സ്വദേശവാർത്ത

  • Published on April 11, 1908
  • By Staff Reporter
  • 933 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂർ 

രാജകീയ  ഗര്‍ത്സ് ഹൈസ്കൂളും കാളേജും വേനലൊഴിവിനായി ഇന്നലെ പൂട്ടിയിരിക്കുന്നു.

 ആലപ്പുഴ ജഡ്ജ് മിസ്തര്‍ കുഞ്ഞുണ്ണിമേനോന്‍ അടുത്തൂണ്‍പറ്റി ഇവിടെ എത്തിയിരിക്കുന്നു.

 മൈസൂര്‍ അസിസ്റ്റന്‍റ് സാനിട്ടേരി കമിഷണര്‍ ഡാക്ടര്‍ പപ്പു ഇവിടെ വന്നിരിക്കുന്നു.

  പുതിയതായി നിര്‍മ്മിച്ച വിദ്യാഭ്യാസ പരിഷ്കരണാലോചനസഭ ഇതിനിടെ കൂടിയതായി അറിയുന്നു.

 തിരുവനന്തപുരം തപ്പാല്‍മാസ്റ്റര്‍ മിസ്തര്‍ ശ്രീനിവാസയ്യരെ നാഗപട്ടണത്തേക്ക് മാറ്റിയിരിക്കുന്നു.

 രാജകീയ ഇംഗ്ലീഷ് കാളേജിലെ ഇംഗ്സീഷ് ട്ട്യൂട്ടര്‍ മിസ്റ്റര്‍ നരസിംഹന്‍, എം. ഏ. തന്‍റെ പണി രാജി വച്ചിരിക്കുന്നു.

 തിരുവനന്തപുരത്തേക്കു മാറ്റപ്പെട്ട ഡിപ്ടി കണ്‍സര്‍വേറ്റര്‍ മിസ്തര്‍ ഏ. പി. സ്മിത്ത് ഇവിടെ എത്തിയിരിക്കുന്നു.

 മദിരാശിയില്‍ കണക്കുവെപ്പുരീതി പഠിപ്പാന്‍പോയ മിസ്തര്‍ രാമസുബ്ബയ്യര്‍ തിരിയെ വന്നു  ജോലിയില്‍ പ്രവേശിച്ചിരിക്കുന്നു.

 ഹജൂര്‍ ആഫീസ് അസിസ്റ്റന്‍റ് ക്ലാര്‍ക്ക് മിസ്തര്‍ ജാണ്‍ നിധിയിരി ബി. ഏ. ബി. എല്‍ - നെ ഹെഡ് ക്ലാര്‍ക്കാക്കിയിരിക്കുന്നു എന്നറിയുന്നു.

 ഇരണിയലും സമീപസ്ഥലങ്ങളിലും കന്നുകാലികള്‍ക്ക് ഒരു തരം പകര്‍ച്ചരോഗം പിടിപെട്ട്, വളരെ നാശം ഉണ്ടാകുന്നതായി അറിയുന്നു.

 പിറവകവകുപ്പ് ഹെഡ് ക്ലാര്‍ക്ക് മിസ്തര്‍ രാമലിംഗം അയ്യര്‍ ബി. ഏ -യെ ഒരു സര്‍ക്കിള്‍ ആഫീസരായി താമസിയാതെ നിയമിക്കുന്നതാണ്.

 രക്ഷാസൈന്യം എന്ന കൃസ്തുമതസംഘം വകയായി ആരുവാമൊഴിയില്‍ സ്ഥാപിക്കുവാന്‍ നിശ്ചയിച്ചിരുന്ന ആശുപത്രി, ഈ ഏപ്രില്‍ 2-നു- തുറന്നിരിക്കുന്നു.

  കോട്ടയം ഡിവിഷന്‍ ശിരസ്താദാരായി ഹജൂര്‍ലാന്‍ഡ് റെവന്യൂ സെക്ഷന്‍ ഹെഡ് ക്ലാര്‍ക്കായ മിസ്തര്‍ രാമസുബ്യ്യര്‍ ബി. ഏ -യെ നിയമിക്കാനിടയുണ്ടെന്നറിയുന്നു.

 പത്മനാഭപുരത്തു നടന്ന 'സികപ്രിയ' - അപകീര്‍ത്തിക്കേസ്സില്‍, ലേഖകനെന്ന് സംശയിക്കപ്പെട്ട പ്രതിക്ക് 25-രൂപ പിഴ വിധിക്കയും, ശേഷം പ്രതികളെ വിടുകയും ചെയ്തിരിക്കുന്നു.

 സര്‍ക്കാര്‍ വകയായി ഒരു പുതിയ 'ഫയര്‍എഞ്ചിന്‍' (അഗ്നിബാധാ നിവാരകയന്ത്രം) വാങ്ങുവാന്‍ നിശ്ചയിച്ചിരിക്കുന്നതായി മുമ്പു പറഞ്ഞിരുന്നുവല്ലൊ. ഈ യന്ത്രം വാങ്ങിയിരിക്കുന്നു എന്നറിയുന്നു.

 പാളയം പോലീസ് ഇന്‍സ്പെക്ടര്‍ മിസ്തര്‍ പി. വേലുപ്പിള്ള ബി. ഏ. യുടെ ഭാര്യ, ശ്രീമതി ഭാര്‍ഗ്ഗവിഅമ്മ, ജ്വരരോഗത്താല്‍ മരിച്ചു പോയിരിക്കുന്നു എന്നറിയുന്നതില്‍ ഞങ്ങള്‍ മിസ്തര്‍ പിള്ളയൊടു സഹതപിക്കുന്നു.

 ആലപ്പുഴ സബ് രജിസ്ട്രാര്‍ മിസ്തര്‍ ജി. പത്മനാഭപിള്ള ബി. ഏ., വേറെ ജോലിയില്‍ പോയിരിക്കുന്ന കാലമത്രയും പകരം രജിസ്ട്രാരായി ഹജൂരാഫീസ് ക്ലാര്‍ക്ക് മിസ്തര്‍ ബി. ഏ. ഫര്‍നാന്‍ഡഡ്, ബി. ഏ. യെ നിയമിച്ചിരിക്കുന്നു.

 അരൂക്കുറ്റി എക്സൈസ് സര്‍ക്കിള്‍ ആഫീസര്‍ മിസ്തര്‍ എന്‍. കെ. ഗോവിന്ദപ്പിള്ള ഒരു മാസത്തെ ഒഴിവു വാങ്ങിയതിനാല്‍, പകരം, 1ാം ഗ്രേഡ് ഇന്‍സ്പെക്ടര്‍ മിസ്തര്‍ ജാണിനെ തല്‍സ്ഥാനത്തു നിശ്ചയിച്ചിരിക്കുന്നു.

 എക്സൈസ് കമിഷണര്‍ മിസ്തര്‍ പൊന്നമ്പലം പിള്ളയ്ക്ക് ഇടവം 1നു- മുതല്‍ 2 മാസത്തെയും 9- ദിവസത്തെയും അവധി അനുവദിച്ചിരിക്കുന്നു. അതുകഴിഞ്ഞതിനുമേല്‍, പെന്‍ഷന്‍ കൊടുക്കുന്നതാണ് എന്ന് ഇപ്പൊള്‍ തീരുമാനിച്ചിരിക്കുന്നു.

 എക്സൈസ് കമിഷണരാഫീസ് ഹെഡ് ക്ലാര്‍ക്കായ മിസ്തര്‍ എസ്. രാമകൃഷ്ണയ്യരെ ഒരു സര്‍ക്കിള്‍ ആഫീസരായി മാറ്റുവാനിടയുണ്ടെന്നും, അതിനു പകരം കൊല്ലത്തുനിന്ന് 1ാം ഗ്രേഡ് ഇന്‍സ്പെക്ടര്‍ മിസ്തര്‍ ടി. വി. രാമകൃഷ്ണയ്യനെ നിശ്ചയിക്കുമെന്നും കേള്‍ക്കുന്നു.

 എക്സൈസ് സംബന്ധമായ ചില ജോലികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് 2 ക്ലാര്‍ക്കുകളെ വിശേഷാല്‍ ജോലിക്കായി ഹജൂരില്‍നിന്ന് നിയമിച്ചിരിക്കുന്നു. ഇവര്‍ അണ്ടര്‍സിക്രട്ടരി രാമന്‍പിള്ള അവര്‍കളുടെ വീട്ടില്‍വച്ച് ആ വക ജോലികള്‍ നടത്തിവരുന്നു. 

 ഹജൂര്‍സിക്രട്ടരിയെറ്റ് പരിഷ്കാരം അടുത്തമാസാരംഭത്തില്‍ നടപ്പില്‍ വരുത്തുന്നതാണെന്നറിയുന്നു. സിക്രട്ടരിയറ്റില്‍ ആകപ്പാടെ 50 ക്ലാര്‍ക്കുകളില്‍ കൂടുതല്‍ വേണ്ടാ എന്നാണ് ദിവാന്‍ജിയുടെ നിശ്ചയം. മറ്റുള്ളവരില്‍ ചിലരെ അടുത്തൂണ്‍കൊടുത്തും, മറ്റുചിലരെ വേറെ തുറയില്‍ അയച്ചും പിരിക്കുന്നതാണ്.

 ഫിനാന്‍ഷ്യല്‍ സിക്രട്ടരി മിസ്തര്‍ ചെട്ടിഗാരുവിന്‍റെ ഭരണം മോശമാണെന്നുംമറ്റും ഏപ്രില്‍ 4-ാനു-ലെ മലബാര്‍ഹിറാള്‍ഡില്‍ ഒരു ലേഖകന്‍ ആക്ഷേപിച്ചിരിക്കുന്നു. ഇത് അസംബന്ധമാണെന്നും, മിസ്തര്‍ ചെട്ടിഗാരു ഫിനാന്‍ഷ്യല്‍ കാര്യത്തില്‍ സമര്‍ത്ഥനാണെന്നും, വിവരിച്ച് ഒരു ലേഖകന്‍ ഞങ്ങള്‍ക്കെഴുതിയിരിക്കുന്നു.

 

You May Also Like