കേരളവാർത്ത - മലബാർ - തലശ്ശേരി
- Published on December 26, 1906
- By Staff Reporter
- 696 Views
കാലാവസ്ഥ
കാലാവസ്ഥ ആകപ്പാടെ മോശമെന്നെ പറയേണ്ടതുള്ളൂ. പകൽ സമയം സാഹിച്ചുകൂടാത്ത അത്യുഷ്ണവും, രാത്രി ദുസ്സഹമായ ശൈത്യവും ഉണ്ടത്രേ. പ്ലേഗ് കുറെ നാളായി യാതൊരാൾക്കും ബാധിച്ചുവെന്നു കേൾക്കുന്നില്ലാ. ഇപ്പോൾ ഇവിടെയുള്ള എല്ലാ വീടുകളും കമ്പോളങ്ങളും കഴുകി ശുദ്ധി വരുത്താൻ തീർച്ചപ്പെടുത്തിയിരിക്കുന്നു. അതു പ്രകാരം മിക്കതും കഴുകിത്തുടങ്ങി. എണ്ണ തേച്ചു കുളിക്കുന്നത് വളരെ നല്ലതാണെന്നും ബോംബയിൽ എണ്ണ സ്റ്റ്റീറ്റില്‍ പ്ലേഗ് പിടിപെട്ടിട്ടില്ലെന്നും മറ്റും ഞങ്ങളുടെ സബ് കളക്ടർ സായ്പ് ഇതിനിടെ ഒരു യോഗത്തിൽ വെച്ച് പറഞ്ഞിരിക്കുന്നു.
പിലാകൂൽപള്ളി
സ്ഥലത്തെ മിക്ക പഴയ മുഹമ്മദീയ പള്ളികളും പൊളിച്ചു പുതുതായി പണിയിക്കയും ചില വേണ്ടപ്പെട്ട സ്ഥലങ്ങളിൽ ഓരോ പള്ളികൾ നൂതനമായി പണിയിക്കയും ചെയ്തിട്ടുണ്ടായിരുന്നു. ഈ വക ഭക്തി വിഷയങ്ങളിൽ സ്ഥലത്തെ കച്ചവടക്കാർ ഒട്ടുക്കും പങ്കു ചേർന്നാണ് കാര്യം നിർവഹിച്ചു വരാറുള്ളത്. എന്നാൽ പിലാകൂൽ എന്ന സ്ഥലത്തു ഒരു പള്ളി നിർമ്മിച്ചു കിട്ടേണ്ട കാര്യത്തിൽ തദ്ദേശീയർ വളരെ ശ്രമിച്ചുംകൊണ്ടു ഇരിക്കയായിരുന്നു. അതിന്നിടയിൽ അവിടെ ഒരു പള്ളി പണിയിക്കാൻ ഇവിടുത്തെ ഒരു കച്ചവടക്കാരനായ ബാത്തല മോയ്തീൻകുട്ടി ഹാജി അവർകൾ തീർച്ചപ്പെടുത്തുകയും തദ്ദേശീയരുടെ ആശ പൂർത്തീകരിക്കയും ചെയ്തു. ഇപ്പോൾ എത്രയോ കൗതുകമായ മട്ടിൽ പണി ചെയ്യിക്കപ്പെട്ടിട്ടുള്ളതും "ശാഫി, ഹനഫി" എന്നിവർക്കു ഉപയുക്തമായ വിധത്തിലുള്ള ജലാശയത്തോടു കൂടിയതുമായ പള്ളിയുടെ പണികൾ ഏതാണ്ടു കലാശിക്കയും മുഹമ്മദീയരുടെ ഒരു പുണ്യ ദിനമായ "റംസാൻ" ഒടുവിൽ നമസ്കാരം മുതലായ വന്ദനാദികൾ ആരംഭിക്കയും ചെയ്തിരിക്കുന്നു. ഈ മഹാനു ഈ ശ്ലാഘനീയമായ ഉദ്യമത്തിന്നു ഉദ്ദേശം മുപ്പതിനായിരം ഉറുപ്പികയോളം ചിലവുണ്ടെന്നു കേൾക്കുന്നു.
ഒരു യോഗം
സ്ഥലത്തെ ചില മുഹമ്മദീയ വിദ്യാർത്ഥികളാലും കച്ചവടക്കാരാലും മറ്റും വൈ. എം. എം. സമാജം എന്ന നാമധെയത്തിൽ ഒരു സമാജം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൻ്റെ സ്ഥിരം അദ്ധ്യക്ഷൻ ബാത്തല പക്കി അവർകളാണ്. യോഗ്യനും എസ്. ഏ. പരീക്ഷാ വിജയിയും ആയ ഇദ്ദേഹത്തിൻ്റെയും മറ്റും ഈ ഉദ്യമം പ്രശംസാവഹം തന്നെ: ഈ സംഘത്തിൻ്റെ വർഷാന്തയോഗം ഈ ഡിസംബർ അവസാനം നടത്തുന്നതാണ്.
മെട്രിക്, എഫ്. ഏ. പരീക്ഷകൾ
ഈ പരീക്ഷകൾ ഒക്കെ ബ്രണൻ കാളേജിൽ വെച്ചു കഴിഞ്ഞു കൂടിയിരിക്കുന്നു. ഈ സെൻട്റലില്‍ ആകേ 167 കുട്ടികൾ ഉണ്ടെന്നു കേട്ടു. മെട്രിക്കുലേഷൻ ക്ലാസ്സിൽ ഒന്നും എഫ്. ഏ. യിൽ മൂന്നും മുഹമ്മദീയർ ഉണ്ട്. പരീക്ഷക്ക് അയക്കാത്ത വേറെയും മുഹമ്മദീയ വിദ്യാർത്ഥികൾ വളരെ ഉണ്ട്.
മതം വിശ്വസിച്ചു.
ഒരു ക്രിസ്ത്യാനിയായ ജാഞ്ചിക്കുട്ടി വൈദ്യർ എന്നാളുടെ ഒരു മകള്‍ ഭര്‍ത്താവിനെ വിട്ടു ഇവിടെ വന്നു മുഹമ്മദ് മതം വിശ്വസിച്ചിരിക്കുന്നു. ഈ വിദുഷക്ക് 22 വയസ്സുണ്ടെന്നു അറിയുന്നു.
ഒരു കഠിന ഹൃദയൻ
വടകരക്ക് സമീപം വെച്ചു ഒരു കുറുപ്പു ഇളനീർ കുടിക്കുമ്പോൾ, ഏകദേശം 8 വയസ്സു പ്രായമുള്ള ഒരു മാപ്പിളക്കുട്ടിക്ക് ഇളന്നീർ വേണോ എന്നു ചോദിക്കുകയും കുട്ടി സന്തോഷത്തോടെ മേടിച്ചു കുടിക്കയും ചെയ്തു. ഉടനെ ഈ കുറുപ്പിൻ്റെ കൈവശമുണ്ടായിരുന്ന വാൾകൊണ്ട് കുട്ടിയുടെ പിരടിക്കും മറ്റും വെട്ടിയതായും, കുട്ടി നിലവിളിച്ചു ഉടൻ ജനങ്ങൾ എത്തി കുട്ടിയെ വടകര ആസ്പത്രിയിൽ കൊണ്ട് പോയതായും അവിടെ വെച്ചു് പരിശോധിച്ചു ഇവിടേക്ക് അയച്ചതായും അറിയുന്നു. ഈ കഠിന ക്രിയ ചെയ്യുവാൻ കാരണമെന്തെന്നറിയുന്നില്ല.
വായനശാല
സ്ഥലത്തെ "വിക്ടോറിയ മെമ്മോറിയൽ ലൈബ്രറിയുടെ" വാർഷിക യോഗം ഇതിനിടെ ഡിസ്ട്രിക്ട് ജഡ്ജി ബ്രോട്ടപുട്ട് സായ്പ് ..........................കൂടിയിരിക്കുന്നു. ഈ വായനശാലയുടെ ശ്രേയസ്സ് ഉപര്യുപരി വർദ്ധിച്ചു കാണ്മാൻ പ്രാർത്ഥിക്കുന്നു.
പ്രദർശനം
എസ്സ്. എൻ. സി. പി. യോഗം വകയായി നടത്താനുള്ള കരകൗശല പ്രദർശന കാര്യത്തെ പറ്റി ആലോചിപ്പാനും മറ്റും കണ്ണൂര് വെച്ചു് ഒരു യോഗം കൂടിയിരുന്നു. അന്നേ ദിവസം നാനാജാതിക്കാരും ഹാജരുണ്ടായിരുന്നു. ഇതിലേക്കായി കൊണ്ടു ചിറക്കൽ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു നൂറും ചോവ്വക്കാരന്‍ കേളോത്ത് മക്കി കേയി അവർകൾ അമ്പതും ഉറുപ്പിക കൊടുക്കയും വെറെ പലരും വരിയിടുകയും ചെയ്തതായി അറിയുന്നു.
തിയ്യരുടെ അമ്പലം
അമ്പലത്തിൻ്റെ പണികൾ ഒക്കെ കേമമായി നടത്തുന്നുണ്ട്. മകരം അവസാനം പ്രതിഷ്ട നടക്കുന്നതാണെന്നറിയുന്നു. ക്ഷേത്രം വക വൃശ്ചികം 1 നു മുതൽ 30 നു വരെ ഒരു മാസത്തിനുള്ളിൽ ആയിരത്തിൽ പരം ഉറുപ്പിക വരവുണ്ടെന്നു അറിയുന്നു.