ഉദ്യോഗചാപലം
- Published on March 14, 1908
- By Staff Reporter
- 932 Views
കൊല്ലംഡിവിഷന്‍ ദിവാന്‍പേഷ്കാര്‍ മിസ്റ്റര്‍ വി. ഐ. കേശവപിള്ളയ്ക്ക് ഈയിട ഏതാനും മാസമായി കണ്ടുവരുന്ന ചില ഉദ്യോഗസംബന്ധമായ ചാപലങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കു പലേ ആക്ഷേപ ലേഖനങ്ങള്‍ കിട്ടിവരുന്നുണ്ട്. ഇവയെപ്പറ്റി പറവാന്‍ കാലമായിട്ടില്ലാ എന്ന് വിചാരിച്ചാണ് ഇതേവരെ ഞങ്ങള്‍ മൌനം ഭജിച്ചത്. എന്നാല്‍ മിസ്റ്റര്‍ പിള്ളയുടെ ചാപലങ്ങള്‍ നാള്‍ പോകുന്തോറും വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് അറിയുന്നത്. മിസ്റ്റര്‍ രാജഗോപാലാചാര്യര്‍ മന്ത്രിയായി വരുന്നതുവരെ, ഉപക്ഷീണമായ അഗ്നിപര്‍വതംപോലെയിരുന്ന ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍, എന്തോ അന്തശ്ശക്തികളാല്‍ ഇളകി, കീഴ് ജീവനക്കാരുടേയും, കക്ഷികളുടേയും മേല്‍ ദുര്‍ല്ലഭാവസരത്തില്‍ ഉചിതമായും, പലേ സന്ദര്‍ഭങ്ങളില്‍ അനുചിതമായും ഒരുവക ശിക്ഷാബാണങ്ങള്‍ അവിഹി തമായി എറിഞ്ഞുവരുന്നു എന്നുകാണുന്നു. ഒരുവന്‍ ചെയ്ത കുററത്തെ മറ്റൊരുവന്‍റെ തലയില്‍ കെട്ടിവച്ച് അവനെ ശിക്ഷിക്കുന്ന സമ്പ്രദായം ആ ശിക്ഷയെ പ്രയോഗിക്കുന്ന ആളുടെ എന്തോ ചാപല്യത്തിന്‍റെ ഫലമാണെന്നേവരൂ. മിസ്റ്റര്‍ കേശവപിള്ള ചിലകീഴ് ജീവനക്കാരുടെ മേല്‍ "മര്‍ക്കടമുഷ്ടി ന്യായേന,, ചില വീഴ്ചകള്‍ ആരോപിച്ച്, താന്‍തന്നെ ശിക്ഷ വിധിക്കയൊ, ദിവാന്‍ജിയോട് ശിപാര്‍ശ ചെയ്ത് ശിക്ഷ വിധിപ്പിക്കയൊ ചെയ്യുന്നു എന്ന് ഒരു പരാതി കലശലായുണ്ടായിട്ടുണ്ട്. അമ്പലപ്പുഴ തഹശീല്‍മജിസ്ട്രേററ് മിസ്റ്റര്‍ ശങ്കരലിംഗം പിള്ളയെപ്പററി ഈയിട നടത്തപ്പെട്ട ചില എഴുത്തുകളും ശിക്ഷകളും ഇതിലെക്കുള്ള ഉദാഹരണങ്ങളില്‍ ഒന്നാണെന്നറിയുന്നു. ഡിവിഷന്‍ കച്ചേരിയില്‍ രായസമായിരുന്ന ഒരു ജീവനക്കാരനെ, നിസ്സാരമായ കാരണംപറഞ്ഞ് ശമ്പളം കുറച്ച് തരം താഴ്ത്തി എവിടേയ്ക്കോ എടുത്തെറിഞ്ഞു എന്ന് മറ്റൊരു ഉദാഹരണം ഉണ്ട്. അരനാഴിക നെല്പുരവിചാരിപ്പ് വേലുപ്പിള്ളയുടെ മേല്‍ കൃത്രിമമായി വീഴ്ച ആരോപിച്ച് ചില അസംബന്ധതീര്‍ച്ചകള്‍ ചെയ്തതായും, ഈ കേസ്സില്‍തന്നെ, മിസ്റ്റര്‍ കേശവപിള്ള, ഇഷ്ടനായ ഒരുദ്യോഗസ്ഥന്‍റെ ചാര്‍ച്ചക്കാരനെ സഹായിക്കാന്‍ തുനിഞ്ഞതായും ഒരാക്ഷേപമുണ്ട്. റെവന്യൂ സംബന്ധിച്ചും, മററുംകക്ഷികള്‍ക്ക് അന്യായമായ തീര്‍ച്ചയാല്‍ സങ്കടം വരുത്തി തള്ളിവിട്ടിട്ടുള്ളതായും അറിയുന്നു. ഇങ്ങനെയുള്ള പലേ ആക്ഷേപങ്ങളും ഈ ഉദ്യോഗസ്ഥനേപ്പറ്റി ഇപ്പോള്‍ ഒന്നായിളകിയതു എന്തായിരിക്കാം? മിസ്റ്റര്‍ കേശവപിള്ളയുടെ കീഴില്‍ ജോലി ചെയ്യുന്ന ഈ ഉദ്യോഗസ്ഥന്മാരും കീഴ് ജീവനക്കാരും ഒക്കെ അയോഗ്യന്മാരോ വേലക്കള്ളന്മാരോ ആണെന്നിരിക്കില്‍, അവരുടെ അയോഗ്യതയും വീഴ്ചകളും ഇതിനു മുമ്പ് കണ്ടിരുന്നിരിക്കണമല്ലൊ. അവര്‍ മററു മേലാവുകളുടെ കീഴില്‍ തൃപ്തിയായി വേലചെയ്തിട്ടുണ്ടെങ്കില്‍, ഇപ്പോള്‍മാത്രം അവരുടെവേല അതൃപ്തികരമാവാന്‍ സംഗതി എന്തായിരിക്കും? യഥാര്‍ത്ഥം ഞങ്ങള്‍ക്കു തോന്നുന്നത് ഇങ്ങനെയാണ്. മിസ്റ്റര്‍ കേശവപിള്ള രോഗത്താല്‍ പരതന്ത്രനായ ഒരുദ്യോഗസ്ഥനാണ്. അദ്ദേഹം, സര്‍ക്കാര്‍ജോലിയെ മനസ്സാക്ഷിക്ക് യോജിപ്പോടുകൂടി ചെയ്യുന്നതിന്, കുറെ നാളായി ശരീരാസ്വാസ്ഥ്യവും, അതിന്‍റെ ഫലമായി മന:പീഡയും അനുഭവിക്കയാല്‍, അപ്രാപ്തനായിത്തീര്‍ന്നിരിക്കയാണ്. മിസ്റ്റര്‍ ആചാര്യര്‍ ദിവാന്‍ജിയായി വരുന്നതിനുമുമ്പ്, രാജസേവന്മാരുടെ ഇഷ്ടത്തെ - അഥവാ പ്രീതിയെ - പിന്‍ബലമായി കരുതി, സര്‍ക്കാര്‍ജോലികളെ കുടിശ്ശിഖയാക്കി ജനങ്ങളെ കഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥന്മാരുടെ ഗണത്തില്‍ മിസ്റ്റര്‍ പിള്ള ഒട്ടും അപ്രധാനനല്ലായിരുന്നു. മിസ്റ്റര്‍ ആചാര്യരുടെ ദൃഷ്ടിയില്‍, മിസ്റ്റര്‍ പിള്ളയുടെ ചില വീഴ്ചകള്‍ പതിഞ്ഞതായും, അതിലേക്ക് കുറെ കഠിനമായ ശാസന നല്‍കപ്പെട്ടതായും ഞങ്ങളറിഞ്ഞിട്ടുണ്ട്. ശരീരാപാടവത്താല്‍ താന്‍ചെയ്യുന്ന വീഴ്ചകളെപ്പറ്റി ദുസ്സഹമായ ശാസനകിട്ടുമ്പോള്‍, അതുനിമിത്തമുണ്ടാകുന്ന മനശ്ശല്യത്തിന്‍റെ പോംവഴികളായി തന്‍റെ അധീനന്മാരായവരുടെമേല്‍ ഓരോരോ കുററം ആരോപിച്ച് മനസ്സിന്‍റെ ക്ഷോഭത്തെ ശമിപ്പിക്കുന്നത് മനുഷ്യസാധാരണം ആണ് : ആ വസ്തുതയുടെ ദൃഷ്ടാന്തമായിരിക്കാം മിസ്റ്റര്‍ പിള്ളയുടെ ഈ വക ചാപല്യങ്ങളെന്ന് ഞങ്ങള്‍ ശങ്കിക്കുന്നു. രോഗപരിപീഡയെ അനുഭവിക്കുന്ന ഉദ്യോഗസ്ഥന്മാരെ പരോപദ്രവത്തിനായിട്ടിരുത്താതെ സര്‍വീസില്‍നിന്ന് പിരിക്കുകയാണ് ഇങ്ങനേയുള്ള സന്ദര്‍ഭങ്ങളില്‍, ഗവര്‍ന്മേണ്ട് ചെയ്യേണ്ടത്. -
Complaints about an Irascible Officer
- Published on March 14, 1908
- 932 Views
Translator

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.
Copy Editor

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.