സമുദായ പരിഷ്‌കാരം

  • Published on June 03, 1910
  • By Staff Reporter
  • 709 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

സമുദായപരിഷ്‌കാര കാര്യത്തിൽ തൽപ്രവർത്തകന്മാർക്ക് നേരിടുന്ന ആക്ഷേപങ്ങളിൽ മുഖ്യമായുള്ളത് അവരുടെ പ്രവൃത്തി പ്രസംഗത്തിനൊത്തതല്ലാ എന്നാണ്. "മനുഷ്യർ ചെയ്യുന്ന ദോഷം അവർ മരിച്ച ശേഷവും നിലനിൽക്കുന്നു; അവർ ചെയ്യുന്ന ഗുണം മിക്കവാറും അവരുടെ അസ്ഥികളോടുകൂടെ കുഴിച്ചുമൂടുന്നു" എന്ന് ഷേക്‌സ്പിയർ പറഞ്ഞിട്ടുള്ളതിന്മണ്ണമാണ് സമുദായപരിഷ്‌കാരത്തെക്കുറിച്ച് അകലെയിരിക്കുന്നവർ വിചാരിക്കുന്നത്. ഇന്ത്യൻ സമുദായപരിഷ്‌കാരത്തിനായി ശ്രമിച്ചിരുന്ന പ്രമാണികളിൽ ചിലർ തങ്ങളുടെ പരിഷ്‌കാരപ്രമാണങ്ങൾക്ക് വിരുദ്ധമായി ചെയ്തുപോകേണ്ടി വന്ന ചില പ്രവർത്തികളാൽ, സമുദായപരിഷ്‌കാര പ്രവർത്തനത്തിന് അന്യന്മാരുടെ പരിഹാസം സഹിക്കേണ്ടതായിത്തീർന്നിട്ടുണ്ട്. ഇന്ത്യക്കാർ പ്രസംഗിക്കുന്നതിൽ കാണിക്കുന്ന ധീരതയെ പ്രവൃത്തിയിൽ കാണിപ്പാൻതക്ക മനക്കരുത്തുള്ളവരല്ലെന്നോ, സമുദായപരിഷ്‌കാരത്തിൽ നിഷ്കപടഹൃദയന്മാരല്ലെന്നോ മറുനാട്ടുകാർ ഉപഹസിക്കുന്നതിൽ അവരെ കുറ്റം പറയാനില്ല. കേശവചന്ദ്രസെൻ, ജസ്റ്റിസ് റാനെഡെ, മുതലായ പ്രഖ്യാതന്മാരായ സമുദായപരിഷ്‌കാരകർത്താക്കന്മാരും തങ്ങളുടെ പ്രസംഗത്തിൽ സ്പഷ്ടമാക്കുന്ന പ്രമാണങ്ങളിൽ നിന്ന് അല്പസ്വല്പം മാറിക്കാണുമ്പോൾ, ഇന്ത്യൻ സമുദായ പരിഷ്‌കാരന്മാരുടെ പ്രസംഗത്തിൻ്റെ യഥാർത്ഥതയെ ശങ്കിക്കുന്നത് അത്ഭുതമല്ല. എന്തെന്നാൽ, മനുഷ്യരുടെ ഗുണദോഷങ്ങളെ വിചാരണ ചെയ്യുന്നത് അവരുടെ സദുദ്ദേശങ്ങളെയോ പ്രസംഗങ്ങളെയോ അധിഷ്ഠാനപ്പെടുത്തിയിട്ടല്ല; അവരുടെ ആചരണം, അല്ലെങ്കിൽ നടത്ത എങ്ങനെയായിരുന്നു എന്ന് നിർണ്ണയിച്ചിട്ടാകുന്നു. അതിനാലാണ് സമുദായപരിഷ്‌കാര പ്രവർത്തകന്മാർ പ്രസംഗിക്കുമ്പോൾ തന്നെ പ്രവർത്തിക്കണമെന്ന് മറ്റുള്ളവർ നിർബന്ധിക്കുന്നത്.

ഇന്ത്യൻ സമുദായപരിഷ്കാരികളുടെ മേൽ ആരോപിക്കപ്പെടുന്ന മുൻപറഞ്ഞ ആക്ഷേപം ഏറെക്കുറെ നായർസമുദായപരിഷ്‌കാരത്തിനായി ഉദ്യോഗിച്ചിരിക്കുന്നവരെപ്പറ്റിയും പറഞ്ഞു കേൾക്കുന്നത്, ഈ പരിഷ്‌കാര പ്രവർത്തകന്മാരുടെ പ്രസംഗങ്ങൾക്കും പ്രവൃത്തികൾക്കും തമ്മിലുള്ള വ്യത്യാസത്താൽ തന്നെയാണ്. കേരളീയ നായർ സമാജത്തിൻെറ ഉദ്ദേശങ്ങളെക്കുറിച്ച് പ്രശംസയായി പ്രസംഗിക്കയും, തൻ്റെ ശ്രോതാക്കൾ ആ ഉദ്ദേശങ്ങളെ നിറവേറ്റണമെന്ന് ഉപദേശിക്കയും ചെയ്യന്നവർ, ആ പ്രസംഗത്തിനു വിപരീതമായി പ്രവർത്തിക്കുമ്പോൾ, സമുദായത്തിലെ മറ്റംഗങ്ങൾക്കു എങ്ങനെ അവിശ്വാസം തോന്നാതിരിക്കും? അന്യസമുദായക്കാർ ഇവരുടെ ബകവ്രതത്തെപ്പറ്റി എങ്ങനെ അപഹസിക്കാതിരിക്കും? മനുഷ്യനെ നിർണ്ണയിക്കേണ്ടത് പ്രസംഗത്തെ തോതാക്കിയിട്ടല്ലല്ലോ. പ്രവർത്തിയല്ലേ മനുഷ്യൻെറ ഉള്ളിനെ പുറമെ പ്രദർശിപ്പിക്കുന്നത്? നാളെയും മറ്റന്നാളും തിരുവനന്തപുരം വിക്ടോറിയാ ജുബിലീ ടൗൺ ഹാളിൽ വച്ച് ജസ്റ്റിസ്  മിസ്റ്റർ ശങ്കരൻ നായർ "കേരളീയ നായർ സമാജ" ത്തിൻ്റെ അധ്യക്ഷം വഹിക്കുമ്പോൾ, ഈ തത്വത്തെ നായന്മാരുടെ ഉള്ളിൽ നല്ലവണ്ണം പതിപ്പിക്കുമെങ്കിൽ നന്നായിരിക്കുമെന്നാണ് ഞങ്ങൾ പറയുന്നത്. മിസ്റ്റർ ശങ്കരൻ നായർ  പ്രസംഗത്തിനു അനുസരിച്ചു തന്നെ പ്രവർത്തിക്കുന്ന ആളാണെന്ന് അദ്ദേഹത്തിൻെറ നായകത്വത്തിൽ നടത്തി വരുന്ന സമുദായപരിഷ്കാര സംഘത്തിൻെറ പ്രവൃത്തികളാൽ വെളിപ്പെട്ടിട്ടുള്ളതാണ്. നായന്മാരിൽ അവാന്തര ജാതി വ്യത്യാസത്തെ ത്യജിച്ച് അവരെ ഒരൊറ്റ വർഗ്ഗമായി ഉരുക്കിച്ചേർത്ത് ബന്ധപ്പെടുത്തുന്നതിന് അദ്ദേഹം പന്തിഭോജനം, പരസ്പരവിവാഹം എന്നീ നടപടികളെ ഉപദേശിക്കയും അതിന്മണ്ണം നടത്തിക്കയും ചെയ്തുവരുന്നു. തിരുവിതാംകൂറിലെ നായർസമുദായ പരിഷ്കാരികളോ? ഇവരുടെ സമ്പ്രദായം എന്താണ്? കെട്ടുകല്യാണത്തെ നാമമാത്രമായി കഴിക്കയോ, തീരെ നിറുത്തൽ ചെയ്യുകയോ, അതിനെയും സംബന്ധമെന്ന വിവാഹത്തെയും ഒന്നാക്കി നടത്തുകയോ ചെയ്യണമെന്നു പ്രസംഗിച്ചിട്ടുള്ള "നാഗരികന്മാർ" തങ്ങളുടെ കുട്ടികളെ അതു ബാധിക്കരുതെന്നാണ് പ്രവൃത്തിയാൽ അറിയിക്കുന്നത്. ആ വഴിയിൽ പരിഷ്‌കാരം ചെയ്യുവാൻ മുമ്പിട്ടു നിന്നിരിക്കുന്നവർ ഉൾനാടുകളിലെ ഗൃഹസ്ഥന്മാരാണെന്നും, ഇവർ ഇങ്ങനെ പരിഷ്‌കാരം ചെയ്യാമെന്ന് പ്രതിജ്ഞ ചെയ്യാതെ മൗനപൂർവം അടിയന്തര പരിഷ്‌കാരം ചെയ്തിരിക്കയാണെന്നുള്ള വസ്തുതകളുടെ വ്യാഖ്യാനം സ്പഷ്ടമാണല്ലോ. നായർസമാജത്തിൻെറ ഉദ്ദേശങ്ങളിൽ മറ്റൊന്ന് പന്തിഭോജനവും പരസ്പരവിവാഹവും കൊണ്ട് നായർ സമുദായത്തെ യോജിപ്പിച്ചു ബലപ്പെടുത്തേണമെന്നാണ്. ഈ വിഷയത്തിലും, നാഗരികന്മാരും പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചവരുമായുള്ളവരിൽ ചിലരുടെ സമ്പ്രദായം എന്താണ്? ഞാൻ ഇല്ലക്കാരൻ, അവൻ സ്വരൂപക്കാരൻ, നീ പാലമംഗലം, അതിനാൽ ഞാൻ നിങ്ങളോടൊപ്പം ഇരുന്നു പന്തിഭോജനം കഴിക്കയില്ല, എന്ന വിധത്തിലാണ് നടക്കുന്നത്. അടിയന്തര സദ്യകളിൽ, സൽക്കാരകർത്താവിനെ ഞാൻ തൊട്ടുതിന്നുകയില്ല, എന്നും മറ്റും ബഹളംകൂട്ടി, ഓരോ കഴിവുകൾ ഭാവിച്ച് മംഗളകാര്യങ്ങളെ അമംഗളമാക്കി പിരിയുന്നു. ഇപ്രകാരമുള്ള നടപടികൾ നായർ സമുദായത്തെ ബലപ്പെടുത്തുന്നതെങ്ങനെ? ഉപചാരത്തിനു വേണ്ടി അടിയന്തരത്തിനു പോയി സൽക്കാരകർത്താവിനോടും മറ്റു അതിഥികളോടും സമ്മേളിച്ചതുകൊണ്ട് മാത്രം സമുദായത്തിന് ബലം കൂടുകയില്ല. ബാഹ്യമായ ഉപചാരഭാവംകൊണ്ടു സമുദായത്തിന് സംഘബലം വർദ്ധിക്കുമെന്ന് വിചാരിക്കുന്നത് ചെമ്പിനെയും നാഗത്തെയും ചേർത്തു വെച്ചുകൊണ്ടു മാത്രം അവ വെള്ളോടായി തീരുമെന്ന് കരുതുന്നതിനൊപ്പമാകുന്നു. അവയെ ഉരുക്കിച്ചേർത്താലല്ലാതെ അവ വെള്ളോടാകുമോ? പ്രവൃത്തിയിൽ യോജിപ്പുണ്ടാകണമെങ്കിൽ അവശ്യമായി വേണ്ടത് മനസ്സുകളുടെ യോജിപ്പാണ്. മനസ്സുകൾ തമ്മിൽ യോജിക്കാതെ ബാഹ്യോപചാരങ്ങൾകൊണ്ട് എന്തുഫലം? സമുദായപരിഷ്‌കാര പ്രവൃത്തിയിൽ ഇത് ഒഴിച്ചുവെക്കാൻ പാടില്ലാത്ത ആവശ്യവുമാണ്. മിസ്റ്റർ ശങ്കരൻ നായർ ഇവിടത്തെ നായന്മാർക്ക് നൽകേണ്ട ഉപദേശം ഇതാണുതാനും. ഇവരുടെ മനസ്സുകൾ യോജിക്കാതിരിക്കുന്നതിൻെറ കാരണമെന്തെന്ന് വഴിയേ പ്രതിപാദിക്കാം. 

You May Also Like