കേരളവാർത്തകൾ

  • Published on January 09, 1907
  • By Staff Reporter
  • 492 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 തിരുവനന്തപുരം ലാകാളേജ് ജനുവരി 28 നു -തുറക്കപ്പെടുന്നതാണ്.

 തിരുവനന്തപുരത്തു പലേടങ്ങളിലും വിഷൂചികയും, മസൂരിയും ധാരാളമുണ്ട്.

 കൊച്ചിയിലെ ചീഫ് കോര്‍ട്ട് ജഡ്ജി മിസ്റ്റര്‍ നാരായണമാരാര്‍ തിരുവനന്തപുരത്തെത്തിയിരിക്കുന്നു.

  തൊടുപുഴ തഹശീല്‍ മജിസ്ട്രേറ്റായ ആര്‍. കൃഷ്ണപിള്ള ബി. ഏ. ബി. എല്‍. അവര്‍കളെ പറവൂര്‍ക്ക് മാറ്റിയിരിക്കുന്നു.

 തിരുവനന്തപുരത്തു കൊഞ്ചറവിളകഞ്ഞിപ്പുരയ്ക്കു സമീപം ഒരു പുതിയ ചന്ത ഈ ധനു 13 നു-മുതല്‍ സ്ഥാപിച്ചിരിക്കുന്നു.

 ഇക്കഴിഞ്ഞ കന്നിമാസകാലത്തില്‍, തിരുവിതാംകൂറില്‍ റെവന്യൂ വരവ് ആകെ 7,12,093 - രൂപയും; സര്‍വീസ് ചെലവ് 7,30,219 - രൂപയും കാണുന്നു.

 ശ്രീമൂലം പ്രജാസഭയുടെ ഇത്തവണത്തെ യോഗപ്രാരംഭത്തില്‍ ദിവാന്‍ വായിച്ച പ്രസംഗത്തെപ്പറ്റി "മദിരാശിമെയില്‍" അതൃപ്തിയായി പറഞ്ഞിരിക്കുന്നു.

 കൊല്ലം പരവൂര്‍ ചിറക്കര മോഷണക്കേസ്സില്‍, പിടി കൊടുക്കാതെ ഒളിച്ചു നടന്ന നെട്ടറെ പരമുപിള്ള എന്ന പ്രതിയെ പുനലൂര്‍ തീവണ്ടിസ്റ്റേഷനില്‍ വച്ചു ബന്ധിച്ചിരിക്കുന്നുപോല്‍.

 ഈ ജനുവരി 1-നു - മുതല്‍, കോന്നി, അച്ചന്‍കോവില്‍ ഈ ഒഴിച്ചിടപ്പെട്ട സ്ഥലങ്ങളില്‍പെട്ട തോട്, ആറു, വെള്ളക്കെട്ടു മുതലായതുകളില്‍നിന്ന് ആരും മത്സ്യംപിടിച്ചുപോകരുതെന്നു സര്‍ക്കാര്‍ പരസ്യം ചെയ്തിരിക്കുന്നു.

  തിരുവനന്തപുരത്ത് അട്ടക്കുളങ്ങരെ മുഹമ്മദീയ സദാചാരപോഷിണി എന്ന സഭ സ്ഥാപിക്കുന്നതിനുവേണ്ട പ്രയത്നംചെയ്തു നടപ്പില്‍വരുത്തിയ മിസ്റ്റര്‍ കേ. പീരുമുഹമ്മദ് എന്ന യുവാവ് ഈ മാസം 16 നു- പെട്ടെന്നു മരിച്ചുപോയിരിക്കുന്നു.

 ചിറക്കര മോഷണക്കേസ്സില്‍ അര മണിക്കൂറു നേരം തടവു ശിക്ഷ അനുഭവിച്ച രായപ്പന്‍ എന്ന പ്രതിക്ക് കൂടുതല്‍ ശിക്ഷ കൊടുക്കാതിരിക്കാന്‍ സമാധാനമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ഹൈക്കോടതി ജഡ്ജിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നു.

  ശ്രീനാരായണധര്‍മ്മപരിപാലനയോഗം വക (കണ്ണൂര്‍) പ്രദര്‍ശനം അടുത്ത മാര്‍ച്ച് മാസത്തേക്ക് നീട്ടിവച്ചിരിക്കുന്നു. പ്രദര്‍ശനപ്രാരംഭകര്‍മ്മം നടത്തുവാന്‍ ഏറ്റിട്ടുള്ള മിസ്തര്‍ കാസില്‍ സ്റ്റുവര്‍ട് സായിപ്പിന് ഈ കാലത്തിനു മുമ്പ് സൌകര്യമില്ലത്രേ.

 വിളവങ്കോട്, ചെങ്കോട്ട, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ പ്രവൃത്തികളുടെ സര്‍വേ പടങ്ങള്‍ അതാതു ഡിവിഷന്‍ കച്ചേരികളില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതായി പരസ്യം ആക്കിയിരിക്കുന്നു. വില, ആയിരം ഏക്കര്‍ സ്ഥലത്തെകാണിക്കുന്നതിന് 7 ചക്രം.

  കൊല്ലം ലേഖകന്‍ പറയുന്നത് - 22 നു- ഞായറാഴ്ചയായ ഇന്നലെ രാത്രി 9 - മണിയ്ക്ക് കൊല്ലത്ത് തെക്കേ കടല്‍ക്കരയില്‍ പാര്‍ക്കുന്ന മരയ്ക്കാന്മാരുടെ 300 - കുടിലുകള്‍ വരേ അഗ്നിബാധയാല്‍ ഭസ്മീകരിയ്ക്കപ്പെട്ടു പോയി. ഒട്ടധികം സാധുക്കള്‍ വീടും ഭക്ഷണസാധനങ്ങളുമില്ലാതെ വലയുന്നു. നഷ്ടം ഇത്ര എന്ന് വിവരം വന്നിട്ടില്ലാ. വിസ്തരിച്ചു പിന്നാലെ എഴുതാം.

 തെക്കന്‍ ഡിവിഷന്‍പേഷ്കാര്‍ മിസ്റ്റര്‍ സുബ്രഹ്മണ്യയ്യര്‍ 12,000 - രൂപ കൈക്കൂലി കൊടുത്താണ് പേഷ്കാര്‍പണി കയ്ക്കലാക്കിയതെന്നും മറ്റും "സുഭാഷിണി" പത്രം പ്രസ്താവിച്ചിരിക്കുന്നതിനെ ഗവര്‍ന്മേണ്ട് ഗൌനിച്ച്, പേഷ്കാരോട് എഴുതി ചോദിക്കയാല്‍, അദ്ദേഹം, അതിനെ സംബന്ധിച്ച് അപകീര്‍ത്തികേസും നഷ്ടവ്യവഹാരവും കൊടുക്കുന്നതിനായി "സുഭാഷിണി" പത്രാധിപര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നു എന്ന് തിരുവനന്തപുരം ലേഖകന്‍റെ ഇന്നലത്തെ എഴുത്തില്‍ കാണുന്നു.

 കൊല്ലത്തുനിന്നും  സ്വന്തം റിപ്പോര്‍ട്ടര്‍ എഴുതുന്നത്:- പത്രാധിപരേ, തഹശീല്‍ദാരന്മാരുടെ ജാതകഫലം ഇക്കൊല്ലത്തില്‍ അധികം ശുഭമാണെന്ന് തോന്നുന്നില്ല. അമ്പലപ്പുഴ തഹശീല്‍ദാരെ തല്ലിയ കേസ്സ് ഒരു വിധത്തില്‍ അവസാനിച്ചതേയുള്ളു. ഇന്നലേ (22-നു- ഞായറാഴ്ച) പകല്‍ 4 - മണിയ്ക്കു മേല്‍ ഒരുത്തന്‍ കൊട്ടാരക്കര തഹശീല്‍ദാര്‍ ശേഷയ്യങ്കാരവര്‍കളുടെ തല അടിച്ചുകീറിയതായി പോലീസ്സ് ഇന്‍സ്പേക്ടര്‍ റിപ്പോര്‍ട്ടയച്ചിരിയ്ക്കുന്നു. അതു സംബന്ധിച്ചു ഇവിടെ 1- ാം ക്ലാസ്സ് മജിസ്ട്രേട്ട് രാജാരാമരായവര്‍കള്‍ ഗൌരവമായ എഴുത്തുകുത്തുകളും അന്വേഷണങ്ങളും ആരംഭിച്ചിരിയ്ക്കുന്നു.

 ജഡ്ജി മിസ്റ്റര്‍ ജോസെഫ് ഈപ്പെന്‍ കഴിഞ്ഞതിനു മുമ്പത്തെ ചൊവ്വാഴ്ചയ്ക്കു തിരുവനന്തപുരത്തു വച്ചു മരിച്ചുപോയിരിക്കുന്നു. ഇദ്ദേഹം തിരുവിതാംകൂറിലെ ജുഡിഷ്യല്‍ വകുപ്പിന് ഒരലംകാരമായിരുന്നു. കൃത്യനിഷ്ഠ, സത്യസന്ധത, ബുദ്ധിസാമര്‍ത്ഥ്യം മുതലായ ഗുണങ്ങള്‍ കൊണ്ട് തിരുവിതാംകൂറില്‍ കീര്‍ത്തി സമ്പാദിച്ചിട്ടുള്ള ചുരുക്കം ചില സ്വദേശികളില്‍ മിസ്തര്‍ ഈപ്പെന്‍ ഒരുന്നതസ്ഥാനത്തെ അര്‍ഹിക്കുന്നുണ്ട്. മരണഹേതുവായ രോഗം പ്രമേഹത്തോടു കൂടിയ സര്‍പ്പവിഷവ്യാപ്തിയാണെന്ന് അറിയുന്നു. ഇദ്ദേഹത്തിന്‍റെ അപ്രാപ്തകാലമായ നിര്യാണം തിരുവിതാംകൂറിനും, പ്രത്യേകിച്ചു സുറിയാനി കൃസ്ത്യാനികള്‍ക്കും ഒരു അപരിഹരണീയമായ നഷ്ടം തന്നെയാകുന്നു. ഇദ്ദേഹത്തിന്‍റെ കളത്രപുത്രബന്ധുവര്‍ഗ്ഗങ്ങളോടു ഞങ്ങള്‍ നിര്‍വ്യാജം സഹതപിക്കുന്നു.

You May Also Like