മുഹമ്മദീയ വിദ്യാഭ്യാസസഭ

  • Published on August 08, 1906
  • By Staff Reporter
  • 448 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കഴിഞ്ഞ ജൂലൈ 28 - ന് തുടങ്ങി മൂന്നു ദിവസത്തേക്ക് വെല്ലൂരിൽ വച്ച് നടത്തപ്പെട്ട 'മുഹമ്മദീയ വിദ്യാഭ്യാസ സഭായോഗം' മദ്രാസ് സംസ്ഥാനത്തിലെ ഉൽക്കർഷ പ്രയത്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാകുന്നു. പത്തുവർഷത്തിനു മേലായി വെല്ലൂരിൽ നടത്തി വരുന്ന അറബിക്  മഹാപാഠശാലയുടെ നിലനിൽപ്പിനും, കീർത്തിപ്രചാരത്തിനും കാരണദൂതന്മാരായ അനേകം മൗലവികളും, മുഹമ്മദീയ പ്രമാണികളും, നാനാജോലിക്കാരും ആയി അയ്യായിരത്തോളം ജനങ്ങൾ കൂടി നടത്തപ്പെട്ട ഈ മഹായോഗം മുഹമ്മദീയരുടെ ഉത്സാഹശീലത്തിൻ്റെ അഭംഗുരമായ ലക്ഷ്യമായിരിക്കുന്നതുമാണ്. മുഹമ്മദീയരുടെ അഭ്യുദയത്തിൽ അസാമാന്യമായ താല്പര്യം വച്ച് കഴിയുന്നിടത്തോളം ഉപദേശങ്ങൾ കൊണ്ടും ധനം കൊണ്ടും സഹായിച്ചുപോരുന്ന ജസ്റ്റിസ് മിസ്റ്റർ. എച്ച്. ടി. ബോഡാം മുതലായ സായിപ്പന്മാരുടെ പ്രോത്സാഹനത്താൽ മുഹമ്മദീയർ ചെയ്യുന്ന വിദ്യാഭ്യാസ പരിഷ്‌കാരശ്രമങ്ങൾ നാം കണ്ടുവരുന്നതാണല്ലോ. വെല്ലൂരിലെ മഹായോഗത്തിൻെറ ആദ്യ ദിവസം അഗ്രാസനം വഹിച്ച് പ്രാരംഭ പ്രസംഗം നടത്തിയത് ബഹുമാനപ്പെട്ട മിസ്തർ എ. ഈ. കാസിൽ സ്റ്റൂവർട്ട്  സ്റ്റൂവർട്ട്  സായിപ്പായിരുന്നു.  ഇദ്ദേഹം തന്റെ ചുമതലയെ അത്യന്തം തൃപ്തികരമാകുംവണ്ണം നിർവഹിച്ചു എന്നു സന്തോഷപൂർവം പ്രസ്താവിക്കേണ്ടതാകുന്നു. ജസ്റ്റിസ് മിസ്തർ ബോഡാം  സഭയ്ക്കു  ഹാജരാകുവാൻ നിവൃത്തിയില്ലാതായതിനെപ്പറ്റി വ്യസനിച്ച് എഴുതി അയച്ചിരുന്ന എഴുത്ത്, അദ്ദേഹത്തിനു മുഹമ്മദീയ സമുദായത്തിന്റെ ഉന്നതിയിങ്കലുള്ള ആഗ്രഹത്തെ നല്ലവണ്ണം വെളിപ്പെടുത്തുന്നതായിരുന്നു. “ഈ ആലോചനാസഭായോഗം ഈ ലോകത്തിലെങ്ങും മുഹമ്മദീയ സമുദായത്തിന്റെ ചരിത്രത്തിൽ, ഒരു പ്രധാനപ്പെട്ട  കാലഘട്ടത്തെ സൂചിപ്പിക്കുന്നതായിരിക്കുമെന്നു എനിക്ക് നിശ്ചയമുണ്ട്.” എന്നാണു മിസ്തർ ബോഡം, തന്റെ എഴുത്ത് മുഖേന ആശിച്ചിട്ടുള്ളത്. “എന്തെന്നാൽ, ഇസ്ലാം മതാനുസാരികളായ ജനങ്ങളുടെ ഇടയിൽ, വിദ്യാഭ്യാസം കൊണ്ട് ദോഷം ഉണ്ടാകയില്ലെന്നും നേരെ മറിച്ച് ആ മതത്തിന്റെ ശക്തിയെ വർദ്ധിപ്പിക്കയും, അതിന്റെ ജീവനെ പ്രബലപ്പെടുത്തുകയും, ആ മതക്കാരുടെ ക്ഷേമത്തെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുമെന്നും എനിക്കു“ ഉറപ്പായ വിശ്വാസമുണ്ട്. മുഹമ്മദീയ സമുദായത്തിൽ ഉള്ള ജനങ്ങളുടെ  വിദ്യാഭ്യാസവിഷയത്തെപ്പറ്റി   മൗലവികൾ ഉത്സാഹിക്കുന്നത് യുക്തമായിട്ടുള്ള കൃത്യം തന്നെയാണ്. അവർ, മൗലവികൾ, മുസൽമാന്മാരുടെ വിദ്യാഭ്യാസത്തിന് നായകന്മാരായി ഉദ്യോഗിച്ച് പുറപ്പെട്ടിരിക്കുന്നതായി കാണുന്നതുകൊണ്ട് ഈ സമുദായത്തിൻെറ ക്ഷേമം അഭിവൃദ്ധമാകുന്നുവെന്നും, മുഹമ്മദീയന്മാർ മേലാൽ, ഇന്ത്യയിലെ പിന്നോക്കം കിടക്കുന്ന വർഗ്ഗക്കാരുടെ കൂട്ടത്തിൽ ചേരാതെ അടുത്ത ഭാവികാലത്തു തന്നെ, പ്രത്യേകമായി നിൽക്കുമെന്നും ഭാവി നിർണ്ണയം ചെയ്തു പറയുന്നതിൽ അപകടമൊന്നുമില്ല. വളരെവളരെക്കാലം മുമ്പേ ഏറ്റവും പ്രഖ്യാതിയെ പ്രാപിച്ചിരുന്ന ശേഷം, കുറേക്കാലമായി പിന്നോക്കം വീണുപോയ ഈ സമുദായത്തെ ഉയർത്തുന്നതിന് ഈ സഭായോഗം ഒരു പ്രഥമോദ്യമമായിരിക്കുമെന്നും, ഈ സഭായോഗം മഹാവിജയപൂർവ്വകമായി ഭവിക്കുമെന്നാശിക്കയും, മനസ്സിൽ ഉറപ്പിക്കയും ചെയ്യുന്നു.  ഇപ്രകാരം, ശബ്ദചതുരതയോടു കൂടിയ  മിസ്റ്റർ ബോഡാമിൻെറ എഴുത്ത് ഈ സഭായോഗത്തെ അത്യധികം പ്രോത്സാഹിപ്പിച്ചു എന്നുള്ളത് അഗ്രാസനാധിപതി തന്നെ പ്രസംഗത്താൽ സ്പഷ്ടമാക്കിയിട്ടുണ്ട്. 

മിസ്റ്റർ കാസിൽ സ്റ്റുവർട്ട്  സ്റ്റുവർട്ടിൻെറ പ്രാരംഭ പ്രസംഗം ഒരു മഹാസാഹിത്യ വിജയപതാകയായിരുന്നു. മുഹമ്മദീയരുടെ മതസംബന്ധമായും അന്യമായും ഉള്ള വിദ്യാഭ്യാസത്തെയും, അവരുടെ ഇപ്പോഴത്തെ സ്ഥിതിയെയും, മൗലവികളുടെ ഉത്സാഹത്തിൻെറ ഔചിത്യത്തെയും, ഗവൺമെൻ്റുദ്യോഗപ്രവേശത്തെയും, സ്ത്രീവിദ്യാഭ്യാസാവശ്യകതയെയും മറ്റു പല സംഗതികളെയും  സവിസ്തരമായും ശ്രോദ്ധാക്കളുടെ ഹൃദയങ്ങളിൽ സുസ്ഥിരമായി പതിയത്തക്ക വിധത്തിലും, വാഗ്വിഭവത്തോടെ അദ്ദേഹം പ്രസംഗിച്ചിരിക്കുന്നു. വെല്ലൂരിലെ മദ്രസാ ക്രമേണ ഉൽക്കർഷത്തെ പ്രാപിച്ച്, ദക്ഷിണ ഇന്ത്യയിലെ "അലിഗർ കോളേജ്" ആയിത്തീരുമെന്നും, അപ്രകാരം ഭവിക്കുവാൻ മുഹമ്മദീയരെല്ലാം യത്നിക്കണമെന്നും, ഈ മദ്രസ മുഹമ്മദീയരുടെ സ്വന്ത പണസഹായത്താൽ നടന്നു പോരുന്നത് ഏറ്റവും അഭിനന്ദനീയമാണെന്നും, ഗവൺമെൻ്റിന്‍റെ സഹായത്തെ മാത്രം പ്രതീക്ഷിച്ചിരിക്കാതെ, സ്വാശ്രയ ബുദ്ധിയോടു കൂടി പ്രവർത്തിക്കുന്നതാണ്  ഉത്തമമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. അറബികളുടെ പക്കൽ നിന്നാണ് പണ്ട് യൂറോപ്പിൽ വൈദ്യം, ഗണിതം മുതലായ പല വിഷയങ്ങളിലും അറിവ് പരന്നിട്ടുള്ളതെന്നും  പ്രാചീനകാലങ്ങളിൽ വളരെ ഖ്യാതിപ്പെട്ടിരുന്ന അറബിക് വിദ്യകളെ ഇപ്പോൾ അഭ്യസിപ്പിക്കുന്നത് നന്നു തന്നെ എന്നും, ഇതോടൊന്നിച്ച് നവീന വിദ്യാഭ്യാസരീതികളെക്കൂടി സ്വീകരിച്ചിരിക്കുന്നത് ഏറെ ഉത്തമമാണെന്നും, ലോകചരിത്രവും, പ്രകൃതി ശാസ്ത്രങ്ങളും മുഹമ്മദീയർ ആവശ്യം പഠിച്ചിരിക്കേണമെന്നും, പണ്ടത്തെ കാലത്തുള്ള മുഹമ്മദീയ സർവകലാശാലകളുടെ ഇരിപ്പിടങ്ങളായ കൊർഡോവ, ഗ്രനഡ, ബാഗ്‌ദാദ് എന്നീ നഗരങ്ങളുടെ കീർത്തിയെ സ്മരിച്ചാൽ, മുഹമ്മദീയർക്ക് അഭിമാനികളായിരിപ്പാൻ അവകാശമുണ്ടെന്നും, ജനസംഖ്യ നോക്കിയാൽ മദ്രാസ് സംസ്ഥാനത്തിലെ മുഹമ്മദീയർ ഇപ്പോൾ വിദ്യാഭ്യാസ വിഷയത്തിൽ, അതിശോചനീയമായ അധോഗതിയിലല്ല നിൽക്കുന്നതെന്നും അഗ്രാസനാധിപതി പ്രസംഗിക്ക ഉണ്ടായി. അടുത്ത ദിവസങ്ങളിൽ സഭയിൽ നിന്ന് നിശ്ചയിച്ച പല പ്രമേയങ്ങളും മുഹമ്മദീയരുടെ ഉന്നതിക്ക് യോജിച്ചവയായിരുന്നു. ഇവ, മതപ്രമാണികളായ മൗലവിമാരുടെ ഉത്സാഹത്താലാണ് മുഖ്യമായി നടത്തപ്പെട്ടതെന്നുള്ളതും നമുക്ക് സന്തോഷജനകമാകുന്നു. അയ്യായിരം മുഹമ്മദീയരോളം ഒരേ ഉൽക്കർഷേച്ഛയോടെ കൂടിച്ചേർന്നു നടത്തിയ ഈ സഭയുടെ ദീർഘായുസ്സിനെ ആശംസിച്ച അഗ്രാസനാധിപതിയുടെ പ്രസംഗത്തിൽ പറഞ്ഞപ്രകാരം" ഈ ഇരുപതാംനൂറ്റാണ്ടിൽ മുഹമ്മദീയ മഹാസമുദായത്തിൻെറ ബുദ്ധിശക്തി, പരിഷ്‌കൃതലോകത്തിൽ, അതിൻെറ ഉചിതമായ സ്ഥാനത്തെ പ്രാപിക്കാതിരിക്കാൻ വല്ല കാരണവുമുണ്ടോ?“ എന്നുള്ള വാക്കുകൾ മുഹമ്മദീയരുടെ ചെവികളിൽ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുമെന്നുതന്നെ ഞങ്ങൾ വിശ്വസിക്കുന്നു.


*missing 

You May Also Like