സ്വദേശവാർത്ത - തിരുവിതാംകൂർ

  • Published on March 28, 1908
  • By Staff Reporter
  • 493 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 സ്പെഷ്യല്‍ആഫീസര്‍ മിസ്തര്‍ ആര്‍. മഹാദേവയ്യര്‍ ബി. എ. മൈസൂരില്‍ നിന്ന് മടങ്ങി എത്തിയിരിക്കുന്നു.

 കണ്ടെഴുത്തു ദിവാന്‍പേഷ്കാര്‍ മിസ്തര്‍ പത്മനാഭയ്യര്‍, ഇന്നു വടക്കന്‍ ദിക്കുകളിലെക്ക് സര്‍ക്കീട്ടു പുറപ്പെട്ടിരിക്കുന്നു.

 ഡിപ്‍ടികണ്‍സര്‍വേറ്റര്‍ മിസ്തര്‍ എ. പി. സ്മിത്തിനെ മലയാറ്റൂരില്‍നിന്ന് തെക്കന്‍ ഡിവിഷനിലേക്ക് മാറ്റിയിരിക്കുന്നു.

 മരുമക്കത്തായം കമ്മിറ്റിയുടെ സാക്ഷി വിചാരണ തുടങ്ങീട്ട് ഇന്നു വൈകുന്നേരം വരെ 224 സാക്ഷികളുടെ മൊഴികള്‍ ശേഖരിച്ചിരിക്കുന്നു.

 ആര്‍ക്കാട്ടിലെ രാജകുമാരന്‍ ഈ തിങ്കളാഴ്ചനാളില്‍ ഇവിടെ എത്തുമെന്നും, മഹാരാജാവുതിരുമനസ്സിലെ അതിഥിയായിരിക്കുമെന്നും അറിയുന്നു.

 കോട്ടയം പൊലീസ് അസിസ്റ്റന്‍റ്  സൂപ്രേണ്ട് മിസ്തര്‍ ഫര്‍ഗുസനെ ******പൊലീസ് സൂപ്രേണ്ടായിട്ടും, പട്ടാളം മേലാവായും സ്വീകരിച്ചിരിക്കുന്നു.

 ഇടിക്കുളം എന്നും പുന്നന്‍ എന്നും പേരായ രണ്ടു യുവാക്കന്മാരെ വനശാസ്ത്രം അഭ്യസിപ്പാനായി ഡെറാഡണിലേക്ക് ഗവര്‍ന്മേണ്ടില്‍ നിന്നു അയച്ചിരിക്കുന്നു.

 ദിവാന്‍ മിസ്തര്‍ ആചാര്യര്‍ ഈയിട പതിവായി പകല്‍ നാലുമണിക്ക് ഹജൂര്‍ കച്ചേരിയില്‍ ഹാജരാകയും, അക്കൌണ്ട് കൊഡ് പര്യാലോചന നടത്തുകയും ചെയ്തുവരുന്നു

 ആരുവാമൊഴി അതിര്‍ത്തി പൊലീസ് ഇന്‍സ്പെക്ടര്‍ എന്ന ഉദ്യോഗം നിറുത്തലിലാക്കാനും ആ ചുമതലകൂടെ  എക്‍സൈസ് ഉദ്യോഗസ്ഥന്മാരെ ഏല്പിക്കാനും ആലോചിച്ചിരിക്കുന്നു.

 ശീമയില്‍ ശാസ്ത്രവിദ്യാഭ്യാസത്തിനായി പോയിരിക്കുന്ന മിസ്തര്‍ കുഞ്ഞന്‍പിള്ളയ്ക്ക്, ബിരുദങ്ങള്‍ മേടിപ്പാനായോ മറ്റോ, 200-ല്‍ ചില്വാനം രൂപ ഗവര്‍ന്മേണ്ട് അയച്ചുകൊടുത്തിരിക്കുന്നു.

 പുതുവല്‍കേസ്സ് കുടിശ്ശിഖവരുത്തിയ വീഴ്ചയ്ക്ക് നെയ്യാറ്റിങ്കര തഹശീല്‍ദാര്‍ മിസ്തര്‍ രംഗയ്യങ്കാര്‍ക്കും, ചിറയിങ്കീഴ് തഹശീല്‍ദാര്‍ മിസ്തര്‍ പത്മനാഭപിള്ളയ്ക്കും, പറവൂര്‍ തഹശീല്‍ദാര്‍ക്കും 5-രൂപ വീതം പ്രായ്ശ്ചിത്തം നിശ്ചയിച്ചിരിക്കുന്നതായി അറിയുന്നു.

 മദിരാശിയിലെ അക്കൌണ്ടന്‍റ് ജെനറലുടെ ആഫീസില്‍, കണക്കുവെപ്പുരീതി ശീലിപ്പാന്‍പോയിരുന്ന മിസ്തര്‍ രാമസുബ്ബയ്യന്‍ ബി എ. തിങ്കളാഴ്ച മടങ്ങി എത്തുന്നതാണു.   ഇദ്ദേഹത്തെ ഇവിടെ ഹജൂര്‍ അക്കൌണ്ടാഫീസില്‍ ഒരു സൂപ്രേണ്ടായി നിയമിച്ചിരിക്കയാണ്.

  "സ്വദേശിമതം", 'വിദേശിത്യാഗം' മുതലായവയേ സംബന്ധിച്ച് ഒരു ബ്രാഹ്മണന്‍ കുറേ നാളായി ഈ നഗരത്തില്‍ പ്രസംഗിച്ചുപോരുന്നുണ്ട്. മേലാല്‍ ആ വക പ്രസംഗങ്ങള്‍ നടത്തുവാന്‍ പാടില്ലെന്ന് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നോട്ടീസ് കൊടുത്തിരിക്കുന്നതായി അറിയുന്നു.

 ചാരായക്കുത്തകക്കാരനായ മിസ്തര്‍ കരയാളന്‍ ചാരായം ഏല്പിച്ചതിന് താലൂക്കില്‍നിന്ന് പണംകൊടുക്കാത്ത വീഴ്ചയ്ക്ക്, നെയ്യാററിങ്കര, മാവേലിക്കര, കുന്നത്തൂര്‍ ഈ താലൂക്കുകളിലെ തഹശീല്‍ദാരന്മാര്‍ക്ക് 1 -രൂപ വീതം പിഴയിടുകയും, ചിറയിങ്കീഴ് തഹശീല്‍ദാരുടെ വീഴ്ചയെ തല്‍ക്കാലം താക്കീതുചെയ്കയും ചെയ്തിരിക്കുന്നു.

 കൊച്ചിയില്‍നിന്ന് ഒരു മാന്യന്‍ എഴുതുന്നത്: - "നിങ്ങളുടെ 'സ്വദേശാഭിമാനി'യില്‍ പല പ്രാവശ്യവും അരൂക്കുറ്റിയെ സംബന്ധിച്ച് ചിലതൊക്കെ പ്രസ്താവിക്കയും, തന്‍മൂലം അധികൃതന്മാര്‍ അതിനെ കണ്ടുപിടിച്ച് വേണ്ട പരിഹാരം വരുത്തുകയും ചെയ്തിട്ടുള്ളതിനാല്‍ ഞങ്ങള്‍ നിങ്ങളോടു കൃതജ്ഞതയുള്ളവരായിരിക്കുന്നു. എന്നാല്‍, ഇപ്പോള്‍ അതിനടുത്ത്, പുന്നത്താഴ, കോട്ടപ്പുറം എന്നീ രണ്ടു സ്ഥലങ്ങളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ വള്ളംഒന്നുക്കു ഓരോ ചക്രംവീതംകൊടുത്തല്ലാതെ മാലിപ്പീസ്സുകൊടുക്കയോ, 'ലവണ' പരിശോധിച്ചു വള്ളം വിടുകയോ ചെയ്കയില്ലെന്നുള്ള കാരണത്താല്‍, വലിയ കഷ്ടനഷ്ടങ്ങള്‍ക്കു ഇടയായി തീര്‍ന്നിരിക്കുന്നു. ഇതേസംബന്ധിച്ച് ശരിയായി അന്വേഷിച്ചു എഴുതി അയയ്ക്കണമെന്നുകരുതി, പല പ്രാവശ്യവും തീരുവയ്ക്കു വള്ളക്കാര്‍വശം രൂപാ കൊടുത്തയയ്ക്കാതെ നമ്മുടെ സ്വന്തം ആളെത്തന്നെ അയച്ചു പരീക്ഷിച്ചതിലും, അവരുടെ നിശ്ചയപ്രകാരമുള്ള സംഖ്യ കൊടുക്കാതെ കഴിക്കാന്‍ നിവൃത്തി വന്നില്ലാ."

  ചിറയിങ്കീഴ് ലേഖകന്‍ എഴുതുന്നത്; - സെഷന്‍സ് കോടതിവിധി" എന്ന തലവാചകത്തിങ്കീഴ്, കഴിഞ്ഞ ആഴ്ചവട്ടത്തിലെ ' സ്വദേശാഭിമാനി' യില്‍ പ്രസിദ്ധീകരിച്ചിരുന്ന മുഖപ്രസംഗം വേണ്ട ഫലം ചെയ്തിട്ടുണ്ട്. ദിവാന്‍ജി ജഡ്ജിമെണ്ടുകളാവശ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ആണ്ടത്തെ എഴുന്നള്ളത്തു സംബന്ധിച്ചുള്ള കണക്കും വൌച്ചറുകളും ****ദിവസത്തിനകം ഹജൂര്‍ അക്കൌണ്ട് ആഫീസിലേക്കു അയച്ചില്ലെങ്കില്‍ തഹശീല്‍ദാരെ വിചാരിച്ചുകൊള്ളണമെന്ന് മീനം 11-നു-തിങ്കളാഴ്ച ദിവാന്‍ജി ഉത്തരവയച്ചിരിക്കുന്നു. വൌച്ചര്‍കള്‍ എല്ലാം 9-നു- തന്നെ, ഉത്തരവുകിട്ടുംമുമ്പ് അയച്ചിരിക്കുന്നതായി ഇപ്പൊള്‍ മുന്‍തിയതിവച്ച് തഹശില്‍ദാര്‍ റിപ്പോര്‍ട്ടയച്ചിരിക്കുന്നു. ഹജൂരില്‍ നിന്ന് ഈ ഉത്തരവ് മുറയ്ക്ക് തഹശീല്‍ദാര്‍ക്കു കിട്ടുംമുമ്പ്, തഹശീല്‍ദാര്‍ക്ക് ശങ്കരന്‍തമ്പി മുഖേന രഹസ്യമായി അറിവു കിട്ടി  എന്നു കേള്‍ക്കുന്നു. ഇതിനെ ദിവാന്‍ അറിഞ്ഞിരുന്നാല്‍കൊള്ളാം . ഹജൂരില്‍ നിന്ന് പത്മനാഭപിള്ളയ്ക്ക് കമ്പിയില്ലാക്കമ്പി മാര്‍ഗ്ഗംകിട്ടിയതാവാമോ?"

You May Also Like