കേരളവാർത്തകൾ - തിരുവനന്തപുരം
- Published on October 24, 1906
- By Staff Reporter
- 779 Views
തുലാം 7നു-
ചവറയില്‍ അമ്പതുകൊല്ലത്തിനു മേലായി സ്ഥാപിച്ചുനടത്തിവരുന്ന മുഹമ്മദീയ പള്ളി നിറുത്തല്‍ചെയ്യാന്‍ ഹജൂരില്‍നിന്നും ഉത്തരവു കൊടുത്തിരിക്കുന്നത് അനീതിയെന്നും മറ്റുംകാണിച്ച് കഴിഞ്ഞ രണ്ടുലക്കം "സ്വദേശാഭിമാനി"യില്‍ നിങ്ങള്‍ പ്രസംഗിച്ചിരുന്നുവല്ലൊ. ഇതിനേപ്പറ്റി റെസിഡണ്ടു ഗൌനിച്ച് ദിവാന്‍ജിയുമായിഎഴുത്തുകുത്തു നടത്തുന്നുണ്ട്. ഈ വിഷയത്തില്‍ നിങ്ങളുടെ വാദം സ്ഥാപിച്ചു തരുന്നതിന് ഇടയുണ്ടെന്നു തോന്നുന്നു.
കൊട്ടാരം സേവകന്മാരെപ്പറ്റി നിങ്ങള്‍ ചെയ്തിരുന്ന ആക്ഷേപങ്ങളും റെസിഡണ്ടു സായ്പിന്‍റെ പര്യാലോചനയ്ക്ക് വിഷയമായിരിക്കുന്നു.
പാറപ്പുറം എന്ന നവ്യഗദ്യ കാവ്യത്തിന്‍റെ രസികത്വങ്ങള്‍ കര്‍ണ്ണാകര്‍ണ്ണികയാ റെസിഡണ്ടുസായ്പു മനസ്സിലാക്കിയതായും, അത് വായിച്ചുരസിക്കുന്നതിനുവേണ്ടി അദ്ദേഹം ഇംഗ്ലീഷില്‍ തര്‍ജ്ജിമചെയ്യിച്ചു വരുന്നതായും കേള്‍ക്കുന്നു. സരസനായ ഗ്രന്ഥകാരന്‍ പ്രകൃതി സൂക്ഷ്മമായി അറിഞ്ഞിട്ടുള്ള വിദ്വാനാണെന്ന് ബുദ്ധിമാന്മാര്‍ അനുമോദിക്കുമെന്നുള്ളതില്‍ സന്ദേഹമില്ല.
മഹാരാജാവു തിരുമനസ്സിലെ മദിരാശി എഴുന്നള്ളത്തിനു കോപ്പു കൂട്ടുവാനായി 1ാം തഹശീല്‍ദാര്‍ മിസ്റ്റര്‍ പപ്പുപിള്ളയും ഡിപ്ടി തഹശീല്‍ദാര്‍ മിസ്റ്റര്‍ വേലുപ്പിള്ളയും തിരിച്ചിരിക്കുന്നു.
ഒന്നാംതഹശീല്‍ മിസ്റ്റര്‍ പപ്പുപിള്ളയ്ക്കു പകരം നെയ്യാറ്റിങ്കര തഹശീല്‍ മിസ്റ്റര്‍ കൃഷ്ണപിള്ള വന്നു ചാര്‍ജ്ജെടുത്തിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ മേലന്വേഷണത്തിന്മേല്‍ അല്പശിഉത്സവം കീഴാണ്ടുകളെ അപേക്ഷിച്ചു വളരെ കേമമായി നടക്കുന്നുണ്ട്. മിസ്റ്റര്‍ കൃഷ്ണപിള്ളയെപ്പോലെ നീതിയും സത്യവും പരദേവതയായി മുറുകെപ്പിടിച്ചിരിക്കുന്ന ഒരാള്‍തന്നെ ഈ പട്ടണത്തില്‍ ഇരുന്നുകാണ്മാന്‍ പലര്‍ക്കും അതിമോഹമുണ്ട്.
താലൂക്ക് ഡിപ്ടിതഹശീല്‍ മിസ്റ്റര്‍ വേലുപ്പിള്ളയ്ക്കു പകരം സമ്പ്രതി മിസ്റ്റര്‍ നീലകണ്ഠപ്പിള്ളയേയും, അതിനു പകരം കീഴ്ക്കൂട്ടം കണക്കു മിസ്റ്റര്‍ അയ്യപ്പന്‍പിള്ളയേയും കയറ്റംചെയ്തിരിക്കുന്നു.
ഡാക്ടര്‍ ശങ്കരല്യതാനെ ഇവിടെ ജനറല്‍ ആസ്പത്രിയില്‍ തല്‍കാലം 150-ക. മാസപ്പടിയില്‍ ഒരു അസിസ്റ്റന്‍റ് സര്‍ജനായി നിയമിച്ചിരിക്കുന്നു. ഇദ്ദേഹം സ്വന്തദിക്കായ മാവേലിക്കരെ പോയതില്‍ മടങ്ങിവന്നില്ല.
ഇവിടുള്ള സേവന്മാരില്‍ ഒരാള്‍ ഒരു ഇടപ്രഭുവില്‍നിന്നും എന്തൊ ഒരു സംഗതിക്കായി ഇരുപത്തയ്യായിരം ഉറുപ്പിക സംഭാവന വാങ്ങിയെങ്കിലും കടശിയില്‍കാര്യം കുന്തത്തിലായതിനാല്‍ ഇതൊരു കേസ്സാക്കുവാന്‍ ഇടയുണ്ടെന്നും, എന്നാല്‍ സേവന്‍റെ കര്‍ണ്ണേജപന്മാരായ ചില ഉദ്യോഗസ്ഥന്മാര്‍ ഇക്കേസ് വെളിയിലാകാതിരിക്കുവാന്‍ വേണ്ടി യത്നം തുടങ്ങിയിരിക്കയാണെന്നും മറ്റും ഇവിടങ്ങളില്‍ ഒരു സംസാരമുണ്ട്. മിസ്റ്റര്‍ സദാശിവയ്യര്‍ പണി ഒഴിഞ്ഞു പോകുന്നതിനുമുമ്പായി ഇക്കേസ് ഹൈക്കോടതിയില്‍ എത്തിയെങ്കില്‍ അത് തിരുവിതാംകൂറിനു വളരെ ഗുണപ്രദമായി പരിണമിക്കുമായിരുന്നു.
മിസ്റ്റര്‍ നാമഗയ്യര്‍ ഡിവിഷന്‍പേഷ്കാര്‍ പണി കയ്യേറ്റതില്‍പിന്നെ ഡിവിഷന്‍ഭരണത്തെപ്പറ്റി പൊതുജനങ്ങള്‍ക്കു വളരെ തൃപ്തിയായ അഭിപ്രായമാണുള്ളത്. ഇദ്ദേഹത്തിന്‍റെ താമസം തിരുമല മങ്കളാവിലാക്കിയിരിക്കുന്നതിനാല്‍ സില്‍ബന്തികള്‍ക്കു കുറെ കഷ്ടപ്പാടുണ്ടെന്നുള്ളതും വക്തവ്യമാണല്ലൊ.
എഡ്യുക്കേഷന്‍ സിക്രിട്ടറി മിസ്റ്റര്‍ അയ്യപ്പന്‍പിള്ളയ്ക്കും കൊല്ലം ഡിവിഷന്‍പേഷ്കാര്‍ മിസ്റ്റര്‍ കേശവപിള്ളയ്ക്കും തിരുവനന്തപുരം ഡിവിഷന്‍ പേഷ്കാര്‍ മിസ്തര്‍ നാഗമയ്യർക്കും പെന്‍ഷന്‍ കൊടുക്കുവാന്‍ ആലോചന നടക്കുന്നുണ്ടെന്നു കേള്‍ക്കുന്നു. ഇതില്‍ വാസ്തവമെത്രയുണ്ടെന്നറിഞ്ഞില്ല.
സ്വദേശാഭിമാനി പത്രികയുടെ ഏജൻറാകുന്നതിന് ഉടമസ്ഥരുടെഒപ്പും സീലും ഉള്ള ബില്ലുകളും കൊടുത്ത് കുളത്തൂർ, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ ഈ താലൂക്കുകളില്‍ എന്‍. മാതേവന്‍പിള്ളയേയും തിരുവല്ലാ, അമ്പലപ്പുഴ, ചേര്‍ത്തല, വൈക്കം മുതലായ വടക്കന്‍ താലൂക്കുകളില്‍ കേ. നീലകണ്ഠപ്പിള്ളയേയും, നെടുമങ്ങാടു, നെയ്യാറ്റിങ്കര, വിളവംകോടു മുതലായ തെക്കന്‍ താലൂക്കുകളില്‍ വി. കേശവപിള്ളയേയും ചിറയിങ്കീഴ്, കൊല്ലം ഈ താലൂക്കുകളില്‍ പി. ശങ്കരപ്പിള്ളയേയും കൊട്ടാരക്കര, പത്തനാപുരം ഈ താലൂക്കുകളില്‍ പരമേശ്വരന്‍പിള്ളയേയും ഞങ്ങളുടെ ഏജെന്‍റന്മാരായി നിയമിച്ചിരിക്കുന്നു. മാനേജര്‍.