ആവശ്യമേത്? പത്ര നിരോധനമോ? അഴിമതി നിരോധനമോ? - 2

  • Published on August 22, 1908
  • By Staff Reporter
  • 533 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

“തിരുവിതാംകൂറിൽ ഇപ്പോൾ ആവശ്യമുള്ളത് പത്രസ്വാതന്ത്ര്യത്തെ നിരോധിക്കുന്നതിനുള്ള നിയമമല്ലാ; അഴിമതിക്കാരെ അമർത്തുകയും; ഗവർന്മേണ്ടിന്റെ  ഘടകങ്ങൾ എല്ലാം സത്യം, നീതി മുതലായ ഗുണങ്ങൾ ഉള്ളവരായിരിക്കുകയും ചെയ്യന്നതിനുള്ള ഭരണ സമ്പ്രദായമാകുന്നു, എന്ന് ഞങ്ങൾ കഴിഞ്ഞ തവണ പ്രസ്താവിച്ചിരുന്നുവല്ലോ. രാജ്യഭരണ കർമ്മത്തിൽ, നിരോധന നയം എന്ന് ശാന്തമായി വിളിക്കപ്പെട്ട നിഗ്രഹ നയത്തിന്‍റെ പ്രവേശം ഇക്കാലത്തു അസ്ഥാനത്തിലാണെന്നും; ഈ നയത്തിന്‍റെ അവശ്യം ഭാവിയായ ഫലം, ജനങ്ങളുടെ സങ്കട പ്രകടനങ്ങളെ അമർത്തുകയല്ല, വളർത്തുകയാണെന്നും, ഞങ്ങൾ മറ്റൊരു സന്ദർഭത്തിലും പ്രസ്താവിച്ചിരുന്നു. ഈ നയത്തിന്‍റെ ഫലങ്ങളെന്നു തെറ്റായോ ശരിയായോ പല  ജനങ്ങളാൽ വിചാരിക്കപ്പെട്ടു വരുന്ന, അന്യദേശങ്ങളിലെ ചില സംഭവങ്ങൾ ദിനേദിനേ നമ്മുടെ അറിവിൽ പെട്ടു കൊണ്ടിരിക്കുമ്പോൾ, രാജ്യഭരണത്തിൽ നിഗ്രഹ നയത്തെ കൈക്കൊള്ളുവാൻ ഉപദേശിക്കുകയോ വിചാരിക്കുകയോ ചെയ്യുന്നത് ബുദ്ധിപൂർവകമായ തന്ത്രമല്ലാ. തിരുവിതാംകൂർ ഒരു സ്വദേശ്യ രാജാവിനാൽ ഭരിക്കപ്പെടുന്ന രാജ്യമായിരിക്കയാൽ, വിദേശീയ ഗവർന്മേണ്ടിനാൽ  ഭരിക്കപ്പെടുന്ന മറുനാടുകളിലെ ജനങ്ങൾക്ക് തോന്നാവുന്ന താപമോ വൈമനസ്യമോ, ഇവിടത്തെ പ്രജകൾക്ക് ഉണ്ടാകേണ്ട ആവശ്യമില്ലെന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ "നാഷണലിസ്റ്റ്" എന്ന സ്വരാജവാദ കക്ഷിക്കാരെപ്പോലെ, മേൽക്കോയ്മയെപ്പറ്റി സകാരണമായോ നിഷ്‌കാരണമായോ വല്ലതും പറയുന്നതിനുള്ള ആവശ്യം ഇവിടെ ഇല്ല. അവിടെയാകട്ടെ, രാജ്യഭരണ കർമ്മം നടത്തേണ്ട അവകാശം സ്വദേശിയർക്കു തന്നെ കിട്ടണമെന്നും; വിദേശീയ ഗവർന്മേണ്ട് ആവശ്യമില്ലെന്നുമാണ് സ്വരാജവാദത്തിൽ അതിക്രമ കക്ഷികൾ വഴക്ക് കൂടുന്നത്. ഈ സംസ്ഥാനത്തിൽ, ഗവർന്മേണ്ടിനെപ്പറ്റി ആർക്കും വഴക്കില്ല. ഗവർന്മേണ്ടിന്റെ തലവനായ മഹാരാജാവ് തിരുമനസ്സ് കൊണ്ട് സ്വദേശ്യരാജാവാകയാലും, തിരുമനസ്സിനെ പ്രജാസമുദായത്തിന്‍റെ കുടുംബപിതാവായി ഗണിച്ചിരിക്കുന്നതിനാലും, രാജഭക്തി എന്നത് പ്രജകളുടെ സ്വാഭാവികധർമ്മമായിരിക്കുന്നു. എന്നാൽ, ഗവർന്മേണ്ടിനെപ്പറ്റി വഴക്കില്ലെന്നിരിക്കിൽ, തിരുവിതാംകൂറിലെ ജനങ്ങൾക്കുള്ള അസ്വസ്ഥത എന്തു നിമിത്തം ആയിരിക്കാം? ഗവർന്മേണ്ടിന്റെ സ്വരൂപം നിമിത്തമല്ല; ഗവർന്മേണ്ട്  പ്രജകളുടെ പേരിൽ കരുണയില്ലാതിരിക്കുന്നു എന്ന കുറ്റവും പറയുവാനില്ല; എന്നാൽ,ഗവർന്മേണ്ടിന്റെ ഘടകങ്ങളായ ഉദ്യോഗസ്ഥന്മാരുടെ ഇടയിൽ, സത്യം, നീതി, ന്യായം, ആർജവം മുതലായ ധർമ്മങ്ങൾ കുറഞ്ഞും, കൈക്കൂലി, പ്രജോപദ്രവം മുതലായ അധർമ്മങ്ങൾ,  വളർന്നും ജനങ്ങളുടെ മേൽ വലിയ സങ്കടഭാരം പതിച്ചിരിക്കയാലാണ് ജനങ്ങളുടെ അസ്വസ്ഥത. തിരുവിതാംകൂർ സംസ്ഥാനം സ്ഥിതിസ്ഥാപകമായ ഒരു ഹിന്തു രാജകുടുംബത്താൽ ഭരിക്കപ്പെടുന്നതാണല്ലോ. പൗരസ്ത്യ രാജ്യങ്ങളിൽ പാശ്ചാത്യ രാജ്യതന്ത്ര പരിഷ്‌കാരത്തിൻ്റെ ബോധം എത്ര തന്നെ ബലവത്തായി ബാധിച്ചാലും, രാജ്യഭരണ പരിഷ്കാരം ദുസ്സാധ്യമാണെന്നുള്ള വാദം തെറ്റാണെന്ന്, തുർക്കി രാജ്യത്തിലെ ഇപ്പോഴത്തെ രാജ്യതന്ത്ര പരിഷ്കാരത്താൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നതായി, "മറാട്ടാ" എന്ന സഹജീവിയുടെ ഇക്കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്, തിരുവിതാംകൂറിലും പരമാർത്ഥം തന്നെയാകുന്നു. രാജാവ് ഈശ്വരന്‍റെ അംശമാണെന്നും, രാജവിന്‍റെ പേരിനെ കൂട്ടു പിടിച്ചു കൊണ്ട് ആര് എന്തു തന്നെ ചെയ്താലും പ്രജകൾ സഹിച്ചു കൊള്ളുകയാണ് പ്രജാധർമ്മമെന്നും ഉള്ള പഴയ വിശ്വാസങ്ങൾ പാശ്ചാത്യ വിദ്യാഭ്യാസത്താൽ ഉലയ്ക്കപ്പെട്ടു പോയിട്ടുണ്ട്. അതിനാൽ തന്നെയാണ് രാജസേവകന്മാരുടെ വിക്രിയകൾ ജനങ്ങൾക്ക് രുചിക്കാത്തത്. അക്രമങ്ങളെയും അഴിമതികളെയും അനുവദിക്കുന്ന അവസ്ഥ തന്നെ, ജനങ്ങൾക്ക് പാശ്ചാത്യരിൽ നിന്ന് സിദ്ധിച്ചിട്ടുള്ള ഉത്തമങ്ങളായ പ്രമാണങ്ങൾക്ക് വിരുദ്ധമായിട്ടുള്ളതാകുന്നു. രാജസേവകന്മാരുടെ അക്രമങ്ങളെ സഹിക്കാഞ്ഞ്, അവയെ അമർത്തുവാൻ ഈ നാട്ടിലെ ജനങ്ങൾ, പഴയ കാലത്തും ഉദ്യമിച്ചിട്ടില്ലെന്നില്ല. അക്കാലത്തെ ജനങ്ങൾ, രാജ്യകാര്യതന്ത്രത്തിൽ പരിഷ്‌കൃത തത്വബോധം കൊണ്ടായിരിക്കയില്ലാ അങ്ങനെ അസഹ്യതയെ കാണിച്ചത്; ഒരു നൂറ്റാണ്ടിനു മുമ്പ് ജയന്തൻ ശങ്കരൻ നമ്പൂതിരിയുടെ ധിക്കാരങ്ങളെ അടക്കുവാൻ ജനങ്ങൾ തുനിഞ്ഞത്, രാജാധികാരത്തെ അനർഹനായും അയോഗ്യനായുമുള്ള ഒരു ധൃഷ്ടൻ അപഹരിച്ചു പ്രയോഗിച്ചതിങ്കൽ അവർക്കുണ്ടായ അഭിമാനഭംഗ വിചാരത്താലായിരിന്നു. അവർ രാജാവിനെ രാജാവെന്ന ഭക്തിയോടെ ആദരിച്ചിരുന്നതിനാൽ, രാജാധികാരത്തെ ആക്രമിക്കുന്നവരോട് കാണിച്ചിരുന്ന വെറുപ്പ് ഏകദേശം മതവിശ്വാസാക്രമികളോടുള്ളതിനോടൊപ്പമായിരുന്നു എന്ന് പറയാം. എന്നാൽ, ഇപ്പോഴത്തെക്കാലത്തെ വിചാരം അതാണെന്ന് പറഞ്ഞുകൂടാ. "രാജാവിനെ ചുഴലുന്ന ദൈവത്വം, അതിശീഘ്രം നിഷ്പ്രഭമായിത്തീരുന്നു;   രാജാക്കന്മാരുടെ സ്വേച്ഛാധികാര ദിനങ്ങൾ കേവലം അതീത കാലത്തിൽ പെട്ടു പോയിരിക്കുന്നു" എന്നുള്ള ബോധം പാശ്ചാത്യ രാജ്യതന്ത്ര തത്വങ്ങൾ ജനങ്ങളുടെ ഉള്ളിൽ  ഉറപ്പിച്ചു വരുന്ന അവസ്ഥയ്ക്ക് ഇക്കാലത്തെ ജനങ്ങൾ രാജസേവകന്മാരുടെ അധികാര പ്രകടനങ്ങളെ മതവിശ്വാസം ക്രമമായിട്ടല്ല വിചാരിക്കുന്നത്; രാജ്യധർമ്മ ഭ്രംശമായി ഗണിക്കുന്നു. സ്ഥാനം പോയി, കരാർ പ്രമാണമായിരിക്കുന്ന ഇക്കാലത്ത് കർത്തവ്യം കർത്തവ്യത്തിനു വേണ്ടി എന്ന നിഷ്ഠ, ജനങ്ങൾക്ക് വർദ്ധിച്ചു വരുന്നതിനാൽ, രാജ്യഭരണ നടവടികളിൽ, ഗവർന്മേണ്ടുദ്യോഗസ്ഥന്മാരുടേയും രാജ്യസേവകന്മാരുടേയും  അനർഹവും അനാവശ്യവുമായ പ്രവേശത്തെ ജനങ്ങൾ ദ്വേഷിക്കുന്നത് സ്വാഭാവികം തന്നെയാണ്. ഈ പ്രവേശത്തെ വിരോധിക്കുന്നതായാലല്ലാതെ, അത് നിമിത്തമുണ്ടാകുന്ന ജനസങ്കടം പരിഹരിക്കപ്പെടുന്നതെങ്ങനെയെന്ന് ഞങ്ങൾ അറിയുന്നില്ല. തിരുവിതാംകൂറിലെ വർത്തമാനപത്രങ്ങൾ ഇക്കാലത്ത് ഗവർന്മേണ്ടിനെ യാതൊരു കാരണത്താലും ദ്വേഷിക്കുന്നില്ല; ദ്വേഷിക്കുവാൻ ആവശ്യവുമില്ല; അവ എന്തിനെയെങ്കിലും, ആരെയെങ്കിലും, ദ്വേഷിക്കുന്നുണ്ടെങ്കിൽ, അത്, ഗവർന്മേണ്ടു ഭരണ ദൂഷണങ്ങളെയും, ഈ ദോഷങ്ങളുടെ കർത്താക്കളായ ഉദ്യോഗസ്ഥന്മാരെയും, അവയ്ക്കും അവർക്കും പ്രേരകന്മാരായി നിന്ന് രാജ്യത്തിന്‍റെ സൽകീർത്തിയെ ധ്വംസിക്കുന്ന രാജസേവകന്മാരെയും ആകുന്നു. നാട്ടിന്‍റെ ഈ ദൂഷ്യഭാഗം  മാത്രമാണ് പ്രമാർജ്ജനം ചെയ്യപ്പെടേണ്ടത്; ഈ ദൂഷ്യങ്ങളെ സഹിക്കാഞ്ഞ് ജനങ്ങൾക്കുള്ള സങ്കടങ്ങളെ ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ പ്രകടീകരിക്കുന്ന പത്രപ്രവർത്തകന്മാരുടെ നാവടക്കുന്ന നിഗ്രഹ നയം അനപേക്ഷിതവും, ഭാവിക്കുന്ന രോഗത്തെക്കാൾ ദോഷജനകമായ ഔഷധവും ആയിരിക്കുന്നതാകുന്നു. 

You May Also Like