അമീർ അവർകളുടെ ഇന്ത്യാ സന്ദർശനം
- Published on January 09, 1907
- By Staff Reporter
- 1207 Views
ഇന്ന് രാവിലെ ആഗ്രയിൽ എഴുന്നെള്ളിയിരിക്കാവുന്ന, അഫ്‌ഗാനിസ്ഥാനിലെ അമീർ ചക്രവർത്തി അവർകൾ, തൻ്റെ രാജ്യപ്രാന്തങ്ങളെ വിട്ട് ഇന്ത്യയിലേക്ക് പോന്നിട്ട് ഇപ്പോൾ ഒരാഴ്ച വട്ടമായിരിക്കുന്നു. കഴിഞ്ഞ (ജനുവരി) 2 - ന് ബുധനാഴ്ചക്ക്, ഇദ്ദേഹം ലണ്ടികൊട്ടാലിൽ എത്തി, ബ്രിട്ടീഷ് ഇന്ത്യൻ ഗവണ്മെന്‍റിന്‍റെ ആതിഥ്യത്തെ ഇദംപ്രഥമമായി സ്വീകരിച്ചിരിക്കുന്നു. അമീർ ഹബീബുല്ല അവർകൾ, തൻ്റെ ജീവിതകാലത്തിന്നിടക്ക് ഇപ്പോഴാണ് ആദ്യമായി നാടുവിട്ടിട്ട് സഞ്ചരിക്കുന്നത്. അദ്ദേഹം തൻ്റെ തലസ്ഥാന പട്ടണത്തിൽനിന്ന് ജലാലാബാദിലേക്കല്ലാതെ, അതിലപ്പുറം ദൂരെ ഇതേവരെ യാത്ര ചെയ്തിട്ടില്ല. കാബൂളിനെക്കാൾ മഹത്തരമായ ഒരു നഗരത്തെയും കണ്ടിട്ടുമില്ല. രാജ്യകാര്യ ക്ലേശങ്ങളിൽപ്പെട്ട് മനസ്സിന് അസ്വസ്ഥത നേരിട്ട് കാലം കഴിച്ചുകൂട്ടുന്ന ഈ പ്രതാപശാലിയായ ചക്രവർത്തിക്ക് ഈ സഞ്ചാരം ആശ്വാസകരമായിട്ടല്ലാതെ ഭവിക്കാൻ അവകാശമില്ലല്ലോ.
അമീർ അവർകൾ ഇന്ത്യയെ സന്ദർശിക്കാനായി, സ്വന്തരാജ്യത്ത് നിന്ന് പുറപ്പെടുമ്പോൾ, എഡ്വേർഡ് മഹാരാജാവ് അവർകൾ കമ്പി വഴി അയച്ചതായ താഴെ ചേർക്കുന്ന കത്ത് അവിടുത്തേക്ക് കൃതാർത്ഥതയെ ഉദിപ്പിക്കുന്നതാകുന്നു. "അവിടുത്തെ സന്ദർശനം, തിരുമനസ്സിലെയും ഗവർന്മെണ്ടിന്റേയും തമ്മിലുള്ള ഇഷ്ടബന്ധങ്ങളെ സൂചിപ്പിക്കുന്നതായിരിക്കുന്നതിനാൽ എനിക്ക് ഏറെ ചാരിതാർഥ്യത്തെ നൽകുന്നു. അവിടുത്തേക്ക് രാജ്യഭാരക്ലേശങ്ങളിൽ നിന്ന്, ഈ സഞ്ചാരം നിമിത്തം സുഖകരമായ ഒരു വിശ്രമം ലഭിക്കുമെന്നും ഞാൻ ഹൃദയപൂർവ്വം ആശിക്കുന്നു".
അമീർ അവർകളെ എതിരേൽക്കുന്നതിനായി ചെന്നിരുന്ന ഇന്ത്യൻ ഗവർന്മേണ്ട് പ്രതിനിധികൾ, ഇന്ത്യയുടെ അതിർത്തി സ്ഥലങ്ങളിൽ ഏറെ വനങ്ങളാൽ നിബിഡമായ ഒരിടത്ത് വെച്ചാണ് അദ്ദേഹത്തെ സൽക്കരിച്ചത്. കേവലം വിജനമായും, ഭയങ്കര പർവ്വതങ്ങളാൽ പരിവൃതമായും ഉള്ള ഈ സ്ഥലത്ത് അദ്ദേഹത്തെ എതിരേൽക്കാൻ സർ ഹെന്ത്രി മക്ക്മഹാനും, മേജർ റൂസ് കെപ്പലും ഏതാനും പട്ടാള ഉദ്യോഗസ്ഥന്മാരും തയ്യാറായിരുന്നു. അമീർ അവർകൾ വന്നെത്തുന്നതിനു മുമ്പായി അവിടുത്തെ അകമ്പടി സൈന്യങ്ങളും അവരുടെ സമ്മാനങ്ങൾ പേറി വന്ന ഒട്ടേറെ ഒട്ടകങ്ങൾ, കുതിരകൾ, ആനകൾ എന്നീ മൃഗങ്ങളും എത്തിയിരുന്നു. ഏറെ നേരം കഴിഞ്ഞ ശേഷമാണ് അമീർ ഡാക്കയിൽ നിന്ന് വന്നെത്തിയത്. അദ്ദേഹം കേവലം കാക്കിക്കൊപ്പമുള്ള ഉടുപ്പുകൾ ധരിച്ചിരുന്നു. മരിച്ചുപോയ പിതാവായ അബ്ദുൽ റഹ്‌മാൻ അവർകളുടെ ഛായയിൽ തന്നെ കാണപ്പെട്ട അമീർ അവർകളുടെ ദേഹം കുറെ തടിച്ചതാണെങ്കിലും, അരോഗദൃഢമായും ദേശസഞ്ചാരത്തിൽ ആഭിമുഖ്യത്തോട് കൂടിയതായും ഇരുന്നു. അമീർ അവർകൾ സർ മക്മഹാനെ ഏറെ സന്തോഷത്തോടുകൂടി അഭിവാദനം ചെയ്തിട്ട് എതിരേൽപ്പ് സംഘവുമായി ലണ്ടികൊട്ടാലിലേക്ക് പോയി. അവിടെ അദ്ദേഹത്തിനു എഴുന്നെള്ളി പാർക്കാൻ തയാറാക്കിയിരുന്ന പാളയത്തിലെ ആഘോഷങ്ങൾ വളരെ കേമമായിരിന്നു. അന്നത്തെ പകൽ ശേഷമത്രയും, ഓരോരുത്തരുടെ സന്ദർശനത്തെ സ്വീകരിക്കുകയും ലണ്ടികൊട്ടാലിനു ചുറ്റുമുള്ള പ്രദേശങ്ങളെ ചെന്നു കാണുകയുമാണുണ്ടായത്.
ലണ്ടികൊട്ടാലിൽ നിന്ന് യാത്ര തുടർന്ന് അടുത്ത താവളമായ പെഷവാറിലെത്തിയത് ജനുവരി 3 -നായിരുന്നു. പെഷവാറിൽ നിന്ന് ഒൻപത് നാഴിക അപ്പുറം ജമ്‌റൂദ് വരെ, അമീർ അവർകൾ കുതിരപ്പുറത്തു കയറിയാണ് യാത്ര ചെയ്തത്. ജമ്‌റൂദ് വരെ വെട്ടുവഴിയല്ലാതെ, തീവണ്ടി പാത ഇല്ലായിരുന്നു. ജമ്‌റൂദിൽ ഒരു സ്‌പെഷ്യൽ തീവണ്ടി തയ്യാറായി നിന്നിരുന്നു. അമീറും സഹചാരികളും ഇദംപ്രഥമമായി തീവണ്ടിയിൽ കയറിയത് അവിടെ വച്ചായിരുന്നു. പെഷവാറിൽ എത്തി ഇന്ത്യഗവർന്മേണ്ടിന്റെ പ്രതിനിധികളാൽ യഥാവിധി ഉപചരിക്കപ്പെട്ടും ബഹുമാനിക്കപ്പെട്ടും വിചിത്രങ്ങളായ ഭൂവിതാനങ്ങളെ കണ്ട് സന്തുഷ്ടനായും രാജകീയാഡംബരങ്ങളോട് കൂടി ഗസ്റ്റ് ഹൗസിലേക്ക് (അതിഥി ശാല ) പോയി. അവിടെ എത്തിയപ്പോൾ ആകെ 21000 രൂപ നിറച്ച പല പണസഞ്ചികളും അമീർ അവർകൾക്ക് ദാനചിലവിനായി ഏൽപ്പിക്കുകയും, അവിടുന്ന് അവയെ സ്വീകരിക്കുകയും ചെയ്തു. പെഷവാറിലെ ജനങ്ങൾ അമീർ അവർകളുടെ സന്ദർശനത്തെ പ്രമാണിച്ച് ഉത്സവം കൊണ്ടാടുന്നുണ്ടായിരുന്നു എന്ന് തന്നെ പറയാം. ജനുവരി 4 - ന് അമീർ അവർകൾ പെഷവാറിലെ ജുമാ മസ്ജിദ് എന്ന പള്ളിയിൽ പോയി വെള്ളിയാഴ്ച കർമ്മം നടത്തുകയുണ്ടായി. പെഷവാറിൽ ഒരു ഇസ്‌ലാം ചക്രവർത്തി ജുമാ മസ്ജിദിൽ ചെന്ന് പ്രാർത്ഥനാ കർമ്മങ്ങൾ നടത്തിയതായി അറിവുള്ളവർ ചരുക്കമാണ്. അതിനാൽ പെഷവാറിലെ മുഹമ്മദീയരെല്ലാം ആബാലവൃദ്ധ സ്ത്രീപുരുഷന്മാർ - അമീർ അവർകളുടെ, പള്ളിയിലേക്കുള്ള ഘോഷയാത്ര കാണ്മാനായി ജനലുകളിലും വാതിലുകളിലും പുരപ്പുറങ്ങളിലും മാളികമുകളിലും മറ്റും കൂട്ടം കൂടി നിന്നിരുന്നു. ജനങ്ങളെല്ലാം സലാം ചെയ്യുകയും, അദ്ദേഹം അല്പവും പിഴക്കാതെ എല്ലാവരെയും പകരം സലാം ചെയ്യുകയുമുണ്ടായി. അദ്ദേഹം കർമ്മം നടത്തി മടങ്ങുമ്പോഴും ഇതേ വിധത്തിൽ ആളുകൾ കാണാൻ കൂടിയിരുന്നു. ഉച്ചതിരിഞ്ഞ ശേഷം അദ്ദേഹം പോളോ കളി കാണ്മാൻ പോവുകയും, തൻ്റെ യാത്രയെപ്പറ്റി സന്തുഷ്ടചിത്തനായിരിക്കയും ചെയ്തു. ജനുവരി 4 - നു സായംകാലത്ത് അമീർ അവർകളെ ബഹുമാനിച്ചുള്ള രാജകീയവിരുന്ന് കഴിഞ്ഞിരിക്കുന്നു . പിറ്റേന്ന് പെഷവാറിലെ മുഹമ്മദീയരുടെ പ്രതിനിധികളെ സ്വീകരിച്ചു മംഗളാശംസനങ്ങൾക്ക് മറുപടി കൊടുത്തിരിക്കാൻ ഇടയുണ്ട്. ഞായറാഴ്ച ദിവസത്തിൽ അവിടുത്തെ പാളയത്തെ സന്ദർശിക്കയും തിങ്കളാഴ്ച അവിടെ നിന്ന് യാത്ര തുടർന്ന് ആഗ്രയിലേക്ക് പുറപ്പെടുകയും ചെയ്തിരിക്കുന്നു. വരുംവഴിക്ക് സാർഹിന്തിലെ ഹസ്രത്ത് മുജദാദ് അലിഫ് സാനിപള്ളിയെയും മറ്റ് പല ദേവാലയങ്ങളെയും സന്ദർശിക്കുവാനും വ്യവസ്ഥചെയ്തിട്ടുണ്ടായിരുന്നതിന്മണ്ണം നടത്തിയിട്ടുണ്ടെന്ന് തന്നെ വിശ്വസിക്കാം.
ഇന്ന് രാവിലെ ആഗ്രയിലെത്തിയിരിക്കുവാനിടയുള്ള അമീർ അവർകൾക്ക്, ആഗ്രയിൽവച്ച് വൈസ്‌റായി അവർകളുടെ സൽക്കാരവും അത് സംബന്ധിച്ച് പല ആഘോഷങ്ങളും ഉണ്ടായിരിക്കുന്നതാകുന്നുവെന്ന്, ഈ ലക്കം പത്രത്തിലെ നാലാം ഭാഗത്ത് ചേർത്തിരിക്കുന്ന വിവരക്കുറിപ്പ് കൊണ്ട് അറിയാവുന്നതാകുന്നു. ഇന്ത്യാ സന്ദർശനത്തിൻെറ ആരംഭം തന്നെ, തനിക്ക് ഏറ്റവും സന്തോഷകരമായിരിക്കുന്നുവെന്ന് അമീർ അവർകൾ വൈസറായിക്ക് അയച്ചിട്ടുള്ള കമ്പി ലേഖനത്താൽ വെളിപ്പെടുന്നസ്ഥിതിക്ക് അമീർ അവർകൾക്ക് ഇന്ത്യയുടെ പേരിൽ വാത്സല്യം വർദ്ധിക്കുമെന്നു തന്നെ ആശിക്കാവുന്നതാകുന്നു.