സ്വദേശവാർത്ത - മലബാർ
- Published on March 28, 1908
- By Staff Reporter
- 772 Views
കണ്ടുവട്ടി വലിയതങ്ങള്‍ മരിച്ചുപോയിരിക്കുന്നതായി അറിയുന്നു. -
കോഴിക്കോട്ട് ഇപ്പൊള്‍ അയ്യായിരത്തില്‍ അധികം ആളുകള്‍ക്ക് പ്ലേഗ് കീറിവച്ചിരിയ്ക്കുന്നു.
ഈയിട കൂടിയിരുന്ന ഒരു യോഗത്തില്‍ വച്ച് കോഴിക്കോട്ടു തീയ്യക്ഷേത്രനിര്‍മ്മാണഫണ്ടിലേക്കു പലരുംകൂടി 1, 400-ക വരിയിട്ടിരിക്കുന്നു.
തിരുനല്‍വെല്ലിയില്‍ ഒരു പ്രത്യേകപൊലീസ്സ് സൈന്യം ഏര്‍പ്പെടുത്തുന്നതില്‍ കോഴിക്കോട്ടു നിന്ന് ആളുകളെ ചേര്‍പ്പാന്‍ തുടങ്ങിയിരിക്കുന്നു.
പോസ്റ്റ് ആഫീസ് സ്പെഷ്യല്‍ഇന്‍സ്പെക്‍ടര്‍ മിസ്തര്‍ ഒതേനന്‍നമ്പ്യാര്‍. ബി. എ, യെ ഷിമോഗാവിലെ പോസ്റ്റ്മാസ്റ്റരായി നിശ്ചയംചെയ്തിരിക്കുന്നു.
മങ്ങലാപുരത്തിലെ കന്നറ ഹൈസ്കൂള്‍വക വിദ്യാര്‍ത്ഥിസത്രത്തിന്‍റെ മാളികപണിക്ക് 1,800-ക ഗവര്‍ന്മേണ്ട് കൊടുപ്പാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു
കേരളസഞ്ചാരിയിലെ തലശ്ശേരി ലേഖകന്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: - കിഴക്കന്‍ ദിക്കുകാരിയായ ഒരു അന്തര്‍ജ്ജനം ഗൃഹഛിദ്രം നിമിത്തം ഇസ്ലാംമതത്തില്‍ ചേരേണ്ടതിന്ന് സമ്മതം കിട്ടുവാന്‍ തുക്‍ടി മുമ്പാകെ ഹാജരാകയും സമ്മതം കൊടുക്കുകയും ചെയ്തിരിക്കുന്നു. സ്ത്രീക്ക് 20-വയസ്സ് പ്രായമാണ്. പിന്നാലെ ചില മാപ്പിളമാരുമുണ്ട്.
കണ്ണിപ്പറമ്പില്‍ ഒരു നായര്‍ ഗൃഹത്തില്‍, താന്‍ ഒരു നായരാണ് എന്നുപറഞ്ഞ് ഒരു എഴുത്തശ്ശനായി കൂടിയിരുന്ന ഒരു തിയ്യന്‍ അവിടെ സംബന്ധം കഴിച്ചുപാര്‍ക്കുകയും, അവന്‍ തീയ്യനാണെന്ന് പിന്നീടു അറിഞ്ഞപ്പോള്‍, മേല്പടി തീയ്യന്‍ താനേ ഒളിച്ചുപോകയും ചെയ്തിരിക്കുന്നു. ഈ സംബന്ധത്തില്‍ അവിടെ ചില സന്താനങ്ങളുമുണ്ടായിട്ടുണ്ടത്രേ.
26-കവരെ മാസപ്പടിക്കാരായ മലയാംജില്ലയിലെ എല്ലാ ഗവര്‍ന്മേണ്ടുദ്യോഗസ്ഥന്മാര്‍ക്കും തങ്ങളുടെ മാസപ്പടിയില്‍ പ്രതിമാസം 1-ക 8-ണ ജാസ്തി കൊടുപ്പാന്‍ ഗവര്‍ന്മേണ്ട് കല്പനയായിരിക്കുന്നു. ഗവര്‍ന്മേണ്ടിന്‍റെ ഈ ദയയ്ക്കു കാരണം ഇപ്പൊഴത്തെ ക്ഷാമവും ധാന്യവിലയുടെ കയററവും തന്നെയാണ്. കൊടുപ്പാന്‍ കല്പിക്കപ്പെട്ട മേല്പടിജാസ്തി കഴിഞ്ഞ ഒക്ടോബര്‍മുതല്‍ക്ക് കൊടുപ്പാന്‍ കല്പിച്ചിട്ടുമുണ്ട്. ഈ ഒരു അനുവാദം വേറെ ചില ഡിസ്ട്രിക്‍ട് കള്‍ക്കുകൂടി ഉണ്ട്.