ചിറയിൻകീഴിലെ അവസ്ഥ

  • Published on January 22, 1908
  • By Staff Reporter
  • 226 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                          (അയച്ചുതരപ്പെട്ടത്)

 യോഗ്യന്മാര്‍ ധാരാളം ഈ സംസ്ഥാനത്തുള്ളപ്പോള്‍, "മുറജപപ്പുരയ്ക്കുതൂണിന്,, എന്ന പോലെ, നീളവും വണ്ണവും മാത്രം കണക്കാക്കി, ആള്‍ എടുക്കപ്പെടുന്ന നടപ്പ് അനുസരിച്ച്, കാണ്‍സ്റ്റേബിള്‍ ആയിചേര്‍ന്ന് മൂത്ത് ഇന്‍സ്പെക്ടരായിത്തീര്‍ന്നിരിയ്ക്കുന്ന മിസ്റ്റര്‍ നാരായണസ്വാമിനായിഡുവിനെയും, വേണ്ട യോഗ്യത അശേഷമില്ല എന്നുള്ളതിനെ വിസ്മരിച്ച് സേവന്‍റെ അനുജനാണെന്നുള്ള സംഗതിയെ മാത്രം അടിസ്ഥാനമാക്കി മിസ്റ്റര്‍ പത്മനാഭപിള്ള മജിസ്ട്രേട്ടിനെയും, ഇവിടെയ്ക്കു നിയമിച്ചതു, ജനങ്ങള്‍ക്കു സങ്കടമായിപ്പോയി. അതില്‍ പിന്നെ "ഇവര്‍ അക്രമം കാണിക്കുന്നതില്‍ ധൈര്യമുള്ളവര്‍,, എന്ന്, പല ഹര്‍ജികള്‍ വഴിയായും, വര്‍ത്തമാനപത്രങ്ങള്‍ വഴിയായും സങ്കടം പറഞ്ഞതിനെ ഗൌനിച്ച് സ്ഥലം മാറ്റുകപോലും ചെയ്യാതെ അവരുടെ ഹിംസകളെ ജനങ്ങളെ അനുഭവിപ്പിച്ച് മേലും അവരെ ഇവിടെ വച്ചിരിയ്ക്കുന്നത് അതിലും സങ്കടമായിപ്പോയി. ഇവരുടെമേല്‍ പറയുന്ന പരാതികള്‍ കളവെന്നുകണ്ടാല്‍ പറഞ്ഞവരെയും, അങ്ങനെ കാണുന്നതുവരെ ഇവരെയും, കുറ്റക്കാരാക്കി ഗണിക്കേണ്ട ഗവര്‍ന്മേന്‍റു ഇതുവരേയും ഇതിനെപ്പറ്റി തെളിവെടുക്കാന്‍ ഒരുങ്ങാത്തതു,  ഈ ഉദ്യോഗസ്ഥന്മാര്‍ക്കുപോലും ലജ്ജ***************************************അക്രമങ്ങള്‍ മേലും വര്‍ദ്ധിച്ചു വരുന്നു.

                                                        എഴുന്നള്ളത്ത്.

 മകരം 5ാനു- അഞ്ചുണിയോടുകൂടി മഹാരാജാവുതിരുമനസ്സുകൊണ്ട് കരമാര്‍ഗ്ഗം കോയിക്കല്‍ കൊട്ടാരത്തില്‍ എഴുന്നള്ളി പാര്‍ക്കുന്നു. നെയിത്യാരമ്മയും ശങ്കരന്‍തമ്പിയും ജലമാര്‍ഗ്ഗമായും, പൌസ്സദാര്‍, ആക്റ്റിംഗ് പേഷ്കാര്‍ മുതലായ ഉദ്യോഗസ്ഥന്മാര്‍ കരമാര്‍ഗ്ഗമായും എഴുന്നള്ളത്തൊടുകൂടി വന്നിട്ടുണ്ട്. ശങ്കരന്‍തമ്പിയ്ക്ക് ഇരിയ്ക്കാന്‍ ചമയിച്ചിരുന്ന കെട്ടിടത്തെ ഓടുമാറ്റി ഉടന്‍ ഓലയാക്കിക്കൊള്ളണമെന്ന് കമ്പിവന്നതനുസരിച്ച് അതില്‍ ഇട്ടിരുന്ന ഓടിനെ കളഞ്ഞ് ഓലകെട്ടി സുമാറാക്കിയിട്ടുണ്ട്. തിരുമേനിക്ക് കടവിലെഴുന്നള്ളത്തു മുതലായവകയ്ക്കുള്ള സ്ഥലങ്ങള്‍ വൃത്തികേടായും ദുര്‍ഗ്ഗന്ധപൂര്‍ണ്ണങ്ങളായും ഇരുന്നു. കഴിഞ്ഞ ആണ്ടുവരെ ഒരു മയില്‍ദൂരം മുതല്‍, പൊലീസുകാര്‍, കോര്‍ട്ടുകാര്‍, ഇഞ്ചിനീയര്‍, ഡിപ്പാര്‍ട്ടുമെന്‍റുകാര്‍, ഇവര്‍ പ്രത്യേകം പ്രത്യേകം അവിടവിടെയായി പുരകള്‍കെട്ടി അലങ്കരിക്കാറുള്ളതുപോലെയും, ഓരോവീട്ടില്‍നിന്ന് ഓരോ കുലവാഴവീതം മിക്ക കുടിയാനവന്മാരും അസംഖ്യം കുലവാഴകള്‍കൊണ്ടുവന്നു കൊട്ടാരവും ക്ഷേത്രവും മുഴുവന്‍ അലങ്കരിക്കുന്നതുപോലെയും, ഈയ്യാണ്ടില്‍ നടന്നിട്ടില്ലാ. ആകപ്പാടെ എഴുന്നള്ളത്തുകാലങ്ങളില്‍ കോയിയ്ക്കല്‍ കൊട്ടാരം ശ്രീപൂര്‍ണ്ണമായിരിക്കുന്നതുപോയിട്ട് മറിച്ചായി തീര്‍ന്നിരിയ്ക്കുന്നു. ഈയ്യാണ്ടത്തെ എഴുന്നള്ളത്തു നോക്കിയാല്‍ ജനങ്ങള്‍ക്ക് ആകമാനെ, സങ്കടമോ, വിരസതയോ, അസുഖമോ ബാധിച്ചിട്ടുള്ളതുപോലെ കാണപ്പെടുന്നു. ഈ താലൂക്കിലുള്ള സകല ആളുകളും തഹശീല്‍ദാരോടും, ഇന്‍സ്പെക്ററരോടും വെറുത്ത് എതിനും തയാറുള്ള സ്ഥിതിയില്‍ വശായിട്ടുണ്ട്. എന്തുതന്നെ സങ്കടം പറഞ്ഞാലും ഇവരുടെ അക്രമങ്ങള്‍ക്ക് വല്ലകുറവോ, വല്ല കേള്‍വിയോ ഉണ്ടാകുന്നില്ലല്ലൊ എന്ന് വൃക്ഷങ്ങള്‍പോലും പരിതപിക്കുന്നതുപോലെ "ആറ്റങ്ങല്‍,, കാണപ്പെടുന്നു. ഭയങ്കരങ്ങളായും, മരണകരങ്ങളായും ഉള്ള ആയുധങ്ങളെ ഭ്രാന്തന്മാരുടെ കൈവശം കൊടുത്ത് അവരെ ജനസമുദായത്തിന്‍റെ ഇടയില്‍ സ്വാതന്ത്യമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നതുപോലെ, എന്തുംചെയ്‍വാന്‍ ധൈര്യമുള്ള മേല്പറഞ്ഞ രണ്ടു മനുഷ്യരെയും, മനുഷ്യരുടെ ജീവനും മാനത്തിനും, നാശം ചെയ്യുവാന്‍ ശക്തിയുള്ള ഉദ്യോഗങ്ങളേയും കൊടുത്ത്, സ്വാതന്ത്യമായി ഈ താലൂക്കില്‍ ആക്കിയിരിക്കുന്നത്, എന്തെല്ലാം ആപത്തുകളെ വരുത്തുമെന്ന് ആര്‍ക്കും നിര്‍ണ്ണയിക്കാന്‍ പാടില്ലാ. തഹശീല്‍ദാര്‍ പത്മനാഭപിള്ളയ്ക്കും ഇന്‍സ്പെക്ററര്‍ നായിഡുവിനും ഇപ്പോഴുള്ള ശമ്പളത്തിനു പകരം, അതോ അതിലധികമോ കൊടുത്ത് ജനഹിംസയ്ക്ക് ഇടകൂടാത്ത വിധത്തില്‍ ആക്കുകയോ, അതല്ലാത്തപക്ഷം, ഗവണ്മെന്‍‍റ് ഇഷ്ടംപോലെയുള്ള അടുത്തൂണ്‍കള്‍ കൊടുത്ത് പിരിച്ചയക്കുകയോ, ഇതിനും ഇടയില്ലെന്നും തോന്നുന്ന പക്ഷം ഇവരെ ഓരോ താലൂക്കിലും സ്ഥലംമാറ്റി, ഇവരുടെ മരണംവരെ എല്ലാ താലൂക്കുകാറരെയും ഇവരുടെയും സര്‍ക്കാരിന്‍‍റയും മാഹാത്മ്യങ്ങള്‍ അനുഭവിപ്പിച്ച് ഈ താലൂക്കുനിവാസികളെ വിശ്രമിപ്പിക്കയോ ചെയ്യണമെന്നൊരു പക്ഷം. ഈ താലൂക്കില്‍തന്നെ ഇരിയ്ക്കുന്നതിനാണ് ഇവര്‍ക്ക് സുഖമെന്നും, അത് അനുവദിച്ചേ തീരൂവെന്നും വരുന്നപക്ഷം, ഉപദ്രവശാന്തിക്കുവേണ്ടി, ജനങ്ങള്‍ വീതംപോലെ ഇവര്‍ക്കുള്ള ശമ്പളത്തിലും അധികം രൂപാ മാസാമാസം പിരിച്ച് എടുത്തുകൂട്ടികൊടുക്കാന്‍ പോലും തയാറുണ്ടെന്നും, അങ്ങനെയെങ്കിലും ഇവര്‍ മനുഷ്യരെ ഹിംസിക്കുന്നതിനു ഉപയോഗിച്ചുവരുന്ന ഇവരുടെ ഉദ്യോഗായുധങ്ങള്‍ എടുത്ത്, ബി. ഏ-യും, ബി. എല്‍-ം ജയിച്ചവരും, നീതിയും രാജഭക്തിയും ഭൂതദയയും ഉള്ളവരും, അന്യായമായി അധികാരത്തെയോ, അര്‍ഹതയില്ലാത്ത പണത്തെയോ ആഗ്രഹിക്കാത്തവരും, യോഗ്യത ഉണ്ടായിരുന്നിട്ടും തക്ക ഉദ്യോഗം ലഭിക്കാത്തവരും ആയി അനേകം പേര്‍ ഈ സംസ്ഥാനത്തില്‍ ഉള്ളവരില്‍ ആര്‍ക്കെങ്കിലും കൊടുത്ത് അവയെ ജനരക്ഷയ്ക്കുതകുന്നവയാക്കണമെന്ന് മറ്റൊരു പക്ഷം. ഇങ്ങനെ പല പക്ഷക്കാരായും പല സംഘക്കാരായും ഐകകണ്ഠ്യേന മജിസ്ട്രേട്ടോടും, ഇന്‍സ്പെക്‍ടരോടും വെറുത്തവരായിട്ടല്ലാതെ ആരും തന്നെ ഈ താലൂക്കില്‍ ഇപ്പോള്‍ ഉണ്ടെന്നു തോന്നുന്നില്ലാ.

                                                                കണക്ക്.

 കുത്തകക്കാര്‍ക്കും, അവര്‍ വഴിയായി തഹശീല്‍ദാര്‍ക്കും ലാഭം വരുത്തുന്നതിനും ചില്ലറയായ വല്ല ലാഭവും പേരിനു ദിവാന്‍ജിയെ കാണിക്കുന്നതിനുംവേണ്ടി തഹശീല്‍ദാര്‍ വീരളത്തു ഊട്ടുപുരയില്‍ എത്തി എഴുന്നള്ളത്തു വകയ്ക്കുള്ള *************************ഒരു കണക്ക് ഏര്‍പ്പെടുത്തി*******************ചെയ്തുവരുന്നു. ഭരിപ്പുകാരനെ ഭയപ്പെടുത്തിയും മറ്റും അക്രമമായും തികയാതെയും ചേരാതെയും ഉള്ളവിധത്തില്‍ ഒരു കണക്ക് എഴുതിവയ്പിച്ചും, അതിനെ മേലാണ്ടിലും നടപ്പാക്കി എന്നും അലങ്കോലമുണ്ടാക്കാന്‍ കരുതിയും 'എഴുന്നള്ളത്ത്, എന്നതു കേവലം വഴിയൂട്ടിലും മോശമാക്കി തീര്‍പ്പിച്ചും നടത്തിവരുന്നു.

                                                               മേക്കെട്ടി.

 വര്‍ഷംതോറും ആറ്റങ്ങല്‍ എഴുന്നള്ളത്തു സംബന്ധിച്ചുള്ള മേക്കെട്ടിക്കും ജാലരിനും ആയി അനവധി കേമ്പിരിയും, മലുമലും, കട്ടിയാവും വിലയ്ക്കു വാങ്ങുന്നതും, അതുകളെല്ലാം എഴുന്നള്ളത്തുകഴിഞ്ഞ് ലേലംചെയ്ത് മുതല്‍കൂട്ടുകയും, അടുത്തയാണ്ടെയ്ക്കു നവീനമായി വേണ്ടതുവാങ്ങി ഉപയോഗിക്കയും പതിവാണ്. പോയ വര്‍ഷത്തിലെ മേക്കെട്ടികള്‍ കുറഞ്ഞ വിലയ്ക്കു ലേലത്തില്‍പിടിച്ച് മജിസ്ട്രേട്ടുവച്ചിരുന്നതിനെ, അവ ജീര്‍ണ്ണിക്കയും മുഷിയുകയുംചെയ്തിട്ടും, എഴുന്നള്ളിയിരിക്കുന്ന മുറിയിലും മറ്റും അവയെ ഈയാണ്ടിലും ഉപയോഗിച്ചിരിക്കുന്നു. ഈ വിധത്തിലും തഹശീല്‍ദാര്‍ക്ക് വലിയ ലാഭത്തിനു വകയുണ്ട്.

                                                          അറ്റകുറ്റപ്പണി

 ഇതിലേക്ക് ആയിരംരൂപയില്‍ അധികം പതിവായി അനുവദിച്ചിട്ടുള്ളതും, കുമ്മായത്തിനു പകരം വെള്ളമണ്ണ് ഉപയോഗിച്ചും മറ്റും നൂറില്‍ ചില്വാനം രൂപായില്‍ അധികം ചെലവാക്കാതെ ചെലവെഴുതി എടുത്തിരിക്കുന്നു.

                                                           ഒരു ലേലം

 തഹശീല്‍ദാര്‍ ആറ്റങ്ങല്‍ വലിയതെക്കതു പണി പഴയ തടികളെക്കൊണ്ടുംമറ്റും ഒരുവിധത്തില്‍ തീര്‍പ്പിക്കയും, അതിലേക്കെന്ന വ്യാജേന അനവധി തടി ലാഭത്തില്‍ സംഭരിച്ചതിനെ ഭാര്യയുടെ വീടുപണിയ്ക്കു അയയ്ക്കുകയു ചെയ്തു. പണികഴിഞ്ഞ് ഇവിടെ ശേഷിച്ചതില്‍ നല്ല തടികളെ അകത്തൊരു സ്ഥലത്തും ചീത്ത തടികളെ വെളിക്കൊരു സ്ഥലത്തും പ്രത്യേകം പ്രത്യേകം ഇട്ട് ചീത്ത തടികളെ മാത്രം ലേലം ചെയ്കയും, തഹശീല്‍ദാര്‍ക്കായി രായസംപിള്ളയുടെ പേരില്‍ 40-രൂപായ്ക്ക് സ്ഥിരപ്പെടുത്തുകയും നല്ലതായിട്ടു വേറൊരു സ്ഥലത്ത് കൂട്ടായിരുന്നതും ഏകദേശം അഞ്ഞൂറുരൂപ വിലവരുന്നതുമായ നല്ല തടികളെ ഒടുവില്‍ ഇതില്‍കൂടെ ചേര്‍ത്ത് തഹശീല്‍ദാര്‍ അപഹരിക്കയും ചെയ്തിരിക്കുന്നു. ഈ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള തടികള്‍ പട്ടിയല്‍, ഉത്തരം, പടി, നിര, കഴുക്കോല്‍ ഇതുകളും ഇതുകളുടെ മുറികളും ആയിരുന്നു. പഴയ തടികളെന്നല്ലാതെ ഇതിനു പ്രത്യേകം വിവരിച്ച് യാതൊരു ലിസ്റ്റുകളും ഇല്ലാ. ഈ  ലേലറിക്കാര്‍ട്ടിന്‍റെ ഉദ്ദേശ്യം എന്ത്?

                                                      ആനക്കൂലി

 തഹശീല്‍ദാരുടെ ഒരാനയെ ഈ താലൂക്കില്‍നിറുത്തി രക്ഷിച്ചുവരുന്നു എന്നു മുന്‍ ഒരു ലക്കത്തില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ ആനയെ സര്‍ക്കാരാനയ്ക്കു ആവശ്യപ്പെട്ടുവരുന്ന ആളുകള്‍ക്കു ഡിപ്യൂട്ടി രായസംപിള്ള മുഖാന്തരം കൂലിയ്ക്കു അയയ്ക്കുകയും, രൂപാ സര്‍ക്കാര്‍ നിരക്കനുസരിച്ച് വാങ്ങി തഹശീല്‍ദാര്‍ എടുക്കുകയും ചെയ്തുവരുന്നു. ഈ വര്‍ഷത്തിലെയും മുന്‍വര്‍ഷങ്ങളിലെയും ആനവരവ് ഈ താലൂക്കില്‍ എത്ര വ്യത്യാസമുണ്ടെന്നു നോക്കണം. ഇത് ആനലാഭമോ? അധികാരലാഭമോ?

                                               കരുക്കും തേങ്ങയും.

 ആറ്റങ്ങല്‍ എഴുന്നള്ളത്തിനും അരിയിട്ടുവാഴ്ചയ്ക്കും കുത്തക ഏറ്റുനടത്തുന്ന ചിറയിങ്കീഴ് താലൂക്കു കലാല്‍കുത്തകക്കാരുടെ അടിയന്തിരങ്ങള്‍ക്ക് ആവശ്യമുള്ള 2000ത്തില്‍ അധികം കരുക്കും 5000ത്തില്പരം തേങ്ങയും ചിലര്‍ക്ക് അറിഞ്ഞുകൊണ്ടു കീഴ് കുത്തക കൊടുത്തു. ഈ കീഴ് കുത്തകക്കാര്‍ യാതൊരു ഗതിയും ഇല്ലാത്തവരും അലഞ്ഞുനടക്കുന്നവരും തൊഴിലില്ലാത്തവരും ആണ്. ഇവര്‍ 5-നു-മുതല്‍ വെളുപ്പാന്‍കാലത്തു 5 മണിക്കു വീതംപോലെ തേങ്ങയും കരുക്കും ഏള്‍പ്പിച്ചുവരുന്നു. ഇവര്‍ പാവങ്ങളായ കുടികളുടെ തെങ്ങുകളില്‍നിന്നും രാത്രിസമയം തേങ്ങയും കരുക്കും കുലയോടെ കെട്ടിയിറക്കിക്കൊണ്ടുവരുമ്പോള്‍ വഴിയില്‍ കണ്ടവരെ ഭയന്നു ഓടുകയും, കരുക്കും തേങ്ങയും ഇട്ടുകളകയും ചെയ്തിരിക്കുന്നു. ഈ താലൂക്കിലെ ഇപ്പോഴത്തെ അവസ്ഥക്ക് ജനങ്ങള്‍ ആരോടുപറയും? പറഞ്ഞാലും എഴുന്നള്ളത്തിനല്ലെ ഇതു ചിലവ് ! നൂറ്റിനു 4-രൂപാ ഇപ്പോള്‍ വിലയുള്ള തേങ്ങ നൂറ്റിനു 7ല്‍പണമായി ഏള്‍പ്പിക്കാന്‍ ഏറ്റതും ഏള്‍പ്പിച്ചതും ഇതുദ്ദേശിച്ചുതന്നെയെന്നും ലാഭത്തിനു ഇത് ഒരുവഴിയാണെന്നും ഈ ഉദ്യോഗസ്ഥന്മാരുടെ കാലത്ത് എന്തും ആകാമെന്നും വന്നിരിക്കുന്നു.

                      ****ദിവാന്‍ രാജഗോപാലാചാര്യര്‍

              അവർകളെ!       ഈ പാവങ്ങളെ രക്ഷിക്കണെ!!!

ആറ്റങ്ങല്‍

6. 6, 83.                                                                            ചിറയിങ്കീഴുകാര്‍.

 

You May Also Like