തെക്കൻ പോലീസ്

  • Published on October 02, 1907
  • By Staff Reporter
  • 467 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തെക്കൻ പോലീസ്

(സ്വന്തം ലേഖകൻ)

തെക്കൻ ഡിവിഷനിലേക്കും തിരുവനന്തപുരത്തേക്കും ഒരു അസിസ്റ്റന്റു   സൂപ്രണ്ടുണ്ട്. ഇദ്ദേഹത്തിന്റെ പേര്‍ ഹുഗ്വാർഫാണെന്നും സകലരും അറിഞ്ഞിരിക്കാം. വളരെക്കാലം പോലീസ്സിൻസ്പെക്ടറായിരുന്നിട്ടുണ്ടെന്നുള്ള ഏകവകാശം അല്ലെങ്കിൽ യോഗ്യത ഇല്ലെന്നില്ല. എങ്കിലും ഇവിടത്തെ ഭരണം ആവണക്കെണ്ണശൌചം പോലെയാണ് വർത്തിക്കുന്നത്. കീഴിലുള്ള ഇൻസ്പെക്റ്ററന്മാരുടെയും അപ്സരന്മാരുടെയും തകരാറുകളെ കണ്ടു പിടിച്ച്, ശരിയായി നയിക്കുന്നതിനുള്ള പാടവം വേണ്ടുവോളം ഇല്ലെന്നു വ്യസന സമേതം പറയേണ്ടിയിരിക്കുന്നു ഹെഡ് സൂപ്രണ്ടിനു ഇവിടത്തെ ഭരണത്തെ സംബന്ധിച്ച് തോന്നീട്ടുള്ള അഭിപ്രായത്തിന് വിലമതിക്കാതിരിപ്പാൻ പാടില്ലെല്ലൊ. ഈയ്യിട സർക്ക്യൂട്ട് വന്നിരുന്നപ്പോൾ, ആദ്യമായി കബാത്തു സ്ഥലത്ത് പരിശോധനത്തിനായി എത്തി, അവിടെ പോലീസുകാർ ഹാജരില്ലായിരുന്നു. എന്താണെന്നു തിരക്കിയതിൽ, വ്യാഴം, ശനി ഈ രണ്ടു ദിവസങ്ങളിലും കബാത്ത് ആവശ്യമില്ലെന്ന് അസിസ്റ്റന്റ് സൂപ്രണ്ടവർകൾ ആജ്ഞാപിച്ചിട്ടുള്ള പ്രകാരം അറിവാനിടയായി. ഇതെന്തൊരസംബന്ധം എന്ന് പറഞ്ഞിട്ട്, സ്ഥലം സ്റ്റേഷൻ പരിശോധിച്ചു. ഈ സായ്പവർകൾക്ക് ഒരു വിശേഷ ​ഗുണം ഉള്ളതു കൂടി പറഞ്ഞോട്ടെ, പോലീസ്സുകാര്‍ എന്ത് ചെയ്താലും ശരി: പൂച്ചെടികൾ കൊണ്ടും ആർച്ചുകൾ കൊണ്ടും സ്റ്റേഷൻ മുഖപ്പ് വെടിപ്പായിരിക്കെണം. ഉടുപ്പുകൾ മുതലായവ വൃത്തിയായിരിക്കണം. റിക്കാർഡുപുസ്തകങ്ങൾ മുറികൾ സാമാനങ്ങൾ ഇവയും ക്രമപ്പെടുത്തി മിനുസമാക്കി വച്ചിരിക്കണം. പ്രസ്തുത സം​ഗതികളിൽ സ്ഥലത്തെ തകരാറുകൾ സായിപ്പവർകളെ കോപിപ്പിച്ചിട്ടുണ്ട്. ഹെഡ് സൂപ്രണ്ടവർകൾ മേൽപ്പറഞ്ഞ കാരണങ്ങളാൽ വിസിറ്റിം​ഗ് ബുക്കിൽ ചില റിമാർക്കുകൾ എഴുതീട്ട് യാത്രയായി. ഇതു കഴിഞ്ഞ ശേഷം അസിസ്റ്റന്റ് സർക്കീട്ടു പുറപ്പെടുകയും ചെയ്തു. ആഫീസിലുള്ള തന്റെ സിൽബന്തികൾക്ക് കബാത്തിനു ഹാജരാകാതിരുന്ന കുറ്റത്തിനായി, 7-ം 4-ം ചക്രം വീതം പ്രായശ്ചിത്തം നിശ്ചയിച്ചു. ആയത്, ഹെഡ് ആഫീസിലെത്തിയപ്പോൾ, "അനാവശ്യ"മെന്ന് റിമാർക്കോടെ മടങ്ങിയെത്തി. അതുമിരിക്കട്ടെ, ഈ സ്ഥലത്ത്, മോഷണങ്ങളും മറ്റു ലഹളകളും നടന്നുകൊണ്ടിരുന്നിട്ടും അമർച്ച ചെയ്യിക്കാതെ, ആഫീസിലുള്ളവർ ആഫീസ്സ് ജോലികൾ നിർവ്വഹിച്ച് രാത്രി കാലങ്ങളിൽ ബീറ്റു ചുറ്റണമെന്നും ഏർപ്പാടു ചെയ്തിട്ടുള്ളതുപോല്‍......അസമര്‍ത്ഥനെങ്കില്‍, മാറ്റി, തല്ക്കാലം ആളെ പകരം നിയമിക്കുകയല്ലേ വേണ്ടത്? . ഇദ്ദേഹം ഇവിടെ ഇൻസ്പെക്റ്റരായി വന്നു ചേർന്ന നാൾ മുതൽക്കെ ഇവിടെത്തന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതും ഇദ്ദേഹത്തിന്റെ ഭരണ ദോഷത്താൽ, നാട്ടുകാർക്കു അനാവശ്യമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉപദ്രവങ്ങൾ ചില്ലറയല്ല. എത്രയോ മോഷണങ്ങൾ തെളിയാതെ കിടക്കുന്നു. ദേവികുളത്തു നിന്ന് സ്ഥലം മാറി വന്ന ഒരു കാൺസ്റ്റവിളിന്റെ പല സാമാനങ്ങളും പെട്ടിയും, മറ്റൊരു കാൺസ്റ്റബിൾ കട്ടു പോലും. എന്നിട്ടു ഇൻസ്പെക്റ്റർ യാതൊരു അന്വേഷണവും നടപടിയും നടത്തിയില്ല. അന്യ അതിർത്തിയിലുള്ള ഒരു സ്റ്റേഷനാഫീസർ കേസ്സു തെളിയിച്ചു. എന്നിട്ട്. ആ ആഫീസരാകട്ടെ വിവരമറിഞ്ഞ ഇൻസ്പെക്റ്റാകട്ടെ യാതൊന്നും പ്രവർത്തിക്കാതെ മൗനം ദീക്ഷിക്കയാണ് ചെയ്യുന്നത്.  ഇക്കേസ്സ് ഹെഡിഫീസിൽ ചെല്ലാതിരിപ്പാനും, അസിസ്റ്റന്റാഫീസുകൊണ്ടുതന്നെ തേച്ചു മാച്ചു കളവാനും ആയി, സൂപ്രണ്ടിന്റെ ഇഷ്ടനായ ഒരു വക്കീൽ മുഖാന്തരം ചിലതൊക്കെ നടത്താനിരിക്കുന്നതായറിയുന്നു. ഇപ്രകാരം, ഹെഡ് സൂപ്രണ്ടവർകൾ അഭിപ്രായപ്പെട്ടതു പോലെ അതൃപ്തികരമായ സ്ഥിതിയിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. സാധാരണമായി ഈ നാട്ടിലെ ചില പോലീസ്സുകാർ മോഷണത്തെ സംബന്ധിച്ചു ഹർജി കിട്ടിയാൽ, രജിസ്ട്രരിൽ ചേർക്കാതെ ഹർജിയെ ഇഷ്ടന്മാരായ കാൺസ്റ്റബിൾമാരെ ഏൽപ്പിക്കും. അവർ സ്ഥലത്തു ചെന്ന് കണ്ണിൽ കണ്ടവരെ എല്ലാം പിടിച്ചും മാനഹാനി നടത്തിയും ഉപദ്രവിക്കും. ഒടുവില്‍"പാപമൊരിടത്ത് പഴിയൊരിടത്ത്" എന്ന പോലെ,, പാവപ്പെട്ട ഒരുത്തന്റെ തലയ്ക്കുവച്ചു കെട്ടിയാലുമായി പിടിച്ചുവയ്ക്കലുമായി, . ഹർജി വിചാരണ എന്ന പേരോടെ പണം കിട്ടുന്നതിനായുള്ള ശ്രമം പത്തു പതിനഞ്ചു ദിവസത്തേക്കുണ്ടായിരിക്കും. ഇതിനിടയ്ക്ക് മോഷ്ടിച്ചവൻ മോഷണദ്രവ്യവുംകൊണ്ടു പമ്പ കടക്കും. പിന്നെയെങ്ങനെയാണ് തെളിവുണ്ടാക? സൂപ്രണ്ടന്മാർ സർക്കീട്ട് ചെയ്യുമ്പോൾ, രജിസ്ട്രരിൽ കൊള്ളിക്കാതെ മേൽപ്പറഞ്ഞ പതനത്തിലെത്ര കേസ്സുകൾ കിടപ്പുണ്ടെന്ന് പ്രൈവറ്റായി അന്വേഷിക്കണം. തക്ക ശിക്ഷകൾ നൽകെണം. ഇപ്പോൾ മിക്കവാറും ജനങ്ങൾ തങ്ങളുടെ പ്രയത്നഫലമായ ദ്രവ്യത്തിലൊരംശത്തെ ഇത്തരക്കാർക്കു കൊടുത്തിട്ടു പ്രതിഫലമായി അവരിൽ നിന്നും അടിയുമിടിയും അപമാനങ്ങളും തന്നേയാണ് മേടിച്ചു പോരുന്നത്. ഈത്താം വഴിയിൽ നടന്ന വിളവെടുപ്പ് കേസ്സ്, ഒരു സേഡ് ഒരു സ്ത്രീക്കു വിഷം കൊടുത്തു എന്ന് ഉണ്ടായ കേസ്സ്, ഇതിൽ പ്രവർത്തിച്ച അപനയം, കനകമൂല ചന്തയിൽ പോലീസ്സുകാർ ചെയ്യുന്ന അക്രമം മുതലായവറ്റെ സംബന്ധിച്ചും മറ്റും അടുത്തകുറി റിപ്പോർട്ടു ചെയ്തുകൊള്ളാം.

 

You May Also Like