്ടിനെ തെറ്റിധരിപ്പിക്കുവാന്‍ സാമര്‍ത്ഥ്യമുള്ള ഉദ്യോഗസ്ഥന്മാര്‍ ഉണ്ടായിരിക്കുമ്പോള്‍, ഇത്തരം തെരഞ്ഞെടുപ്പ് ആശ്ചര്യമല്ലാ. കമ്മിറ്റിയുടെ ആലോചനകളുടെ തീര്‍ച്ചകള്‍ എന്തൊക്കെയെന്ന് യാതൊരു സൂചനപോലും വര്‍ത്തമാനപത്രങ്ങളില്‍ മുന്‍കൂട്ടി പ്രസിദ്ധീകരിക്കാതെയും, അതിന്മേല്‍ ആക്ഷേപം പറയാതെയും ഇരിക്കുന്നതിന് വേണ്ടി, ആലോചനാവിവരങ്ങള്‍ വളരെ ഭദ്രമായി രഹസ്യത്തില്‍ വച്ചുകൊണ്ടിരിക്കണമെന്ന് ഗവര്‍ന്മേണ്ട് ആവശ്യപ്പെട്ടിട്ടുള്ളതായി അറിയുന്നുണ്ട്.

 തിരുവിതാംകൂര്‍ വിദ്യാഭ്യാസപരിഷ്കാരാലോചനസഭയുടെ ശിപാര്‍ശകളില്‍ ഒന്ന്, പെണ്‍പള്ളിക്കൂടങ്ങളുടെ മേല്‍പരിശോധനയ്ക്ക് ഇന്‍സ്പെക്‍ടറസ്സുകളെ നിയമിക്കുവാനാകുന്നു എന്ന് ഒരു വര്‍ത്തമാനം കുറേനാളായി പ്രചാരപ്പെട്ടുവരുന്നുണ്ട്. ഒരു ഹെഡ് ഇന്‍സ്പെക്‍ടറസ്സും, നാല് അസിസ്റ്റന്‍റുകളും വേണമെന്നും, മിസ്സ് എസ്. ബി. വില്യംസ്, എം. ഏ., സര്‍ക്കാര്‍ ഗറല്‍ത്സ്    ഇംഗ്ലീഷ് കാളേജിലെ പ്രിന്‍സിപ്പാള്‍ സ്ഥാനം ഒഴിഞ്ഞ് പോകുന്ന നാള്‍ മുതല്‍, മേല്പടികാളേജിന്‍റെ മേലധികാരം കൂടെ, ഹെഡ് ഇന്‍സ്പെക്‍ടറസ്സിന് നല്‍കുന്നതാണെന്നും, മറ്റുമാണ് കേള്‍ക്കുന്നത്. ഈ പുതിയഉദ്യോഗങ്ങള്‍ക്ക് ഓരോരുത്തര്‍ മനോധര്‍മ്മം പോലെ ഓരോആളെ നിയമിക്കയും ചെയ്തുവരുന്നുണ്ട്.

You May Also Like