കേരളവാർത്തകൾ

  • Published on October 24, 1906
  • By Staff Reporter
  • 514 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 എക്സൈസ് പരിഷ്കാരം വലിയ കൊട്ടാരത്തില്‍ നിന്ന് അനുവദിക്കപ്പെട്ടതായിഅറിയുന്നു.

 വാമനപുരം കള്ള നാണയക്കേസിലെ പ്രതിയെ ഹൈക്കോടതി അപ്പീലില്‍ വെറുതെ വിട്ടിരിക്കുന്നു.

 സ്കൂള്‍റേഞ്ജിന്‍സ്പെക്ടര്‍ മിസ്തര്‍ സി.കൃഷ്ണപിള്ള ബി. ഏ. ഈ ആഴ്ചയില്‍ ചിറയിങ്കീഴ് സര്‍ക്കീട്ടായി വരുമെന്നറിയുന്നു.

 കോട്ടയം അസിസ്റ്റന്‍റി എക്സയിസ്  കമിഷണര്‍ മിസ്റ്റര്‍ എന്‍ രാമന്‍പിള്ള ഒരു മാസത്തെ ഒഴിവുവാങ്ങുവാന്‍ ഭാവിക്കുന്നുണ്ടത്രേ.

 തിരുവനന്തപുരം സെന്‍റ് ജോസേഫ്സ്  ഹൈസ്ക്കൂള്‍ അസിസ്റ്റന്‍റായ മിസ്റ്റര്‍ വേലുപ്പിള്ളയെ ഒരു പോലീസ് ഇന്‍സ്പെക്ടരാക്കുവാന്‍ ആലോചനയുണ്ടുപോല്‍.

 പല പുതിയ വരിക്കാരുടേയും ആഗ്രഹപ്രകാരം "സ്വദേശാഭിമാനി"യിലുള്ള മുഖപ്രസംഗത്തെ ഇത്തവണ മറ്റൊരു പംക്തിയില്‍ പകര്‍ത്തി അച്ചടിച്ചിട്ടുണ്ട്.

 മൂന്നാം പുറത്ത് 2-ാം പംക്തിയില്‍ "മേല്‍കങ്ങാണം തഹശീല്‍ദാര്‍" എന്ന തലവാചകത്തില്‍ പ്രസിദ്ധപ്പെടുത്തീട്ടുള്ള ലേഖനത്തില്‍, ഇക്കഴിഞ്ഞ കന്നി 1നു- എന്നു കാണുന്നത് കന്നി 14നു- എന്നു തിരുത്തി വായിക്കേണ്ടതാകുന്നു.

 എറണാകുളം കാളേജിലെ ഒരു വാദ്ധ്യാര്‍ ഒരു വിദ്യാര്‍ത്ഥി ബാലനോട് സന്മാര്‍ഗ്ഗ വിരുദ്ധമായി എന്തൊ ആവശ്യപ്പെട്ടു എന്നു തെളിയുകയാല്‍ കൊച്ചി സര്‍ക്കാര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് പണി രാജിവയ്പിച്ചയച്ചിരിക്കുന്നതായി ഒരു ലേഖകന്‍ എഴുതുന്നു.

 ദേഹസുഖാര്‍ത്ഥം കാഞ്ഞിരപ്പള്ളിയില്‍ എഴുന്നള്ളി താമസിക്കുന്ന കൊച്ചി വലിയ തമ്പുരാന്‍ അവര്‍കള്‍ക്ക് എന്തൊ ശരീരസ്വാസ്ഥ്യം ആകയാല്‍ അവിടത്തെ പ്രധാന മെഡിക്കല്‍ ആഫീസര്‍ കാഞ്ഞിരപ്പള്ളിക്കു പോയിരിക്കുന്നതായി അറിയുന്നു.

  കൊച്ചിയില്‍ 81 മുതല്‍ മൂന്നു കൊല്ലത്തെ കലാല്‍ കുത്തക ലേലം പിടിച്ചിട്ടുള്ള രത്നസ്വാമി നാടാര്‍ കണയന്നൂര്‍ താലൂക്കിലെ കഴിഞ്ഞ കന്നിമാസത്തെ കിസ്ത് ഉദ്ദേശം 3000 ക. അടയ്ക്കാതെ വീഴ്ചവരുത്തിയതിനാല്‍ ടിയാന്‍റെ കുത്തക റെദ്ദു ചെയ്ത് **********കഴിഞ്ഞ ആഴ്ചയിലെ കൊച്ചി സര്‍ക്കാര്‍ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാല്‍ റദ്ദുചെയ്വാന്‍ ഇടയില്ലെന്നും നാടാരോടു വല്ലതും പിഴ വസൂല്‍ ചെയ്ത് സമാധാനത്തില്‍ തീരാനാണ് എളുപ്പമെന്നും എറണാകുളം ലേഖകന്‍റെ ഒരു കത്തുകൊണ്ടു കാണുന്നു.

 കഴിഞ്ഞ ലക്കം പത്രം, ചിറയിങ്കീഴ് അഞ്ചലാഫീസില്‍ നിന്നാകട്ടേ, ആറ്റിങ്ങല്‍ താലൂക്കു കച്ചേരിയില്‍ നിന്നാകട്ടെ അഞ്ചല്‍ റാപ്പര്‍ ആവശ്യംപോലെ തരായ്ക നിമിത്തം പലര്‍ക്കും രണ്ടുംദിവസം താമസിച്ചേ അയയ്ക്കുവാന്‍ സാധിച്ചിട്ടുള്ളു. വലിയ കൊട്ടാരം "മാനേജര്‍ ശങ്കരന്‍തമ്പി" അവര്‍കളുടെ അനുജനാണ് ചിറയിങ്കീഴ് തഹശീല്‍ദാരെന്നും, മിസ്റ്റര്‍ തമ്പിയുടെ ആശ്രിതനാണ് ഡിപ്ടിതഹശീല്‍ദാരെന്നും വായനക്കാര്‍ അറിയുമെങ്കില്‍, "സ്വദേശാഭിമാനി" ക്ക് നേരിടുവിക്കുന്ന ഈ മാതിരി അപകടങ്ങള്‍ ആശ്ചര്യപ്രദങ്ങളല്ലല്ലൊ.

  തിരുവട്ടാര്‍ നാട്ടുവൈദ്യന്‍റെ ചികിത്സ................... അധികം ഗുണം ലഭിക്കുന്നുണ്ടെന്നും, വൈദ്യന്‍  പാവങ്ങളോടു പ്രതിഫലം വാങ്ങാതെ മരുന്നുകള്‍ കൊടുത്തുവരുന്നുണ്ടെന്നും, വൈദ്യന്‍  പ്രതിമാസം സര്‍ക്കാരില്‍നിന്നും വെച്ചിട്ടുള്ള പത്തുറുപ്പിക, മാസപ്പടിയില്‍ ആഫീസ് വാടകയും ധര്‍മ്മച്ചെലവും മറ്റും കഴിച്ചാല്‍ പിന്നെ ഉണ്ടാകുന്നതു ഋണമാണെന്നും, ഈ വിഷയത്തില്‍ അധികൃതന്മാരുടെ ദൃഷ്ടിപതിയണമെന്നും ഒരു ലേഖകന്‍ എഴുതിയിരിക്കുന്നു.

 കരുനാഗപ്പള്ളി തഹശീല്‍ മജിസ്ട്രേട്ടു മിസ്റ്റര്‍ ശങ്കരയ്യന്‍ കൃഷ്ണപുരം, പുതുപ്പള്ളി, തഴവ, തേവലക്കര, പന്മന മുതലായി 1010- നാഴികദൂരെ നിവസിക്കുന്ന കക്ഷികളോടു അന്യായം വാങ്ങിയാല്‍ അന്നന്നു തന്നെ മൊഴിവാങ്ങാതെ അടുത്ത ദിവസങ്ങളിലേക്കു മാറ്റിവയ്ക്കുന്നഏര്‍പ്പാടു സാധാരണമായിരിക്കുന്നു എന്നും, തന്നിമിത്തം  പൊതുജനങ്ങള്‍ക്കു പലപ്രകാരത്തില്‍ കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും മറ്റും വിവരിക്കുന്ന ഒരു ദീര്‍ഘലേഖനം ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്നു.

 വറുഗീസുമാപ്പിള സ്മാരകക്കമ്മട്ടിയുടെ ഒരുയോഗം ഈ അക്ടോബര്‍ മാസം 3-നു- ബുധനാഴ്ച കോട്ടയം വായനശാലയില്‍വച്ചു റെവറന്‍ഡ് ജെ.ജെ.ബി.പാല്‍മര്‍ എം ഏ അവര്‍കളുടെ അധ്യക്ഷതയിന്‍ കീഴില്‍ കൂടിയിരുന്നതായും, അപ്പോള്‍ സിക്രിട്ടറി യോഗത്തില്‍ ഹാജരാക്കിയ കണക്കുകൊണ്ടു നാളതുവരെ 763 ക പിരിവുവന്നിട്ടുണ്ടെന്ന് ബോധപ്പെട്ടിരിക്കുന്നതായും ഇവിടെ **********കയ്ക്കു ധനസഹായം ചെയ്യാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ളവര്‍ കൂടുന്ന വേഗത്തില്‍ അയച്ചു കൊടുക്കണമെന്നും ശിപാര്‍ശി ചെയ്യുന്നു.

 അമ്പലപ്പുഴ തഹശീല്‍ മജിസ്ട്രേട്ട് അടികലശല്‍ കേസ്സിലെ അപ്പീല്‍ ഇക്കഴിഞ്ഞ കന്നി 29നു- ആലപ്പുഴ സെഷ്യന്‍ ജഡ്ജ് വിധി പ്രസ്താവിച്ചിരിക്കുന്നു. ശിക്ഷിക്കപ്പെട്ട പ്രതികളില്‍ 1ാം പ്രതിക്ക് മൂന്ന് മാസം വെറും തടവും 3ാംപ്രതിക്ക് വിടുതലും ആണ് വിധിച്ചിരിക്കുന്നത്. തഹശില്‍ മജിസ്ടേട്ടിനെ അടികലശല്‍ ചെയ്തതായി തെളിവില്ലെന്നും, വാദിഭാഗം 2ാം സാക്ഷിയായ ശിപായി രാമന്‍പിള്ളയെ തല്ലിയതായിതെളിഞ്ഞിട്ടുള്ളതിനാണ് ശിക്ഷയെന്നും കൂടി ജഡ്ജിമെന്‍റില്‍  പ്രസ്താവിച്ചിരിക്കുന്നു.

                                                                                                    (ആലപ്പുഴ ലേഖകന്‍.)

 പരവൂര്‍ ചിറയ്ക്കരെ ക്ഷേത്രത്തിലെ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടവനും ഡിസ്ട്രിക്ട് മജിസ്ട്രേട്ടില്‍ അപ്പീല്‍ കൊടുത്തിരുന്നവനുമായ രായപ്പന്‍ എന്നവന് ജയിലില്‍ വച്ചു വിഷുചിക ബാധിക്കയും, ദീനം തുടങ്ങിയ ദിവസം അവന്‍റെ കേസ് വിചാരണ നടത്തി അഞ്ചുമിനിട്ടുനേരം തടവുശിക്ഷ വിധിക്കയാല്‍ ഉടനെ വിട്ടയയ്ക്കയും, ഇപ്പോള്‍ അവന്‍റെ സുഖക്കേട് അശേഷം വിട്ടുമാറുകയും ചെയ്തിരിക്കുന്നു. ഈ മോഷണക്കേസില്‍ പോലീസുകാര്‍ ചാര്‍ജുചെയ്തിരുന്ന അഞ്ചുകല്ലുംമൂട്ടില്‍ പരമുപിള്ളയെ ജാമ്യത്തില്‍ വിട്ടിരിക്കുന്നു. ഈ മാസം 10നു- അക്കേസു വിധിയാകുന്നതാണ്.

                                                                                                       (കൊല്ലം ലേഖകന്‍.)

 പരവൂര്‍ സര്‍ക്കാര്‍ മിഡില്‍സ്ക്കൂളിനു ഉപയോഗിച്ചുവരുന്ന അവിടത്തെ നായന്മാരുടെ വക കെട്ടിടം ജീര്‍ണ്ണോദ്ധാരണം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതിയിന്മേല്‍ ഒരു കണ്ട്റാക്ടര്‍ തുനിയുകയും, ഭൂമിയുടെയും കെട്ടിടത്തിന്‍റെയും ഉടമസ്ഥരായ നായന്മാര്‍ വിരോധിക്കയും അതിന്മേല്‍ ഒരു ക്രിമിനല്‍കേസ്സുണ്ടായി 13 പ്രതികള്‍ക്കായി ഒന്നാം ക്ലാസു മജിസ്ട്രേട്ട് 1445-ഉറുപ്പിക പിഴ നിശ്ചയിക്കയും ചെയ്തിരുന്നുവല്ലൊ. ഇക്കേസ് സെഷ്യന്‍കോര്‍ട്ടില്‍ അപ്പീല്‍ ബോധിപ്പിച്ചതില്‍ 1ാം പ്രതിയ്ക്ക് 65 ഉറുപ്പികയും ശേഷം 5 പ്രതികള്‍ക്ക് 15 രൂപാവീതവും പിഴ നിശ്ചയിക്കുകയും മറ്റു പ്രതികളെ വെറുതെ വിടുകയും ചെയ്തിരിക്കുന്നു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് അപ്പീലുണ്ടത്രേ.

                                                                                                            (പരവൂര്‍ ലേഖകന്‍)

You May Also Like