വിദ്യാഭ്യാസവകുപ്പിലെ ചില പൈശാചിക ഗോഷ്ടികൾ - 2

  • Published on September 23, 1908
  • By Staff Reporter
  • 678 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

കഴിഞ്ഞ ലക്കം പത്രത്തിൽ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള റേഞ്ച് ഇൻസ്‌പെക്ടർമാരുടെയും അസ്സിസ്റ്റൻ്റ്  ഇൻസ്‌പെക്ടർമാരുടെയും സർക്യുലരുത്തരവുകൾ, ഈ നാട്ടിലെ വിദ്യാഭ്യാസവകുപ്പിന് ചില ദുർന്നയക്കാരായ ഉദ്യോഗസ്ഥന്മാരാൽ ഉണ്ടായിട്ടുള്ള പുഴുക്കുത്തുകളെ വെളിപ്പെടുത്തുന്നുണ്ടെന്നുള്ളതിൽ സന്ദേഹമില്ലല്ലോ. ഉപാദ്ധ്യായവൃത്തിയുടെ പരിപാവനമായ ധർമ്മങ്ങളെ അനുഷ്ഠിച്ച് ലോകത്തിന് അഭ്യുദയം ഉണ്ടാക്കണമെന്ന ഉദ്ദേശത്തെക്കാൾ, വല്ലവിധവും നിത്യത കഴിച്ചു കൂട്ടണമെന്നുള്ള ആഗ്രഹത്തെ അധികം മുൻനിർത്തി, അല്പശമ്പളങ്ങളിൽ ഇരിക്കുന്നതിന് ജീവിതത്തെ പണയപ്പെടുത്തി ജീവനം കൈയേറ്റിട്ടുള്ള വാധ്യാന്മാരുടെ കഷ്ടപ്പാടുകൾ എന്തൊക്കെയാണെന്ന് മേല്പടി സർക്കുലർ കുറെയൊക്കെ ഊറ്റത്തിന് വഴി തരുന്നുണ്ട്. നാട്ടുമ്പുറങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം ആശിക്കാവുന്ന നിലകളിൽ തൃപ്തികരമായി നടത്തപ്പെടുന്നില്ലെന്നും, ഇതിലേക്ക്, മുഖ്യമായ ഒരു കാരണം, വാധ്യാന്മാരുടെ ശമ്പള നിരക്ക്, അവർക്ക്  ആഹാരച്ചിലവിനു പോലും തികയാത്ത വിധം ചുരുങ്ങിയിരിക്ക കൊണ്ട് അവർക്കുള്ള ശരീര ശേഷിക്കുറവും ഉത്സാഹഭംഗവും ആണെന്നും വളരെക്കാലമായി ആക്ഷേപം പുറപ്പെട്ടു കൊണ്ടിരുന്നതിനെ ഒരു പ്രകാരം പരിഹരിച്ചത് ഈയിടെയായിരുന്നു എന്ന് നാം അറിഞ്ഞിട്ടുള്ളതാണല്ലോ. ഏഴു രൂപയിൽ കുറഞ്ഞ ശമ്പളത്തിൽ വാധ്യാന്മാരെ നിയമിച്ച് കൂടുന്നതല്ലെന്നുള്ള പുതിയ വ്യവസ്ഥ വരുന്നതിനും എത്രയോ മുമ്പ് മുതൽക്കാണ് അവർക്ക് ഈ കഷ്ടപ്പാടുകൾ വരുത്തിക്കൂട്ടീട്ടുള്ളതെന്ന് സർക്കുലറുകളുടെ തിയതിയാൽ വ്യക്തമായിരിക്കുന്നു. സ്‌കൂൾ കെട്ടിടങ്ങൾ ഓല മേയുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും സർക്കാരിൽ നിന്ന് പണം അനുവദിച്ചിട്ടുള്ളത്, വാധ്യാന്മാർ ആ കാര്യം പ്രമാണിച്ച് അനുചിതമായ സംഭാവനകൾ മേടിച്ചു പോകരുതെന്നും, സർക്കാരിന്‍റെ വകയോ സർക്കാർ ഉപയോഗപ്പെടുത്തുന്നതോ ആയ കെട്ടിടങ്ങളെ പാലിക്കേണ്ട ചുമതല മുഴുവൻ സർക്കാരിനാണുള്ളതെന്നും പൊതുവെ ധരിപ്പിക്കുന്നതിലേക്കാണ്. അങ്ങനെയിരിക്കെ, ആ വകയ്ക്കുള്ള പണം ചെലവാക്കാതെ റേഞ്ച് ഇൻസ്‌പെക്ടറുടെ ആഫീസിൽ ഹാജരാക്കേണമെന്നോ, ചുരുക്കി  ചിലവാക്കിക്കൊണ്ട് ബാക്കി അയച്ചു കൊടുക്കണമെന്നോ ആവശ്യപ്പെടുന്നതിന്‍റെയും, "പള്ളിക്കൂടത്തിലുള്ള ഫ്രീസ്‌കാളരുടെ രക്ഷകർത്താക്കന്മാരെക്കൊണ്ടോ മറ്റുള്ള ആളുകളെക്കൊണ്ടോ കെട്ടിമേച്ചിൽ നടത്തിക്കൊള്ളേണ്ടതാകന്നു" എന്ന് ആജ്ഞാപിക്കുന്നതിന്‍റെയും അർത്ഥം എന്തായിരിക്കും? കെട്ടിമേച്ചിലിനുള്ള പണം മുഴുവൻ റേഞ്ച് ഇൻസ്‌പെക്ടറെ ഏല്പിച്ചു കഴിഞ്ഞാൽ, കെട്ടിടം കെട്ടിമേച്ചിൽ നടത്തുന്നതിന്, "തെണ്ടേണ്ട" വേലയാണ് വാധ്യാർക്ക് എന്നത് നിസ്സംശയം തന്നെയാകുന്നു. വിദ്യാർത്ഥികളുടെയും, അവരുടെ രക്ഷാകർത്താക്കന്മാരുടെയും, പൊതുവിൽ ജനങ്ങളുടെയും ബഹുമാനാദരങ്ങളെ അർഹിക്കേണ്ട വാധ്യാർ, റേഞ്ച് ഇൻസ്‌പെക്ടറുടെ ആജ്ഞ നിമിത്തം, സ്വാഭിമാനത്തെ വിട്ടും, ഗവൺമെന്‍റിനെക്കുറിച്ച് ജനങ്ങൾക്കുള്ള ബഹുമാനത്തെ ശിഥിലിതമാക്കിയും, ഗവൺമെന്‍റ് പണത്തെ അപഹരിച്ചവനായിരിക്കാമെന്ന് അന്യന്മാർക്ക് ശങ്കിക്കാൻ ഇടയാക്കിയും, അവരുടെ മുമ്പിൽ കേവലം "തെണ്ടാളി" യായി നിൽക്കേണ്ടി വരുന്നു എന്നത്, എത്രയോ ഗർഹണീയമായ ഒരു പ്രവൃത്തിദൂഷണമാകുന്നു. സ്‌കൂൾ കെട്ടിടങ്ങൾ കെട്ടിമേച്ചിൽ നടത്തുന്നതിന് ഗവൺമെന്‍റിൽ നിന്ന് പണം ചിലവാക്കാൻ പ്രയാസമാണെന്നോ, ജനങ്ങൾ തന്നെ സൗജന്യമായി അത് നടത്തണമെന്നോ പരസ്യമായ ഒരു ഗവൺമെന്‍റ്  കല്പന പുറപ്പെടുവിച്ചിട്ടില്ലാതിരിക്കുന്നിടത്തോളം കാലമത്രയും വാധ്യാന്മാരുടെ ഈ യാചനയെ, അവരുടെമേൽ ദോഷശങ്കയോട് കൂടി ഗണിക്കുകയാണ് അധികം സംഭാവ്യമായുള്ളത്. വിദ്യാഭ്യാസ വകുപ്പിന്‍റെ നിഷ്കളങ്കതയ്ക്ക് ഈ നടപടി അനുചിതം തന്നെയാണ്. ഇനി, കെട്ടിമേച്ചിലിനായുള്ള പണത്തിൽ അത്യാവശ്യമായ ചില ചിലവുകൾ നടത്തി ബാക്കി ഇൻസ്പെക്ടറാഫീസിൽ ഏല്പിക്കുക എന്നാണെങ്കിൽ ഈ ഏർപ്പാട് വാധ്യാന്മാരെ വിശങ്കിതന്മാരാക്കുന്നതിനുള്ള ഒരു ദൂഷണമാർഗ്ഗമാണെന്നതിനും രണ്ടു പക്ഷമില്ല. അവനവന്‍റെ ഭക്ഷണ ചിലവിന് പോലും തികയാത്ത ശമ്പളമുള്ള ജീവനക്കാർ, ന്യായമായ മാർഗ്ഗമില്ലെങ്കിൽ, അന്യായമായ മാർഗ്ഗത്തിൽ പണം കിട്ടുമെന്ന് വരുകിൽ അതിലേക്ക്, പ്രവണന്മാരായി തീരുന്നത് ലോകത്തിൽ പ്രസിദ്ധമായ വസ്തുതയാണ്. കെട്ടിമേച്ചിൽ പണത്തിൽ ഒരംശം ഇൻസ്പെക്ടർക്ക് കൊടുക്കണമെന്ന് വന്നാൽ, ഒരു ചെറിയ അംശം തൻ്റെ പ്രയത്നത്തിന് കൂലിയായിട്ടും ഇരിക്കട്ടെ എന്ന് നീക്കിവെക്കാൻ മനസ്സ് തോന്നാത്ത വാധ്യാന്മാരുണ്ടെങ്കിൽ, ശ്ലാഘ്യചരിതന്മാർ തന്നെയായിരിക്കും. എന്നാൽ, ഈ അബദ്ധത്തിൽ ചാടാത്തവരില്ലെന്നുള്ളത്, പലപ്പോഴും ഓരോ സ്‌കൂളുകളിലെ വാധ്യാന്മാർ തമ്മിൽ ഉണ്ടാകാറുള്ള നീരസത്തിന്‍റെ യഥാർത്ഥമായ ഹേതുവിനെ ആരാഞ്ഞാൽ മനസ്സിലാകും. വാധ്യാന്മാർ തമ്മിൽ കുറ്റം പറഞ്ഞ് പരാതി ഹർജികൾ മേലാവിലേക്ക് അയച്ചുവരുന്നതും ഇങ്ങനെയുള്ള ചില കുത്സിത നടവടികൾ നിമിത്തമാണ്. സ്‌കൂളുകളിൽ മാസന്തോറും കടലാസ്സ്, പേന, പെൻസിൽ, മഷി മുതലായവയ്ക്കും, തയ്യൽ സാധനങ്ങൾക്കും അനുവദിക്കപ്പെട്ടിട്ടുള്ള പണം ഏറെക്കുറെ വാധ്യാന്മാരുടെ സ്വന്തമാക്കിക്കൊള്ളുകയാണ് ചെയ്തുവരുന്നത് എന്ന് പലരും സംവദിക്കുന്നതാണ്. തൻ്റെ കൈക്കൽ വന്നു ചേരുന്ന പണം തന്‍റേത്  ആകണമെങ്കിൽ, തൻ്റെ ആഗ്രഹം മാത്രം പോരാ എന്നും, അന്യന്മാർ അതിനെ അവകാശപ്പെടുന്നതിന് സംഗതിയില്ലാതിരിക്കണമെന്നും ഇത്തരക്കാർക്ക് കാര്യബോധം ഉദിക്കാതെയോ, ഉദിച്ചിട്ടും പ്രകാശിക്കാതെയോ, ഇരിക്കുന്നത്, ഇപ്രകാരമുള്ള നടവടികൾ ഇവരുടെ മേലധികാരികൾ ഇവരോട് തന്നെ കാണിക്കുന്നത് കൊണ്ടാണ്. ഈ സന്മാർഗ്ഗ നിഷ്ഠയില്ലാത്ത വാധ്യാന്മാരുടെ പക്കൽ നിന്ന് വിദ്യ അഭ്യസിക്കുന്ന കുട്ടികൾക്ക് ദുരാചാരങ്ങൾ ശീലമാകുന്ന പക്ഷം, അത്ഭുതപ്പെടുവാനെന്തുള്ളൂ? വാധ്യാന്മാരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമെന്ത്? അവരെ ഈ ദുർന്നയങ്ങളിൽ ചാടിക്കുന്നത് മേലാവുകാരാണെന്നുള്ളതിന് ഒരു ചെറിയ ധൃഷ്ടാന്തം പറയാം. ആറന്മുള ഹിന്തു പെൺപള്ളിക്കൂടത്തിൽ 1082 - മീനം മുതൽ 1083 കുംഭം വരെ തയ്യലിന് തീരുവയുള്ള 24 രൂപയുടെ ചിലവ് വിവരത്തിൽ, "റവുക്ക വിലയായി അച്ചടി ചിലവിനും, മേലാവ് മുഖാന്തരം ഇനാം വക ചിലവിനും അസിസ്റ്റന്‍റ്  ഇൻസ്പെക്ടറാഫീസിൽ ഏല്പിച്ച രൂപ 12 - ചക്രം 14" എന്ന്  ഒരു കണക്ക് ഉണ്ടോ എന്ന് ഗവൺമെന്‍റ്  അന്വേഷിക്കട്ടെ. ഈ  24 രൂപയുടെയും ചിലവ് മുഴുവൻ എങ്ങനെയെന്ന് വ്യക്തമായി അറിയട്ടെ. വാധ്യന്മാരെ സ്വന്തമായ ധർമ്മബോധത്തോടെ പ്രവർത്തിപ്പാൻ മേലാവുകാർ സമ്മതിക്കയില്ലെങ്കിൽ, അവർ ആ വഴിയേ "ശാശ്വതനാശ"ത്തിങ്കലേക്ക് പൊയ്‌പോകുന്നത് അസംഭാവ്യമല്ലാ. 

Some Diabolical Plans of the Education Department - 2

  • Published on September 23, 1908
  • 678 Views

There is no doubt that the circular orders issued by the Range Inspector and the Assistant Inspector, which we published in the last issue of Svadesabhimani expose the decay that has set in this country’s department of education owing to the corrupt practices of some inefficient officials. The circulars more or less bring to light the hardships faced by those teachers who cling to this low paid job out of their greed for money to make a living rather than having a genuine desire for meeting the lofty goals of education by employing their skills as educators. We all know that the complaints regarding the standards of primary education in villages being pathetically low, thanks to the dull and emaciated teachers, who are hardly able to buy even a wholesome meal with the paltry sum of money they get as salary, have been rectified to a certain extent of late.

The date on which these circulars were issued makes it clear that the teachers were subject to hardships before the new condition, which states that no teacher shall be appointed at a pay lower than Rupees seven, was made operational. It is to stop teachers from going out to receive contributions out of their way for the upkeep of school buildings and to impress upon the people that the responsibility of maintaining these schools solely rests with the government that the government has sanctioned money for thatching the roofs of school buildings and for carrying out the maintenance works. If that be the case, what is the meaning of ordering that the money meant for this purpose must be made available in the office of the range inspector either without expending anything from it or spending as little as possible? Further the order blatantly asks the teachers to arrange for the thatching of school buildings with the help of the parents of free scholars of the school or other people! If the money meant for thatching is entrusted with the Range Inspector, there is no doubt that the teacher will have to go out begging for money for carrying out the work. The teacher, who deserves to be respected by the students, their parents, and the people at large, thus becomes ‘a mere beggar’ in front of them thanks to the reckless order of the Range Inspector. It is abominable indeed. It must be kept in mind that the teacher who goes out begging does so by harming his self-respect and creating an image of him as a pilferer of government money and shattering the valued opinion of the people about the government. So long as the government does not issue a public statement that it is unable to spend money on thatching work, and if needed, the people must do it free of charge, the act of begging on the part of the teachers will likely be suspected by all. This move is not at all befitting to an otherwise unblemished department of education.

 If the teachers are asked to return the balance of the sanctioned money after carrying out thatching and other essential works, there can be no two opinions that such a move will definitely render the teachers susceptible to corrupt practices. It is well known that if the poorly paid employees find it hard to make both ends meet, they will seek and perfect corrupt ways of making some extra money on the way. Against the backdrop of a small amount of the money for thatching work being syphoned off to the inspector, if there are teachers who do not think that they also deserve a bit of the sanctioned money for their efforts in getting the works done, then they must be praiseworthy. There are no teachers who have not fallen into this trap and if you go out in search of the reason for the peevish and spiteful behaviour prevalent among many teachers, you will realise that there are teachers who get unsatisfied because they do not get their share of the pie. The reason why teachers express complaints about fellow teachers to the superior officers is also on account of their mistrust and despicable behaviour among themselves.

Many people aver that a large number of teachers pocket the money sanctioned every month to buy paper, pen, pencil, ink, and thread and needles for craft work. In order to make the money that reaches one’s hand one’s own, just a desire to own it is not enough. There should not be any ground for others to covet it. If the teachers do not have that awareness, it is because their own superior officers themselves adopt the same attitude toward them. Why should one get amazed, if the students who learn under these morally depraved teachers themselves adopt immoral methods? There is no point in blaming the teachers alone for this. They are pushed into the quagmire of corrupt practices by their superior officers themselves. An illustrative example for this can be given: A total amount of Rs.24/- was allotted as stitching charges to Aranmula Hindu School for Girls between 1082 Meenam* and 1083 Kumbham*. After meeting the cost for making blouses, a sum of Rs. 14/- and 14 Chuckrams [*coins of lower denomination] were returned to the office of the Assistant Inspector. Let the government enquire whether there is a statement of account in this regard and make public a clear income and expenditure report so that the people could know the reality. If the superior officers do not allow the teachers to discharge their duties on the basis of their own sense of responsibility and morality, it will be tantamount to opening a road to self-destruction for them!

Notes by the translator:

*Months in the Malayalam calendar.


Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like