പരേതനായ വി. ഐ. കേശവപിള്ള എം. ഏ. അവർകൾ
- Published on September 11, 1908
- By Staff Reporter
- 736 Views
കൊല്ലത്തുനിന്ന് ഞങ്ങളുടെ സ്വന്തം ലേഖകന്‍ എഴുതുന്നത്:- 27--1--84-
ഇന്നലെ രാത്രി 10- മണിയ്ക്കുമേല്‍ ദിവാന്‍പേഷ്കാര്‍ വി. ഐ. കേശവപിള്ള എം. ഏ. അവര്‍കള്‍ ചരമഗതിയെ പ്രാപിച്ച ദു:ഖ വര്‍ത്തമാനം അറിയിച്ചുകൊള്ളുന്നു. കേശവപിള്ള അവര്‍കള്‍ തീരെ കിടപ്പിലായിട്ട് ഏകദേശം 3 ആഴ്ച കഴിഞ്ഞിരിക്കുന്നു. ആദ്യം കുറെനാള്‍ ഡാക്ടരുടെ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അതില്‍ ദീനത്തിന്‍ ഭേദമില്ലെന്നുകണ്ട് നാട്ടുവൈദ്യന്മാര്‍ അല്പദിവസം ചികിത്സിച്ചു. അതിലും സുഖംകിട്ടായ്കയാല്‍ വീണ്ടും ഡാക്ടരുടെ ചികിത്സയില്‍തന്നെ ഇരിക്കുകയായിരുന്നു. കേശവപിള്ള അവര്‍കളുടെ മരണസമയത്ത് അദ്ദേഹത്തിന്‍റെ മാതാവ്, സഹോദരന്‍, ഭാര്യ, കുട്ടികള്‍ വേറെ ചിലബന്ധുക്കള്‍ എന്നിവരെല്ലാം സമീപത്തുണ്ടായിരുന്നു. മരണവര്‍ത്തമാനം കേട്ട ക്ഷണത്തില്‍തന്നെ ആക് ടിങ്ങ് ദിവാന്‍പേഷ്കാര്‍ രാജാരാമരായര്‍ അവര്‍കള്‍ ആ ബംഗ്ലാവില്‍ എത്തി, മറ്റുള്ള സ്ഥലത്തെ ഉദ്യോഗസ്ഥന്മാരേയും മറ്റുംഅറിയിക്കുകയും, അവരും രാത്രിതന്നെ വന്നുചേരുകയും ചെയ്തു. രാത്രി 4 - മണിക്കകം കേശവപിള്ള അവര്‍കള്‍ താമസിച്ചിരുന്ന തേവള്ളിബംഗ്ലാവു നില്‍ക്കുന്ന പുരയിടത്തില്‍തന്നെ അദ്ദേഹത്തിന്‍റെ ശവസംസ്‍കാരവും മുറപ്രകാരം ഭംഗിയായി കഴിച്ചിരിക്കുന്നു. കേശവപിള്ള അവര്‍കള്‍ ഇവിടെ ദിവാന്‍പേഷ്കാരും ഡിസ്ട്രിക്ട് മജിസ്ട്രേട്ടും ഉദ്യോഗമായി വന്നിട്ട് ഇപ്പോള്‍ നാലു കൊല്ലം കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹം ദൃഢഗാത്രനായിരുന്ന സന്ദര്‍ഭത്തില്‍ ഇതിനുമുമ്പ് ഇവിടെ ഒന്നു രണ്ടു കൊല്ലത്തോളം ഒന്നാംക്ലാസു മജിസ്ട്രേട്ടായിരുന്നിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ അക്കാലത്തെ ഉദ്യോഗഭരണത്തിലുള്ള ഔര്‍ജ്ജിത്യവും കാര്യശേഷിയും കൃത്യനിഷ്ഠയും കണ്ടറിഞ്ഞിട്ടുള്ളവര്‍ക്കു ഇദ്ദേഹത്തിന്‍റെ ദിവാന്‍ പേഷ്കാരുടെ ഭരണത്തില്‍ തൃപ്തി ഉണ്ടായിരിയ്ക്കുകയില്ലാ. അതിന് അദ്ദേഹത്തിന് ശരീരാസ്വാസ്ഥ്യം മാത്രമാണ് കാരണമെന്ന് അധികം പേരും അഭിപ്രായപ്പെടുന്നുണ്ട്. ശരീരത്തിനു അവശത ക്രമേണ വര്‍ദ്ധിച്ചുവന്നതോടുകൂടി ഉദ്യോഗഭരണത്തില്‍ ഒരു വിഷയത്തിലും താനൊരു തെറ്റുകാരനായി തീര്‍ന്നുകൂടെന്നുള്ള നിര്‍ബന്ധവും ഇദ്ദേഹത്തിനു ഉണ്ടായിരുന്നു. അതു നിമിത്തം തന്‍റെ കീഴിലുള്ള ചിലര്‍ക്ക് അസാരം കുണ്ഠിതങ്ങള്‍ക്ക് ഇടവന്നിരിയ്ക്കാം. കേശവപിള്ള അവര്‍കളുടെ ഉദ്യോഗനിലയില്‍ വേറെപ്രകാരത്തിലുള്ള മാലിന്യങ്ങളൊന്നും അദ്ദേഹത്തിന്‍റെ അവസാനംവരെ ലേശംപോലും ബാധിച്ചിട്ടില്ലെന്ന് സമ്മതിക്കുകതന്നെ വേണം. അതോടുകൂടി രാജഭക്തിയിലും ഇദ്ദേഹത്തെ സര്‍വോപരി ശ്ലാഘിക്കേണ്ടിയിരിക്കുന്നു. എല്ലാംകൊണ്ടും കേശവപിള്ള അവര്‍കളുടെ ദേഹവിയോഗം ഒരുവലിയ നഷ്ടമായി തീര്‍ന്നു എന്നുള്ളതിന് സംശയമില്ലാ.
മിഴ് സാപ്പൂരിലെ 'കിച്റിസമാചാര്‍ 'പത്രത്തിന്‍റെ അധിപര്‍ ലാലാമാധവ് പ്രസാദ്, അല്ലഹബാദ് സബ് ജഡ്‍ജിയുടെ മുമ്പാകെ 3000 രൂപാ നഷ്ടത്തിന് ഒരു ഡിപ്‍ടി മജിസ്ട്രെട്ടിനേയും, ഒരു സബ് ഇന്‍സ്പെക് ടരേയും, ഒരു പോലീസ് അസിസ്റ്റന്‍റ് സൂപ്രണ്ടിനേയും, ഒരു ഉണ്ടിയല്‍ കച്ചവടക്കാരനേയും, പ്രതികളാക്കി വ്യവഹാരം ബോധിപ്പിച്ചിരിക്കുന്നു. വാദിയുടെമേല്‍ ഒരു കള്ള അന്യായം ചുമത്തി വാദിയെ കുറ്റകരമായവിധം ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചു എന്നാണ് കേസിനുകാരണം. വാദിയുടെ പത്രത്തില്‍ ഭരണാധികാരികളെപ്പറ്റി കഠിനമായി ആക്ഷേപിച്ചിരുന്നതിനാലുള്ള ദ്വേഷം കൊണ്ടാണ് പ്രതികള്‍ അങ്ങനെ പ്രവര്‍ത്തിച്ചതെന്ന് വാദി പറഞ്ഞിരിക്കുന്നു -- അന്യായമായ തടങ്കല്‍, പണാപഹരണം മുതലായ സംഗതികള്‍ക്കായി മിഡ്‍നപ്പൂരിലെ ചില പോലീസ് ഉദ്യോഗസ്ഥന്മാരുടെ മേല്‍, കാഫിറുദ്ദിന്‍മന്‍ഡള്‍ എന്ന ആള്‍ ബോധിപ്പിച്ചിരുന്ന മൂന്നു നഷ്ടവ്യവഹാരങ്ങള്‍ ഒന്നൊഴികെ വാദിക്ക് അനുകൂലമായി വിധിക്കപ്പെട്ടിരിക്കുന്നു.
ഹിജ്ജാസ് തീവണ്ടിപ്പാതതുറക്കുന്ന ദിവസത്തില്‍, അറബ് ജനങ്ങള്‍ കൂട്ടമായി മദീനത്തുചെന്ന്, പുതിയതീവണ്ടിപ്പാതയെ കഴിവുള്ളാടത്തോളം രക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞചെയ്തിരിക്കുന്നു.